ശക്തമായ പരീക്ഷാചൂടിന് ശേഷം വിദ്യാര്‍ത്ഥികള്‍ അവധിക്കാലത്തേക്ക് പ്രവേശിക്കുകയാണ്. പത്ത് മാസക്കാലത്തെ വിശ്രമമില്ലാത്ത പഠനസപര്യകളില്‍ നിന്നൊരു താല്‍ക്കാലികാശ്വാസമാണ് രണ്ട് മാസത്തെ വെക്കേഷന്. അവധിക്കാലം എങ്ങനെ അടിച്ച് പൊളിക്കണമെന്ന പ്ലാനിങ്ങിലായിരിക്കും കുട്ടികള്‍. എന്നാല്‍ രക്ഷിതാകളും വിദ്യാര്‍ത്ഥികളും അല്‍പ്പം ശ്രദ്ധചെലുത്തിയാല്‍ അവധികാലത്തെ ക്രിയാത്മകമായി ഉപയോഗപ്പെടുത്താന്‍ സാധിക്കും.
ഒരു കാലത്ത് പ്രകൃതിയോട് അലിഞ്ഞ് ചേരുന്ന പരമ്പരാഗത കളികളാലും കുടുംബ സന്ദര്ശനങ്ങള്ക്കൊണ്ടുമൊക്കെ സമ്പന്നമായിരുന്നു അവധിക്കാലമെങ്കില്‍ പുതിയ തലമുറക്ക് അതെല്ലാം അന്യമാണ്. സ്മാര്‍ട്ട് ഫോണുകളുടേയും ഇന്റര്‍നെറ്റിന്റെയും കടന്നു കയറ്റം നമ്മുടെ ജീവിതത്തിന്റെ സകല മേഖലകളിലും ഉണ്ടാകിയ മാറ്റങ്ങള്‍ ഇവിടെയും കാണാനാകും. മുഴുസമയവും ഗെയിമുകള്‍ക്കും മറ്റു ഡിജിറ്റല്‍ വിനോദങ്ങള്‍ക്കും ചിലവഴിക്കുന്ന പുതിയ കുട്ടികളില്‍നിന്ന് ഈയൊരവസ്ഥ അത്രപെട്ടെന്നൊന്നും മാറ്റാനാകില്ല. എന്നിരുന്നാലും വേണമെങ്കില്‍ കൃത്യമായ നിയന്ത്രണങ്ങള്‍ കൊണ്ടുവരാന്‍ രക്ഷിതാക്കള്‍ക്ക് സാധിക്കും.
കുടുംബബന്ധങ്ങള്‍ പുതുക്കാനും അവധിക്കാലം ആനന്ദകരവും ആസ്വാദ്യകരവുമാക്കാനുള്ള അവസരം കൂടിയാണ് ഒഴിവുദിനങ്ങള്‍. അതിന് പരസ്പര സന്ദര്‍ശനങ്ങളും വിരുന്നുകളും ആവശ്യമാണ്. കണ്ടുമുട്ടലുകളും സംസാരങ്ങളും ഗ്രൂപ്പുകളിലേക്ക് ഒതുങ്ങിക്കൊണ്ടിരിക്കുന്ന വാട്സപ്പ ് കാലത്ത് ഇത്തരം മൂല്യങ്ങളെ നാം വീണ്ടെടുക്കേണ്ടതുണ്ട്. സ്വന്തം കുടുബത്തില്‍ തന്നെ മാതാപിതാക്കളും മക്കളും തമ്മില്‍ മാനസികമായ പൊരുത്തമുള്ള ആഹ്ലാദകരമായ അന്തരീക്ഷം സൃഷ്ടിക്കണം. മറ്റു ദിവസങ്ങളില്‍ മിക്കപ്പോഴും കുടുംബാഗംങ്ങള്‍ മുഴുവനും ഒത്തുചേരാനും പരസ്പര സഹകരണത്തിനും സമയം ലഭിച്ച് കൊള്ളണമെന്നില്ല. എന്നാല്‍ അവധിദിനങ്ങളില്‍ ഇതിനെല്ലാം അവസരമുണ്ട്.
ജീര്‍ണത നിറഞ്ഞ സാഹചര്യങ്ങളാണ് നമ്മുടെ കൗമാരക്കാരെ വലയം ചെയ്തുക്കൊണ്ടിരിക്കുന്നത്. മാരകമായ ലഹരി ഉപയോഗം ലൈംഗീക വേഴ്ച്ചകള്‍ തുടങ്ങിയ പല തോന്ന്യാസങ്ങളും കൗമാരത്തെ ഗ്രസിച്ചിരിക്കുന്നു. രാജ്യത്തെ വന്‍ലഹരി മാഫിയകളുടെ കണ്ണികളാണ് നമ്മുടെ പലവിദ്യാര്ത്ഥികളുമെന്ന് ഏറെ വൈകിയാണ് പലപ്പോഴും നാം തിരിച്ചറിയാറുള്ളത്. ഇത്തരം അരുതായ്മകളിലേക്കും കൂട്ടുക്കെട്ടുകളിലേക്കും ചെന്നെത്തുന്നതിനെ തടയാന്‍ രക്ഷിതാകള്ക്കാകണം. അവര്‍ ഈ വിഷയത്തില്‍ ജാകരൂഗരാകണം. രാത്രി ഏറെ വൈകി വീട്ടിലെത്തുന്ന തന്റെ മകന് എവിടെ നിന്നാണ് വരുന്നതെന്നും എവിടെയെല്ലാമാണ് അവന്റെ വ്യവഹാരങ്ങളെന്നും രക്ഷിതാക്കള്‍ അന്വേഷിക്കേണ്ടതുണ്ട്.
മനുഷ്യന്റെ ചിന്താമണ്ഡലങ്ങളെ ഏറ്റവും കൂടുതല്‍ സ്വാധീനിക്കുന്ന ഒന്നാണ് വായന “വായിച്ചാലും വളരും വായിച്ചിലെങ്കിലും വളരും വായിച്ചു വര്‍ന്നാല്‍ വിളയും വായിക്കാതെ വളര്‍ന്നാല്‍ വളയും”. എന്ന വരികളിലൂടെ കുഞ്ഞുണ്ണിമാഷ് വരച്ചിട്ടത് വായനയുടെ പ്രധാന്യത്തെയാണ്. വായന ഒരു ആവേശമായും പുസ്തകങ്ങളെ ഒരു കൂട്ടുകാരായും വിദ്യാര്‍ത്ഥികള്‍ കാണണം. അതിനുള്ള അവസരങ്ങളും പ്രോത്സാഹനങ്ങളും നല്‍കുകയും നല്ലപുസ്തകങ്ങള്‍ തെരെഞ്ഞെടുത്ത് കൊടുക്കുകയും വേണം. വിശാലമായ സൗകര്യമുള്ള ലൈബ്രറികള്‍ നമ്മുടെ നാടുകളില്‍ നിരവധിയുണ്ട്. ഇത്തരം കേന്ദ്രങ്ങളെ ഉപയോഗപ്പെടുത്തിയാല്‍ കുട്ടികളുടെ ചിന്തയിലും കാഴ്ച്ചപ്പാടിലും കാതലായ വികാസം സാധ്യമാകും.
ഓരോ വിദ്യാര്‍ത്ഥികള്‍ക്കും അവരുടെ അഭിരുചികളും താല്പര്യങ്ങളും ഉണ്ടാകും. അതിനെ കൃത്യമായ് തിരിച്ചറിഞ്ഞുവേണം രക്ഷിതാക്കള്‍ പ്രവര്‍ത്തിക്കാന്‍. എഴുത്ത്, പ്രസംഗം, വര തുടങ്ങി വ്യത്യസ്തമായ കഴിവുകളുള്ളവരാകും കുട്ടികള്‍. അവരുടെ പ്രതിഭാത്വത്തെ മൂര്‍ച്ചകൂട്ടാനുള്ള അവസരങ്ങളായ് ഈ കാലയളവിനെ മാറ്റിയെടുത്താല്‍ അവര്‍ക്ക് ഉയരങ്ങള്‍ കീഴടക്കാനാകും. രക്ഷിതാക്കളുടെ താല്പര്യങ്ങള് കുട്ടികളില്‍ അടിച്ചേല്‍പ്പിക്കുന്നതിന് പകരം കുട്ടികളുടെ ഇഷ്ടങ്ങളറിഞ്ഞ് അതിനുള്ള അന്തരീക്ഷമൊരുക്കാന്‍ കഴിയണം.
കുട്ടികളുടെ ശാരീരികവും മാനസികവുമായ വളര്‍ച്ചക്ക് കായിക വിനോദങ്ങള്‍ ഒഴിച്ചുകൂടാനാവത്തതാണ്. മുഴുസമയവും പഠനത്തില്‍ തളച്ചിടാതെ കളിക്കാനുള്ള സമയവും അവര്‍ക്ക് വകവെച്ച് കൊടുക്കണമെന്ന് ഇമാം ഗസ്സാലി ഇഹ്യയില്‍ പറഞ്ഞിട്ടുണ്ട.് അവധിക്കാലത്ത് പതിവില്‍ കൂടുതലായി സമയം ഇതിനായ് വിനിയോഗിക്കുന്നതിന് കുഴപ്പമില്ല. എങ്കിലും ഇസ്ലാം നിഷിദ്ധമാക്കിയ വേഷവിധാനങ്ങള്‍ പോലോത്തകാര്യങ്ങള് കളികള്‍ക്കും വിനോദങ്ങള്‍ക്കും ഇടയില്‍ കയറിക്കൂടുന്നത് ശ്രദ്ധിക്കേണ്ടതാണ്. മനുഷ്യന്റെ ശാരീരികമായും മാനസികമായും വളര്‍ച്ചയുടെ സമയമായ കൗമാരകാലത്ത് പ്രത്യോകിച്ചും കായിക വിനോദങ്ങള്‍ ആവശ്യമാണ് എങ്കിലും നാട്ടില്‍നടക്കുന്ന ടൂര്‍ണമെന്റുകളുടെയും ഐ പി എല്‍, ലോകകപ്പ് തുടങ്ങിയ കായിക മാമാങ്കങ്ങളുടെ പിന്നാലെ പോയി കളിച്ചു കൂത്താടാനും ആത്മീയമായ അന്തരീക്ഷങ്ങളെ മനസ്സില്‍ നിന്ന് പിഴുതെറിയാനുള്ള സാഹര്യങ്ങളില്‍ ചെന്നു പെടാതിരിക്കാനും കുട്ടികളും രക്ഷിതാക്കളും ശ്രദ്ധിക്കണം. മാനസികമായും ശാരീരികമായുമുണ്ടാകുന്ന വ്യായാമവും ഉന്മേഷവും മാത്രമാണ് വിനോദംകൊണ്ട് ഇസ്ലാം ഉദ്ദേശിക്കുന്നത്.
വെക്കേഷന് മാസങ്ങള്‍ക്ക് മുമ്പ് തന്നെ പരസ്യങ്ങളുമായി രംഗത്ത് വരുന്ന വിദ്യഭ്യാസ കച്ചവടക്കാരെ നാം കരുതിയിരിക്കണം. സ്പോക്കണ് ഇംഗ്ലീഷ്, കമ്പ്യൂട്ടര്‍ കോഴ്സുകള്‍ തുടങ്ങി വിവിധപേരുകളിലും തലവാചകങ്ങളുമായി ഇത്തരക്കാര്‍ നിറഞ്ഞു നില്ക്കും. ഇംഗ്ലീഷും കമ്പ്യൂട്ടറുമെല്ലാം ആവശ്യം തന്നെ. പക്ഷേ, ക്ലാസ് മുറികളില്‍ നിന്ന് മോചനം ലഭിക്കുന്ന അവധിക്കാലത്ത് ഇത്തരം സെന്ററുകളില്‍ തളച്ചിടുന്നത് വിദ്യാര്‍ത്ഥികളെ മാനസികമായ തളര്‍ച്ചയിലേക്ക് കൊണ്ടെത്തിക്കും. പഠനത്തിനോട് മടുപ്പുണ്ടാകാനെ ഇത്തരം ഇടതടവില്ലാത്ത പഠനരീതികള്‍ ഉപകരിക്കൂ.
ആത്മീയമായ പുരോഗതിക്കും അവധി ദിനങ്ങളെ നാം ഉപയോഗപ്പെടുത്തണം. ജമാഅത്തുകളില്‍ കൃത്യമായി പങ്കെടുക്കുകയും മറ്റു ആത്മീയ പരിപാടികളില്‍ സജ്ജീവമാവുകയും ചെയ്യണം. മുഅ്മിന് അറിഞ്ഞിരിക്കേണ്ട സൂറത്തുകളും അദ്ക്കാറുകളും പഠിക്കാനും ജീവിതത്തില്‍ ശീലമാക്കാനും ശ്രദ്ധിക്കണം. വിദ്യാര്‍ത്ഥികളുടെ ആത്മീയവും ഭൗതികവുമായ പുരോഗതിക്ക് ക്രിയാത്മകമായ പ്രവര്‍ത്തനങ്ങളാണ് എസ് എസ് എഫും മഴവില്‍ സംഘവുമടക്കമുള്ള സുന്നീ സംഘടനകള്‍ മുന്നോട്ട് വെക്കുന്നത്. അവധിദിനങ്ങളില്‍ നാട്ടിലെ സംഘടനാ ചലനങ്ങളില്‍ ഭാഗഭാക്കാവുകയും പുതിയ കൂട്ടുകാരെ പ്രസ്ഥാനത്തിലേക്ക് അടുപ്പിക്കാനും വിദ്യാര്‍ത്ഥികള്‍ സന്നദ്ധരാവണം. ഇതിലൂടെ മഹത്തായ ഒരു ആത്മീയ കൂട്ടായ്മയില്‍ അംഗമാവാനും നന്മയുടെ വഹകരാകാനും സാധിക്കും.
കൃത്യനിഷ്ടവും ആസ്വാദ്യകരവുമായ രീതിയില്‍ സമയം ചിലവഴിക്കുന്നതിലൂടെ പുതിയ അധ്യയനവര്‍ഷത്തേക്കും ഭാവി ജീവിതത്തിലേക്കും ഊര്‍ജവും ഉന്മേഷവും ആര്‍ജിച്ചെടുക്കാനുള്ള ശ്രമങ്ങളാവട്ടെ ഇനിയുള്ള ദിനങ്ങളില്‍.
മുസ്ലിഹ് വടുക്കുംമുറി