മലപ്പുറം ജില്ലയില്‍ ഏറനാട് താലൂക്കിലെ ചെറിയൊരതിര്‍ത്തിപ്പട്ടണം, അരീക്കോട്. അരികില്‍ ചാലിയാര്‍. അതിരുകളില്‍ അഴുക്കു പുരളാത്ത ഗ്രാമശാലീനത. പട്ടണത്തില്‍ നാട്യങ്ങളേറെയെങ്കിലും തനിമ സൂക്ഷിക്കുന്ന സംസ്‌കൃതി. അരീക്കോട് പുറമറിഞ്ഞിരുന്നത് ഫുട്‌ബോളിന്റെയും പിന്നെ വിദ്യയുടെയും നാടായാണ്. ആധുനികതയുടെ കുട്ടിക്കാലത്തേ ഈ പ്രദേശം, പ്രത്യേകിച്ച് നഗരഭാഗങ്ങള്‍ ഭൗതിക വിദ്യയുടെ കയറാപുറങ്ങളിലെത്തിയിരുന്നു. അഭ്യസ്ഥ വിദ്യരായ നാടിന്റെ പോയ തലമുറ പ്രദേശത്തെ നേരത്തെത്തന്നെ അറിവരങ്ങുകളിലേക്ക് തട്ടിയുണര്‍ത്തി. ജില്ലയുടെ മറ്റു ഭാഗങ്ങളിലുള്ളതിനേക്കാള്‍ ഭൗതിക സൗകര്യങ്ങളും ഇവിടെ കൂടും.
നേരത്തെ കയറിവന്ന ഭൗതിക വിദ്യയുടെ മറപറ്റി ഉല്‍പതിഷ്‌ണുത്വവും പുത്തന്‍വാദവും കുടിപാര്‍പ്പ് തുടങ്ങി. സ്ഥാപനമായും സംഘടനയായുംഈ വൈറസ് കൊഴുത്തു. അരീക്കോടിന്റെ പുറം ഖ്യാതി ഇപ്പേരിലും കൂടിയായി. ജനമനസ്സുകളില്‍ ഇടം കിട്ടിയില്ലെങ്കിലും പൊതു ദൃഷ്ടിയില്‍ അവര്‍ക്കാണ് സീറ്റു കിട്ടിയത്. സുന്നികള്‍ പൊതുവെ സാധുക്കളായിരുന്നു. നാലുവാക്ക് ഇംഗ്ലീഷ് പഠിച്ചവരല്ലാം കൂട്ടുകെട്ടിന്റെയും ഊതി വീര്‍പ്പിച്ച ആഭിജാത്യത്തിന്റെയും പേരില്‍ ഉല്‍പതിഷ്‌ണുത്വത്തില്‍ അലിഞ്ഞു ചേര്‍ന്നു. മത ഭൗതിക പണ്ഡിതരുടെ സാന്നിധ്യക്കുറവ് മൂലം സകല മേഖലകളിലും സുന്നികള്‍ അതിരുവല്‍ക്കരിക്കപ്പെട്ടു. ജ്ഞാനം അധികാരത്തിന്റെ ആയുധമായും അക്ഷരം ആശയാധിനിവേത്തിന്റെ സിറിഞ്ചായും പുത്തന്‍ കൂറ്റുകാര്‍ കണ്ടെത്തിത്തുടങ്ങിയപ്പോള്‍ അച്ചീനച്ചട്ടിയിലെ വറവുകളായി മാറി മുസ്‌ലിം ജനസാമാന്യം.
അതിശോഭനമായ ഒരു പൂര്‍വ്വകാലമുണ്ടീ മുസ്‌ലിം ഗ്രാമത്തിന്. അരീക്കോട് വലിയ ജുമുഅത്ത് പള്ളിയുടെ മൗനം ഘനീഭവിച്ച ഇടനാഴിയിലും ചുമരിലും പഴയ കാരണവരുടെ സൂക്ഷിച്ചുവെക്കപ്പെട്ട ഓര്‍മ്മകളിലും പാണ്ഡിത്യത്തിന്റെ രജതശോഭ വീശിയ മുന്‍കാലമുണ്ട്. മലബാര്‍ കലാപത്തിനു മുമ്പ് നാടിന്റെ ദിശ തിരിച്ചിരുന്ന, ജനതയുടെ മൊത്തം നായകരായിരുന്ന ഒരുപാട് പണ്ഡിതരെ ഇന്നാട് അയവിറക്കും. താഴത്തങ്ങാടിയില്‍ ഒട്ടും കുനിയാത്ത എടുപ്പോടെ ഇന്നും ഉയര്‍ന്നു നില്‍ക്കുന്ന ജുമുഅ മസ്‌ജിദും ചെറിയ പള്ളിയും മറ്റും നൂറ്റാണ്ടു മുമ്പ് സംവിധാനിച്ച സ്വാത്വിക കരങ്ങളെ അനുസ്‌മരിക്കാതെ വയ്യ. പഴമനസ്സുകളുടെ ക്ലാവു പിടിച്ച മച്ചകങ്ങളില്‍ തിരഞ്ഞാല്‍ സുന്നീ പാരമ്പര്യത്തിന്റെ കനക വീചികള്‍ കണ്ടെത്താവുന്നതാണ്.
അരീക്കോടിന്റെ ചരിത്രം മരക്കാരുട്ടി മുസ്‌ലിയാരിലൂടെ പുളകത്തോടെ ഒഴുകി വരുന്നു. പ്രമുഖ പണ്ഡിതനും മത ഭക്തനുമായിരുന്ന മുഹ്‌യുദ്ദീന്‍ മുസ്‌ലിയാരുടെയും(മോരി മുസ്‌്‌ലിയാര്‍ എന്ന പേരില്‍ പ്രസിദ്ധന്‍) ചെറുശ്ശേരി കുഞ്ഞലവി മുസ്‌്‌ലിയാര്‍ മകള്‍ തിത്തുക്കുട്ടി ഉമ്മയുടെയും പുത്രനായി ഹിജ്‌റ 1293 (ക്ര.1876)ല്‍ അദ്ദേഹം ജനിച്ചു. ഉപരിപഠനാനന്തരം മഞ്ചേരി സെന്റ്രല്‍ ജുമുഅത്ത് പള്ളിയില്‍ മുദരിസായി നിയമിതനാവുകയും ശേഷം മഞ്ചേരി വല്ലാഞ്ചിറ മൊയ്‌തീന്‍ ഹാജി മകള്‍ ബീയ്യക്കുട്ടി ഹജ്ജുമ്മയെ വിവാഹം ചെയ്യുകയും മഞ്ചേരിയില്‍ തന്നെ സ്ഥിരതാമസമാക്കുകയും ചെയ്‌തു. മുപ്പതു വര്‍ഷത്തോളം പ്രസ്‌തുത പള്ളിയില്‍ തന്നെ മുദരിസായി സേവനമനുഷ്ടിച്ച മഹാനവര്‍കള്‍ ഹിജ്‌റ1358 (ക്രി.1939) റബീഉല്‍ ആഖിര്‍ പതിമൂന്നിന് വെള്ളിയാഴ്‌ച ഇഹലോകത്തോട് വിടപറഞ്ഞു. പണ്ഡിതനും സൂഫിവര്യനുമായിരുന്ന മഹാനവര്‍കള്‍ പ്രസിദ്ധനായൊരു കവിയും ഗ്രന്ഥകാരന്‍ കുടിയായിരുന്നു. `തഅ്‌ജീലുല്‍ ഫുതൂഹ്` എന്ന പേരില്‍ അറിയപ്പെടുന്ന ബദ്‌റ് ബൈത്ത്, `മിന്‍ഹത്തുല്ലാഹില്‍ ആലി ഫീ മദ്‌ഹിശ്ശൈഖി അബില്‍ ഹസന്‍ അലി അശ്ശാദുലി`, `രിസാലത്തുന്‍ ഫീ റദ്ദില്‍ മുബ്‌തിദിഈന്‍ വഫീ ഇസ്‌ബാത്തിത്തവസ്സുലി ബില്‍ അമ്പിയാഇ വല്‍ ഔലിയാഇ വസ്സ്വാലിഹീന്‍` തുടങ്ങിയവ അദ്ദേഹത്തിന്റെ തൂലികയാല്‍ വിരചിതമായ ഗ്രന്ഥങ്ങളാകുന്നു. മഞ്ചേരി സെന്റ്രല്‍ മസ്‌ജിദിന്റെ കവാടത്തിന്റെ തെക്ക് ഭാഗത്തായി അദ്ദേഹത്തിന്റെ മഖ്‌ബറ സ്ഥിതി ചെയ്യുന്നു. അദ്ദേഹത്തിന്റെ സഹോദരന്‍ നാലകത്ത് അഹ്മദ് കുട്ടി മുസ്‌്‌ലിയാരും അറിയപ്പെട്ട പണ്ഡിതനും മത ഭക്തനുമായിരുന്നു.
പഴമയും പ്രതാഭവും വീണു കിടക്കുന്ന അരീക്കോട് വലിയ ജുമുഅത്ത് പള്ളിക്കുമുണ്ട് നിറമുള്ള ചരിത്രം. ഹിജ്‌്‌റ 1131-ല്‍ സ്ഥാപിതമായ ചെറിയ പള്ളിയിലെ സ്ഥലപരിമിതിയാണ് വിശാലമായ പുതിയൊരു പള്ളിയെക്കുറിച്ചുള്ള ആലോചനക്ക് വഴിയൊരുക്കിയത്. പണ്ഡിത വരേണ്യനും സൂഫി വര്യനുമായിരുന്ന അഹ്‌്‌്‌മദ് കുരിക്കളാണ് വലിയ പള്ളിയുടെ സ്ഥാപകന്‍. ഹിജ്‌റ:1181-ലായിരുന്നു അതു സ്ഥാപിക്കപ്പെട്ടത്. കോവിലകം തമ്പുരാന് പിടിപെട്ട മാറാവ്യാധി ഭേതമാക്കുന്നതില്‍ പല നാട്ടു വൈദ്യന്‍മാരും മുട്ടു കുത്തിയപ്പോള്‍ ഒരു പ്രസിദ്ധ ചികിത്സകന്‍ കൂടിയായിരുന്ന അഹ്‌മദ് കുരിക്കള്‍ അതു സുഖപ്പെടുത്തി. അസുഖം ഭേതമായ സന്തോഷത്താല്‍ തമ്പുരാന്‍ പ്രതിഫലമായി വിലപിടിപ്പുള്ള പാരിതോഷികങ്ങളും മറ്റുപലതുംവെച്ചുനീട്ടിയെങ്കിലും അതെല്ലാം നിരസിച്ച മഹാന്‍ ഒരു പള്ളി നിര്‍മ്മിക്കാനുള്ള സ്ഥലം തമ്പുരാനോടാവശ്യപ്പെടുകയും തല്‍ഫലമായി ഇന്ന് പള്ളി നില്‍ക്കുന്ന സ്ഥലം അതിനായി വിട്ടു കൊടുക്കുകയും ചെയ്‌തു. പയ്യനാട് സ്വദേശി കുഞ്ഞമ്മദ് കുരിക്കളുടെ മകനായി ജനിച്ച ആ മഹാമനീഷി ഹിജ്‌റ:1219-ല്‍ ഇഹലോക വാസം വെടിഞ്ഞു. അരീക്കോട് പള്ളിയുടെ മുന്‍വശത്തായി പള്ളിയോടു ചേര്‍ന്നു അദ്ദേഹത്തിന്റെ മഖ്‌ബറ ഇന്നും കാണാം. ഹിജ്‌റ:1269-ല്‍ പള്ളി വിശാലമാക്കിയത് കല്ലുവീട്ടില്‍ ആലിക്കുട്ടി ഹാജി എന്നവരാണ്.
എഴുതപ്പെട്ടതും വാമൊഴിയായി പ്രചരിച്ചതുമായ ചരിത്രസംഭവങ്ങളില്‍ ഈ പുരാതന പള്ളിയടെ സ്ഥാനം അവഗണക്കാനാവാത്തതാണ്. പ്രാദേശിക ചരിത്രത്തില്‍ ഏറ്റവും പ്രതിസന്ധി നിറ്‌ഞ്ഞ കാലഘട്ടമായിരുന്നു 1917 മുതല്‍ 1943 വരെയുള്ള വര്‍ഷങ്ങള്‍. 1917ലെ കൊടിയേറ്റവും അനുബന്ധ സംഘര്‍ഷങ്ങളും 1921ലെ മലബാര്‍ ലഹള, 1924ലെ വെള്ളപ്പൊക്കം, 1936ലെ തീപ്പിടുത്തം, 1939ലെ കോളറ, 1943ലെ ഭക്ഷ്യക്ഷാമം തുടങ്ങിയ സംഭവങ്ങളുടെ മൂക സാക്ഷിയായിരുന്നു പള്ളി. പള്ളിയമായി നേരിട്ടു ബന്ധപ്പെട്ട സംഭവമാണ് കൊടിയേറ്റം എന്ന പേരില്‍ അറിയപ്പെടുന്നത്. താഴത്തങ്ങാടി താള്‍ തൊടിയില്‍ കൊണ്ടോട്ടി തങ്ങന്മാര്‍ക്ക് ആസ്ഥാനം ഉണ്ടായിരുന്നു. കൊടിയേറ്റവും നേര്‍ച്ചയും ചെണ്ടവാദ്യങ്ങളും ഇവിടെ നടത്തിയിരുന്നു. പില്‍കാലത്ത്‌് ഇത്തരം അനിസ്‌ലാമികമായ പ്രവണതകള്‍ തടയാന്‍ മതഭക്തരായ നാട്ടുകാരും പള്ളി ഭാരവാഹികളും തീരുമാനിച്ചു. കൊടിയും ചെണ്ട വാദ്യങ്ങളുമായി കൊണ്ടോട്ടിയില്‍ നിന്ന് അരീക്കോട്ടേക്ക്‌് പുറപ്പെട്ട തങ്ങന്മാരുടെ അനുയായികളെ അരീക്കോട്ടു വെച്ചു തടഞ്ഞു. വലിയ ജുമുഅത്ത് പള്ളിയുടെ മുമ്പിലൂടെ അനിസ്‌്‌ലാമികമായ രീതിയില്‍ ചെണ്ടകൊട്ടിയുള്ള ജാഥ കടന്നുപോവാന്‍ അനുവദിക്കില്ലെന്ന് മഹാമനിഷികളായ പണ്ഡിതരില്‍ നിന്ന് ഊര്‍ജ്ജം കിട്ടിയ നാട്ടുകാര്‍ ഉറപ്പിച്ചു പറഞ്ഞു.
ആയുധ സന്നാഹത്തോടെ ഇരു വിഭാഗവും ഏറ്റുമുട്ടാനൊരുങ്ങിയപ്പോള്‍ ബ്രിട്ടീഷുകാരായ പോലീസ് ഉദ്യോഗസ്ഥരും ആര്‍ ഡി ഒ ആയിരുന്ന തുക്കിടി സായിപ്പും സ്ഥലത്തെത്തി. ആ വര്‍ഷം നേര്‍ച്ച ഒഴിവാക്കിയെങ്കിലും അടുത്ത വര്‍ഷം പോലീസ് സന്നാഹത്തോടെ തങ്ങന്മാരുടെ ആളുകള്‍ ചെറിയ രീതിയില്‍ ഒരു വരവ് നടത്തി. എന്നാല്‍ അരീക്കോട്ടുകാരുടെ കടുത്ത നിസ്സഹകരണം മൂലം വേണ്ടത്ര വിജയിച്ചില്ല. തങ്ങന്മാരുടെ ആസ്ഥാനത്തേക്ക് കൊണ്ടുവന്ന കാഴ്‌ചവസ്‌തുക്കള്‍ മടക്കി അയ്‌ക്കുകയും ചെയ്‌തു. തുടര്‍ വര്‍ഷങ്ങളില്‍ കൊടിയേറ്റവും അനുബന്ധ പരിപാടികളും പൂര്‍ണ്ണമായി അവസാനിക്കുകയായിരുന്നു.
താഴത്തങ്ങാടി ചെറിയ പള്ളിയിലെയും വലിയ പള്ളിയിലെയും ആദ്യകാല ഖാളിമാരെ നിശ്ചയിച്ചിരുന്നത് പൊന്നാനിയില്‍ നിന്നായിരുന്നു. മലബാറിലെ മുസ്‌ലിം നവോത്ഥാന ചരിത്രത്തില്‍ രണ്ടു നൂറ്റാണ്ടോളം നീണ്ടു നിന്ന കൊണ്ടോട്ടി-പൊന്നാനി കൈത്തര്‍ക്കം തന്നെയായിരുന്നു ഇതിനു കാരണം. കൊണ്ടോട്ടി തങ്ങന്മാരും മുരീദുമാരും ഒരു ഭാഗത്തും പൊന്നാനിയിലെ മഖ്‌ദൂമുമാരും കോഴിക്കോട്ടെ ശൈഖ് ജിഫ്രിയും ശിഷ്യരും മറുഭാഗത്തും അണിനിരന്ന ആശയ സംവാദം 18-ാം നൂറ്റാണ്ടിന്റെ ആദ്യപാദം വരെ സജീവമായിത്തന്നെ നിലകൊണ്ടിരുന്നു. അരീക്കോട്ടു താവളമുറപ്പിച്ച കൊണ്ടോട്ടി തങ്ങന്മാരുടെ തെറ്റായ ആശയങ്ങളെ പൊതു ജനത്തിനു ബോധ്യപ്പെടുത്താന്‍ കൂടിയായിരുന്നു പൊന്നാനിയില്‍ നിന്നും ഖാളിമാര്‍ അരീക്കോട്ടേക്ക്‌് ആനയിക്കപ്പെട്ടത്.
കൊണ്ടോട്ടി തങ്ങന്മാരുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ചറിഞ്ഞ സയ്യിദ് ശൈഖ് ജിഫ്രി, അദ്ദേഹത്തെ സന്ദര്‍ശിക്കുകയും മതപരമായ ആശയങ്ങള്‍ ചര്‍ച്ച ചെയ്യുകയും ചെയ്‌തതായി ചരിത്രത്തില്‍ കാണാം. അക്കാലത്തെ പ്രധാന സംവാദ വിഷയങ്ങളായ മദ്‌ഹബ്, ഖിലാഫത്ത്, തസ്വവ്വുഫ്, ത്വരീഖത്ത് എന്നിവയില്‍ കടുത്ത ഭിന്നാഭിപ്രായം അവര്‍ക്കിടയിലുണ്ടായിരുന്നു. പരസ്‌പര ചര്‍ച്ചകള്‍ക്കു ശേഷവും ഈ ഭിന്നതകള്‍ പരിഹരിക്കാനായില്ല. കൊണ്ടോട്ടി തങ്ങന്മാര്‍ക്കെതിരെ ശൈഖ് ജിഫ്രി രംഗത്തുവന്നതിന്റെ പശ്ചാത്തലം ഇതായിരുന്നു.
ശൈഖ് ജിഫ്രി ക്രി. 1784ല്‍ എഴുതി, സയ്യിദ് ഫസല്‍ ക്രി. 1864ല്‍ ഇസ്‌്‌ലാംബൂളില്‍ നിന്നും പ്രസിദ്ധീകരിച്ച കന്‍സുല്‍ ബറാഹീം അല്‍കസബിയ്യ എന്ന ഗ്രന്ഥത്തില്‍ കൊണ്ടോട്ടി തങ്ങന്മാരുടെ മതവീക്ഷണത്തെ നഖശിഖാന്തം എതിര്‍ക്കുന്നുണ്ട്. കൊണ്ടോട്ടിയില്‍ അക്കാലത്ത് നിലനിന്നിരുന്നതായി പറയപ്പെടുന്ന ചില അനുഷ്‌ഠാനങ്ങളോടായിരുന്നു മുഖ്യ എതിര്‍പ്പ്. മുഹറം ആഘോഷം, മുരീദ് ശൈഖിനു മുമ്പില്‍ സാഷ്ടാംഗംനമിക്കല്‍, സ്‌ത്രീ പുരുഷ സങ്കലനം, കറുപ്പിന്റെ ഉപയോഗം, ഫര്‍ളുകളെ അവഗണിക്കല്‍ തുടങ്ങിയവ ജിഫ്രിയുടെ നിശ്ചിത വിമര്‍ശനത്തിനു വിധേയമായി.
ജിഫ്രിയെപ്പോലെത്തന്നെ പൊന്നാനിയിലെ മഖ്‌ദൂമുമാരും കൊണ്ടോട്ടി പക്ഷത്തിനെതിരെ ശക്തമായി നിലകൊണ്ടു. പയ്യനാട് ഖാസി ബൈത്താന്‍ മുഹമ്മദ് മുസ്‌്‌ലിയാരുടെ പുത്രന്മാരായ അബ്ദുല്ല മുസ്‌്‌ലിയാര്‍, അഹ്‌്‌മദ് മുസ്‌്‌ലിയാര്‍ തുടങ്ങിയവര്‍ കൊണ്ടോട്ടി കൈക്കെതിരെ മലബാറില്‍ നി്‌ന്നും അറബ് രാജ്യങ്ങളില്‍ നിന്നുമുള്ള പണ്ഡിതന്മാരുടെ ഫത്‌വവകള്‍ തേടി. പൊന്നാനി പുതിയകത്ത് ബാവ മുസ്‌്‌ലിയാര്‍ തലശ്ശേരി ഖാസി അബ്ദുല്ല ഹാജി, വെളിയംങ്കോട് ഉമര്‍ഖാസി, മമ്പുറം സൈദലവി തങ്ങള്‍ തുടങ്ങി പതിനൊന്നിലധികം കേരള പണ്ഡിതരും അല്‍ അസ്‌ഹറിലെ മുഫ്‌തിയായ ഇബ്‌റാഹീം അല്‍ ബജ്ജൂരിയടക്കം പതിനഞ്ചോളം വിദേശ പണ്ഡിതന്മാരും കൊണ്ടോട്ടി തങ്ങന്മാര്‍ക്കെതിരെ ഫത്‌്വവ നല്‍കി. ഇരു വിഭാഗങ്ങളും തമ്മില്‍ മലബാറിന്റെ പലഭാഗത്തും പരസ്യ സംവാദങ്ങള്‍ നടന്നു. കൊണ്ടോട്ടി പഴയങ്ങാടി പള്ളിയില്‍ നടന്ന സംവാദത്തില്‍ മുസ്‌്‌ലിയാരകത്ത് അഹ്‌്‌മദ് മുസ്‌്‌ലിയാര്‍ കൊണ്ടോട്ടി പക്ഷത്തെയും ശുജാഇ മൊയ്‌തു മുസ്‌ലിയാര്‍ പൊന്നാനി പക്ഷത്തെയും പ്രതിനിധീകരിച്ചു. അക്കഥ ഇങ്ങനെ നീണ്ടുപോകുന്നു. ചുരുക്കത്തില്‍ ബിദ്‌അത്തിനെതിരെ മഖ്‌ദൂമുമാരുടെ മറപറ്റി എന്നും ശക്തമായ നിലപാടു തന്നെയായിരുന്നു അരീക്കോട്ടെ പൂര്‍വ്വകാല മുസ്‌ലിംകള്‍ സ്വീകരിച്ചിരുന്നത്.
ബിദ്‌അത്തുകള്‍ക്കെതിരെ അരീക്കോട്ടെ മുസ്‌ലിംകളെ സജ്ജരാക്കിയ പണ്ഡിതര്‍ അരീക്കോടിന്റെ ചരിത്രത്തില്‍ ഇനിയും എമ്പാടുമുണ്ട്. അരീക്കോട്ടെ പ്രസിദ്ധ പണ്ഡിതരുടെ കൂട്ടത്തില്‍ ജ്വലിച്ചു നിന്നിരുന്ന മറ്റൊരു മഹാ വ്യക്തിത്വമായിരുന്നു വേപ്പൂര്‍ ഉണ്ണീന്‍ ഹാജി എന്ന പേരില്‍ പ്രസിദ്ധിയാര്‍ജിച്ച മുഹ്‌്‌യുദ്ദീന്‍ മുസ്‌്‌ലിയാര്‍(1278-1334). സുപ്രസിദ്ധ കര്‍മ്മ ശാസ്‌ത്ര വിധഗ്‌ധന്‍, സൂഫീ വര്യന്‍, കവി എന്നിവക്കു പുറമേ മഹാനവര്‍കള്‍ അറിയപ്പെട്ട കലാകാരന്‍ കൂടിയായിരുന്നു. അരീക്കോട് വലിയ പള്ളിയുടെ ചുവരില്‍ കൊത്തിവെച്ചിട്ടുള്ള വിജ്ഞാന ശകലങ്ങളായ കലകളത്രയും ഈ മഹാനുഭാവന്റെ സംഭാവനയാണ്. അദ്ദേഹത്തന്റെ മകന്‍ വേപ്പൂര്‍ അഹമ്മദ് കുട്ടി മുസ്‌്‌ലിയാര്‍ സുപ്രസിദ്ധ പണ്ഡിതരുടെ ഗണത്തില്‍ പെടുന്നു.
45 വര്‍ഷത്തോളം അരീക്കോട് ഖാളിയായി സേവനമനുഷ്‌ഠിച്ച ഖാളി അബൂബക്കര്‍ മുസ്‌്‌ലിയാരാണ് മറ്റൊരു പണ്ഡിത ജ്യോതിസ്സ്. ഹിജ്‌റ 1319ല്‍ ആലസ്സന്‍ മുസ്‌്‌ലിയാരുടെ പുത്രനായി ജനിച്ച ഇദ്ദേഹം നാലകത്ത് അഹ്‌്‌മദ് കുട്ടി മുസ്‌്‌ലിയാരുടെ ശിക്ഷണത്തില്‍ വിജ്ഞാനം നുകരുകയും ഒരു മഹാ പണ്ഡിത ജ്യോതിസ്സായി 45 സേവന രംഗത്ത് ജ്വലിച്ചു നില്‍ക്കുകയും ചെയ്‌തു.
അലംഭാവമെന്നോ അമിതമായ ആത്മവിശ്വാസമെന്നോ വേണമെങ്കില്‍ പറയാം. മരക്കാര്‍ കുട്ടി മുസ്‌്‌ലിയാരുടെയും മറ്റും പിന്‍തലമുറക്ക് മതം യാഥാര്‍ത്ഥത്തില്‍ വേലികെട്ടി കാക്കാനായില്ല. പാരമ്പാര്യാറിവുകള്‍ക്കെതിരെ വീണുകിട്ടിയ ആധുനിക വിദ്യയെയും ഭൗതികതയെയും ഏത് കള്ളിയില്‍ അടയാളപ്പെടുത്തുമെന്നറിയാതെ അവര്‍ കുഴങ്ങി.
1921 മലബാര്‍ മാപ്പിളയുടെ നെഞ്ചിലാളിയ ദേശസ്‌നേഹത്തിന്റെ കെടാപന്തങ്ങള്‍ സാമ്രാജ്യത്ത മാടമ്പികള്‍ക്കെതിരെ വീര ചരിതങ്ങള്‍ രചിക്കുന്നു. മാപ്പിള ഏറനാടും വള്ളുവനാടും ഖിലാഫത്തിന്റെ ഊക്കന്‍ മുദ്രാവാക്യങ്ങളാന്‍ മുഖരിതം. പിറന്ന നാടിന്റെ മോചനം ജനധര്‍മ്മമായിക്കണ്ട ഉശിരുറ്റ മലബാര്‍ യുവത, ലോകം പരിചയിച്ചിട്ടില്ലാത്ത സമരഗാഥകള്‍ തീര്‍ത്തു. മുസ്‌്‌ലിം മലബാര്‍ വിപ്ലവത്തിന്റെ തീചൂളയായി ഉരുകിയൊലിക്കുമ്പോള്‍ എന്നും പിന്‍വാതിലിലൂടെ ചരിത്രത്തിലിടം നേടിയ വഹാബികള്‍ അതിനീചമായ ആശയ വിസര്‍ജ്ജന വൃത്തിയിലായിരുന്നു. മലബാര്‍ കലാപത്തിന്റെ കൂടെ പിറന്ന സാമുദായിക അരക്ഷിതാവസ്ഥയും ആശയക്കുഴപ്പങ്ങളും അന്നമുണ്ടാക്കാന്‍ വഹാബി ഉപയോഗിച്ചു. പരിഷ്‌കരണത്തിന്റെ വേഷത്തില്‍, ഭൗതികതയുടെ ഭാവത്തില്‍ ആ വിത്ത് പതുക്കെ ചിലരിലെങ്കിലും നടാന്‍ അവര്‍ക്കായി.
കെ.എം മൗലവിയും ഉമര്‍ മൗലവിയും ഭൗതിക വിദ്യയുടെയും പരിഷ്‌കരണത്തിന്റെയും സമ്പന്നതയുടെയും ഉപദംശങ്ങള്‍ ചേര്‍ത്ത് സാമുദായിക അജ്ഞതയുടെ ഇലക്കീറില്‍ വിളമ്പിയ മതഉദാരതാനയവും പുത്തന്‍വാദവും വിവരക്കമ്മിയുടെ വേതാളങ്ങള്‍ക്കൊപ്പം ചില മനസ്സുകളിലും തൂങ്ങിയാടി. പരദേശത്തിന്റെ നോക്കത്തായ്‌മയില്‍ നിന്ന് നവദേശീയതക്കൊപ്പം വക്കം മൗലവി കെട്ടിയെഴുന്നള്ളിച്ച ഉല്‍പതിഷ്‌ണുത്വം നാലിഗ്ലീഷും അഫ്‌ളലുല്‍ അറബിയും തലക്കുകയറ്റിയ ചെറു മസ്‌തിഷ്‌കങ്ങളില്‍ രസം പിടിപ്പിച്ചു. ഇരുപത്തൊന്നാം ശതകം നമ്മില്‍ എറിഞ്ഞിട്ട ഏറ്റവും വലിയ ശാപം മതഉദാരതാവാദം മുജാഹിദിന്റെയും ജമാഅത്തെ ഇസ്‌്‌ലാമിയുടെയും കുപ്പായങ്ങളില്‍ ഇന്നാടിനെ ദുരന്തപ്പെടുത്തുതങ്ങനെയാണ്.
ജില്ലയിലെ ആദ്യം ഭൗതിക വിദ്യയും പുരോഗതിയും വെളിപ്പെട്ടു എന്ന അടിസ്ഥാനത്തില്‍ തന്നെ പുത്തന്‍വാദത്തിന്റെ തവരകളും ഇവിടെ മണ്ണുനേടി. പതിയെ തഴച്ചു വളര്‍ന്ന ആ ദുഷ്ട സാന്നിദ്ധ്യം നൂറ്റാണ്ടിന്റെ സന്ധ്യയായപ്പോഴേക്ക് ക്രമാതീതമായി തീര്‍ന്നു. പിന്നീട് ഉണ്ടായ സുന്നി മുന്നേറ്റങ്ങള്‍ അരീക്കോടിന്റെ ചരിത്രം കീഴ്‌മേല്‍ മറിച്ചു എന്നത് എല്ലാവര്‍ക്കും അറിയുന്ന പരമസത്യമാണ്.