2011 March-April Hihgligts മതം

വെളിച്ചത്തിലേക്കുള്ള യാത്ര

Islam Shabdam copy

ഉപ്പയുടെ കുഞ്ഞുവിരലില്‍ തൂങ്ങി മദ്രസയിലോ പള്ളിയിലോ പോയിരുന്ന ആ കുട്ടിക്കാലം ഇടക്കെങ്കിലും നിങ്ങളെത്തഴുകിത്തലോടാറില്ലേ… എന്‍റെ ബാല്യകാല സ്മൃതികളില്‍ വിഗ്രഹങ്ങളും സര്‍പ്പക്കാവും പുള്ളന്‍പാട്ടും ഉറഞ്ഞുതുള്ളുന്ന കോമരവും കാവിടിയാട്ടവമൊക്കെ ഇഴുകിച്ചേര്‍ന്നിരിക്കുന്നു. മരിച്ചവര്‍ക്കു വിളക്കു വെച്ചു ആരാധിക്കുകയും മരണപ്പെട്ടവര്‍ മറ്റെവിടെയോ പുനര്‍ജീവിക്കുകയും ചെയ്യുന്ന വിശ്വാസം ഞാന്‍ കണ്ടുവളര്‍ന്ന ബാലപാഠങ്ങളായിരുന്നു. ചെങ്ങന്നൂരിലുള്ള ശാന്തസുന്ദരമായ ഒരു ഗ്രാമ പ്രദേശത്തായിരുന്നു(എണ്ണയിക്കാട്) എന്‍റെ വീട്. കുട്ടിക്കാലത്ത് അച്ഛന്‍ മരിച്ചുപോയിരുന്നു. അമ്മയും മൂന്ന് സഹോദരങ്ങളുമാണ് എനിക്കുള്ളത്. അവര്‍ എന്നെക്കാള്‍ വളരെ മുതിര്‍ന്നവരും വിവാഹിതരുമാണ്. ഞാനും അമ്മയും എന്‍റെ ഒരു സഹോദരിയും അവരുടെ കുടുംബവുമടങ്ങുന്നതാണ് എന്‍റെ വീട്. അവിടെ അന്‍പത് കിലോമീറ്റര്‍ ചുറ്റളവില്‍ മുസ്ലിം സമൂഹമില്ലായിരുന്നു. ഒരു കുട്ടിമുസ്ലിമിനെപ്പോലും ഞാന്‍ കാണുകയോ ഇടപെടുകയോ ചെയ്തിട്ടില്ല. ഇസ്ലാം ഞങ്ങള്‍ക്കന്യമായിരുന്നു, പേടിയും.
പ്ലസ്ടുവിന് ശേഷം എന്‍റെ ബന്ധുവിന്‍റെ പരിചയത്തില്‍ എറണാകുളം ഇടപ്പള്ളിയിലുള്ള ഒരു ധനികന്‍റെ വീട്ടില്‍ എത്തിപ്പെട്ടു. അവിടെ ചെറിയ ഒരു ജോലിയും(കന്പനിയില്‍) പഠനവും തുടര്‍ന്നു. അങ്ങനെ ഹൈന്ദവാചാര്യനായ അദ്ദേഹത്തിന്‍റെ വീട്ടിലെ ഒരംഗമായി ഞാന്‍ മാറി. രണ്ട് മാസം കൂടുന്പോള്‍ വീട്ടില്‍ പോയിവരുമായിരുന്നു.
ഏറെ അന്വേഷിച്ചും, ആലോചിച്ചും, ചോദ്യം ചെയ്തും, പഠിച്ചും ഇസ്ലാമിലേക്കു നടന്നടുത്ത ഒരാളായിരുന്നില്ല ഞാന്‍. യാദൃശ്ചികമായി ഉണ്ടായ ഒരാകര്‍ഷണം എന്നെ അന്വേഷകനാക്കി മാറ്റുകയായിരുന്നു. ജോലിയുടെ ആലസ്യതയില്‍ കൂര്‍ക്കംവലിച്ചുറങ്ങുന്ന പാതിരാത്രിയില്‍ എവിടെ നിന്നോ ഒരാര്‍ത്തനാദം ഉണര്‍ത്തുപാട്ടായ് എന്‍റെ കാതുകളെ പുളകിതനാക്കി. പുതപ്പു തലയിലൂടെ വലിച്ചിട്ട് തലയിണയില്‍ മുഖമര്‍ത്തി ഞാനാ ഈരടികളുടെ സ്വരമാധുരിത ആസ്വദിക്കുമായിരുന്നു. എല്ലാ ദിവസങ്ങളിലും ആ അമൃതവര്‍ഷണം കേട്ടാണ് ഞാനുണരാറുള്ളത്. സംഗീതത്തിന്‍റെ സൗന്ദര്യത്തെക്കാള്‍ കവിതയുടെ മനോഹാരിതയേക്കാള്‍ ആ വരികള്‍ എന്‍റെ ആത്മാവിനെ തൊട്ടുണര്‍ത്തി. ഒരു ദിവസം ആ സ്വരമൊഴുകിവന്ന ദിക്കിലേക്കു ഞാന്‍ നടന്നു നീങ്ങി. ചേരാനെല്ലൂരിലുള്ള ജാമിഅ അശ്അരിയ്യ എന്ന സ്ഥാപനത്തിലായിരുന്നു ഞാന്‍ എത്തിചേചേര്‍ന്നത്. അപരിചിതമായ ആ സ്ഥാപനത്തിനു മുന്നില്‍ കുറച്ചു നേരംപകച്ചു നിന്ന ശേഷം നിരാശനായി മടങ്ങിപ്പോരുന്നു. പിന്നെ പലപ്പോഴും ആ വഴി പോയെങ്കിലും ആരോടും ഒന്നും ചോദിക്കാന്‍ എനിക്കു കഴിഞ്ഞില്ല. ഭഗവത് ഗീതയിലും, ബൈബിളിലും, ടാഗോറിന്‍റെ ഗീതാജ്ഞലിയിലും ഖസാക്കിന്‍റെ ഇതിഹാസത്തിലുമൊക്കെ ഞാനാ പ്രണയ സംഗീതത്തിന്‍റെ ഈരടികള്‍ പരതി. എന്താണതിന്‍റെ അര്‍ത്ഥം എനിക്ക് അറിഞ്ഞേ പറ്റൂ. വീണ്ടും മറ്റൊരതിരാവിലെ ആ ആര്‍ത്തനാദം കേട്ടുണര്‍ന്നു. അതേ സ്ഥാപനത്തിലേക്കു ഞാന്‍ ഇറങ്ങി ഓടി. ഗേറ്റു കടന്നു അകത്തു ചെന്നു, തൂവെള്ള വസ്ത്രധാരിയായ ഒരാളെ കണ്ടു സ്വയം പരിചയപ്പെടുത്തി എന്‍റെ ചോദ്യങ്ങളറിയിച്ചു. നിറപുഞ്ചിരിയോടെ ഹൃദ്യമായ വരവേല്‍പു തന്നു അദ്ദേഹമെന്നെ (ആലപ്പുഴ മണ്ണാഞ്ചേരി സൈനുദ്ദീന്‍ സഖാഫി) മുറിയിലേക്കു ആനയിച്ചു. എന്‍റെ ഓരോ ചോദ്യങ്ങള്‍ക്കും മറ്റൊരു ചോദ്യമുണ്ടാകാത്ത രീതിയില്‍ പൂര്‍ണ്ണമായി ഉത്തരങ്ങള്‍ നല്‍കി. പിന്നെ എനിക്കു കൂടുതല്‍ അറിയാന്‍ ആവേശമായി. സര്‍വ്വ ചരാചരങ്ങളെയും സൃഷ്ടിച്ചു പരിപാലിക്കുന്ന സംഹരിക്കാന്‍ കഴിവുള്ള ആദ്യവും അന്ത്യവുമില്ലാത്ത പ്രപഞ്ച സ്രഷ്ടാവിനെ അടുത്തറിയാന്‍… നിസ്കരിക്കാന്‍… നോന്പു നോക്കാന്‍… മുസ്ലിമായി ജീവിക്കാന്‍… ഞാന്‍ അതിയായ് കൊതിച്ചു.
ഹൈന്ദവാചാര്യനായ എന്‍റെ ബോസിനോടു ഇതു തുറന്നു പറയുവാനുള്ള ധ്യൈം എനിക്കില്ലായിരുന്നു. ഒരു ദിവസം അവിടെ എല്ലാവരും ഉറങ്ങിയപ്പോള്‍ ആരുമറിയാതെ പുറത്തുകടന്നു ഗേറ്റ് ചാടി റോഡിലൂടെ ഓടി ചോരാനെല്ലൂരിലെ പള്ളിയിലെത്തി ഉസ്താദിനോടു എനിക്കു മുസ്ലിമാകണം, എന്നെ കോഴിക്കോട്ടേക്കു കൊണ്ടുപോകൂ” എന്നു പറഞ്ഞു. പിറ്റേ ദിവസം പുലരുന്നതിന്‍റെ മുന്പ് ഞങ്ങള്‍ കോഴിക്കോട്ടേക്കു വണ്ടികയറി. അവിടെ മുഖദാറിലെ തര്‍ബിയത്തുല്‍ ഇസ്ലാം സഭയില്‍ ചേര്‍ന്നു. തലമുണ്ഢനം ചെയ്തു കുളിച്ചു വെള്ള തൊപ്പിയണിഞ്ഞ് ശഹാദത്ത് കലിമ ചൊല്ലി ഇസ്ലാമിന്‍റെ ബാലപാഠം പഠിച്ചു തുടങ്ങി. എന്നെ കാണാനില്ല എന്ന വാര്‍ത്ത ഇടപ്പള്ളിയില്‍ പരക്കെ വ്യപിച്ചു തുടങ്ങിയപ്പോഴാണ് ഞാന്‍ മുസ്ലിമാവാന്‍ ആഗ്രഹിക്കുന്നു എന്നും ദൂരെ ഒരു സ്ഥലത്ത് പഠിക്കുന്നുവെന്നും സന്ദേശം അയച്ചത്. അതോടെ എന്നെ മുസ്ലിംകള്‍ തീവ്രവാദ സംഘടനയില്‍ ചേര്‍ക്കാനായി കാശ്മീരിലേക്ക് തട്ടിക്കൊണ്ടു പോയി എന്ന വാര്‍ത്ത കാട്ടുതീ പോലെ പടര്‍ന്നു പിടിച്ചു. ചെങ്ങന്നൂരില്‍ എന്നല്ല ആലപ്പുഴ ജില്ലയിലും പരിസര ജില്ലയിലും ആ ചൂട് കാറ്റ് ആഞ്ഞുവീശി.
അമ്മയെ കാണുന്നതിനു വേണ്ടി ഒരു ദിവസം തര്‍ബിയത്തില്‍ നിന്നും വീട്ടിലേക്കു പുറപ്പെട്ടു. എന്നെ കാണാത്തതിലുള്ള ആധിയില്‍ അമ്മ തളര്‍ന്നിരുന്നു. ഒന്നും സംസാരിക്കാന്‍ കഴിയാതെ ആ നാവു കുഴഞ്ഞു. ഞാന്‍ അമ്മയെ സമാധാനിപ്പിക്കാന്‍ ശ്രമിച്ചു. ഇസ്ലാമിനെ പറ്റിയുള്ള തെറ്റിദ്ധാരണകള്‍ പറഞ്ഞു തിരുത്തി. മുസ്ലിംങ്ങളെ പറ്റി കേട്ടുകേള്‍വി പോലുമില്ലാത്ത അമ്മ അതൊക്കെ സമ്മതിച്ചിരുന്നോ… ഒരു പക്ഷേ അമ്മയുടെ മനക്കാന്പിലും ഏകദൈവ ചിന്ത ഉദിച്ചിരുന്നോ… കോഴ്സു പൂര്‍ത്തിയാക്കി വരാന്‍ പറഞ്ഞു അമ്മ സന്തോഷത്തോടെ എന്നെ പറഞ്ഞയച്ചു. അവിടെ നിന്നും എറണാകുളത്തെത്തി എന്‍റെ ബോസിനോടു പറയാതെ പോയതില്‍ ക്ഷമാപണം നടത്തി. പക്ഷേ അദ്ദേഹം അതു സ്വീകരിച്ചില്ല. തീവ്രവാദികളുടെ കൂടെ പോയവര്‍ക്കു ഇവിടെ സ്ഥാനമില്ലെന്നു പറഞ്ഞു ജോലിയും മറ്റു സംരക്ഷണങ്ങളും ഇല്ലാതെയാക്കി എന്നെ പറഞ്ഞുവിട്ടു. ഇനിയും ഇവിടെ നിന്നാല്‍ പോലീസിലേല്‍പിക്കും എന്നു ഭീഷണി മുഴക്കി. ഞാന്‍ തര്‍ബിയത്തിലേക്കു മടങ്ങി. അദ്ദേഹം എന്‍റെ വീട്ടിലേക്കു വീണ്ടും വിളിച്ചു. മുസ്ലിം തീവ്രവാദ സംഘടനയിലേക്കു പോയെന്നും നിങ്ങള്‍ക്കു അവനെ ഇനി കിട്ടില്ലെന്നും പറഞ്ഞു.
ഒരാഴ്ച കഴിഞ്ഞു ഞാന്‍ തര്‍ബിയത്തിലെ കോഴ്സു പൂര്‍ത്തിയാക്കി വീട്ടിലേക്കു മടങ്ങിയെത്തിയപ്പോള്‍ അവിടെ കുറെ ആളുകള്‍ കൂടിനില്‍ക്കുന്നതു കണ്ടു. എന്തോ സംഭവം നടന്നതു പോലെ… ആരൊക്കെയോ എന്തൊക്കെയോ പിറുപിറുക്കുന്നു. എനിക്കു ഒന്നും മനസ്സിലായില്ല. എന്നെ സ്വീകരിക്കാന്‍ അമ്മ അവിടെ ഉണ്ടായിരുന്നില്ല. വീടിന്‍റെ പിന്നിലെ ചെന്പരത്തി വേലിക്കരികിലെ പച്ച വിരിച്ച മണ്ണറയില്‍ എന്‍റെ സ്വപ്നങ്ങളെ തകര്‍ത്തടിച്ചു കൊണ്ടു അമ്മ ഉറങ്ങുന്നുണ്ടായിരുന്നു. ഒരിക്കലും ഉണരാത്ത ഉറക്കം… അച്ഛന്‍റെ ഓര്‍മകള്‍ കെട്ടടങ്ങും മുന്പ് അമ്മയും… അനാഥത്വത്തിന്‍റെ വേദന കടിച്ചമര്‍ത്തി ഞാന്‍ വിങ്ങിപ്പൊട്ടി. എന്തു ചെയ്യണമെന്നറിയാതെ അമ്മയുടെ ഖബറിന്നരികില്‍ നിന്നു മുഖം പൊത്തി ഏങ്ങി ഏങ്ങിക്കരഞ്ഞു. ആരെങ്കിലും ഒന്നടുത്തു വന്നു എന്തെങ്കിലും പറഞ്ഞു സമാധാനിപ്പിച്ചിരുന്നെങ്കില്‍…
വീട്ടിലുള്ളവരും അയല്‍ക്കാരുമൊക്കെ എന്‍റെ ചുറ്റുംകൂടി തീവ്രവാദ സംഘടനയില്‍ ചേര്‍ന്നിട്ടു വന്നിരിക്കുന്നു, നീ കാരണമല്ലേ അമ്മ മരിച്ചത്” ജ്യേഷ്ഠന്‍ ആക്രോശിച്ചു. ആരൊക്കെയോ അസഭ്യം പറഞ്ഞു. ആളുകള്‍ പിന്നെയും പിന്നെയും കൂടി വന്നു. ഞാന്‍ വീടിന്‍റെ ഉള്ളിലേക്കു കയറി തീവ്രവാദികള്‍ക്കു കയറി വരാനുള്ള സ്ഥലമല്ല ഇത്, എവിടെയെങ്കിലും പൊയ്ക്കോളൂ” ജ്യേഷ്ഠന്‍ വീണ്ടുമലറി. ആരൊക്കെയോ അതാവര്‍ത്തിച്ചു. വ്യൈുതാഘാതമേറ്റതു പോലെ തോന്നി എനിക്ക്. ആരെങ്കിലും ഒന്നു താങ്ങിപ്പിടിച്ചിരുന്നെങ്കില്‍…. തളര്‍ന്നു വീഴുമോ എന്നു ഭയന്നു, ചുമരില്‍ ചാരി നിന്നു. പെട്ടെന്ന് പിന്നില്‍ നിന്നൊരു കാല്‍പെരുമാറ്റം. തിരിഞ്ഞു നോക്കിയപ്പോള്‍ ചുറ്റും കാക്കി ധാരികള്‍. അവനെവിടെ? ” ഒരാള്‍ ആക്രോശിച്ചു. ഭൂമി പിളരും പോലെ… അവര്‍ എന്നെ വലിച്ചിഴച്ചു ജീപ്പില്‍ കയറ്റി സ്റ്റേഷനിലേക്കു കൊണ്ടു പോയി. മാറി മാറി ചോദ്യം ചെയ്തെങ്കിലും എന്‍റെ പേരില്‍ ഒരു തെറ്റു പോലും അവര്‍ക്കു കണ്ടെത്താന്‍ കഴിഞ്ഞില്ല. അവിടെ നിന്ന് വീട്ടിലേക്കു മടങ്ങി.
ഞാന്‍ മുസ്ലിമായി തിരിച്ചു വന്ന വാര്‍ത്ത പെട്ടെന്നു വ്യാപിച്ചിരുന്നു. എന്നെ വീട്ടില്‍ കയറ്റി എന്ന പേരില്‍ ചേച്ചിയെ കുറെയാള്‍ക്കാര്‍ വഴക്കു പറഞ്ഞിരുന്നു. പിറ്റേ ദിവസം വൈകീട്ട് ഞാന്‍ പത്തനംതിട്ട ജില്ലയിലെ മാന്നാര്‍ പള്ളിയില്‍ പോയി നിസ്കരിച്ചു മടങ്ങിയെത്തിയപ്പോള്‍ വീടിന്‍റെ നാലു വശവും ആള്‍ക്കാര്‍ കൂടി നില്‍ക്കുന്നു. പുറത്തുനിന്നാരൊക്കെയോ വന്ന് വീടാക്രമിച്ചിരിക്കുന്നു. ഓല ഷെഡ് വലിച്ചിളക്കി വീട് അടിച്ചു തകര്‍ത്തിരുന്നു. തടയാന്‍ ശ്രമിച്ച അളിയനെയും ചേച്ചിയെയും മകനേയും (പ്രശാന്ത് ഇപ്പോള്‍ ടടഘഇ കഴിഞ്ഞിരിക്കുന്നു) വടിവാളു കൊണ്ട് ക്രൂരമായി വെട്ടി മുറിവേല്‍പ്പിച്ചിരുന്നു.ഞാന്‍ വന്നപ്പോഴേക്കും എല്ലാം കഴിഞ്ഞു ആരൊക്കെയോ അവരെ ആശുപത്രിയിലേക്കു കൊണ്ടുപോയിരുന്നു. ശരിക്കും അവരുടെ ഇര ഞാനായിരുന്നില്ലേ….? ഞാന്‍ മുസ്ലിമായത് കാരണമാണ് അവര്‍ വന്നു ആക്രമിച്ചതെന്ന് അയല്‍ക്കാരും നാട്ടുകാരും പറഞ്ഞു. ഒരു ടോര്‍ച്ച് വെട്ടം കണ്ടു ഞാന്‍ തിരിഞ്ഞുനോക്കി. കുറച്ച് അടുത്തു താമസിക്കുന്ന എന്‍റെ സുഹൃത്തുക്കളാണ് ഇത്രയൊക്കെ പ്രശ്നങ്ങള്‍ ഉണ്ടാക്കിയിട്ടും പിന്നെന്തിനാ ഇവിടെ നില്‍ക്കുന്നത്? എങ്ങോട്ടെങ്കിലും പൊയ്ക്കൂടെ…? ജീവനില്‍ ഭയമുണ്ടെങ്കില്‍ രക്ഷപ്പെടുന്നതാണ് നല്ലത്.” അവരും നടന്നകന്നു.
രാത്രി ഒരുപാട് വൈകിയിരുന്നു. ഇരു കൈകളുമുയര്‍ത്തി പ്രാര്‍ത്ഥിച്ചു. ഒരിക്കല്‍ കൂടി അമ്മയുടെ ഖബ്റിനടുത്തു പോയി വിതുന്പിക്കരഞ്ഞു. മാപ്പു ചോദിച്ചു. ചെന്പരത്തി വേലി വകഞ്ഞു മാറ്റി നടവരന്പിലൂടെ തപ്പിത്തടഞ്ഞു ഇരുട്ടിലേക്കു കുതിച്ചു. ദിക്കറിയാതെ…
കുറേ ദൂരം നടന്നപ്പോഴേക്കും കാലുകള്‍ ഇടറി കുഴഞ്ഞു വീഴുമോ എന്ന് ഭയന്നു വഴിയരികിലെ മരച്ചുവട്ടിലെ കുറ്റിക്കാട്ടിലേക്ക് കയറിയിരുന്നു. കറുത്ത പതപ്പാട വലിച്ചുമൂടി ലോകം കൂര്‍ക്കംവലിച്ചുറങ്ങുന്നു. നിശബ്ദമായി കേഴുകയും വേദനയോടെ മന്ദഹസിക്കുകയും ചെയ്യുന്ന ദാരുണ നിമിഷങ്ങള്‍ എന്നിലൂടെ കടന്നു പോയി… എവിടെയോ നായ്ക്കള്‍ നിര്‍ത്താതെ ഓരിയിടുന്നു. കണ്ണിലേക്ക് ഇരുട്ട് കയറുന്നത് പോലെ…
അവസാന നിമിഷങ്ങളിലും പ്രതിസന്ധികള്‍ തളര്‍ത്തിയപ്പോഴും കരുത്തും വീര്യവും പകര്‍ന്നു തന്നു ഉയര്‍ത്തി എഴുന്നേല്‍പ്പിക്കാന്‍ ആരെങ്കിലും ഉണ്ടായിരുന്നെങ്കില്‍… ലക്ഷ്യം അറിയുന്ന നാഥനില്‍ പ്രതീക്ഷകള്‍ അര്‍പ്പിച്ചു. വിശ്വാസത്തിന്‍റെയും ആദര്‍ശത്തിന്‍റെയും അഗ്നിവീഥികളില്‍ തളര്‍ന്നു വീഴരുതേ… എന്ന് പ്രാര്‍ത്ഥിച്ചു. ചുറ്റും നിശബ്ദത തളം കെട്ടി. ഇരുണ്ട മേഘക്കീറുകള്‍ക്ക് മീതെ ഒരു ശരറാന്തലിന്‍റെ അരണ്ട വെളിച്ചം ഇരുട്ടിനെ കീറിമുറിച്ച് എന്നിലേക്ക് വരുന്നതായി തോന്നി. അത്തറിന്‍റെ പരിമളം വമിക്കുന്ന ഒരിളം കാറ്റ് എനിക്കു ചുറ്റും വ്യാപിച്ചു. അദൃശ്യമായ ഒരുകര വലയം എന്നെ ചേര്‍ത്തുപിടിച്ചോ…? എന്‍റെ മിഴിനീര്‍ തുടച്ചോ…?
അതിരാവിലെ ചെങ്ങന്നൂരില്‍ നിന്നും കോഴി ക്കോട്ടേക്ക് വണ്ടികയറി. റെയില്‍ വേ സ്റ്റേഷനില്‍ പരിചയപ്പെട്ട ഒരാള്‍ മുഖാന്തരം മലപ്പുറത്തെ ഇരിങ്ങല്ലൂരിലുള്ള മജ്മഇലും അവിടെ നിന്നും കേരളത്തിലെ അറിയപ്പെടുന്ന പണ്ഡിത സര്‍വ്വകലാശാലയായ തിരൂരങ്ങാടി മുള്ഹിറുസ്സുന്നയിലും എത്തിപ്പെട്ടു. അവിടെ ബഹുമാനപ്പെട്ട ശൈഖുനാ പൊന്മള മുഹ്യിദ്ദീന്‍ കുട്ടി ഉസ്താദിന്‍റെയും ബഹുമാനപ്പെട്ട ഹംസ അഹ്സനി തെന്നല ഉസ്താദിന്‍റെയും കീഴില്‍ ദര്‍സ് പഠനം ആരംഭിക്കുകയും ഇവിടുത്തെ വെളുത്ത റോസാപൂക്കള്‍ (മുതഅല്ലിമുകള്‍) എനിക്ക് താങ്ങും തണലുമാകുകയും ചെയ്തു.
ഇനി ദര്‍സ് വിദ്യാഭ്യാസത്തിലൂടെ ബിരുദമെടുക്കുകയാണ് ലക്ഷ്യം. ഊരുവിലക്കി കല്ലെറിഞ്ഞ് നോവിപ്പിച്ച സഹോദരങ്ങളോട്, സമൂഹത്തോട് പൊറുത്തു കൊടുക്കേണമേ… നാഥാ… എന്ന് പ്രാര്‍ത്ഥിക്കുവാന്‍ മാത്രം വിശാലമായ ഈ ഖല്‍ബില്‍ ഇനിയുള്ള ആഗ്രഹം വൈജ്ഞാനിക വിപ്ലവ വീഥിയിലൂടെ നവോത്ഥാനത്തിന്‍റെ തേരിലേറി ഇതിഹാസം രചിച്ച ലോക പണ്ഡിത ശ്രേഷ്ഠന്‍ ശൈഖുനാ കാന്തപുരം ഉസ്താദ് അവര്‍കളുടെ പിന്‍ഗാമികളിലൊരായി, ഹൃദയത്തില്‍ നിന്നും ഹൃദയങ്ങളിലേക്ക് പ്രബോധനത്തിന്‍റെ തിരിനാളങ്ങള്‍ തെളിയിക്കുക എന്നതാണ്.
ഇനിയും ദുര്‍ഘടപാതകള്‍ ഏറെയും താണ്ടേണ്ടിയിരിക്കുന്നു, കടന്നു വന്ന കടന്പകള്‍ ഓര്‍ക്കുന്പോള്‍ നിര്‍വൃതി..
പേടിപ്പെടുത്തുന്ന ആ ശ്മശാന മൂകതയും കുറുനരികളുടെ നിര്‍ത്താതെയുള്ള ഓരിയിടലും ഇന്നില്ല…
ശാന്തം… സുന്ദരം… സമാധാനം… വസന്ത പരിമളം ചാര്‍ത്തിയ തക്ബീറിന്‍റെ മന്ത്ര ധ്വനികളാല്‍ ഭക്തിസാന്ദ്രമായ ഹൃദയാന്തരാളം. ആഹ്ലാദത്തിന്‍റെ ഒരായിരം അസര്‍മുല്ല മൊട്ടുകള്‍ വിരിയുന്ന അസുലഭ മുഹൂര്‍ത്തങ്ങള്‍…
ചിലപ്പോള്‍ കഥയിലും കവിതയിലും മുഴുകും. മൂന്നു മാസത്തിനിടയില്‍ നൂറോളം കവിതകളും കഥകളും എഴുതി. എന്നില്‍ ഒരു കഴിവുമില്ല. എല്ലാം നാഥന്‍റെ കൃപ കൊണ്ട് മാത്രം…
നിന്നില്‍ നിന്നുയിരാര്‍ന്ന മധുര സങ്കീര്‍ത്തനങ്ങള്‍(ബാങ്കുവിളി)

എന്‍റെ സിരകളില്‍ പ്രണായഗ്നി കത്തി വിരഹിച്ചപ്പോള്‍
മഴയും ആഴിയും സൂര്യചന്ദ്രാദികളും
നിന്‍റെ കരവിരുതാണെന്നറിഞ്ഞപ്പോള്‍,
അന്വേഷണത്തിന്‍റെ മുറിവുള്ള ചിറകുകളുമായി
നിന്‍റെ മരുപ്പച്ചയില്‍ ഞാന്‍ തളര്‍ന്നു വീണു.
തുടക്കവും ഒടുക്കവുമില്ലാത്തവനേ…
എന്‍റെ വിറക്കുന്ന ചുണ്ടുകള്‍ നിന്‍റെ പാദങ്ങളില്‍ നമിക്കുന്നു…

ഇനിയും എന്‍റെ പ്രണയം നിനക്കുള്ളതാണ്…
എന്‍റെ ജീവിതം നിനക്കായ് മാത്രം…!
(എന്‍റെ പ്രണയം നിനക്കായ്….കവിതാ സമാഹാരം)
മതപരിവര്‍ത്തനത്തിന്‍റെയും ലൗ ജിഹാദിന്‍റെയും പേരു പറഞ്ഞ് ഭീഷണി മുഴക്കി കലഹമുണ്ടാക്കിയവര്‍ സത്യം മനസ്സിലാക്കേണ്ടതായുണ്ട്. നിര്‍ബന്ധപൂര്‍വ്വം
ഒരാശയത്തിലേക്ക് ഒരാളെ കൊണ്ടു വരാന്‍ ആകും എന്ന് ധരിക്കുന്നത് മൗഢ്യമാണ്. കാരണം ആദര്‍ശങ്ങളെ വരിക്കേണ്ടതും ഉള്‍ക്കൊള്ളേണ്ടതും മനസ്സുകളാണ്. ആ മനസ്സുകളെ കീഴടക്കാന്‍ സ്നേഹത്തിനു മാത്രമേ കഴിയൂ… അതിനാല്‍ തന്നെ വിശുദ്ധ ഇസ്ലാം ഒരാളെയും ഇസ്ലാമിലേക്ക് സ്നേഹപൂര്‍വ്വം ക്ഷണിക്കുകയല്ലാതെ അതിനായി നിര്‍ബന്ധിക്കുന്നില്ല.
ഇസ്ലാം തീവ്രവാദമാണെന്നും ഭീകരവാദമാണെന്നും പറഞ്ഞവര്‍ മനസ്സിലാക്കുക. അയല്‍ക്കാരന്‍ അവിശ്വാസിയാണെങ്കില്‍ പോലും ഭക്ഷണത്തിന്‍റെ വിഹിതം അവനു എത്തിച്ചു കൊടുക്കണമെന്നും കല്‍പ്പിച്ച, മാലിന്യങ്ങള്‍ വാരിയെറിഞ്ഞു നിരന്തരം തന്നെ ആക്ഷേപിച്ചിരുന്ന ജൂത പെണ്‍കുട്ടി രോഗിയാണെന്നറിഞ്ഞപ്പോള്‍ അവളെ സന്ദര്‍ശിച്ചു ഭൂമിയോളം താഴാനും സഹിക്കാനായും തയാറായ എന്‍റെ പുണ്യ പ്രവാചകന്‍ (സ്വ) തീവ്രവാദത്തെയോ ഭീകരവാദത്തെയോ പ്രോത്സാഹിപ്പിക്കുന്നതായി നിങ്ങള്‍ക്ക് പറയാന്‍ കഴിയുമോ….?
ലോകത്തില്‍ വെച്ച് ഏറ്റവും സമഗ്രവും പരിപാവനവുമായ തത്വശാസ്ത്രമെന്ന നിലയില്‍ സന്പൂര്‍ണ്ണമാണ് ഇസ്ലാം. ഇവിടെ വര്‍ണ്ണ വര്‍ഗ്ഗ വ്യത്യാസമില്ല. പണക്കാരനെന്നോ പണിക്കാരനെന്നോ ഇല്ല. തോളോടു തോളുരുമ്മി മടന്പോടു മടന്പൊപ്പിച്ചു പ്രപഞ്ച സ്രഷ്ടാവിനു മുന്നില്‍ നമിക്കുന്ന നവ്യമുഹൂര്‍ത്തം ലോകത്തല്‍ വെച്ച് ഏറ്റവും വലിയ ആനന്ദമാണ്, സൗന്ദര്യമാണ്.
മിക്ക മതങ്ങളിലും വ്രതങ്ങളും ഉപവാസങ്ങളും മിതഭക്ഷണവും ജലപാനവുമായി കഴിയുന്പോള്‍ ഇസ്ലാമിന്‍റെ പഞ്ചശീല തത്വങ്ങളിലൊന്നായ റംസാന്‍ നോന്പ് ത്യാഗത്തിന്‍റെയും ആത്മസംസ്കരണത്തിന്‍റെയും സന്ദേശമാകുന്നു. ഒരു മനുഷ്യന്‍റെ ജീവിതത്തിലെ അത്യന്താപേക്ഷിതമായ ഘടകങ്ങളാണ്. ജലവും ഭക്ഷണവും അതു പോലെ തന്നെ ഒഴിച്ചുകൂടാന്‍ പറ്റാത്ത ഒന്നാണ് ലൈംഗികത, ഇവ മൂന്നും ഉപേക്ഷിച്ച് കൊണ്ട് അവന്‍റെ ഇലാഹിന്‍റെ ചരണത്തിന് മുന്പില്‍ ശരണം പ്രാപിക്കുന്പോള്‍ ലോകത്തിലെ തന്നെ ഏറ്റവും വലിയ മറ്റൊരാനന്ദത്തില്‍ ലയിക്കുകയാവും. മാത്രമല്ല, ഇന്നലെകളിലേക്ക് (നോന്പില്ലാത്ത ദിവിസങ്ങള്‍) ആഴ്ന്നിറങ്ങി താന്‍ എങ്ങനെയായിരുന്നുവെന്ന് ചിന്തിക്കാനും തെറ്റുകള്‍ തിരുത്തപ്പെടുവാനുമുള്ള വേദി കൂടിയായി നോന്പ് മാറുന്നു. ഏറ്റവും വലിയ ധനികന്‍ മുതല്‍ താഴെ തട്ടിലുള്ള ദരിദ്രന്‍ വരെ നോന്പിലൂടെ വിശപ്പിന്‍റെ രുചി അറിയുന്നു.
ലോകത്തു നിന്നും പട്ടിണിയെ ഉന്മൂലനം ചെയ്യാന്‍ ഇസ്ലാമിലെ സകാത്തിന്’ മാത്രമേ കഴിയൂ. ലോകത്തു ഇതുവരെ ഉണ്ടായ മുഴുവന്‍ സാന്പത്തിക തകര്‍ച്ചയുടെയും കാരണം പലിശയാണ്. മുതലാളിക്ക് തൊഴിലാളിയെ ചൂഷണം ചെയ്യുന്നതിനുള്ള ആയുധമാണ് പലിശ. മുതലാളി വര്‍ഗത്തിനോ അവന്‍ നേതൃത്വം നല്‍കുന്ന രാഷ്ട്രീയ പാര്‍ട്ടിക്കോ ഈ തകര്‍ച്ചയില്‍ നിന്നും സമൂഹത്തെ രക്ഷിക്കാന്‍ കഴിയുകയില്ല. ചൂഷണ മുക്തമായ പലിശ രഹിതമായ ഇസ്ലാമിക വ്യവസ്ഥക്ക് മാത്രമേ ആഗോള വല്‍കരണത്തേയും ചെറുത്തു നില്‍ക്കാന്‍ കഴിയൂ. ആഗോള സാന്പത്തിക മാന്ദ്യത്തില്‍ നിന്നുള്ള അതിജീവന മാര്‍ഗങ്ങള്‍ അന്വേഷിക്കുന്നവര്‍ക്കുള്ള പരിഹാര മാര്‍ഗമാണ് ഇസ്ലാമിക് ബാങ്കിങ്ങ് സന്പ്രദായം.
ഒരാള്‍ മറ്റൊരാളെ വധിച്ചാല്‍ ഒരു വംശത്തെ തന്നെയാണ് ഉന്മൂലനം ചെയ്യുന്നതെന്നും ഒരാള്‍ മറ്റൊരാളെ രക്ഷിക്കുന്പോള്‍ അതൊരു മനുഷ്യ സമൂഹത്തെ മൊത്തം രക്ഷിക്കുകയാണെന്നും ഇസ്ലാമിക വിദ്യാഭ്യാസം പഠിപ്പിക്കുന്നത്. മനുഷ്യനിലെ മൃഗീയത പിഴുതെറിഞ്ഞു ധാര്‍മ്മിക മൂല്യങ്ങളെ നിറക്കുന്നതിനാവശ്യമായ ബോധമാണ് മദ്രസകളിലും ദര്‍സുകളിലും പഠിപ്പിക്കുന്നത്. എന്നാല്‍ കുറെ എ പ്ലസ്’ നേടിയ ബുദ്ധിമാന്മാരായ കിരാതന്മാരെ സമൂഹത്തിലേക്ക് വലിച്ചെറിയുക മാത്രമല്ലേ ഇന്നത്തെ ഭൗതിക വിദ്യാഭ്യാസം ചെയ്യുന്നത്? അനിയന്ത്രിതമായ ദൃശ്യമാധ്യമങ്ങളുടെ വ്യാപനം കുരുന്നു മസ്തിഷ്കത്തിലേക്ക് കുത്തിവെക്കുന്ന മൃഗീയത എത്ര ആപല്‍കരമാണ്. ഭാവിയില്‍ എന്തു മാറ്റമാണ് നാം ഇവരില്‍ പ്രതീക്ഷിക്കേണ്ടത്?
ഒരാള്‍ ഉണ്ണുന്നതും ഉറങ്ങുന്നതും ഉണരുന്നതും പഠിക്കുന്നതും ജോലി ചെയ്യുന്നതും എന്തിന് ഇണകളുമായി ഇടപഴകുന്നതു പോലും ഏകദൈവത്തോടുള്ള ആരാധനയുടെ ഭാഗമാണെന്നറിയുന്പോള്‍ കാലോചിതമായ മാറ്റങ്ങള്‍ക്ക് കാതോര്‍ക്കുന്ന ഏതൊരു അന്യ മതസ്ഥരും ഇസ്ലാമിന്‍റെ പച്ചപ്പ് പുല്‍കിപ്പുണരുക തന്നെ ചെയ്യും തീര്‍ച്ച. എഴുതപ്പെടാത്ത ഒരുപാടു ആത്മനൊന്പരങ്ങള്‍ ഇനിയുമുണ്ട്.
കൊടും ദുരന്തങ്ങളുടെ തീക്കടലില്‍ നിന്നും കാലം മുറിവുകള്‍ തീര്‍ത്ത കറുത്ത വഴികളിലൂടെ… മൂഢതകളുടെ വേലിക്കെട്ടുകള്‍ വകഞ്ഞുമാറ്റി… നവ ജാഗരണത്തിന്‍റെ ഈ ശാന്തി തീരത്ത് എത്തിച്ചേര്‍ന്നപ്പോള്‍ എന്തൊരാനന്ദം…! ഇനിം പരിസമാപ്തിയുടെ ദീര്‍ഘ നിശ്വാസം…
നമ്മുടെ പൂര്‍വ്വ ഋഷിവര്യന്മാര്‍, സാത്വികന്മാര്‍, പിന്തുടര്‍ന്നു വന്ന സനാതന മൂല്യങ്ങളെ അണപ്പല്ലില്‍ മുറുക്കെപ്പിടിച്ചു ചരിത്രം രചിക്കേണ്ടവരാണു നാം. സത്യ സരണിയിലൂടെ അദ്ധ്യാത്മികതയിലൂടെ ധന്യതയെ തേടിയുള്ള ഈ യാത്രയില്‍ ആത്മമിത്രങ്ങളെ നിങ്ങളോടായൊരു അപേക്ഷ മാത്രം, ഇലാഹിനു മുന്നില്‍ ദുആയുടെ ധന്യതയില്‍ നിങ്ങള്‍ ചേര്‍ന്നലിയുന്പോള്‍ ആ നെഞ്ചറകളില്‍ ഈ സാധുവിനൊരിടം… അതു മാത്രം മതി.

Leave a Reply

Your email address will not be published. Required fields are marked *