2013 November-December Hihgligts ഖുര്‍ആന്‍ സാമൂഹികം

മിതവ്യയം; ഇസ് ലാമിക ബോധനം

sssmid

 

നിങ്ങള്‍ വസ്ത്രം ധരിക്കുക, തിന്നുകയും കുടിക്കുകയും ചെയ്യുക ദുര്‍വ്യയം ചെയ്യരുത്.
(ഖുര്‍ആന്‍)

ജീവിക്കാനാവശ്യമായ ഭക്ഷണം, നഗ്നത മറക്കാന്‍ വസ്ത്രം, താമസിക്കാന്‍ വീട് എന്നിവ മനുഷ്യന്‍റെ അവകാശമാണ്. ഇവയല്ലാതെ ആദമിന്‍റെ സന്തതികള്‍ക്ക് അവകാശമില്ലെന്ന് നബി(സ്വ) പഠിപ്പിക്കുന്നു. പക്ഷേ ഈ മൂന്നും പരിതി ലംഘിക്കാത്ത വിധമാവണം. ദുര്‍വ്യയം പാടില്ല.” തീര്‍ച്ചയായും ദുര്‍വ്യയം ചെയ്യുന്നവര്‍ പിശാചിന്‍റെ സഹോദരന്മാരാകുന്നു”വെന്ന് ഖുര്‍ആന്‍ പ്രഖ്യപിച്ചിട്ടുണ്ട്. (സൂറത്തു ഇസ്റാഅ്)
നിത്യജീവിതത്തില്‍ അനിവാര്യമായ ഭക്ഷണം, വസ്ത്രം, പാര്‍പ്പിടം എന്നിവയാണ് ജീവിതാവശ്യങ്ങള്‍. ഇവകൂടാതെയുള്ള ജീവിതം ദുഷ്കരമായിരിക്കും. പോഷകാഹാരം, നല്ല വസ്ത്രങ്ങള്‍ തുടങ്ങിയവജീവിതത്തിന്‍റെ കാര്യക്ഷമതയില്‍ പെട്ടതാണ്. തലമുറകളായി അനുവര്‍ത്തിച്ച് വരുന്നതോ, മതത്തിന്‍റെ ഭാഗമായുള്ളതോ ആയ ആചാരങ്ങള്‍ ജീവിത നിലനില്‍പ്പിന് അത്യാവശ്യമില്ല. പക്ഷേ സമൂഹം ഉപേക്ഷിക്കാന്‍ പാടില്ലാത്ത ഒരാവശ്യമായി ഇവയെ കണക്കാകുന്നു. ഈ മൂന്ന് കാര്യങ്ങള്‍ക്കും പുറത്തുള്ളതാണ് സുഖാവശ്യങ്ങളും ആഡംബരാവശ്യങ്ങളും. അതുപേക്ഷിക്കേണ്ടതുമാണ്.
സുഖാസ്വാദന ചിന്തയില്‍ നിന്നാണ് ദുര്‍വ്യയം കടന്നുവരുന്നത്. സന്പാദ്യം മുഴുവന്‍ സുഖാസ്വാദനത്തിനു വേണ്ടിയാണ് ഇന്ന് മിക്ക ആളുകളും ഉപയോഗിക്കുന്നത്. പക്ഷേ നിത്യജീവിതത്തില്‍ അനിവാര്യമായവ ചെലവഴിക്കുന്നതോടു കൂടെ മിതത്വം പാലിക്കണം. അമിത വിനിയോഗം പാടില്ല. ഉപയോഗത്തിലും, ഉപഭോഗത്തിലും ഒരു മദ്ധ്യ നിലയാണ് ഇസ്ലാം പഠിപ്പിക്കുന്നത്.
നമ്മുടെ ജീവനെ സ്വാധീനിക്കുന്ന ഘടകമാണ് ഭക്ഷണം. വിശപ്പിനെ പ്രതിരോധിക്കാന്‍ ഭക്ഷണം വേണമെന്നതിനപ്പുറം അതിന്‍റെ ഭോജന രീതിയെക്കുറിച്ചു നാം ബോധവാന്മരല്ല. അനുവദനീയമല്ലാത്ത ഭോജനത്തെ മഹാന്മാര്‍ അത്യധികം ഭയപ്പെട്ടിരുന്നു. ഇന്നു ലഭിക്കുന്ന ഭക്ഷണങ്ങളില്‍ രുചിയും ഗന്ധവും കൗതുകം കൊള്ളിക്കുന്നുവെങ്കിലും ഇതെല്ലാം ആരോഗ്യത്തിന് ഹാനി വരുത്തുകയാണ്.വിശപ്പറിയാത്തവരാണ് പുതിയ തലമുറ. ഒരു നേരത്തെ പട്ടിണിയകറ്റാന്‍ വകയില്ലാത്തവരായിരുന്നു നമ്മുടെ പൂര്‍വികര്‍ എന്നു നാം വിസ്മരിച്ചു കൂടാ.
മാന്യതക്കും സന്തോഷത്തിനും വേദിയാകേണ്ട വിവാഹ സദസ്സുകള്‍ പലപ്പോഴും അക്രമത്തോടെയും അനാചാരത്തോടെയുമാണ് അവസാനിക്കുന്നത്. മാന്യന്മാരുടെ സംസ്കാരം സന്പന്നമായി വിളയേണ്ടിടങ്ങളില്‍ പോലും വിവാഹ തലേന്ന് മദ്യം ഒഴുകുന്ന കാഴ്ചയാണ്. വെറ്റിലകൂട്ടും ബീഡിയും സുലഭമായിരുന്ന വിവാഹ സദസ്സുകളില്‍ ഇന്ന് വിസ്കിയും ബ്രന്‍ഡിയുമാണ് പ്രതിഷ്ട നേടിയിരിക്കുന്നത്. അതിഥികളെ സല്‍ക്കരിക്കുന്നതും സ്വീകരിക്കുന്നതും ഇവ നല്‍കിയാണ്.
പാചകപുരയില്‍ വരെ സീലിംഗ് ചെയ്തും ഫാന്‍ ഘടിപ്പിച്ചുള്ള പന്തലുകളും, കാര്‍പ്പറ്റ് വിരിച്ച പ്രതലങ്ങളവും, രാജകീയ സോപാനം തീര്‍ക്കുന്ന ഇരിപ്പിടങ്ങളും, കൈനീട്ടിയാല്‍ തന്നെ വെള്ളമിറ്റുന്ന ടാപ്പുകളും, വര്‍ണ്ണാഭമായി മിന്നിതിളങ്ങുന്ന എല്‍.ഇ.ഡികളും സജീവമായ വിവാഹ പന്തലുകളാണെവിടെയും.
ധനികനും ദരിദ്രനും ഒരുപോലെ ഭക്ഷണത്തിനു ക്യൂ നില്‍ക്കുന്ന രീതിയാണ് ബുഫെ. സ്വസ്ഥമായി ഇരുന്നു കഴിക്കുവാനും കുടിക്കുവാനും ക്ഷണം സ്വീകരിച്ചെത്തിയവര്‍ക്ക് സാധിക്കുന്നില്ല. മാന്യരും അല്ലാത്തവരും ഒരുപോലെ കോരിയെടുക്കേണ്ട അവസ്ഥ. അതിഥികളെ തൃപ്തിപ്പെടുത്തുന്നതിനു പകരം വെറുപ്പു സന്പാദിക്കുകയാണിതിലൂടെ. ക്യൂ നിന്ന് ഭക്ഷണം കോരിയെടുപ്പിക്കുന്ന ഇത്തരം പാശ്ചാത്യന്‍ രീതി നമ്മെ ക്ഷണിച്ചുവരുത്തി പട്ടിണിക്കിടുകയാണ്.
കൗണ്ടറിന്‍റെ സഹായത്താല്‍ തീന്‍മേശയിലെ വിഭവങ്ങള്‍ കണക്കാക്കേണ്ട അവസ്ഥ. പ്ലേറ്റും ഗ്ലാസ്സും വെക്കാന്‍ സ്ഥലമില്ലത്ത വിധം തീന്‍മേശ വിഭവങ്ങളാല്‍ നിറഞ്ഞ് നില്‍ക്കുന്നു. അതിഥികള്‍ തന്നെ പരിഭ്രമിക്കുന്നു. പാശ്ചാത്യന്‍ വിഭവങ്ങള്‍ നമ്മുടെ തീന്‍ മേശകളില്‍ തപസ്സിരിക്കുന്നു.
പുതിയ മെബൈല്‍ ഫോണ്‍, വാഹനം എന്നിവ വാങ്ങിയാലും വിവാഹം കഴിച്ചാലും വിദേശത്തുനിന്നും നാട്ടിലെത്തിയാലുമൊക്കെ ചെലവ് നല്‍കുന്ന രീതി വര്‍ദ്ധിച്ചിട്ടുണ്ട്. യൗവ്വന പ്രായത്തേയാണിത് കാര്യമായി പിടികൂടുന്നത്. ചെലവ് ചെയ്യാം പക്ഷേ പരിധികളുണ്ട്. അതിരു വിട്ട തീറ്റ പണ്ടാറങ്ങളായി നമ്മുടെ യുവത്വം മറിയിട്ടുണ്ട്. ഇരുളിന്‍റെ മറവില്‍ റസ്റ്റോറന്‍റുകളിലേക്ക് പോവാത്തവര്‍ നന്നേ കുറവ്. യുവത്വം ഇതില്‍ ആനന്ദം കണ്ടെത്തുന്നു. മതാപിതാക്കളുടെ കാര്യബോധമില്ലായ്മയാണ് ഇതിനു കാരണം.
സമൂഹത്തിന്‍റെ സംസ്കാരത്തെ നിര്‍ണ്ണയിക്കുന്നതില്‍ പ്രധാന പക്കു വഹിക്കുന്നു നമ്മുടെ വസ്ത്ര രീതി. നീചമായ സമൂഹത്തെ സംസ്ക്കാരത്തിന്‍റെ ഔന്നിത്യത്തിലേക്കെത്തിക്കാനും ഉത്തമ സമൂഹത്തെ അധഃപതനത്തിന്‍റെ അഗാധത്തിലേക്ക് തള്ളിയിടാനും വസ്ത്ര ധാരണത്തിനു കഴിയും. വസ്ത്രോപയോഗത്തില്‍ മലയാളിക്ക് പാടെ കാര്യബോധം നഷ്ടപ്പെട്ടിട്ടുണ്ട്. സാഹസപ്പെട്ട് രണ്ട് മലഞ്ചെരുവിലേക്ക് പാന്‍റ്സ് താഴ്ത്തി യുവാക്കള്‍ അനുകരിക്കുന്നത് ബല്‍റ്റ് ധരിക്കാനില്ലാത്ത ഗ്വാണ്ടനാമോ തടവു പുള്ളികളുടെ ജീവിതരീതിയെയാണ്.
വസ്ത്ര ധാരണ രംഗത്തെ കുറിച്ചുള്ള മിഥ്യാ ധാരണകള്‍ പരത്തുന്നതില്‍ മാധ്യമങ്ങള്‍ക്കെന്ന പോലെ സിനിമകള്‍ക്കും സീരിയലുകള്‍ക്കും നാടക കോമഡി ഷോകള്‍ക്കും പങ്കുണ്ട്.
ഒരു സിനിമയിറങ്ങിയാല്‍ അതിലെ വസ്ത്രം ഇവിടുത്തെ ഫാഷനായി മാറുന്നു. പ്രമുഖ വസ്ത്ര കന്പനികള്‍ ചലചിത്ര നിര്‍മ്മാതക്കള്‍ക്ക് നിശ്ചിത വിഹിതം നല്‍കി താരങ്ങളെ പുതിയ മോഡലുകള്‍ ധരിപ്പിക്കുന്നു. ഇതില്‍ ആകൃഷ്ടരായവര്‍ ഈ വസ്ത്രം വാങ്ങുന്നു. ഇതുവഴി കന്പനി വലിയ ലാഭം നേടുന്നു.
സുന്ദരമായ വസ്ത്രം ധരിക്കുന്ന കൂട്ടുകാരനേക്കാള്‍ അതി സുന്ദരമായ വസ്ത്രം ധരിക്കണമെന്നതിലാണ് എല്ലാവരുടെയും ശ്രദ്ധ. തന്‍റെ കൂട്ടുകാരനേക്കാള്‍ സന്പത്തിലും ആള്‍ബലത്തിലും വസ്ത്രത്തിലും പദവിയിലും മുന്‍പന്തിയിലെത്താനുള്ള ഓരോ മനുഷ്യരുടെയും ആഗ്രഹത്തില്‍ നിന്നാണ് ധൂര്‍ത്തും അത്യാര്‍ത്തിയും സകല മര്യാദകളും ലംഘിച്ച് ഉയര്‍ന്നു വരുന്നത്.
നിസാരമായ ഐഹിക ജീവിതത്തിലെ സുഭിക്ഷതക്കല്ല വിശ്വാസി യത്നിക്കേണ്ടത്. ശാശ്വതമായ പാരത്രീക വിജയത്തിനു വേണ്ടിയാണ്. രാപകല്‍ ഭേതമന്യേ നാം കഠിനാധ്വാനം ചെയ്യുന്നതും ചെലവഴിക്കുന്നതും ഇവിടുത്തെ സുഖസൗകര്യങ്ങല്‍ ലക്ഷ്യമാക്കി മാത്രമാണ്. പരലോക വിജയ പ്രാപ്ത്തിക്ക് ഈ സ്ഥിതി മാറ്റാതെ നിര്‍വാഹമില്ല.

Leave a Reply

Your email address will not be published. Required fields are marked *