2020 Nov-Dec Hihgligts Uncategorized കവിത

എന്ന്,സ്നേഹപൂര്‍വ്വം ബാബരി

പ്രിയരേ,
ബാബരിയാണ്.
ഔദാര്യമായി
മേലാളന്മാര്‍
ഇളിച്ചുകാട്ടി നല്‍കിയ
അഞ്ചേക്കറിലേക്കെന്നെ
മാറ്റിത്താമസിപ്പിക്കാതിരിക്കുക.

എനിക്കിവിടെ പരമസുഖമാണ്
ഇന്നിവിടെ വിരുന്നായിരുന്നു
സംഘ പുത്രന്മാര്‍ സ്വര്‍ഗലോകത്തിലേക്കയച്ചവരുടെ.

ജുനൈദും ആസിഫയും
മുറ്റത്ത് കളിക്കുന്നുണ്ട്
അഖ്ലാക്കും പെഹ്ലുഖാനും
ഹാളിലെന്തോ വലിയ ചര്‍ച്ചയിലാണ്
പറഞ്ഞു പറഞ്ഞു
വിലയിടിഞ്ഞു
പെരുവഴിയിലായ
സഹോദരങ്ങളിലേക്കെത്തിയെന്നു തോന്നുന്നു
അവര്‍ക്കിടയിലേക്ക്
ഒരു കാര്‍മേഘം
നടന്നടുക്കുന്നു

ഗൗരിലങ്കേഷും
ദബോല്‍ക്കറും
പന്‍സാരെയും
വരുന്നില്ലെന്ന്
വിളിച്ചു പറഞ്ഞിരിക്കുന്നു.
കനലടങ്ങാത്ത
സമര ജ്വാലകള്‍
സജീവമാവുന്ന
എഴുത്തു മുറി വിട്ടുപോരാന്‍
അവര്‍ക്കാര്‍ക്കും
മനസ്സു വരുന്നില്ലെന്ന്.

ഈ കത്ത് കിട്ടുന്നവര്‍
അതീവ ജാഗ്രതയിലാവുക.
രഹസ്യമാക്കി വെക്കുക
കവലകളില്‍ യു എ പി എ
വിളിക്കപ്പെടുന്നതല്ലേ.

മതഭ്രാന്തിളകി
എന്നെ പിച്ചിച്ചീന്തിയ
കര്‍സേവകരെ
തടഞ്ഞുവെച്ച നേതാക്കന്മാരെ
ചരിത്ര പുസ്തകങ്ങളില്‍
കുറിച്ചുവെക്കുക.
കഴിയുമെങ്കില്‍
സമാധാനത്തിന്‍റെ
നോബല്‍ സമ്മാനവും കൊടുക്കാം
ആരും ചോദിക്കാന്‍ വരില്ല
ജനാധിപത്യ നായകരാണവര്‍.

പ്രധാനകാര്യം പറയാനുണ്ട്
താജ്മഹല്‍ പണിതത് ഷാജഹാനല്ല
മുംതാസിന്‍റെ ഓര്‍മക്കുമല്ല
ആരാണെന്ന് ചോദിക്കരുത്
ചെങ്കോട്ടയും ഖുത്ബ്മിനാറും
മുഗള്‍ ചക്രവര്‍ത്തിമാര്‍
പണികഴിപ്പിച്ചതേയല്ല
കുട്ടികളെ പ്രത്യേകം പറഞ്ഞുപഠിപ്പിക്കുക
പുതു തലമുറ ചരിത്രമറിയട്ടെ.

നിസാമുദ്ധീന്‍ പുഴക്കാട്ടിരി

Leave a Reply

Your email address will not be published. Required fields are marked *