ഹസ്സാനുബ്നു തുബ്ബഅ്ബ്നു അസ്അദ്ബ്നു കരിബ് അല്‍ഹിംയരി. യമന്‍ രാജന്. തന്റെ കുതിരകളെ അണിനിരത്തിയാല്‍ ഡമസ്കസ് മുതല്‍ യമനിലെ സ്വന്‍ആഅ് വരെ വരിയായി നില്ക്കാന് മാത്രം പോന്ന സൈനികബലമുള്ളവന്‍. വിജിഗീഷും ജേതാവുമായ തുബ്ബഅ് ഓരോ രാജ്യങ്ങളില്‍ എത്തുകയും കടന്നു ചെല്ലുന്ന ഓരോ നാട്ടില്‍ നിന്നും പത്തു വീതം വിദ്വാന്മാരെയും പരിവാരത്തെയും തെരഞ്ഞെടുക്കുകയും ചെയ്തു. തുബ്ബഇന്റെ സൈന്യം വലുതായിക്കൊണ്ടിരുന്നു. കാലത്തിന്റെ കാര്‍മേഘങ്ങള്‍ പല ആകാശങ്ങളും സന്ദര്‍ശിച്ചു ഒരിക്കല്‍ തുബ്ബഅ് തന്റെ നാലായിരത്തോളം വരുന്ന സൈന്യവുമായി ഹിജാസിലേക്ക് തിരിച്ചു. കുതിരക്കുളമ്പുകള്‍ മണല്താഴ്വരകളുടെ രുചിയറിഞ്ഞു.
‘ഹിജാസ്’. മലക്കുകള്‍ കഅ്ബ നിര്‍മിച്ചതുമുതല്‍ തുടങ്ങുന്നു അതിന്റെ ചരിത്രം. ഭൂകേന്ദ്രമായ കഅ്ബ ഉള്കൊള്ളുന്നതിനാല് ഹിജാസ് ലോക ഭൂപടത്തില്‍ തല ഉയര്‍ത്തി നില്ക്കുന്നു. തുബ്ബഇന്റെ ആഗമനം മക്കയറിഞ്ഞു. രാജാവും സൈന്യവും മക്കയില്‍ പ്രവേശിച്ചു. പക്ഷെ അവിടത്തെ നിവാസികള്‍ പൂര്‍ണ്ണ അവഗണനയോടെയാണ് ആഗതരെ വരവേറ്റത്. രാജാവിന്റെ മുഖഭാവം മാറി. ഇതു പതിവില്ലാത്തതാണ്. അദ്ദേഹം മന്ത്രിയോട് പരിഭവിച്ചു. “നാം ഇതുവരെ എത്രയോ രാജ്യങ്ങള്‍ കണ്ടിരിക്കുന്നു. പക്ഷെ ഇത്തരത്തിലുള്ള പ്രതികരണം നമുക്ക് ഒരിടത്തു നിന്നും ലഭിച്ചിട്ടില്ല. എന്താണ് ഇതിന് കാരണം?”
“മക്കക്കാര്‍ അറിവില്ലാത്ത ജനതയാണ് പ്രഭോ… അവര്‍ക്ക് കഅ്ബ എന്ന പുണ്യ ഗേഹമുണ്ട്. അതില്‍ അഭിമാനിക്കുന്ന അവര്‍ അല്ലാഹുവിനെ വിട്ട് വിഗ്രഹങ്ങള്‍ക്ക് സുജൂദ് ചെയ്യുന്നു”. മന്ത്രി പ്രതികരിച്ചു.
ആ മറുപടിയില്‍ തുബ്ബഅ് സംതൃപ്തനായില്ല. ഹൃദയാന്തരങ്ങളില്‍ പൈശാചിക ചിന്തകള്‍ നാമ്പെടുത്തു. രാജാവ് മന്ത്രിയെയും സഹചാരികളെയൊന്നും അറിയിക്കാതെ മറ്റൊന്ന് തീരുമാനിച്ചുറച്ചു. ‘പരിശുദ്ധ ഗേഹം തകര്‍ക്കുക തന്നെ, കഅ്ബ എന്ന നാമത്തിന് പകരം ഖര്ബഃ (അപമാനം) എന്ന് നാമകരണം ചെയ്യുക, മക്കാ വാസികളായ പുരുഷന്മാരെ വധിക്കുക, സ്ത്രീകളെയും കുട്ടികളെയും ബന്ധികളാക്കുക’. ആ ജനതയോടുള്ള അടങ്ങാത്ത പക ആ കുടില മനസ്സിനകത്ത് വെന്തു നീറി. ആകാശത്ത് കാര്‍മേഘങ്ങള്‍ കറുത്തിരുണ്ടു.
പൊടുന്നനെ രാജാവിന് കടുത്ത തലവേദന പിടിപെട്ടു. ശരീരദ്വാരങ്ങളില്‍ നിന്നെല്ലാം ഒരു തരം ദ്രാവകം പ്രവഹിച്ചു തുടങ്ങി. അതില്‍ നിന്ന് ദുര്‍ഗന്ധം വമിച്ചു. അസഹനീയമായപ്പോള്‍ സഹചാരിളെല്ലാം പിന്തിരിഞ്ഞു. പ്രഗത്ഭ വൈദ്യന്മാരെയും ചിന്തകരെയും വിളിച്ചുചേര്‍ത്ത് സഭ കൂടി. രോഗകാര്യത്തില്‍ എത്രയും പെട്ടെന്ന് ഒരു തീരുമാനം ഉണ്ടാക്കണം. അതാണ് രാജ കല്‍പ്പന. സമയസൂചി നീണ്ടു. ലക്ഷണങ്ങളുടെ അടിസ്ഥാനത്തില്‍ രോഗനിര്‍ണ്ണയമോ, പ്രസ്തുത രോഗത്തിന് ചികിത്സയോ നിശ്ചയിക്കാനാകാതെ എല്ലാവരും വാ പൊളിച്ചിരിക്കുകയാണ്.
വേദനയില്‍ പുളഞ്ഞ് രാജാവും.
“വിവിധ നാടുകളില്‍ നിന്ന് വന്ന വൈദ്യന്മാരും ജ്ഞാനികളും ഒരുമിച്ചുകൂടിയിട്ടും ഒരാള്‍ക്കു പോലും എന്നെ ചികിത്സിക്കാനായില്ലേ…”. രാജാവിന്റെ മുഖത്ത് നിരാശയുടെ കറ പറ്റി. വൈദ്യന്മാര് പ്രതികരിച്ചു: “ഐഹിക നിമിത്തം മൂലമുണ്ടായ രോഗങ്ങളെയാണ് ഞങ്ങള്‍ കൈകാര്യം ചെയ്യാറുള്ളത്. ഇത് ഉപരിലോക നിമിത്തമായുള്ള രോഗമാണ്. അതുകൊണ്ടായിരിക്കണം, ഞങ്ങള്‍ക്ക് ചികിത്സിക്കാന്‍ സാധിക്കുന്നില്ല”. രാജാവിന്റെ മനസ്സില്‍ പുതിയൊരു ചിന്തയുടെ വിത്ത് പാകി അവര്‍ അവിടം വിട്ടു. തുബ്ബഇനെ സംബന്ധിച്ച് കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണ്ണമാവുകയായിരുന്നു.
സൂര്യന് തൊഴിലവസാനിപ്പിച്ച് പടിഞ്ഞാറെ പാടത്തെ കൂരയിലേക്ക് നീങ്ങി. ജ്ഞാനികളില്‍ ഒരാള്‍ മന്ത്രിയെ സമീപിച്ചു. അയാള്‍ പറഞ്ഞു: “പ്രഭോ… എന്റെ മുന്നില്‍ രാജാവ് തന്റെ വാക്കിലും ചിന്തയിലും സത്യം അനുവര്‍ത്തിക്കുന്ന പക്ഷം എനിക്ക് അദ്ദേഹത്തെ ചികിത്സിക്കാനാവും”. ജ്ഞാനിയുടെ വാക്ക് കേട്ട മന്ത്രിയുടെ മനം തളിര്‍ത്തു. ആശ്വാസത്തിന്റെ വാക്കുകള്‍. മന്ത്രി അദ്ദേഹത്തെ രാജാവിന്റെ അടുത്തേക്ക് ആനയിച്ചു. ശേഷം ജ്ഞാനിയുടെ വാക്കുകളെ രാജാവിനെ കേള്‍പ്പിച്ചു. രാജാവിന്റെ മനസ്സില്‍ പ്രതീക്ഷകള്‍ നാമ്പിട്ടു. കാര്‍മേഘങ്ങള്‍ നീങ്ങുകയാണ്. ആകാശം വെളുത്തു. ജ്ഞാനിയുടെ കല്പന പ്രകാരം രാജാവിനും അദ്ദേഹത്തിനും മാത്രമായി ഒരു സ്വകാര്യമുറി തകൃതിയില്‍ ഒരുങ്ങി. ഇരുളടഞ്ഞ ആ രാത്രിയിലും പരിവാര വേല കൃത്യവിലോപങ്ങളില്ലാതെ നടന്നു.
നിശയുടെ ഏതോ യാമങ്ങളില്‍ തളം കെട്ടി നിന്ന നിശബ്ദതയുടെ നെടുകെ കീറി ജ്ഞാനി രാജാവിനോട് ചോദിച്ചു: “താങ്കള്‍ ഈ വിശുദ്ധ ഗേഹത്തെ പറ്റി വല്ലതും ആലോചിക്കുകയുണ്ടായോ?”. രാജാവിന്റെ ചിന്ത ഭൂതത്തിലേക്ക് പറന്നു. തന്റെ മനസ്സിലുദിച്ച ആ പൈശാചിക ചിന്തകളുടെ ഫലമാണോ താനീ അനുഭവിക്കുന്നതെല്ലാം. ഒരു നിമിഷത്തേക്ക് അദ്ദേഹം പകച്ചു നിന്നു. രാജാവ് നടന്നതൊക്കെ വിവരിച്ചു. “താങ്കളുടെ രോഗപരീക്ഷണം ഇക്കാരണത്താലാണ്. ഈ വിശുദ്ധ ഗേഹത്തിന്റെ നാഥന് സര്‍വ്വ രഹസ്യങ്ങളുമറിയുന്ന അല്ലാഹുവാണ്. അതിനാല്‍ ഈ സൗധത്തെ ഉപദ്രവിക്കാന്‍ കരുതിയതൊന്നും ഇനി മനസ്സില്‍ വെക്കരുത്. ഇഹത്തിലും പരത്തിലും അതാണ് താങ്കള്‍ക്ക് കരണീയം”. ജ്ഞാനി രാജാവിനെ തെര്യപ്പെടുത്തി. ‘അഹിതകരമായതെല്ലാം ഞാനെന്റെ മനസ്സില്‍ നിന്നും ഒഴിവാക്കി. എല്ലാ ഗുണവും രക്ഷയും ഞാന്‍ ഉദ്ദേശിക്കുന്നു’. മനസ്സിലുറപ്പിച്ച് രാജാവ് ആ വാക്കുകള്‍ ഉരുവിട്ടു.
(തുടരും)
ഹാഷിര്‍ ആലങ്കോള്‍