കാലികം ചാറ്റ് ലൈൻ തൊഴില്‍ പരിചയം ലേഖനം വിദ്യഭ്യാസം സമകാലികം

കരിയര്‍; നിങ്ങള്‍ക്ക് ലക്ഷ്യബോധമുണ്ടോ?

 

എന്തിനാണ് നിങ്ങള്‍ കുട്ടികളെ പഠിപ്പിക്കുന്നത് ??.
അധ്യാപകരാവാന്‍ വേണ്ടി പഠിക്കുന്ന വിദ്യാര്‍ത്ഥികളോട്, ബി.എഡ് ക്ലാസിലെ അധ്യാപകന്‍റെ ചോദ്യമായിരുന്നു ഇത്. കുട്ടികള്‍ക്ക് അറിവ് നല്‍കാനാണോ? അവരെ പരീക്ഷയെഴുതാന്‍ പ്രാപ്തരാക്കാനാണോ? ഭാവിയില്‍ ജോലി സ്ഥലങ്ങളില്‍ അനിവാര്യമായ നൈപുണ്യം (skills) നേടിക്കൊടുക്കാന്‍ ആണോ? അതുമല്ല, രാജ്യത്തിന്‍റെ ഉത്തമ പൗരന്മാര്‍ ആക്കാനോ?
വിദ്യാര്‍ത്ഥികള്‍ ഓരോരോ മറുപടികള്‍ പറയാന്‍ ശ്രമിച്ചു. അവരുടെ അഭിപ്രായ വ്യത്യാസങ്ങളൊക്കെ കണ്ടപ്പോള്‍, അധ്യാപകന്‍ അവരോട് ഒരു ഗ്രൂപ്പ് ഡിസ്കഷന്‍ ആക്കാന്‍ പറഞ്ഞു. കോളേജുകളിലെ ഒരു സൗകര്യമാണത്. സെമിനാര്‍, ഗ്രൂപ്പ് ഡിസ്കഷന്‍ എന്നൊക്കെ പറഞ്ഞു കുട്ടികളെ കൊണ്ട് തന്നെ പരസ്പരം ചര്‍ച്ച ചെയ്യിപ്പിചോ ചിലരെക്കൊണ്ട് ക്ലാസ്സ് എടുപ്പിച്ചോ പഠിപ്പിക്കുന്ന ശൈലി. നല്ലതാണത്. കേട്ടു പഠിക്കുന്നതിനേക്കാള്‍ അവര്‍ കൂടുതല്‍ വിഷയങ്ങളിലേക്ക് ആഴ്ന്നിറങ്ങുക ഇത്തരം സന്ദര്‍ഭങ്ങളിലാണ്. ഏതായാലും, വിദ്യാഭ്യാസ മേഖലയിലെ പലരെയും കുഴക്കുന്ന ഒരു ചോദ്യമാണിത്. എന്തിനാണ് പഠിക്കുന്നത് /പഠിപ്പിക്കുന്നത്! അഥവാ, പഠിപ്പിക്കുന്നതിന്‍റെ ലക്ഷ്യം എന്താണ്?. വിദ്യാഭ്യാസ സൈദ്ധാന്തികര്‍ക്ക് ഒന്നാമത്തെ ഉത്തരത്തിനോടാണ് പ്രിയം. അധ്യാപകര്‍ക്ക് രണ്ടാമത്തേതിനോടും രക്ഷിതാക്കള്‍ക്ക് മൂന്നാമത്തേതിനോടും. ചിലരൊക്കെ നാലാമത്തേതും പറഞ്ഞെന്ന് വരാം.

ഇടക്ക് ചോദിക്കട്ടെ, നിങ്ങള്‍ എന്തിനാണ് നിങ്ങളുടെ മക്കളെ സ്കൂളിലും കോളേജിലും അയക്കുന്നത്? നമ്മള്‍ ഇതുവരെ അങ്ങനെ ആലോചിച്ചിട്ടുണ്ടോ? എന്തിനാണ് മക്കളെ പഠിപ്പിക്കുന്നത്? സത്യത്തില്‍, മറ്റെല്ലാവരും അവരുടെ മക്കളെ സ്കൂളിലും കോളേജിലും പഠിക്കാന്‍ അയക്കുന്നു, അതിനാല്‍, നമ്മളും പറഞ്ഞയക്കുന്നു. അല്ലാതെ കൃത്യമായ ഒരു ലക്ഷ്യബോധം നമ്മില്‍ പലരും ആലോചിക്കുകയോ തയ്യാറാക്കുകയോ ചെയ്തിട്ടില്ല. കുറച്ചുകൂടി വ്യക്തമായി പറഞ്ഞാല്‍, നിങ്ങള്‍ എന്തിനാണ് നിങ്ങളുടെ കുട്ടിക്ക് പ്ലസ് വണ്ണിനും ഡിഗ്രിക്കും കൊമേഴ്സ് തിരഞ്ഞെടുത്തത്? അല്ലെങ്കില്‍ സയന്‍സ് തിരഞ്ഞെടുത്തത്? കൊമേഴ്സ് പഠിച്ചാല്‍ നല്ല ജോലി സാധ്യതയുണ്ട് എന്ന് പറഞ്ഞു കേട്ടിട്ടുണ്ട്. കുട്ടിയും അങ്ങനെയാണ് നിങ്ങളോട് വന്നു പറഞ്ഞത്. അല്ലെങ്കില്‍ സയന്‍സ്. പക്ഷേ, നമ്മില്‍ പലരും നമ്മുടെ കുട്ടികളുടെ താത്പര്യം, അഭിരുചി, മനോഭാവം, കഴിവ്, കഴിവുകേട് എന്നിങ്ങനെ അവരുടെ കരിയറിനെ ബാധിക്കുന്ന ഘടകങ്ങള്‍ പരിശോധിച്ചിട്ടില്ല. ഓരോ വിദ്യാര്‍ത്ഥിക്കും ഏത് കോഴ്സാണ് അവന്‍റെ ഭാവി കരിയറിന് ഏറ്റവും നല്ലത് എന്ന് അവനോ അവന്‍റെ രക്ഷിതാവോ അവന്‍റെ അധ്യാപകരോ പഠിക്കുകയോ അന്വേഷിക്കുകയോ ചെയ്യുന്നില്ല. എല്ലാവര്‍ക്കും എല്ലാ കോഴ്സുകളും ഒരുപോലെ യോജിച്ചുകൊള്ളണമെന്നില്ല, ഓരോരുത്തരുടെയും കഴിവും, അഭിരുചിയും കാഴ്ചപ്പാടും, താല്പര്യവും, പാഷനും, ഒക്കെ വ്യത്യസ്തമാണ്. ആ വ്യത്യസ്തത (uniqueness) മനസ്സിലാക്കി വേണം ഓരോ വിദ്യാര്‍ത്ഥിക്കും ഭാവിയില്‍ ഏത് കോഴ്സ് പഠിപ്പിക്കണം, ഏത് വിഷയം പഠിപ്പിക്കണം എന്നൊക്കെ തീരുമാനിക്കാന്‍. തന്‍റെ അഭിരുചിയും അഭിനിവേശവും (passion) അനുസരിച്ചിട്ടുള്ള ജോലിയില്‍ പ്രവേശിച്ചാല്‍ മാത്രമേ, അവനവന്‍റെ ജോലി ഏറ്റവും നന്നായി നിര്‍വഹിക്കാന്‍ സാധിക്കുകയുള്ളൂ. സാമ്പത്തിക ശാസ്ത്രപരമായി, അപ്പോഴാണ് രാജ്യത്തിന്‍റെ പൊതു വികസനം ഊര്‍ജ്ജിതമാവുകയുള്ളൂ. അപ്പോള്‍ മാത്രമേ ഓരോ വ്യക്തിക്കും രാജ്യത്തിന്‍റെ വികസനത്തിന് ഏറ്റവും നന്നായി സംഭാവന ചെയ്യാന്‍ സാധിക്കുകയുള്ളൂ.

നമ്മുടെ ലോകം അതിസങ്കീര്‍ണമായി മാറിയിരിക്കുന്നു. ഇത് നിര്‍മ്മിത ബുദ്ധി (AI) യുടെ കാലമാണ്. ഒപ്പം, മെഷീന്‍ ലേണിങ്, ബിഗ് ഡാറ്റ, റോബോട്ടിക്, ക്ലൗഡ്, സെന്‍സര്‍, ഡിജിറ്റല്‍, ജിയോ സ്പാഷ്യല്‍ എന്നിങ്ങനെ കുറേ സാങ്കേതിക വിദ്യകള്‍ ലോകത്തെ അതിവേഗം മാറ്റിക്കൊണ്ടിരിക്കുന്നു. ഈ മാറ്റങ്ങള്‍ എല്ലാ ജോലി സ്ഥലങ്ങളിലേക്കും അതിവേഗം വ്യാപിക്കുകയും ചെയ്യുന്നു. ബിസിനസ് ലോകം അങ്ങേയറ്റം മാത്സര്യം നിറഞ്ഞതിനാല്‍, ഓരോ ബിസിനസുകാരനും അതിനൂതനമായ സാങ്കേതിക വിദ്യകള്‍ എത്രയും വേഗം നടപ്പിലാക്കാന്‍ നിര്‍ബന്ധിതരാകുന്നു. ഇങ്ങനെയാണ് ജോലി സ്ഥലങ്ങള്‍ മാറിക്കൊണ്ടിരിക്കുന്നത്. ഇന്നലെവരെ ജോലി സ്ഥലങ്ങളില്‍ അനിവാര്യമായിരുന്ന നൈപുണ്യങ്ങള്‍ ഇന്നുമുതല്‍ ഒറ്റയടിക്ക് അപ്രസക്തമായെന്ന് വരാം. ഇന്നലെവരെ ഉപയോഗപ്രദമായിരുന്ന പല അറിവുകളും ഇന്ന് മുതല്‍ അത്രയധികം ആവശ്യമില്ലാത്തതായി വരാം. എന്താണ് കാരണം, ജോലി സ്ഥലങ്ങള്‍ (workplaces) അതിവേഗം മാറിക്കൊണ്ടിരിക്കുന്നു. പക്ഷേ, നമ്മളാകുന്ന ജോലിക്കാരില്‍ ഈ മാറ്റം അതേ വേഗത്തില്‍ നടക്കുന്നില്ല എന്നതാണ്. ജോലി സ്ഥലങ്ങളിലെ മാറ്റങ്ങള്‍ക്കനുസരിച്ച് അനിവാര്യമായ അറിവുകളും കഴിവുകളും പുതുതായി ജോലിയില്‍ പ്രവേശിക്കുന്ന ജോലിക്കാരില്‍ പോലും ഉണ്ടാകുന്നില്ല എന്നതാണ്. നമ്മുടെ യൂണിവേഴ്സിറ്റികളിലെ സിലബസ് മാറ്റത്തിന് അഞ്ചുവര്‍ഷമോ അതില്‍ കൂടുതലോ എടുക്കുന്നു. ഈ ഒരു നൈപുണ്യ വിടവ് (skil gap) കൃത്യമായി മനസ്സിലാക്കിയത് കൊണ്ടാണ്, ഇന്‍റര്‍വ്യൂ നടത്തുന്ന വിദഗ്ധര്‍ പലപ്പോഴും ജോലി അന്വേഷിച്ചു വരുന്നവരുടെ സര്‍ട്ടിഫിക്കറ്റ് പോലും പരിശോധിക്കാത്തത്. ഇപ്പോള്‍ അതൊരു ട്രെന്‍ഡാണ്. ജോലി അന്വേഷിച്ചു വരുന്നവന്‍ അഭിമാനത്തോടെ അവന്‍റെ എ പ്ലസ് എം.ബി.എ സര്‍ട്ടിഫിക്കറ്റ് മാനേജര്‍ക്ക് മുന്നില്‍ വച്ച് നീട്ടുന്നു. മാനേജര്‍ അതു വാങ്ങി അപ്പാടെ കമിഴ്ത്തി വെക്കുന്നു. എന്നിട്ട്, ഏതാനും ചില ചോദ്യങ്ങളില്‍ അവനെ അളക്കുന്നു. എന്തുകൊണ്ട് നിന്നെ ഞാന്‍ ഇവിടെ ജോലിക്ക് നിര്‍ത്തണം? Why should I appoint you? നിനക്ക് ഇവിടെ എന്ത് സംഭാവന ചെയ്യാന്‍ സാധിക്കും..? നീ എങ്ങനെയാണ് ഇവിടത്തേക്ക് അനുയോജ്യനായ കാന്‍ഡിഡേറ്റ് ആവുക?? ഒരു ചോദ്യത്തിനും സര്‍ഗാത്മകമായ മറുപടി നല്‍കാന്‍ കഴിയാതെ വെപ്രാളപ്പെടുന്ന ഉദ്യോഗാര്‍ത്ഥികളെയാണ് നാം പലപ്പോഴും കാണുന്നത്. ഇതാണ് പലപ്പോഴും എ പ്ലസ് സര്‍ട്ടിഫിക്കറ്റുകാരുടെ അവസ്ഥ. സര്‍ട്ടിഫിക്കറ്റും അതിലെ മാര്‍ക്കും നോക്കി ജോലിക്ക് നിര്‍ത്തുന്ന കാലം മുമ്പ്. ഇപ്പോള്‍ കാലം മാറി. സര്‍ട്ടിഫിക്കറ്റ് ഒരു ജോലിക്ക് അപേക്ഷിക്കാനുള്ള ഏറ്റവും മിനിമം യോഗ്യതയുടെ മാനദണ്ഡം മാത്രമാണ്. പുതിയകാലത്തെ ജോലിയിടങ്ങളില്‍ അനിവാര്യമായ അറിവും നൈപുണിയും കഴിവും ഒരാള്‍ക്ക് ഉണ്ടോ എന്നറിയാന്‍ അവന്‍റെ സര്‍ട്ടിഫിക്കറ്റ് നോക്കിയാല്‍ പോര. അവനോട് തിരിച്ചും മറിച്ചും പലതും ചോദിക്കണം. അവന്‍റെ കഴിവുകള്‍ ഓരോന്നും അളന്നു തിട്ടപ്പെടുത്തണം.
ഇനി പറയൂ, എന്തിനായിരിക്കണം നാം നമ്മുടെ കുട്ടികളെ പഠിപ്പിക്കുന്നത്. പരീക്ഷയില്‍ നല്ല മാര്‍ക്ക് വാങ്ങി കൊടുക്കാന്‍ ആണോ? അല്ല, ഭാവിയിലെ ജോലി സ്ഥലങ്ങളില്‍ അനിവാര്യമായ കഴിവുകള്‍ നേടിക്കൊടുക്കാന്‍ ആണോ. രണ്ടും വേണം, പക്ഷേ രണ്ടാമത്തേതിന് മുഖ്യ പ്രാധാന്യം കൊടുക്കണം. കാരണം, മാര്‍ക്കും സര്‍ട്ടിഫിക്കറ്റും മിനിമം യോഗ്യത മാനദണ്ഡമായി മാത്രം പരിഗണിക്കപ്പെടുന്ന പുതിയ സാഹചര്യങ്ങളില്‍, ജോലി അനുബന്ധ കഴിവുകള്‍ക്ക് (job-rated skills) അങ്ങേയറ്റം പ്രാധാന്യം കൊടുത്തു വേണം നാം നമ്മുടെ മക്കളെ പഠിപ്പിക്കാന്‍. രക്ഷിതാക്കളും അധ്യാപകരും വിദ്യാഭ്യാസ സ്ഥാപനങ്ങളുമൊക്കെ ഈ മാറ്റങ്ങള്‍ ഉള്‍ക്കൊള്ളേണ്ടിയിരിക്കുന്നു.
വേള്‍ഡ് എക്കണോമിക് ഫോറം (World Economic Forum) പുറത്തിറക്കിയ പുതിയ റിപ്പോര്‍ട്ട് പ്രകാരം, ഇന്ത്യയില്‍ പ്രതിവര്‍ഷം പഠനം പൂര്‍ത്തിയാക്കി ജോലിക്ക് പ്രവേശിക്കുന്ന 1.3 കോടി (1.3 million) യുവാക്കളില്‍, 75% ആള്‍ക്കാരും ജോലിക്ക് കൊള്ളാത്തവരാണ്. ഡിഗ്രി പൂര്‍ത്തിയാക്കുന്നവരില്‍, 90% യുവാക്കളും ജോലി ചെയ്യാന്‍ പ്രാപ്തരല്ല. 10% മാത്രമാണ് അവരുടെ ജോലി കൃത്യമായി നിര്‍വഹിക്കാന്‍ കഴിയുന്നവര്‍. MBA കോഴ്സ് പൂര്‍ത്തിയാക്കുന്നവരില്‍, 75% ആള്‍ക്കാരും മാനേജ്മെന്‍റ് പ്രൊഫഷന്‍ നിര്‍വഹിക്കാന്‍ കഴിവില്ലാത്തവരാണത്രേ. അതുപോലെ, ആ. B-Tech എന്‍ജിനീയറിങ് കഴിയുന്ന വിദ്യാര്‍ഥികളില്‍, 80% ആള്‍ക്കാരും അവരുടെ ഫീല്‍ഡില്‍ ജോലിക്ക് അര്‍ഹരല്ല. ഇതാണ് വേള്‍ഡ് എക്കണോമിക് ഫോറത്തിന്‍റെ കണ്ടെത്തല്‍. ചുരുക്കത്തില്‍, നമ്മുടെ വിദ്യാഭ്യാസ മേഖലയില്‍ സമൂലമായ മാറ്റം അനിവാര്യമാണ്. അത് നമ്മില്‍ നിന്ന് തന്നെയാണ് തുടങ്ങേണ്ടത്. നമ്മുടെ വിദ്യാഭ്യാസപരമായ ആലോചനകളിലും കാഴ്ചപ്പാടുകളിലും മാറ്റങ്ങള്‍ ഉണ്ടാവണം. കുട്ടികളുടെ അഭിരുചി നേരത്തെ മനസ്സിലാക്കണം. ആ അഭിരുചിക്ക് അനുസരിച്ചിട്ടുള്ള വിദ്യാഭ്യാസം കൊടുക്കാന്‍ നമ്മള്‍ക്ക് സാധിക്കണം. അതിന്‍റെ അനിവാര്യത കുട്ടികള്‍ക്ക് മനസ്സിലാക്കി കൊടുക്കണം. സ്കൂളിലും കോളേജുകളിലും, മാര്‍ക്കിനും എ പ്ലസ്സിനുമപ്പുറത്ത്, വ്യത്യസ്തമായ കഴിവുകളും നൈപുണികളും നമ്മുടെ കുട്ടികള്‍ക്ക് നല്‍കണം. വരാനിരിക്കുന്ന മാറ്റങ്ങളെ നാം ഇപ്പോഴേ കാണണം.

ഡോ. സിദ്ദീഖ് സിദ്ദീഖി ഇരിങ്ങൽ

Leave a Reply

Your email address will not be published. Required fields are marked *