ഇസ്ലാമിക ചരിത്രത്തില്‍ വിസ്മരിക്കാനാവാത്ത സ്ഥാനമാണ് അഹ്ലു സുഫ്ഫക്കുള്ളത്. ഐഹിക വിരക്തിയുടെ ഉത്തമ ദൃഷ്ഠാന്തമാണ് അവര്‍. മദീനയുടെ ഉറ്റവരായി, തിരുനബിയോടൊപ്പം ആരാധനാ നിരതരായി, ഇസ്ലാമിക വിജ്ഞാന സമ്പാദനത്തില്‍ വ്യാപൃതരായി ഒരു പറ്റം ധര്‍മസഖാക്കള്‍. ഖുര്‍ആന്‍ അവരെ പരിചയപ്പെടുത്തുന്നതു കാണാം ‘തങ്ങളുടെ രക്ഷിതാവിനോട് അവന്‍റെ പൊരുത്തം ലക്ഷ്യമാക്കി, പ്രഭാതത്തിലും പ്രദോഷത്തിലും അവനെ ആരാധിക്കുന്നവരാണ് അവര്‍’ (സൂറത്തുല്‍ കഹ്ഫ്-28). അവരെ മാറ്റി നിര്‍ത്തി ഇസ്ലാമിക ചരിത്രം രചിക്കല്‍ അസാധ്യം. അത്രക്കായിരുന്നു അവരുടെ സ്വാധീനം.
പ്രവാചകത്വം ഏറ്റെടുത്ത മുത്ത് നബിക്കു പ്രബോധനം ദുഷ്കരമായ കാലം. മൂന്ന് വര്‍ഷം രഹസ്യമായും പത്ത് വര്‍ഷം പരസ്യമായും നീണ്ട പ്രബോധനസപര്യയില്‍ സത്യവിശ്വാസത്തെ നെഞ്ചിലേറ്റിയവര്‍ കുറഞ്ഞ ആളുകള്‍ മാത്രം. ഇസ്ലാമിന്‍റെ വ്യാപനം അന്ധവിശ്വാസങ്ങളുടെ, അനാചാരങ്ങളുടെ, ഇരുട്ടിന്‍റെ ഉപവാസകര്‍ക്ക് കനത്ത ഭീഷണിയായിരുന്നു. പിന്നീട് എതിര്‍പ്പിന്‍റെ കറുത്ത നടപടികള്‍-എങ്ങും മര്‍ദ്ദനവും ബഹിഷ്കരണവും പരിഹാസങ്ങളും മാത്രം- പ്രബോധനം ശ്രമകരമായപ്പോള്‍ പ്രബോധന കേന്ദ്രം മാറ്റാന്‍ അല്ലാഹു തിരുനബിക്ക് ഉത്തരവു നല്‍കുകയായിരുന്നു. മദീനാ പലായനത്തിലേക്കു നയിച്ച സാഹചര്യങ്ങളെ കുറിച്ച് അല്ലാഹു പറയുന്നുണ്ട്. ‘കേവലം തങ്ങളുടെ റബ്ബ് അല്ലാഹുമാണ് എന്ന് പറഞ്ഞതിന്‍റെ പേരില്‍ മാത്രം തങ്ങളുടെ ഭവനങ്ങളില്‍ നിന്ന് പുറത്താക്കപ്പെട്ടവരാണ് അവര്‍.
മദീനക്കാര്‍ സര്‍വതും നല്‍കിയാണ് അഭയാര്‍ത്ഥികളെ സ്വീകരിച്ചത്. സ്വന്തം നാട്ടുകാര്‍ കൈ വെടിഞ്ഞവരെ മറു നാട്ടുകാര്‍ ഹൃദയങ്ങളോടു ചേര്‍ത്തു വെക്കുകയായിരുന്നു. ഈ സംരക്ഷണ ഉടമ്പടിയാണ് ‘അഖബ’ എന്ന പേരില്‍ ചരിത്രത്തില്‍ ഉല്ലേഖനം ചെയ്യപ്പെട്ടത്. റബീഉല്‍ അവ്വല്‍ ഒന്നിന് നബിയ്യും കൂട്ടരും യാത്ര തിരിച്ച് റബീഉല്‍ അവ്വല്‍ 8 ന് മദീനയിലെ ഖുബാഇലും നാല് ദിവസം അവിടെ തങ്ങിയ ശേഷം റബീഉല്‍ അവ്വല്‍ 12 ന് മദീനയുടെ ഹൃദയ ഭാഗത്തും എത്തിച്ചേര്‍ന്നു. ഊഷ്മള സ്വീകരണം ഏറ്റുവാങ്ങി അല്ലാഹുവിന്‍റെ കല്‍പ്പനപ്രകാരം അബൂ അയ്യൂബുല്‍ അന്‍സാരി(റ) വിന്‍റെ വീട്ടില്‍ നബി തങ്ങള്‍ താമസം ആരംഭിക്കുകയായിരുന്നു. അവിടെ വെച്ച് മുത്ത് നബിയിലെ പ്രബോധകന്‍ ഉണരുകയാണ്. ആരാധനകള്‍ക്കും അധ്യാപനങ്ങള്‍ക്കും ഒരു കേന്ദ്രം വേണം. സഹ്ല്‍, സുഹൈല്‍ എന്നീ അനാഥരുടെ പക്കലുള്ള- അവിടുത്തെ ഒട്ടകം മുട്ട് കുത്തിയ സ്ഥലം- പത്ത് ദീനാര്‍ നല്‍കി പള്ളി നിര്‍മിക്കാനായി നബി തങ്ങള്‍ ഏറ്റെടുത്തു. മുത്ത് നബിയും സിദ്ദീഖ്(റ)വും ഉമര്‍(റ)വും ഉസ്മാന്‍(റ)വും ഓരോ കല്ലു വീതം വെച്ച് ആരംഭിച്ച പള്ളി നിര്‍മാണം പൂര്‍ത്തിയാക്കാന്‍ തികച്ചും ഒരു വര്‍ഷമെടുത്തു. അസ്ഥിവാരവും വാതിലും കല്ലു കൊണ്ടും ചുമരുകള്‍ ഇഷ്ടികകള്‍ കൊണ്ടും മേല്‍പ്പുര ഈന്തപ്പന മടല്‍ കൊണ്ടും തൂണുകള്‍ ഈന്തപ്പന തടികള്‍ കൊണ്ടുമായിരുന്നു ഈ ലളിതമായ മസ്ജിദിന്‍റെ പ്രാഥമിക നിര്‍മാണം. ചരല്‍ പാകിയ നിലത്തായിരുന്നു ആരാധന, പായയോ വിരിപ്പോ ഉണ്ടായിരുന്നില്ല. ചുരുക്കി പറഞ്ഞാല്‍ മേന്മ പറയാന്‍ ഒരു ഭൗതിക സുഖാഢംബരങ്ങളുമില്ലെന്നര്‍ത്ഥം.
പള്ളി നിര്‍മാണത്തിനെടുത്ത ഒരു വര്‍ഷം അബൂ അയ്യൂബുല്‍ അന്‍സാരിയുടെ വീട്ടില്‍ തന്നെയായിരുന്നു തിരുനബി(സ). പിന്നീട് പള്ളിയോട് ചേര്‍ന്നുണ്ടാക്കിയ ഭാര്യ ഗൃഹത്തിലേക്ക് അവിടുന്ന് താമസം മാറ്റി. ഹിജ്റ ഒന്നാം വര്‍ഷം (ക്രി. 622ല്‍) നിര്‍മിച്ച പള്ളി ഹിജ്റ ഏഴാം വര്‍ഷം (ക്രി. 628ല്‍) വികസിപ്പിച്ചതായി ചരിത്രങ്ങള്‍ പറയുന്നുണ്ട്. മദീനാ പള്ളിയില്‍ 16 മാസം വടക്കുഭാഗത്തുള്ള ബൈത്തുല്‍ മുഖദ്ദസിലേക്ക് തിരിഞ്ഞു നിസ്കരിച്ചിരുന്നു മുത്ത് നബി(സ). അല്ലാഹുവിന്‍റെ കല്‍പ്പന പ്രകാരം പള്ളിയുടെ കിഴക്കു ഭാഗത്തുള്ള (ഇന്ന് മിഹ്റാബുന്നബവി എന്ന പേരിലറിയപ്പെടുന്ന) ആയിശ ബീവി(റ) യുടെ പേരില്‍ അറിയപ്പെട്ട തൂണിനു നേരെ കഅ്ബയിലേക്കു തിരിഞ്ഞ് നിസ്കാരം ആരംഭിച്ചു. ഇസ്ലാമിക ചരിത്രത്തിലെ സുപ്രസിദ്ധമായ ഈ ഖിബ്ല മാറ്റത്തിനു ശേഷം ഒഴിഞ്ഞ വടക്കു ഭാഗത്ത് പള്ളിയുടെ പിന്‍ ഭാഗത്ത് ഒരു പന്തല്‍ സ്ഥാപിക്കപ്പെട്ടു. ആ പന്തലിട്ട സ്ഥലം ‘സ്വഫഫത്ത്’ എന്ന പേരില്‍ അറിയപ്പെടുകയായിരുന്നു.
എല്ലാം ത്യജിച്ച് ഇലാഹീ സ്മരണയില്‍
മക്കയില്‍ ഉറ്റവരേയും ഉടയവരെയും ബാക്കിയാക്കി മുത്ത് നബിക്കൊപ്പം ഇറങ്ങിത്തിരിച്ചിരിക്കുന്നവരെ മോഹിപ്പിക്കാന്‍ ദുന്‍യാവിലെ സുഖസൗകര്യങ്ങള്‍ക്കാവുമോ? ഇല്ല എന്നതാണ് അഹ്ലുസ്സുഫ്ഫയുടെ ജീവിതം നമ്മെ പഠിപ്പിക്കുന്നത്. മദീനക്കാര്‍ അഭയം നല്‍കിയെങ്കിലും, സുഖ-സൗകര്യങ്ങള്‍ വച്ച് നീട്ടിയെങ്കിലും മുത്ത് നബിയോടൊന്നിച്ച് ജീവിക്കാനായിരുന്നു അവര്‍ക്കു പ്രിയം. വീടും കുടുംബവുമില്ലാത്ത മുഹാജിറുകള്‍ മുത്ത് നബിയുടെ പള്ളിയില്‍ അഭയസ്ഥാനം കണ്ടെത്തുകയായിരുന്നു. ‘സ്വഫ്ഫത്ത്’ എന്ന പേരിലറിയപ്പെട്ട പന്തലിട്ട ഭാഗത്തായിരുന്നു അവരുടെ താമസവും ഉറക്കവുമെല്ലാം… അല്‍പ നിമിഷം പോലും തിരു സവിധം വിട്ടു പോകാന്‍ അവര്‍ക്കാകുമായിരുന്നില്ല. അചഞ്ചല ഈമാന്‍ ഏതു പ്രതിസന്ധിയേയും മറികടക്കാന്‍ അവര്‍ക്ക് കരുത്ത് പകരുകയായിരുന്നു. വിശ്വാസികള്‍ക്ക് അവരുടെ സ്വന്തം ശരീരത്തേക്കാള്‍ ബന്ധപ്പെട്ടവരായിരിക്കും മുത്ത് നബി(സ) എന്ന ഖുര്‍ആനിക അധ്യാപനം അന്വര്‍ത്ഥമാക്കുകയായിരുന്നു അവര്‍.
മുത്ത് നബിയുടെ പുണ്യവദനം കണ്ടാസ്വദിക്കുക, തിരുവചനങ്ങള്‍ മനസ്സിലാക്കുക തുടങ്ങിയ കാര്യങ്ങളില്‍ മാത്രമായിരുന്നു അവരുടെ ശ്രദ്ധ. തിരു നബി അവരുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനു പ്രഥമ പരിഗണന നല്‍കുകയും മറ്റുള്ളവരെ അതിനു പ്രോത്സാഹിപ്പിക്കുകയും ചെയ്യുമായിരുന്നു. അവരുടെ കൂടെയിരിക്കുന്നതില്‍ മുത്ത് നബി പ്രത്യേകം ആനന്ദം കണ്ടെത്തിയിരുന്നു. ആരാധനയിലും പ്രാര്‍ത്ഥനയിലും പഠനത്തിലും ധര്‍മസമരങ്ങളിലുമായി ജീവിതം നയിച്ചവരെ ദുനിയാവ് തെല്ലും മോഹിപ്പിച്ചില്ല. തൊഴിലുകളിലേര്‍പ്പെട്ട് ദുനിയാവ് നേടാന്‍ അവര്‍ കൊതിച്ചതുമില്ല. വിശപ്പും ദാരിദ്ര്യവും അവര്‍ക്ക് കൂടുതല്‍ ഇലാഹീ സാമീപ്യം പകരുകയായിരുന്നു. സമരവും ത്യാഗവും അവരുടെ ഈമാനിനെ പ്രോജ്വലിപ്പിക്കുകയായിരുന്നു. വീടു വയ്ക്കലുമൊന്നും ഇലാഹീ മാര്‍ഗത്തിനു തടസ്സമായത് കൊണ്ടോ, ഭക്തി വിരുദ്ധമായതു കൊണ്ടോ അല്ല. മറിച്ച് അവരില്‍ ചിലര്‍ക്ക് അതിനു നിവൃത്തിയില്ലഎന്നതായിരുന്നു സത്യം. എന്നാല്‍ ചിലര്‍ ദുനിയാവിനോടുള്ള വിരക്തി കൊണ്ടു മാത്രം ഇത്തരം കാര്യങ്ങളില്‍ നിന്ന് വിട്ടു നില്‍ക്കുകയായിരുന്നു.
ദാരിദ്രത്തിന്‍റെ കയ്പ് അവര്‍ക്ക് മധുരം പകര്‍ന്നത് തീര്‍ത്തും അത്ഭുതം തന്നെയാണ്. തന്‍റെ മാര്‍ഗത്തില്‍ സര്‍വ്വതും ത്യജിച്ച് മുന്നിട്ടവരെ നാഥന്‍ കയ്യൊഴിയുന്നതെങ്ങനെ ?അല്ലാഹു അവരെ ഏറ്റെടുക്കുകയായിരുന്നു. അപരിഷ്കൃതരും ദരിദ്രരുമായ തിണ്ണവാസികളെ മാറ്റി നിര്‍ത്തിയാല്‍ ഞങ്ങള്‍ തങ്ങളുടെ ഉപദേശം കേള്‍ക്കാമെന്ന് ധനികര്‍ നബിയെ ബോധിപ്പിച്ചപ്പോള്‍ അല്ലാഹു ഗൗരവത്തോടെ തുരുനബിയെ ഉത്ബോധിപ്പിക്കുന്നതു കാണാം. തങ്ങളുടെ രക്ഷിതാവിനോട് അവന്‍റെ പൊരുത്തം ലക്ഷ്യമാക്കി രാവും പകലും പ്രാര്‍ത്ഥിച്ചിരിക്കുന്നവരുടെ കൂടെ താങ്കളുടെ ശരീരത്തെ തടഞ്ഞു നിര്‍ത്തുക. ഇഹലോക ജീവിതത്തിലെ അലങ്കാരം ഉദ്ദേശിച്ച് കൊണ്ട് താങ്കളുടെ കണ്ണ് അവരില്‍ നിന്ന് തിരിച്ച് കളയരുത്. നമ്മുടെ സ്മരണയില്‍ നിന്ന് നാം അശ്രദ്ധ ഹൃദയരാക്കി മാറ്റുകയും തന്നിഷ്ടത്തെ പിന്തുടരുകയും ചെയിതിട്ടുള്ളവരെ താങ്കള്‍ അനുസരിച്ച് പോകരുത്(സൂറത്തുല്‍ കഹ്ഫ്-28). വിശുദ്ധ ഖുര്‍ആനില്‍ മറ്റൊരിടത്തും മുത്ത് നബിയോട് ഈ ദരിദ്ര വിഭാഗത്തെ മാറ്റി നിര്‍ത്തരുതെന്നും മാറ്റി നിര്‍ത്തിയാല്‍ അത് അക്രമമാകുമെന്നും അല്ലാഹു ഉദ്ഘോഷിക്കുന്നുണ്ട്. ‘താങ്കളുടെ രക്ഷിതാവിന്‍റെ തൃപ്തി ഉദ്ദേശിച്ച് പ്രഭാതത്തിലും പ്രദോഷത്തിലും അവനെ ആരാധിക്കുന്നവരെ താങ്കള്‍ ആട്ടിക്കളയരുത്. അവരുടെ കണക്ക് നോക്കാനുള്ള ബാധ്യത താങ്കള്‍ക്കില്ല. താങ്കളുടെ കണക്ക് നോക്കാനുള്ള ബാധ്യത അവര്‍ക്കുമില്ല. അവരെ ആട്ടിയോടിച്ചാല്‍ താങ്കള്‍ അക്രമികളില്‍പെടും (സൂറത്തുല്‍ അന്‍ആം- 52) യഥാര്‍ത്ഥത്തില്‍ സത്യമതത്തെ നെഞ്ചിലേറ്റിയവര്‍ക്ക് അല്ലാഹു താങ്ങും തണലുമാവുകയായിരുന്നു.
പ്രവാചക ശിഷ്യരുടെ തലമുറ ഏറ്റവും മികച്ച തലമുറയാണ്. തിരു ദൂതരുമൊത്തുള്ള സഹവാസം അവരുടെ ഹൃദയങ്ങളെ പളുങ്കുതുല്യമാക്കി. സ്വഹാബികളില്‍ എഴുന്നൂറോളം പേര്‍ ഈ ഗണത്തില്‍പ്പെടുന്നു. പലപ്പോഴായി അവിടെ ജീവിതം നയിച്ചവര്‍, അവരെല്ലാവരും ഒരേ സമയം സ്വഫ്ഫയിലുണ്ടായിരുന്നില്ല. ശരാശരി എഴുപത് പേര്‍ ഒരേ സമയം തിരുനബിക്കൊപ്പം പള്ളിതിണ്ണയില്‍ താമസിച്ചു. തിരുനബി അപ്പപ്പോള്‍ നല്‍കുന്ന നിര്‍ദ്ദേശപ്രകാരം ജിഹാദിനോ മറ്റോ ആവശ്യങ്ങള്‍ക്കു വേണ്ടി പുറത്തു പോയവരായിരുന്നു മറ്റുള്ളവര്‍. ചിലര്‍ വിവാഹിതരായി കുടുംബ ജീവിതങ്ങളില്‍ പ്രവേശിക്കുകയും ചെയ്തു. സ്വഫ്ഫത്തിന്‍റെ അഹ്ലുകാരില്‍ പ്രസിദ്ധരായിരുന്നു അബൂ ഹുറൈറ(റ). മുഴു സമയവും തിരു നബിക്കൊപ്പമുള്ള സഹവാസം മൂലമാണ് മുത്ത് നബിയില്‍ നിന്ന് കൂടുതല്‍ ഹദീസുകള്‍ കേള്‍ക്കാന്‍ അബൂ ഹുറൈറ(റ) വിന് അവസരമൊരുങ്ങിയത്.
അഹ്ലു സ്സുഫ്ഫയുടെ മഹത്വങ്ങളും ഗുണങ്ങളും വിശദീകരിച്ച് ശൈഖ് അബ്ദുറഹ്മാന്‍ മുഹമ്മദ് ബ്നു ഹുസൈന്‍ അസ്ലമി ഒരു മഹത്തായ ഗ്രന്ഥം രചിച്ചിട്ടുണ്ട്. അഹ്ലുസ്സുഫ്ഫയെ കുറിച്ചുള്ള രചനകളിലെല്ലാം അവര്‍ സഹിച്ച ത്യാഗങ്ങള്‍ വിവരിക്കുന്നുണ്ട്. അവര്‍ നേടിയെടുത്ത സ്ഥാനം മഹത്തരമാണെന്നും പറയുന്നുണ്ട്. കുടുംബ ബാധ്യതകളോ ഐഹിക ബന്ധങ്ങളോ കുടാതെ ജീവിതം നയിച്ച ഇവര്‍ നമുക്കു മാതൃകയാണ്
ദാരിദ്ര്യത്തിന്‍റെ കൂടെപ്പിറപ്പുകള്‍
മദീനാ പള്ളിയില്‍ ഒതുങ്ങിക്കൂടിയവര്‍ക്ക് ദാരിദ്ര്യം എന്നും കൂട്ടിനുണ്ടായിരുന്നു. തൊഴിലുകളിലേര്‍പ്പെടാതെ എങ്ങിനെ പശിയടക്കാനാണ്? എങ്ങനെ വസ്ത്രം മുഴുപ്പിക്കാനാണ്? വല്ലപ്പോഴും കാട്ടില്‍ പോയി വിറക് ശേഖരിച്ച് അത് വിറ്റ് കിട്ടുന്ന തുച്ഛ വരുമാനം കൊണ്ട് ജീവിതത്തിന്‍റെ രണ്ട് അറ്റം മുട്ടിക്കാന്‍ പാടുപെട്ടിട്ടുണ്ട് അവര്‍. അബൂ ഹുറൈറ(റ) വിന്‍റെ അനുഭവം അവരുടെ ദാരിദ്ര്യത്തിന്‍റെ തീക്ഷ്ണത പകരുന്നതാണ്. ‘സ്വഫ്ഫത്തിലെ എഴുപതു പേരെ ഞാന്‍ കണ്ടു. ഒരു ഉടുതുണിയല്ലാതെ മറ്റൊരു വസ്ത്രം ധരിച്ചവരാരും അക്കൂട്ടത്തിലുണ്ടായിരുന്നില്ല. ആ തുണികള്‍ അവര്‍ കഴുത്തിലേക്ക് കയറ്റിക്കെട്ടുമായിരുന്നു. ചിലരുടെ തുണി കണങ്കാലിന്‍റെ മധ്യത്തിലെത്തും. മറ്റു ചിലരുടേത് ഞെരിയാണികളോളവും. നാണം വെളിപ്പെടാതിരിക്കാന്‍ നടക്കുമ്പോള്‍ അവരോരുത്തരും ഈ ഒറ്റ വസ്ത്രം കൈ കൊണ്ട് കൂട്ടിപ്പിടിക്കുമായിരുന്നു(സ്വഹീഹുല്‍ ബുഖാരി).ഇവര്‍ അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ തടയപ്പെട്ടവരാണെന്നും ദാനധര്‍മ്മത്തിന്‍റെ പ്രഥമാവകാശികളാണെന്നും ഖുര്‍ആന്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. ‘ഭൂമിയില്‍ സഞ്ചരിച്ച് ഉപജീവനം തേടാന്‍ സാധിക്കാത്ത വിധം അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ ജീവിതം തളച്ചിട്ട ദരിദ്രര്‍ക്കു വേണ്ടി നിങ്ങള്‍ ചിലവഴിക്കുക. മാന്യത നിമിത്തം അവരെ കുറിച്ചറിയാത്തവന്‍ അവര്‍ സമ്പന്നരാണെന്ന് ധരിച്ച് പോകും. എന്നാല്‍ ലക്ഷണം കൊണ്ട് താങ്കള്‍ക്കവരെ മനസ്സിലാക്കാം. ജനങ്ങളെ അവര്‍ ചോദിച്ച് ബുദ്ധിമുട്ടാക്കുകയില്ല. ഏതൊരു നല്ല വസ്തു നിങ്ങള്‍ ചിലവഴിച്ചാലും അല്ലാഹു അത് നല്ല പോലെ അറിയുന്നവനാണ്’ (സൂറത്തുല്‍ ബഖറ-273) വീട്ടുജോലി ചെയ്ത് കൈ പൊട്ടിയപ്പോള്‍ തിരു നബിയുടെ പുന്നാര മോള്‍ ഫാത്വിമ(റ) മുത്ത് നബിയോട് ഒരു വേലക്കാരിയെ വച്ചു തരാന്‍ ആവശ്യപ്പെടുന്ന സന്ദര്‍ഭം, ചരിത്രങ്ങളില്‍ കാണാം. തിരുനബിയുടെ മറുപടി അഹ്ലുസ്സുഫ്ഫയുടെ പരിതാപകരമായ അവസ്ഥ നമ്മെ ബോധിപ്പിക്കുന്നുണ്ട്. ‘മദീനാ പള്ളിയില്‍ അഹ്ലുസ്സുഫ്ഫ വിശപ്പടക്കാന്‍ ഗതിയില്ലാതെ കിടക്കുമ്പോള്‍ ഞാന്‍ നിനക്കു വേലക്കാരിയെ വച്ചുതരുമോ… ഫാത്വിമാ..? നീ ക്ഷമിക്കുക. കുടുംബത്തിനുപകരിക്കുന്ന പെണ്ണാണ് എറ്റവും നല്ല സ്ത്രീ.
അവരുടെ ദാരിദ്ര്യം മുത്തു നബിയുടെ കണ്ണുകളെ ഈറനണിയിപ്പിച്ചിരുന്നു. അവരുടെ ത്യാഗം മുത്ത് നബിയെ ഹഠാദാകര്‍ഷിച്ചിരുന്നു. തിരുനബി അവര്‍ക്കൊപ്പം സുഖ ദുഃഖങ്ങളില്‍ പങ്കുചേരുമായിരുന്നു. അവരുടെ ത്യാഗങ്ങളില്‍ മനസ്സ് നൊന്ത് അവര്‍ക്ക് സ്വര്‍ഗീയ വാര്‍ത്തകള്‍ പകരുകയായിരുന്നു മുത്ത് നബി(സ). ഇബ്നു അബ്ബാസ് നിവേദനം ചെയ്യുന്ന ഹദീസില്‍ കാണാം ‘നബിതിരുമേനി(സ) തിണ്ണവാസികളെ(അഹ്ലുസ്സുഫ്ഫ) കടന്നു പോയി. അവരുടെ ദാരിദ്ര്യം കണ്‍കയാല്‍ നബി ഇങ്ങനെ പറഞ്ഞു: സന്തോഷിക്കുക. നിങ്ങളുടെ അവസ്ഥയില്‍ നിലകൊള്ളുകയും അതില്‍ സന്തോഷിക്കുകയും ചെയ്യുന്ന എന്‍റെ സമുദായംഗങ്ങള്‍ സ്വര്‍ഗത്തില്‍ എന്‍റെ മിത്രങ്ങളായിരിക്കും. എന്നെ സ്നേഹിക്കുന്നവര്‍ നാളെ അന്ത്യനാളില്‍ എന്നോട് കൂടെയായിരിക്കുമെന്ന’് പ്രവാചക അധ്യാപനമായിരുന്നു ത്യാഗ പൂര്‍ണ്ണ ജീവിതത്തിനിടയിലും അവര്‍ക്ക് സന്തോഷം പകര്‍ന്നിരുന്നത്.
മദീനയുടെ മണ്ണില്‍ ഇഴകിച്ചേര്‍ന്ന് തിരുനബിക്കൊപ്പം പുണ്യ സഹവാസം തീര്‍ത്തവര്‍ നേടിയെടുത്തത് മഹനീയ സ്ഥാനം തന്നെയാണ്. സര്‍വ്വതും സമര്‍പ്പിച്ച് സ്വര്‍ഗം വരിക്കാന്‍ കൊതിച്ചവരെ അല്ലാഹു നിരാശരാക്കുകയില്ല എന്നതു തീര്‍ച്ച. അവര്‍ പകര്‍ന്നു നല്‍കുന്ന തിളങ്ങുന്ന മാതൃകകള്‍ നമ്മുടെ ഹൃദയങ്ങളെ പ്രകാശിപ്പിക്കണം. സുഖാഢംബരങ്ങളില്‍ അഭിരമിക്കുന്നവര്‍ അവരുടെ ജീവിതം മാതൃകയായി സ്വീകരിക്കണം. നാഥന്‍ അവരോടപ്പം നമ്മെയും സ്വര്‍ഗീയലോകത്തില്‍ ഒരുമിച്ച് കൂട്ടു മാറാവട്ടെ… ആമീന്‍
മുസ്ലിഹ് വടുക്കുംമുറി