2019 May-June Hihgligts Shabdam Magazine കാലികം ലേഖനം

പുതു കാലത്തെ കുടുംബ വിചാരങ്ങള്‍

കൂടുമ്പോള്‍ ഇമ്പമുള്ളതാണ് കുടുംബമെന്ന് പറയാറുണ്ട്. കുടുംബാംഗങ്ങള്‍ തമ്മിലുള്ള ബന്ധം ഊഷ്മളവും സന്തോഷകരവുമാകുമ്പോഴാണ് അത് ഇമ്പമുള്ളതാവുന്നത്. അപ്പോഴാണ് കുടുംബം കൊണ്ട് ഉദ്ദേശിക്കപ്പെടുന്ന ലക്ഷ്യം പൂര്‍ത്തീകരിക്കപ്പെടുന്നത്. കുടുംബമെന്ന വ്യവസ്ഥിതി ഒരു വലയുടെ കണ്ണികള്‍ പോലെ പരസ്പര പൂരകങ്ങളായി നിലകൊള്ളുന്നു. ഭാര്യയില്ലാതെ ഭര്‍ത്താവുണ്ടാകുന്നില്ല. മക്കളുണ്ടെങ്കില്‍ മാത്രമേ അച്ചനും അമ്മയുമുണ്ടാകുന്നുള്ളു. ഭാര്യയെയും ഭര്‍ത്താവിനെയും സൂചിപ്പിക്കുന്നിടത്ത് ഖുര്‍ആന്‍ പ്രയോഗിച്ച ലിബാസ്(വസ്ത്രം) എന്ന പ്രയോഗം ഈ വസ്തുതയിലേക്ക് വിരല്‍ ചൂണ്ടുന്നുണ്ട്. ശരീരത്തില്‍ ധരിച്ച വസ്ത്രത്തിനാണ് ലിബാസ് എന്ന് പറയുക. ശരീരത്തോട് ചേര്‍ന്നു നില്‍ക്കുന്നതിനെ മാത്രമേ അറബിയില്‍ അങ്ങനെ പറയുകയുള്ളു. ഊരി വെച്ച വസ്ത്രത്തിന് അങ്ങനെ പറയുകയില്ല. ഭാര്യയും ഭര്‍ത്താവും ഒട്ടിച്ചേര്‍ന്ന മനസ്സുള്ളവരായിരിക്കണമെന്ന് ഈ പ്രയോഗം സൂചിപ്പിക്കുന്നു. കുടുംബബന്ധങ്ങള്‍ക്ക് പുല്ലുവില പോലും കല്‍പിക്കാത്ത സംഭവ വികാസങ്ങളാണ് സമീപകാലങ്ങളില്‍ വാര്‍ത്തകളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. കുടുംബ ബന്ധങ്ങളുടെ വില നഷ്ടപ്പെട്ടപ്പോഴാണ് ഐക്യരാഷ്ട്രസഭ അന്താരാഷ്ട്ര കുടുംബദിനം(ണീൃഹറ എമാശഹ്യ ഉമ്യ) പ്രഖ്യാപിച്ചത്. 1993 സെപ്തംബര്‍ 15ന് ചേര്‍ന്ന ഐക്യരാഷ്ട്രസഭയുടെ ഔദ്യോഗിക കൂടിക്കാഴ്ചയിലാണ്, മെയ് 15 അന്താരാഷ്ട്ര കുടുംബ ദിനമായി പ്രഖ്യാപിക്കപ്പെടുന്നത്.
കുടുംബമെന്ന വ്യവസ്ഥിതിയെ നമുക്ക് വ്യത്യസ്ത തലങ്ങളിലുടെ വായിക്കാന്‍ കഴിയും. ഭാര്യ ഭര്‍തൃ ബന്ധം, മാതൃപിതൃ ബന്ധം, ജേഷ്ടാനുജ ബന്ധം തുടങ്ങി വ്യത്യസ്ത തലങ്ങളിലായി കുടുംബം നിലകൊള്ളുന്നു.
നിരവധി ഹദീസുകള്‍ കുടുംബ ബന്ധങ്ങളുടെ പ്രസക്തിയെ പഠിപ്പിക്കുന്നുണ്ട്. അല്ലാഹുവിലും അന്ത്യനാളിലും വിശ്വസിക്കുന്നവര്‍ കുടുംബബന്ധം നിലനിര്‍ത്തിക്കൊള്ളട്ടെ എന്ന് ഇമാം ബുഖാരി(റ) ഉദ്ധരിക്കുന്ന ഹദീസില്‍ കാണാം. ഒരിക്കല്‍ അബൂഹുറൈറ(റ) ഹദീസ് അദ്ധ്യാപനം നടത്തുകയായിരുന്നു. അന്നേരം സദസ്യരോടായി അദ്ദേഹം പറഞ്ഞു: “കുടുംബ ബന്ധം വിഛേദിച്ചവര്‍ ആരെങ്കിലും ഇവിടെയുണ്ടെങ്കില്‍ അവര്‍ ഈ സദസ്സില്‍ നിന്ന് എഴുന്നേറ്റ് പോകണം”. അപ്പോള്‍ കൂട്ടത്തിലുള്ള ഒരു യുവാവ് എഴുന്നേറ്റു. കുറച്ച് ദൂരെയുള്ള തന്‍റെ അമ്മായിയുടെ വീട്ടിലേക്കാണ് പോയത്. അവരുമായി അദ്ദേഹം പിണക്കത്തിലായിരുന്നു. അവരോട് തന്‍റെ കഴിഞ്ഞ കാല സമീപനങ്ങള്‍ പൊറുത്തു തരാനും മാപ്പ് തരാനും അപേക്ഷിച്ചു. അദ്ദേഹത്തിന്‍റെ ഈ മനംമാറ്റം കണ്ട് എന്താണ് ഈ അവസ്ഥാന്തരങ്ങള്‍ക്ക് കാരണമെന്ന് തിരക്കി. അബൂഹുറൈറ(റ) ഹദീസ് ക്ലാസ്സില്‍ അങ്ങനെ പറഞ്ഞതുകൊണ്ടാണെന്ന് യുവാവ് പ്രതികരിച്ചു. അബൂഹുറൈറ(റ) അങ്ങനെ നിര്‍ബന്ധിക്കാന്‍ കാരണമെന്താണെന്ന് നീ അദ്ദേഹത്തോട് ചോദിക്കണമെന്ന് യുവാവിനോട് അവര്‍ ആവശ്യപ്പെട്ടു. വിവരം അറിഞ്ഞപ്പോള്‍ മഹാനവര്‍കള്‍ പറഞ്ഞു: “കുടുംബ ബന്ധം വിഛേദിച്ചവരുടെ നന്മകളൊന്നും അല്ലാഹു സ്വീകരിക്കുകയില്ല എന്ന് മുത്ത്നബി(സ്വ) പറയുന്നതായി ഞാന്‍ കേട്ടിട്ടുണ്ട്. അതുകൊണ്ടാണ് അങ്ങനെയുള്ള ഒരാളും എന്‍റെ സദസ്സില്‍ ഇരിക്കേണ്ട എന്ന് ഞാന്‍ തീരുമാനിച്ചത്”. കുടുംബ ബന്ധങ്ങളുടെ പ്രാധാന്യം പഠിപ്പിക്കുന്ന കാര്യത്തില്‍ ഇസ്ലാമിനെ വെല്ലാന്‍ മറ്റൊരു മതവുമുണ്ടാകില്ല.
ഇസ്ലാമിലും ക്രിസ്തീയ-ജൂത വിശ്വാസങ്ങളിലും മനുഷ്യകുലത്തിന്‍റെ ചരിത്രവുമായി ബന്ധപ്പെട്ട് ഏറ്റവും പ്രാധാന്യമേറിയത് ഭാര്യയും ഭര്‍ത്താവും തമ്മിലുള്ള ബന്ധത്തിനാണ്. കാരണം ഈ മതങ്ങളിലൊക്കെ ദൈവം ആദ്യമായി സൃഷ്ടിച്ചത് ഒരു ഭാര്യയെയും ഭര്‍ത്താവിനെയുമാണല്ലോ, ആദമും ഹവ്വയും(റ). ആദ്യമുണ്ടായ ഭാര്യയില്‍ നിന്നും ഭര്‍ത്താവില്‍ നിന്നുമാണല്ലോ മാതാവും പിതാവും മകനും മകളും മരുമക്കളും പേരമക്കളുമൊക്കെയുണ്ടായത്. ഒരു നാണയത്തിന്‍റെ ഇരുപുറങ്ങള്‍ പോലെയാണ് സമൂഹത്തില്‍ ഭാര്യയും ഭര്‍ത്താവും. വിവാഹമോചനങ്ങളില്‍ നമ്മുടെ കേരളം വളരെയധികം മുന്നിലാണെന്ന വസ്തുത കേരളത്തിലെ കുടുംബ ശൈഥില്യങ്ങള്‍ വെളിപ്പെടുത്തുന്നുണ്ട്. പാശ്ചാത്യ സംസ്കാരവുമായി താരതമ്യപ്പെടുത്തുമ്പോള്‍ വിവാഹ മോചനങ്ങള്‍ ഭാരതീയ സംസ്കാരത്തില്‍ കുറവായിരുന്നുവെങ്കില്‍ വര്‍ത്തമാന കാലത്ത് ജീവിത രീതികളുടെ മാറ്റങ്ങള്‍ക്കൊപ്പം വൈവാഹിക പ്രശ്നങ്ങളും സാര്‍വത്രികമായി മാറി.
1869 ലാണ് ഇന്ത്യയില്‍ വിവാഹ മോചന നിയമം പ്രാബല്യത്തില്‍ വരുന്നത്. വിവാഹ മോചനങ്ങള്‍ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിത്യസംഭവങ്ങളായി തുടര്‍ന്നപ്പോള്‍ പോലും കേരളത്തില്‍ വളരെ വിരളമായിരുന്നു. എന്നാല്‍ 1990 കളുടെ അവസാനത്തോടെ കേരളത്തിന്‍റെ ഈ സ്ഥിതി മാറുകയും, 2016 വരെയുള്ള കണക്കുകള്‍ പ്രകാരം ഇന്ത്യയിലെ ഏറ്റവും കൂടുതല്‍ വിവാഹ മോചനങ്ങള്‍ നടക്കുന്ന സംസ്ഥാനമായി കേരളം മുന്‍പന്തിയിയിലെത്തുകയും ചെയ്തു. റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന വിവാഹമോചന കേസുകളില്‍ സമൂഹത്തിലെ ഉന്നതരും സെലിബ്രിറ്റികളും ഉള്‍പെടുന്നുണ്ട്. 2013-15 കാലയളവില്‍ മാത്രം ഒന്നര ലക്ഷത്തോളം വിവാഹ മോചന കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. 2013 വരെയുള്ള ഡിവോഴ്സ് പെറ്റീഷന്‍ കണക്കുകള്‍ ജില്ല അടിസ്ഥാനത്തില്‍ നോക്കുമ്പോള്‍ തലസ്ഥാന നഗരിയായ തിരുവനന്തപുരത്ത് മാത്രം 6000 കേസുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുണ്ട്. കൊല്ലം(4243), തൃശൂര്‍(4063), കോഴിക്കോട്(4008), മലപ്പുറം (3934), എറണാകുളം(3712), കോട്ടയം(2880), ആലപ്പുഴ(2361) തുടങ്ങി കേരളത്തിലെ ഓരോ ജില്ലകളിലും വിവാഹ മോചന കേസുകളുടെ എണ്ണം പെറ്റുപെരുകുകയാണ്.
ഇസ്ലാമിന്‍റെ ഭാര്യ-ഭര്‍തൃ അധ്യാപനങ്ങള്‍ പ്രസക്തമാകുന്നത് ഇവിടെയാണ്. ഖുര്‍ആന്‍ പ്രയോഗിച്ച ‘ഉടയാട (ലിബാസ്)യെന്ന പ്രയോഗം ഇസ്ലാം വൈവാഹിക ബന്ധത്തിന് നല്‍കുന്ന പ്രാധാന്യത്തെയാണ് സൂചിപ്പിക്കുന്നത്. ഇസ്ലാം സ്ത്രീയെ പിടിച്ചുകെട്ടുന്ന മതമാണെന്ന് പറയുന്നവര്‍ പോലും, ഭാര്യ-ഭര്‍തൃ ബന്ധങ്ങളുടെ ഇസ്ലാമിക ദര്‍ശനങ്ങള്‍ നിഷ്പക്ഷമായി വായിക്കാന്‍ തുനിഞ്ഞാല്‍ ഇസ്ലാമിനെ പുല്‍കാന്‍ തയ്യാറാവും. മുത്ത്നബി(സ്വ) പറഞ്ഞു: “നിങ്ങളില്‍ ഉത്തമര്‍ സ്വന്തം ഭാര്യമാരോട് സഹവര്‍ത്തിത്വത്തോടെ സമീപിക്കുന്നവരാണ്. ഞാന്‍ അത്തരക്കാരില്‍ പെട്ടവനാകുന്നു”(തിര്‍മുദി)
ഇത് കേവലമൊരു ഭംഗിവാക്കല്ല എന്ന് മുത്ത്നബിയുടെ ചരിത്രം വായിക്കുമ്പോള്‍ നമുക്ക് ബോധ്യപ്പെടും. സ്ത്രീലമ്പടനാണെന്ന് ഓറിയന്‍റലിസ്റ്റുകള്‍ പറയുമ്പോഴും നബി(സ്വ)യില്‍ നല്ലൊരു ഭര്‍ത്താവിനെ വായിച്ചെടുക്കാന്‍ അവര്‍ക്കും കഴിയും. ഭാര്യമാരോട് തമാശകള്‍ പറയാനും കളിച്ചു രസിക്കാനും വരെ ലോകനേതാവായ മുത്ത്നബി(സ്വ) സമയം കണ്ടെത്തി. നല്ലൊരു ഭര്‍ത്താവുണ്ടാകുമ്പോള്‍ മാത്രമേ നല്ലൊരു ഭാര്യയുണ്ടാകുന്നുള്ളൂ. തിരിച്ചും അങ്ങനെത്തന്നെയാണ്. കറിയില്‍ ഉപ്പ് കൂടുകയോ കുറയുകയോ ചെയ്തതിന് കുടുംബ കലഹങ്ങളുണ്ടാക്കുന്ന ഭര്‍ത്താക്കന്മാര്‍ക്ക് മുത്ത്നബി(സ്വ)യില്‍ പാഠങ്ങളുണ്ട്. ഒരിക്കല്‍ വിശന്നൊട്ടിയ വയറുമായി വീട്ടിലേക്ക് കയറി വന്ന മുത്ത് നബിയുടെ മുന്നില്‍ ഭാര്യമാരിലൊരാള്‍ ഉണക്കറൊട്ടിയും അല്‍പം സുര്‍ക്കയും കൊണ്ടുവെച്ചു. സുര്‍ക്ക എത്ര നല്ല കൂട്ടാനാണ് എന്നായിരുന്നു അവിടുന്ന് പ്രതികരിച്ചത്. കുട്ടിപ്രായത്തില്‍ വിവാഹം കഴിച്ച ആഇശ(റ)യോടൊത്ത് പലപ്പോഴും മുത്ത്നബി(സ്വ) കളിക്കുകയും രസിക്കുകയുമൊക്കെ ചെയ്യാറുണ്ടായിരുന്നുവെന്ന് ചരിത്രം നമ്മെ പഠിപ്പിക്കുന്നു. ആഇശ(റ) യോടൊപ്പം മുത്ത് നബി(സ്വ) ഓട്ടമത്സരം നടത്തിയതൊക്കെ സുപ്രസിദ്ധമാണല്ലോ. ആര്‍ത്തവമുണ്ടായ സമയത്ത് പോലും ഭാര്യയോടൊപ്പം കുളിക്കുകയും സൗന്ദര്യപ്പിണക്കങ്ങളും ഇണക്കങ്ങളുമൊക്കെയായി സുന്ദരമായ ദാമ്പത്യം മുന്നോട്ടു നയിച്ച ഭര്‍ത്താവിനെ മുത്ത് റസൂലില്‍ നമുക്ക് ദര്‍ശിക്കാനാകും. നിരവധി ഭാര്യമാരുണ്ടായിട്ടും ഒരൊറ്റ ഭാര്യപോലും നബിയെക്കുറിച്ച് ഒരു കുറ്റവും പറഞ്ഞില്ല. കാരണം, അത്രക്ക് നീതിമാനായിരുന്നല്ലോ ഹബീബ്(സ്വ).
ഭാര്യയും ഭര്‍ത്താവും പരസ്പരം അറിഞ്ഞ് സ്നേഹിക്കണം. അല്ലെങ്കില്‍ അവിടെ കലഹങ്ങള്‍ ഉടലെടുക്കും. ഭര്‍ത്താവിന് കാമം തീര്‍ക്കാനുള്ള ഒരു പെണ്ണുടല്‍ മാത്രമല്ല ഭാര്യ. ഭാര്യയെക്കാള്‍ അവളൊരു കൂട്ടുകാരിയും ഗുണകാംശിയും ആത്മീയ നേതൃത്വവുമാകേണ്ടതുണ്ട്. മാനസികമായി തളര്‍ന്നിരിക്കുന്ന ഭര്‍ത്താവിനെ സ്നേഹവായ്പുകളും സാന്ത്വനവര്‍ത്തമാനങ്ങളും കൊണ്ട് കീഴ്പെടുത്തുന്നവളാണ് യഥാര്‍ത്ഥ ഭാര്യ. ഇങ്ങനെയൊരു നല്ല ഭാര്യയെ ബീവി ഖദീജ(റ)യില്‍ നമുക്ക് വായിക്കാനാകും.
അങ്ങുമിങ്ങും അറിഞ്ഞും അലിഞ്ഞും ലയിച്ചും രമിച്ചും ചിരിച്ചും രസിച്ചും ജീവിക്കുന്ന ഭാര്യാ ഭര്‍ത്താക്കളുടെ ജീവിതത്തില്‍ പ്രശ്നങ്ങളുണ്ടാവുകയില്ല. വെറും ഭാര്യ-ഭര്‍തൃ ബന്ധങ്ങളില്‍ മാത്രമല്ല, കുടുംബത്തിന്‍റെ മറ്റെല്ലാ തലങ്ങളിലും പരിഗണന നല്‍കുന്നതില്‍ വലിയ സ്ഥാനമുണ്ട്. ഒരാള്‍ തന്‍റെ ഭാര്യയെ നന്നായി പരിഗണിക്കേണ്ടതുണ്ട്. എന്നാല്‍ അദ്ദേഹത്തിന്‍റെ മാതാവ് ജീവിച്ചിരിപ്പുണ്ടെങ്കില്‍ ഭാര്യയെക്കാള്‍ എന്‍റെ മകന്‍ പരിഗണിക്കുന്നത് തന്നെയാണെന്ന് ഒരേ സമയം ഉമ്മയ്ക്കും ഭാര്യയ്ക്കും തോന്നിപ്പിക്കാന്‍ ആ മകന് കഴിയേണം. ഭാര്യയെ പരിഗണിച്ചത് കാരണം ഉമ്മയുടെ മനസ്സ് വേദനിച്ച കാരണത്താല്‍ മരിക്കുന്ന സമയത്ത് കലിമ ചൊല്ലാന്‍ കിട്ടാതെ വിഷമിക്കുകയും മുത്ത് നബി(സ്വ) ആ ഉമ്മയെ വിഷയം ധരിപ്പിച്ച് പൊരുത്തപ്പെടീച്ചപ്പോള്‍ മാത്രം കലിമ ചൊല്ലാന്‍ സാധിക്കുകയും ചെയ്ത അല്‍ഖമ(റ)യുടെ സംഭവം ചില ചരിത്ര ഗ്രന്ഥങ്ങളില്‍ കാണാം. മനഃപ്പൂര്‍വ്വമായിരുന്നില്ല അല്‍ഖമ(റ) അങ്ങനെ ചെയ്തത്. എന്നിട്ട് പോലും അദ്ദേഹത്തിന് പോലും ഈ അവസ്ഥ വന്നെങ്കില്‍ മാതാപിതാക്കളെ ചവിട്ടിത്തേക്കുന്ന ന്യൂജന്‍ മക്കളുടെ അവസ്ഥ എത്ര പരിതാപകരമായിരിക്കും.
ഇക്കാലത്ത് മക്കളെ മാത്രം പഴിക്കുന്നതില്‍ ന്യായമില്ല. വൃദ്ധസദനങ്ങള്‍ എത്രത്തോളം വര്‍ദ്ധിക്കുന്നുവോ, അതിനെക്കാള്‍ അമ്മത്തൊട്ടിലുകളും തുല്യമായ മറ്റു സംരംഭങ്ങളും വര്‍ദ്ധിച്ചുവരുന്നുവെന്നത് ഞെട്ടലുളവാക്കുന്ന കാര്യമാണ്. മക്കള്‍ ഒരു ഭാരമാകുന്ന മാതാപിതാക്കള്‍ക്ക് അര്‍ഹിക്കുന്നത് തന്നെയാണ് കിട്ടുന്നത് എന്ന് പറഞ്ഞാല്‍ ഒരര്‍ത്ഥത്തില്‍ തെറ്റാവുകയില്ല. അടുത്തിടെ നടന്ന ബാലപീഢന കേസുകളുടെ സര്‍വ്വേ പരിശോധിച്ചപ്പോള്‍ അതില്‍ ബഹുഭൂരിപക്ഷ പീഢനങ്ങളും സ്വന്തം ബന്ധുക്കളില്‍ നിന്നുതന്നെയാണ്. സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട മൊത്തം കേസുകളില്‍ 1131 എണ്ണത്തിലും പ്രതികള്‍ കുടുംബാംഗങ്ങളാണ്. അച്ചന്മാര്‍ പീഢിപ്പിച്ചത് 546, അമ്മമാര്‍ 176, രണ്ടാനച്ചന്‍ 99, രണ്ടാനമ്മ 51, ബന്ധുക്കള്‍ 199 എന്നിങ്ങനെയാണ് കണക്കുകള്‍ വന്നത്.
ഇന്ന് കുടുംബ ബന്ധങ്ങളില്‍ പരസ്പര പരിഗണനക്ക് വിഘാതം സൃഷ്ടിക്കുന്നതില്‍ വില്ലനാകുന്നത് സോഷ്യല്‍ മീഡിയയാണ്. മസ്കറ്റിലെ ഖാബൂസ യൂണിവേഴ്സിറ്റി നടത്തിയ പഠനമനുസരിച്ച് കുടുംബ ശൈഥില്യത്തിനുള്ള മുഖ്യ കാരണം സോഷ്യല്‍ മീഡിയയോടുള്ള പുതുതലമുറയുടെ അമിതാവേശമാണ്. ഇന്‍റര്‍നെറ്റ് ഉപയോഗത്തില്‍ അമിത താല്‍പര്യം കാണിക്കുന്നവര്‍ സാമൂഹിക ബാധ്യതകളെക്കുറിച്ച് അശ്രദ്ധരാകുന്നു. അടുത്തിരിക്കുന്നവനോട് സംവദിക്കാതെ ദൂരെയുള്ളവനോട് ഓണ്‍ലൈനില്‍ സംവദിക്കുന്ന രീതി സ്വീകരിക്കുന്ന പുതു കാലത്ത് ഇങ്ങനെ സംഭവിക്കുന്നതില്‍ അത്ഭുതമില്ലല്ലോ. സോഷ്യല്‍ മീഡിയയില്‍ മുഴുകി തന്നെ പരിഗണിക്കാന്‍ സമയമില്ലാത്ത ഭാര്യാ ഭര്‍ത്താക്കന്മാര്‍ക്കിടയില്‍ പ്രശ്നങ്ങള്‍ ഉടലെടുക്കുന്നതില്‍ അത്ഭുതപ്പെടാനെന്തുണ്ട്.
കലഹങ്ങളുടെ കാരണങ്ങളും പ്രേരണകളും എന്തൊക്കെയായാലും കുടുംബാംഗങ്ങള്‍ക്കിടയില്‍ സ്നേഹമില്ലായ്മയാണ് എല്ലാത്തിന്‍റെയും പര്യവസാനം. കുടുംബ ബന്ധങ്ങള്‍ സ്നേഹത്തില്‍ ചാലിച്ചെടുക്കുക എന്നത് മാത്രമേ ഇതിന് പരിഹാരമുള്ളൂ. പരസ്പരം പരിഗണനയും തിരിച്ചറിവുകളും വിട്ടുവീഴ്ചകളുമൊക്കെയുണ്ടാകുമ്പോള്‍ മാത്രമേ നല്ല കുടുംബങ്ങളുണ്ടാവുകയുള്ളൂ. ഇസ്ലാമിന്‍റെ കുടുംബാസൂത്രണം ആധുനിക സമൂഹത്തിന് തികച്ചും മാതൃകാപരമാണ്.

ഇസ്സുദ്ദീന്‍ പൂക്കോട്ടുചോല

Leave a Reply

Your email address will not be published. Required fields are marked *