2019 Sept-Oct Hihgligts Shabdam Magazine ആത്മിയം

പ്രകൃതിദുരന്തങ്ങള്‍ നല്‍കുന്ന പാഠങ്ങള്‍

പ്രളയ ദുരന്ത ചിത്രങ്ങളില്‍ ഏറെ ചിന്തിപ്പിച്ച ഒരു ചിത്രമുണ്ടായിരുന്നു. ‘അനുവാദമില്ലാതെ അകത്ത് പ്രവേശിക്കരുത്’ എന്നെഴുതി വെച്ച കവാടത്തെ മറികടന്ന് പ്രളയജലമെത്തിയ ചിത്രം. മനുഷ്യന്‍റെ സങ്കുചിതത്വവും അഹങ്കാരവും എത്രമേല്‍ അര്‍ത്ഥശൂന്യമാണെന്ന് ബോധ്യപ്പെടുത്താന്‍ ഈ ചിത്രത്തിനു കഴിഞ്ഞുവെന്നത് യാഥാര്‍ത്ഥ്യം. പ്രതിസന്ധികള്‍ക്ക് നടുവിലൂടെയാണ് നാം സഞ്ചരിച്ചുകൊണ്ടിരിക്കുന്നത്. ദിനം പ്രതി എത്രയെത്ര തടസ്സങ്ങളാണ് നമുക്കു മുമ്പില്‍ പ്രതിബന്ധങ്ങള്‍ തീര്‍ക്കുന്നത്. സ്വന്തം ശരീരത്തില്‍ നിന്ന് തുടങ്ങി പ്രകൃതിയാകുന്ന ആവാസവ്യവസ്ഥയില്‍ നിന്നു വരെ ഈ പ്രതിബന്ധങ്ങള്‍ നീളുന്നു. ഇവയെ മറികടക്കുകയെന്ന ശ്രമകരമായ ദൗത്യത്തിലാണ് മനുഷ്യകുലമാകെയുള്ളത്. വര്‍ഷം തോറും ഈ പ്രതിസന്ധികള്‍ വര്‍ധിച്ച് നമ്മുടെ ജീവിതം ദുസ്സഹമാക്കുകയാണ്. അപരിചിതവും അപകടകരവുമായ രോഗങ്ങള്‍ പിറവിയെടുക്കുന്നു, കാലാവസ്ഥയാകെ മാറിമറയുന്നു, ഭൂമി കുലുങ്ങുന്നു. ഇങ്ങനെയെത്രയെത്ര… എന്നെങ്കിലും നാം ചിന്തിച്ചിട്ടുണ്ടോ ? എന്താണിങ്ങനെയെന്ന്,എന്തൊക്കെയാണ് പരിഹാരങ്ങളെന്ന്. ദുരന്തങ്ങള്‍ കണ്‍മുന്നിലെത്തുമ്പോള്‍ ആര്‍ത്തലച്ചു കരയുന്നവര്‍ അത്തരമൊരു സാഹചര്യത്തിന്‍റെ സൃഷ്ടിപ്പിനെ കുറിച്ച് ചിന്തിക്കുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം.
ഭൂമിയിലുള്ള സകലതും മനുഷ്യര്‍ക്ക് വേണ്ടി സൃഷ്ടിക്കപ്പെട്ടതാണെന്നാണ് ഇസ്ലാമിന്‍റെ നിലപാട്. മനുഷ്യരുടെ ഉപകാരങ്ങള്‍ക്ക് വേണ്ടി പടക്കപ്പെട്ടതാണ് ഈ കാണുന്നവയൊക്കെ. പക്ഷേ ഈ അനുഗ്രഹങ്ങള്‍ തന്നെ അപകടകാരികളാവുന്ന അവസ്ഥയാണ് ഇന്നുള്ളത്. അനുഗ്രഹമാകേണ്ട മഴ പ്രളയത്തില്‍ പര്യവസാനിക്കുന്നു, കുളിര്‍ പകരേണ്ട കാറ്റുകള്‍ കൊടുങ്കാറ്റുകളായി മാറുന്നു. ഇനിയും ഇവ നല്‍കുന്ന പാഠങ്ങള്‍ നമുക്ക് ബോധം തന്നില്ലെങ്കില്‍ സമ്പൂര്‍ണ ദുരന്തമാകും ഫലം. സൃഷ്ടികളുടെ ജീവിത വ്യവഹാരങ്ങള്‍ എത്ര കണ്ട് വ്യതിചലിക്കുന്നുവോ അതിനനുസിരിച്ചുള്ള ഇടപെടലുകളാണ് സൃഷ്ടാവ് നടത്തുകയെന്ന് ഖുര്‍ആന്‍ വ്യക്തമാക്കുന്നുണ്ട്. ഈ ദുരന്തങ്ങളൊക്കെ വരുത്തിവെച്ചത് മനുഷ്യരുടെ അസാന്മാര്‍ഗിക ജീവിതമാണെന്നു ചുരുക്കം. കരയിലും സമുദ്രത്തിലും ദുരന്തങ്ങള്‍ പ്രകടമായത് മനുഷ്യരുടെ ചെയ്തികള്‍ മൂലമാണെന്ന ഖുര്‍ആനിക പ്രഖ്യാപനം നിരവധി ചരിത്ര സംഭവങ്ങളുടെ വെളിച്ചത്തില്‍ നമുക്ക് ഉള്‍ക്കൊള്ളാന്‍ സാധിക്കും.
പ്രവാചകരുടെ പൂര്‍വ്വകാല സമുദായങ്ങളെ ആല്ലാഹു നശിപ്പിച്ചത് തന്നെ നോക്കൂ. സത്യസന്ദേശം ഉള്‍ക്കൊള്ളാതെ തിന്മയില്‍ മുഴുകി ജീവിതം നയിച്ചവരെ ഭീതിത ദുരന്തങ്ങള്‍ നല്‍കിയാണ് അല്ലാഹു നശിപ്പിച്ചു കളഞ്ഞത്. ആദ് സമൂഹത്തെ കൊടുങ്കാറ്റുകൊണ്ടും സമൂദ് ഗോത്രത്തെ തീമഴ വര്‍ഷിപ്പിച്ചും പാടെ നശിപ്പിച്ച സംഭവം ഖുര്‍ആന്‍ വിവരിക്കുന്നുണ്ട്. നൂഹ് നബിയുടെ സത്യസന്ദേശം ഉള്‍ക്കൊള്ളാത്തവരെ അടുപ്പില്‍ നിന്ന് ഉറവ പൊട്ടിയുണ്ടായ പ്രളയം കൊണ്ടായിരുന്നു അല്ലാഹു നശിപ്പിച്ചത്. ലൂത് നബിയുടെ സമുദായത്തിലെ അവിശ്വാസികളെ ഭൂമി കീഴ്മേല്‍ മറിച്ചാണ് നാമാവശേഷമാക്കിയത്.. ഈ സംഭവങ്ങളത്രയും വിവരിച്ച് വിശുദ്ധ ഖുര്‍ആന്‍ നല്‍കുന്ന പാഠം സുവ്യക്തമാണ്. ചിന്തിക്കുന്നവര്‍ക്ക് വലിയ ദൃഷ്ടാന്തമുണ്ട്‌ ഇതിലൊക്കെ. പക്ഷേ അവയൊന്നും നമ്മുടെ കണ്ണു തുറപ്പിക്കുന്നിലെങ്കില്‍ നാം ഇനിയുമേറെ അനുഭവിക്കേണ്ടിവരും.
പ്രവാചക ജീവിതത്തിലേക്കുവരാം… അവിടുന്ന് വരച്ചുകാട്ടിയ ജീവിത പാഠങ്ങളൊക്കെയും സൃഷ്ടാവിന്‍റെ പ്രീതിയും പരലോക വിജയവും ഉറപ്പാക്കുന്നതായിരുന്നു. അല്ലാഹുവിനെ അനുസരിച്ചില്ലെങ്കില്‍ അത്യാഹിതങ്ങള്‍ നേരിടേണ്ടി വരുമെന്ന് ആവര്‍ത്തിക്കുകയും ചെയ്തു. ക്ഷാമമെത്തുമ്പോള്‍ ആരാധനകള്‍ സജീവമാക്കാന്‍ പറഞ്ഞു. മഴ വര്‍ഷിക്കുമ്പോള്‍ ഉപകാരപ്രദമാക്കണെയെന്ന് പ്രാര്‍ത്ഥിക്കുകയും ചെയ്തു. ശക്തമായി കാറ്റടിച്ചു വീശുമ്പോള്‍ തിരുമുഖത്ത് ഭാവപ്പകര്‍ച്ചയുണ്ടായിരുന്നതായി സന്തത സഹചാരി അനസ് (റ) പറയുന്നുണ്ട്. മഴ പ്രളയമാകുമെന്ന് കണ്ടപ്പോള്‍ അവ മറ്റു പ്രദേശങ്ങളിലേക്ക് മാറി വര്‍ഷിപ്പിക്കാന്‍ തിരുനബി പ്രാര്‍ത്ഥിച്ച കാര്യം പ്രസിദ്ധമാണല്ലോ. എന്നാല്‍ തിരു ജീവിതം പാഠമാക്കാന്‍ വിശ്വാസികള്‍ പോലും തയ്യാറായില്ലെന്നതാണ് പുതിയ കാല പ്രതിസന്ധികള്‍ വിളിച്ചോതുന്നത്. സുഖാഢംബരങ്ങള്‍ക്കു പിറകെയോടി നാം മൂല്യങ്ങളെ മറന്നു. വിശക്കുന്നവരെ അവഗണിച്ചു, നിരാലംബരെ കയ്യൊഴിഞ്ഞു. അഹങ്കാരവും ഉള്‍പോരും ഞാനെന്ന ഭാവവും നമ്മുടെ മേല്‍ ആധിപത്യം സ്ഥാപിച്ചു. പ്രകൃതിയെ നിരന്തരം ചൂഷണം ചെയ്തു. മരങ്ങള്‍ വെട്ടി നശിപ്പിച്ചു , കുന്നുകള്‍ ഇടിച്ചു നിരത്തി, ജലവും വായുവും പരിസ്ഥിതിയാകമാനം മലിനമാക്കി. പരിണിത ഫലങ്ങള്‍ ഏറെ വൈകാതെ തന്നെ നാമറിഞ്ഞു. മനുഷ്യരുടെ കഴിവുകേടും സൃഷ്ടാവിന്‍റെ പരമാധികാരവും വിളിച്ചോതുന്ന എത്രയെത്ര ദുരന്തങ്ങള്‍. ‘ജലം വര്‍ഷിപ്പിക്കുന്നനെ കുറിച്ച് നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ്’. ‘നിങ്ങളുടെ വെള്ളം ഭൂമിയിലേക്ക് ഇറങ്ങിയാല്‍ ശുദ്ധജലം ആരാണ് കൊണ്ടുതരിക’ എന്നിങ്ങനെയുള്ള ഖുര്‍ആനിന്‍റെ താക്കീത് ജലക്ഷാമം രൂക്ഷമായപ്പോള്‍ പോലും നമ്മുടെ കണ്ണുതുറപ്പിച്ചില്ലെങ്കില്‍, ഉരുള്‍ പൊട്ടലുകള്‍ നിരവധി ജീവനെടുത്തപ്പോള്‍ ഭൂമിയുടെ സന്തുലിതാവസ്ഥക്ക് പര്‍വ്വതങ്ങള്‍ അനിവാര്യമാണെന്ന ഖുര്‍ആനിക ആഹ്വാനം നമ്മുടെ ബോധമുണര്‍ത്തിയില്ലെങ്കില്‍ വീണ്ടുമൊരു ദുരന്തത്തിലേക്ക് ചെവിയോര്‍ത്ത് നില്‍ക്കലാണ് നമുക്ക് മുമ്പിലുള്ള ഏകമാര്‍ഗം. മറിച്ചെങ്കില്‍, ഓര്‍മിപ്പിക്കട്ടെ.. ഇനിയും തിരുത്താന്‍ സമയമുണ്ട്. ഖുര്‍ആനിക ആഹ്വാനവും പ്രവാചക ജീവിതവും നമുക്ക് പാഠമാകേണ്ടതുണ്ട്.. അതെ ചിന്തിക്കുന്നവര്‍ക്ക് ദൃഷ്ടാന്തമുണ്ടെന്ന് സാരം.

സ്വാലിഹ് ഫറോക്ക്

Leave a Reply

Your email address will not be published. Required fields are marked *