അധര്‍മ്മത്തിനും അനാചാരത്തിനുമെതിരെ ശക്തമായി ശബ്ദിച്ച പ്രത്യയശാസ്ത്രമാണ് ഇസ്ലാം. മാനവസമൂഹം എങ്ങനെ ജീവിക്കണമെന്ന് കൃത്യമായി ഇസ്ലാം പഠിപ്പിച്ചു തരുന്നുണ്ട്. അതുകൊണ്ടുതന്നെ മറ്റുള്ള സമൂഹത്തേക്കാള്‍ മുസ്ലിം സമൂഹത്തിന്‍റെ ജീവിത രീതിയില്‍ കൂടുതല്‍ മത നിയമങ്ങള്‍ നില നില്‍ക്കുന്നുണ്ട്. ഈ നിയമങ്ങള്‍ വിശ്വാസിയുടെ മൂല്യവത്തായ ജീവിതം കെട്ടിപ്പടുക്കാന്‍ വേണ്ടി തന്നെയാണ്. ഇസ്ലാമിന്‍റെ ശരീഅത്ത് നിയമങ്ങള്‍ യഥാബോധത്തോടെ അപഗ്രഥിക്കുന്ന പക്ഷം ഓരോ ഉപദേശ നിര്‍ദേശങ്ങളിലും മാനുഷിക മൂല്യവും ധാര്‍മിക ബോധവും മികച്ചു നില്‍ക്കുന്നതായി ദര്‍ശിക്കാനാവും. ഇന്ന് നമ്മുടെ സമൂഹത്തില്‍ നടമാടിക്കൊണ്ടിരിക്കുന്ന ആധാര്‍മികതയുടെയും അസംസ്കാരികതയുടെയും അന്തിമവിശകലനത്തില്‍ സ്ത്രീകളുടെയും പുരുഷന്‍റെയും വേഷ വിധാനം ദുരുപയോഗം ചെയ്യപ്പെടുന്നത് കൃത്യമായി ബോധ്യമാകും. നാണം മറയ്ക്കുന്നതോടൊപ്പം, അഭിമാനം കാത്തുസൂക്ഷിക്കുന്നതിനും കൂടിയാണ് നാം വസ്ത്രം ധരിക്കുന്നത്. സ്ത്രീകള്‍ക്കും പുരുഷനും കൃത്യമായ വേഷ വിധാനം ഇസ്ലാം കല്‍പിക്കുന്നുണ്ട്. പാരമ്പര്യമായി നമ്മുടെ നാട്ടിന്‍ പുറങ്ങളില്‍ പരിചയിച്ചു വന്ന വസ്ത്ര രീതികളൊക്കെ ഇന്ന് എടുത്തറിയപ്പെട്ടു കൊണ്ടിരിക്കുകയാണ്. സ്ത്രീയും പുരുഷനും നഗ്നത വെളിവാക്കി പാശ്ചാത്യ സംസ്കാരം സ്വീകരിക്കുന്ന പ്രവണത കണ്ടുവരികയാണ്. പ്രത്യേകിച്ച് സ്ത്രീകളോട് കല്‍പ്പിക്കപ്പെട്ട എല്ലാ നിയമങ്ങളും കാറ്റില്‍ പറത്തി തെരുവുകളില്‍ അഴിഞ്ഞാടി നടന്നു കൊണ്ടിരിക്കുന്നു. ഇസ്ലാം സ്ത്രീകള്‍ക്ക് വേണ്ടി മുന്നോട്ടുവെച്ച എല്ലാ നിയമങ്ങളും അവരുടെ സുരക്ഷക്കും സമാധാന അന്തരീക്ഷം നിലനിര്‍ത്താനും വേണ്ടിയുമാണ്. എന്നാല്‍ പുതിയകാലത്ത് സ്ത്രീപീഡനങ്ങളും കൊലപാതകങ്ങളും ലൈംഗിക അതിക്രമങ്ങളും വര്‍ധിച്ചു വരുന്നു. ഇതിന് വലിയൊരു കാരണമായി തീരുന്നത് പുതിയ കാല സ്ത്രീകളുടെ കുത്തഴിഞ്ഞ ജീവിതശൈലിയും നഗ്നതാ പ്രദര്‍ശനവും ആകര്‍ഷിപ്പിക്കുന്ന വേഷ വിധാനവുമൊക്കെയാണ്. പരിശുദ്ധ ഇസ്ലാം വസ്ത്ര ധാരണത്തിന് വളരെയേറെ മഹത്വവും പ്രസക്തിയും കല്‍പിച്ചിട്ടുണ്ട്. പുരുഷന്‍റെയും സ്ത്രീയുടെയും വേഷ വിധാനം എങ്ങനെയാകണമെന്ന് ഇസ്ലാം കൃത്യമായി വിശദീകരിക്കുന്നുണ്ട്. അല്ലാഹു സൃഷ്ടിച്ച സൃഷ്ടികളില്‍ വെച്ച് ഏറ്റവും ഉല്‍കൃഷ്ടനായ സൃഷ്ടിയാണ് മനുഷ്യന്‍. മനുഷ്യന്‍ മാത്രമാണ് വസ്ത്രം ധരിക്കുന്നത്. ഇത് മനുഷ്യനെ മറ്റ് ജീവികളില്‍ നിന്നും വ്യത്യസ്തമാക്കുന്ന ഒന്നാണ്. വസ്ത്രധാരണത്തില്‍ ആര്‍ഭാടമോ പൊങ്ങച്ചമോ ഇസ്ലാം കല്‍പിക്കുന്നില്ല. എന്നാല്‍ വിലമതിക്കുന്നതും നഗ്നത പ്രദര്‍ശിപ്പിക്കുന്നതുമായ വസ്ത്രങ്ങള്‍ ഒരു ട്രെന്‍ഡായി രൂപപ്പെട്ടിരിക്കുകയാണ്. ധരിക്കുന്ന വസ്ത്രത്തിന്‍റെ ഏതെങ്കിലും ഒരു ഭാഗം ജനങ്ങള്‍ക്ക് മുന്നില്‍ പ്രദര്‍ശിപ്പിച്ചില്ലെങ്കില്‍ ഒരു കുറവായി തീരുമോ എന്നുള്ള തോന്നല്‍ പുതിയ തലമുറകള്‍ക്ക് തോന്നി തുടങ്ങിയിരിക്കുന്നു. ഒരു മനുഷ്യനെ സംബന്ധിച്ചിടത്തോളം നഗ്നത മറക്കല്‍ നിര്‍ബന്ധമാണ്. ഇത്തരം നഗ്നത പ്രദര്‍ശനം ട്രെന്‍ഡ് ആക്കി രൂപപ്പെടുത്തുന്നതില്‍ സിനിമകള്‍ക്കും സിനിമാ നടീ നടന്മാര്‍ക്കും വലിയൊരു പങ്കുണ്ട്. ശരീരം വെളിവാക്കുന്നതിലൂടെ താന്‍ സ്വാതന്ത്ര്യം അനുഭവിക്കുന്നവരാണെന്നുള്ള ധാരണ സിനിമ സമൂഹം പൊതു സമൂഹത്തിന് നല്‍കിയെങ്കിലും പിന്നീട് ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്തുവന്നതിലൂടെ ഈ ധാരണ വലിയൊരു മൗഢ്യമാണെന്ന് പൊതു സമൂഹത്തിന് ബോധ്യപ്പെട്ടു. സ്ത്രീകളെ ചൂഷണം ചെയ്യുന്നതില്‍ വലിയൊരു വിഭാഗം സിനിമ സമൂഹത്തില്‍ ഉണ്ട് എന്നുള്ളത് മീടു ക്യാമ്പയിനും ഹേമ കമ്മറ്റിയും വിളിച്ചു പറഞ്ഞു കൊണ്ടിരിക്കുന്നു. അല്‍പ്പം മാസങ്ങള്‍ക്ക് മുമ്പാണ് പ്രശസ്ത സിനിമാ നിര്‍മ്മാതാവും നടിയുമായ സാന്ദ്ര തോമസ് ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ തെരഞ്ഞെടുപ്പില്‍ നാമനിര്‍ദേശ പത്രിക നല്‍കാന്‍ പര്‍ദ്ദ ധരിച്ചെത്തിയത്. കൃസ്ത്യാനിയായ നിങ്ങള്‍ എന്ത്കൊണ്ടാണ് പര്‍ദ്ദ ധരിച്ചെത്തിയത് എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടിയായി സാന്ദ്ര പറഞ്ഞത് എനിക്കുണ്ടായ അനുഭവങ്ങവുടെ പശ്ചാത്തലത്തില്‍ ഇത്തരം ഇടങ്ങളിലേക്ക് വരാന്‍ യോജിച്ച വസ്ത്രം പര്‍ദ്ദ തന്നെയാണ് എന്നാണ്. അത്കൊണ്ട് തന്നെ ലൈംഗികമായ പെരുമാറ്റങ്ങളെയും അക്രമങ്ങളെയും തടയാന്‍ പര്‍ദ്ദ പോലോത്ത വസ്ത്രങ്ങള്‍ക്ക് മാത്രമേ കഴിയൂ എന്ന ആശയമാണ് പ്രതിഷേധത്തിന്‍റെ ഭാഗമായി പര്‍ദ്ദ ധരിച്ചുകൊണ്ട് സമൂഹത്തിനോട് സാന്ദ്ര പറഞ്ഞുവെക്കുന്നത്. മത പണ്ഡിതന്മാര്‍ വിശ്വാസികളുടെ മത നിയമങ്ങള്‍ നിഷ്കര്‍ഷിക്കുന്നത് വിശ്വാസികളുടെ മൂല്യാധിഷ്ഠിത ജീവിതം കെട്ടിപ്പടുക്കാന്‍ വേണ്ടിയാണ്. അതുകൊണ്ടുതന്നെ ഇസ്ലാമിന്‍റെ മത നിയമങ്ങള്‍ പണ്ഡിതന്മാര്‍ വിശ്വാസികളോട് പറഞ്ഞുകൊണ്ടേയിരിക്കും. പണ്ഡിതന്മാര്‍ മതം പറയുമ്പോള്‍ ആരും ദേഷ്യപ്പെടേണ്ടതില്ല. ഹിജാബിനെ കുറിച്ച് സൂറത്തുല്‍ അഹ്സാബില്‍ ഖുര്‍ആന്‍ വ്യക്തമായി തന്നെ പറയുന്നുണ്ട്. ‘നിങ്ങളുടെ വീടുകളില്‍ അടങ്ങി കഴിയുക. ജാഹിലിയ്യാ കാലത്തെ സൗന്ദര്യ പ്രകടനം പോലെ നിങ്ങള്‍ നിങ്ങളെ പ്രദര്‍ശിപ്പിക്കരുത്’. അനാവശ്യമായി സ്ത്രീകള്‍ പുറത്തിറങ്ങി നടക്കുന്നത് സുരക്ഷ കാരണത്താല്‍ അല്ലാഹു വിലക്കുകയാണ്. എന്നാല്‍ അറിവ് പഠിക്കാനും ചികിത്സ ലഭിക്കാനും അനിവാര്യ ഘട്ടത്തിലെ തൊഴില്‍ പോലോത്ത അത്യാവശ്യങ്ങള്‍ക്ക് സ്ത്രീകള്‍ക്ക് പുറത്തിറങ്ങാന്‍ ഇസ്ലാം അനുവാദം നല്‍കുന്നുണ്ട്. എന്നാല്‍ പുതിയ കാലത്ത് പുറത്തിറങ്ങി നടക്കാത്ത സ്ത്രീകളോട് പൊതുസമൂഹം പരിഹസിക്കുന്ന രീതിയാണുള്ളത്. ഇത്തരത്തില്‍ പരിഹസിക്കുകയും പുറത്തിറങ്ങി നടക്കുകയും ചെയ്യുന്ന പല സ്ത്രീകള്‍ക്കും ലൈംഗിക ചുവയോടെയുള്ള നോട്ടങ്ങളും അസ്വസ്ഥതകളും അതിക്രമങ്ങളും നേരിടേണ്ടിവന്നിട്ടുണ്ട് എന്നത് ഒരു യഥാര്‍ത്യമാണ്. വിശുദ്ധ ഖുര്‍ആന്‍ സ്ത്രീകള്‍ പുറത്തു പോകുമ്പോള്‍ പാലിക്കേണ്ട കാര്യങ്ങള്‍ വിശദമായി പറയുന്നുണ്ട്. ‘നബിയെ വിശ്വാസികളായ സ്ത്രീകളോട് പറയുക, അവര്‍ കണ്ണുകള്‍ അടക്കട്ടെ, അവയവം സൂക്ഷിക്കുകയും ചെയ്യട്ടെ. അവരുടെ മുഖമൊക്കന മാറിലേക്ക് താഴ്ത്തി ഇടുകയും ചെയ്യട്ടെ'( സുറത്തുന്നൂര്‍ 31).
തീപ്പെട്ടി മുതല്‍ കോടികള്‍ വില വരുന്ന വസ്തുക്കള്‍ വിറ്റഴിക്കണമെങ്കില്‍ സ്ത്രീകളുടെ ശരീരം പ്രദര്‍ശിപ്പിക്കേണ്ട സ്ഥിതിവിശേഷമാണുള്ളത്. സ്ത്രീകളെ അര്‍ദ്ധനഗ്നരാക്കി പരസ്യം നല്‍കുകയും അതുവഴി ലാഭം കൊയ്തെടുക്കുന്ന നിരവധി കമ്പനികള്‍ നമുക്കിടയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അത്തരം കമ്പനികള്‍ സ്ത്രീ ശരീരം വിറ്റ് പണം സമ്പാദിക്കുകയാണെന്നുള്ള ബോധം പ്രൊമോഷന്‍ നല്‍കുന്ന സ്ത്രീകള്‍ ചിന്തിക്കുന്നില്ല. ഇത്തരത്തില്‍ നഗ്നത വെളിവാക്കിയും ആകര്‍ഷകമായ വസ്ത്രങ്ങള്‍ ധരിച്ചും പുറത്തിറങ്ങി നടക്കുന്ന സ്ത്രീകള്‍ വലിയ രീതിയില്‍ വേട്ടയാടപ്പെടുന്നു. ഈയടുത്ത് ഒരു യുവ നടി ആകര്‍ഷകമായ വസ്ത്രം ധരിച്ചതിന്‍റെ പേരില്‍ സൈബര്‍ അറ്റാക്കിങ്ങിന് വിധേയപ്പെടേണ്ടി വന്നത് നാം കണ്ടതാണ്. ഇത്തരത്തില്‍ നിരവധി സ്ത്രീകള്‍ സൈബര്‍ അറ്റാക്കിങ്ങിനും മറ്റുള്ള പീഡനങ്ങള്‍ക്കും അടിമയാകേണ്ടി വരുന്നത് ആകര്‍ഷകമായ വസ്ത്രം ധരിച്ചതിന്‍റെ പേരിലും പൊതുയിടങ്ങളിലും സോഷ്യല്‍ മീഡിയകളിലും അതിരു വിട്ട ഇടപെടലിന്‍റെ പേരിലുമായിരിക്കും. എന്നാല്‍ സ്ത്രീകള്‍ മാത്രമല്ല, പുരുഷനും നഗ്നത വെളിവാക്കി വസ്ത്രം ധരിക്കല്‍ പതിവായിരിക്കുന്നു. പുരുഷന്മാര്‍ പൊക്കിള്‍ കൊടിക്കും കാല്‍മുട്ടിനും ഇടയില്‍ നിര്‍ബന്ധമായും മറച്ചിരിക്കണം എന്നാണ് ഇസ്ലാമിന്‍റെ കല്‍പന. ഈ ഭാഗങ്ങള്‍ പുരുഷന്‍റെ ഔറത്താണ്. മുഹമ്മദ് ബ്നു ജഹ്ശ് (റ) പറയുന്നു: ‘റസൂല്‍ (സ്വ) മഅ്മറിന്‍റെ അടുത്തുകൂടെ കടന്നുപോയപ്പോള്‍ അദ്ദേഹത്തിന്‍റെ രണ്ടു തുടയും തുറന്നിട്ടിരിക്കുന്നു. ‘ഓ, മഅ്മര്‍, നിന്‍റെ രണ്ടുതുടയും മൂടുക. കാരണം രണ്ടു തുടയും ഔറത്താണ്’ എന്ന് നബി(സ്വ) പറയുകയുണ്ടായി. ഇങ്ങനൊക്കെയാണെങ്കിലും ഇന്നത്തെ യുവ തലമുറ അടിവസ്ത്രം ധരിച്ചാണ് തെരുവുകളില്‍ നടക്കുന്നത്. കീറിയ മോഡല്‍ സ്ക്രാച്ച് വസ്ത്രങ്ങളും നഗ്നത വെളിവാക്കുന്നതും ആകര്‍ഷകമായ വസ്ത്രങ്ങള്‍ വന്‍കിട കമ്പനികളുടെ ബിസിനസ് തന്ത്രങ്ങളാണെന്ന് ഇക്കൂട്ടര്‍ മനസ്സിലാക്കുന്നില്ല. തുളയുള്ളതും ശരീരത്തിന്‍റെ വിവിധ ഭാഗങ്ങള്‍ വെളിവാക്കുന്നതുമായ ഇത്തരം വസ്ത്രങ്ങള്‍ക്ക് വലിയ വിലയാണ് വന്‍കിട മുതലാളിമാര്‍ ഈടാക്കുന്നത്. എന്നിട്ടും ഇങ്ങനെയുള്ള ഫാഷന്‍ വസ്ത്രങ്ങള്‍ എത്ര പണം കൊടുത്തും വാങ്ങാന്‍ ആളുണ്ട് എന്നതാണ് അത്ഭുതപ്പെടുത്തുന്ന കാര്യം. മരണ വീടുകളിലേക്കും കല്യാണ വീടുകളിലേക്കും നഗ്നത വെളിവാക്കുന്ന വസ്ത്രങ്ങള്‍ വലിയ അഭിമാനത്തോടെ ധരിച്ച് വരുന്ന പുതിയ തലമുറയെ കാണുമ്പോള്‍ വലിയ ആശങ്കയുളവാക്കുന്നതാണ്. ഇത്തരം പശ്ചാത്യന്‍ സംസ്കാരം ഏറ്റു പിടിച്ച് ജീവിക്കുന്ന നിരവധി ചെറുപ്പക്കാര്‍ നമുക്കിടയിലുണ്ട്. ഇത് മാത്രമല്ല, വലിയ ആളുകളുടെ വസ്ത്രം ചെറിയവരും ചെറിയവരുടെ വസ്ത്രം വലിയവരും ആണിന്‍റെ വേഷം പെണ്ണും പെണ്ണിന്‍റെ വേഷം ആണും ധരിക്കുന്ന തല തിരിഞ്ഞ സംസ്കാരം കൊണ്ട് നടക്കുന്നവരും നമുക്കിടയില്‍ ഇന്ന് ഏറെയാണ്. വസ്ത്ര സംസ്കാരത്തില്‍ നമ്മുടെ നാടും യൂറോപ്യന്‍ സംസ്കാരത്തിലേക്ക് പോയിക്കൊണ്ടിരിക്കുകയാണ്. ഇതാണ് ഫാഷന്‍, പുതിയ കാല ഭാഷയില്‍ പറഞ്ഞാല്‍ ഇതെല്ലാം ഇന്നിന്‍റെ ട്രെന്‍ഡുകളായിട്ടാണ് ഈ സമൂഹം മനസ്സിലാക്കിയിരിക്കുന്നത്. ഇത്തരം സംസ്കാരങ്ങളൊക്കെ അവര്‍ക്ക് ഹീറോയിസമാണ്. മതത്തിന്‍റെ കല്‍പനകളും മാനുഷിക മൂല്യങ്ങളും പാരമ്പര്യ സംസ്കാരങ്ങളും അവര്‍ക്ക് വിഷയമേയല്ല. ഇങ്ങനെ വേഷവിധാനം നടത്തുന്നവരോട് കടുത്ത ഭാഷയിലാണ് തിരുനബി സംസാരിച്ചത്. ഇബ്നു അബ്ബാസ് (റ) വില്‍ നിന്ന് നിവേദനം: ‘പുരുഷന്‍മാരില്‍ നിന്ന് സ്ത്രീകളോട് സാദൃശ്യപ്പെടുന്നവരെയും, സ്ത്രീകളില്‍ നിന്ന് പുരുഷന്‍മാരോട് സാദൃശ്യപ്പെടുന്നവരെയും നബി(സ) ശപിച്ചിരിക്കുന്നു’. (അബുദാവൂദ്: 4097). അത്കൊണ്ട് പുതിയ തലമുറകളെ മതപരമായും സാംസ്കാരിപരമായും ധാര്‍മികപരമായും വാര്‍ത്തെടുക്കല്‍ കാലത്തിന്‍റെയും സമൂഹത്തിന്‍റെയും നാടിന്‍റെയും ആവശ്യകതയാണ്.
മുഹമ്മദ് മുസ്തഫ. പി
എ ആര്‍ നഗര്‍




