2017 September-October Hihgligts കാലികം പഠനം പൊളിച്ചെഴുത്ത് വായന സമകാലികം

ആളെ കൊല്ലുന്ന ആള്‍ദൈവങ്ങള്‍ ആരുടെ അവതാരങ്ങളാണ്

 

മനുഷ്യ ജീവിതത്തിലെ ആന്തരിക ചോദനയായ ആത്മീയത, വ്യാജ ആത്മീയന്മാരുടെയും ചൂഷണാത്മക സങ്കല്‍പങ്ങളുടെയും പ്രഭാവലയങ്ങളില്‍ അകപ്പെട്ട് ജീവന് തന്നെ ഭീഷണിയായിക്കൊണ്ടിരിക്കുന്ന പ്രത്യേക സാഹചര്യത്തിലാണ് നാം ജീവിക്കുന്നത്. സ്വന്തം ഭൗതിക സാമ്രാജ്യത്വങ്ങളുടെ വികാസത്തിനു വേണ്ടി ആത്മീയത വില്‍പനചരക്കാക്കുന്നത് വഴി മന:ശാന്തി വിപണനം ചെയ്യുന്ന ആള്‍ദൈവ വ്യവസായികളുടെ ആശ്രമങ്ങളില്‍ നടമാടുന്ന പീഢനങ്ങളുടെയും മറ്റും വാര്‍ത്തകളാല്‍ നിറഞ്ഞിരിക്കുകയാണിന്ന് സാമൂഹിക മാധ്യമങ്ങളൊക്കെയും. ആള്‍ദൈവ ആശ്രമവും ആഢംബരങ്ങളും ഭക്തിയുടെ അളവുകോലായി പരിവേഷം ചെയ്തെടുത്ത പുതുകാലത്ത്, അതിന്‍റെ പരിണിതിയെന്നോണമാണ് രാജ്യതലസ്ഥാനത്തടക്കം, ആളെ കൊല്ലുന്ന അനുയായികള്‍ അഴിഞ്ഞാട്ടം നടത്തി മുപ്പത്തി എട്ടോളം ജീവനുകള്‍ പൊലിയാനിടയാക്കിയത്.
അനുയായികളായ വനിതകളെ മാനഭംഗപ്പെടുത്തിയ കൊടും ക്രിമിനല്‍ ഗുര്‍മീത് റാം റഹീം സിംഗ് എന്ന ആള്‍ദൈവത്തെ അറസ്റ്റ് ചെയ്തതിന്‍റെ പേരിലാണ് മുപ്പത്തിയെട്ടോളം മനുഷ്യജീവനുകള്‍ നിഷ്കരുണം അപഹരിക്കപ്പെടുന്നതിനും കോടികളുടെ സ്വത്ത് വകകളും നൂറുകണക്കിന് സ്വകാര്യ പൊതുസ്ഥാപനങ്ങളും വാഹനങ്ങളും നശിപ്പിക്കുന്നതിനും രാജ്യ തലസ്ഥാനം സാക്ഷിയായത്. ഡല്‍ഹിയടക്കമുള്ള അഞ്ച് സംസ്ഥാനങ്ങളിലാണ് ഈ കൊടും കുറ്റവാളിയെ വെള്ള പൂശി രക്ഷിച്ചെടുക്കാന്‍ വേണ്ടി അരാജകത്വം അരങ്ങേറിയത്. നാല് വര്‍ഷം മുമ്പ് ഓടിക്കൊണ്ടിരുന്ന ബസ്സില്‍ വെച്ച് ഒരു പറ്റം കാമവെറിയന്മാരുടെ കൂട്ടമാനഭംഗത്താല്‍ ഒരു പെണ്ണുടല്‍ പിച്ചിച്ചീന്തിയെറിയപ്പെട്ടപ്പോള്‍ പ്രതികളോട് അമര്‍ഷം പ്രകടിപ്പിച്ചും ഇരക്ക് നീതി തേടിയും മെഴുക്തിരി തെളിയിച്ച രാജ്യതലസ്ഥാനത്ത് തന്നെയാണ് മാനഭംഗക്കേസ് പ്രതി ഗുര്‍മീതിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് അനുയായികള്‍ ബസുകള്‍ക്ക് തീ കൊളുത്തിയത് എന്നതാണ് നമ്മെ അതിശയിപ്പിക്കുന്നത്. ആള്‍ദൈവ വ്യവസായം മാനുഷിക ബോധങ്ങളില്‍ നടത്തുന്ന സ്വാധീനത്തിന്‍റെ ആഴം ബോധ്യപ്പെടാന്‍ കൂടുതല്‍ ഉദാഹരണങ്ങള്‍ തേടി പോവേണ്ടിവരില്ല.
ഒരു പറ്റം ഓലകൊണ്ടോ, നാരു കൊണ്ടോ പണിതിരുന്ന പഴയകാല ആശ്രമങ്ങളല്ല ഇന്ന് ആത്മീയാചാര്യന്മാരുടെ വിളനിലയങ്ങള്‍. കോടികളുടെ ചിലവില്‍, മാസങ്ങളുടെ അധ്വാനത്തില്‍, എല്ലാ സുഖസൗകര്യങ്ങളോടു കൂടിയും നിര്‍മ്മിതമായ അംബരചുംബികളായ പടുകൂറ്റന്‍ ആശ്രമങ്ങളാണിന്ന് അവരുടെ ആലയങ്ങള്‍. ഗുരുവും ഏതാനും ശിഷ്യന്മാരുമടങ്ങുന്ന വന്യതയുടെ ഉള്ളറകളില്‍ ഭക്തിനിര്‍ഭരരാവുന്ന പഴയകാല ആശ്രമ വ്യവസ്ഥയല്ല. ചെയര്‍മാനും വൈസ് ചെയര്‍മാനും ബിസിനസ് എക്സിക്യൂട്ടീവും നേതൃത്വം നല്‍കുന്ന വ്യവസായ കേന്ദ്രങ്ങളാണിന്ന് ആശ്രമങ്ങള്‍. കോടികളുടെ ആസ്തിയും ലക്ഷങ്ങളുടെ ആഢംബരക്കാറുകളും പിന്നില്‍ നിന്നും അകമ്പടി സേവിക്കുന്ന രാഷ്ട്രീയ ദല്ലാളന്മാരും, സെലിബ്രിറ്റിക്കായി മാധ്യമ തമ്പുരാക്കാന്മാരും അവര്‍ക്കിന്ന് സ്വന്തമായുണ്ട്. അങ്ങെനെയാണ് ഭരണ സംവിധാനങ്ങളെപ്പോലും നിശ്ചലമാക്കുമാറ് തെരുവില്‍ അരാജകത്വം വിതക്കാന്‍ അവര്‍ക്ക് ശക്തി ലഭിക്കുന്നതും രാഷ്ട്രപതി മുതല്‍ ന്യായാധിപന്മാര്‍ വരെ കാല്‍ക്കീഴിലെത്തിക്കാന്‍ അവര്‍ക്കാവുന്നതും അറസ്റ്റിലായ ഗുര്‍മീതിന്‍റെ രാഷ്ട്രീയ സ്വാധീനവും ഭരണസ്വാധീനവും തന്നെ എന്ന് ഇത് വ്യക്തമാക്കുന്നുണ്ട്. പീഢനക്കേസില്‍ ഗുര്‍മീതിനെ അറസ്റ്റ് ചെയ്യുമ്പോള്‍ അനുയായികള്‍ക്ക് മാരകായുധങ്ങളുമായി സംഘടിക്കാനും കലാപം നടത്താനുമുള്ള എല്ലാ ഒത്താശയും ചെയ്തു കൊടുത്തത് കേന്ദ്രവും ഹരിയാന സര്‍ക്കാറുമായിരുന്നു.കോടിക്കണക്കിന് അനുയായികളുള്ള ഈ ആള്‍ദൈവത്തെ അറസ്റ്റ് ചെയ്യുമ്പോള്‍ തെരുവ് കലാപ കലുഷിതമാകുമെന്ന പൂര്‍ണ്ണ ബോധ്യമുണ്ടായിരുന്നിട്ടും, അതിന് തടയിടാന്‍ സംവിധാനങ്ങളൊരുക്കാതെ നിസ്സംഗത കാണിച്ച സര്‍ക്കാറിനെയും പ്രധാനമന്ത്രിയെയും കോടതി രൂക്ഷമായി വിമര്‍ശിച്ചപ്പോഴാണ് രാഷ്ട്രീയരംഗത്തെ ആള്‍ദൈവ സ്വാധീനത്തിന്‍റെ ആഴം പൊതുജനം തിരിച്ചറിയുന്നത്. മനുഷ്യന്‍ നിര്‍മിച്ച നിയമങ്ങളുടെ അടിസ്ഥാനത്തില്‍ ദൈവങ്ങളെ എന്തിന് ശിക്ഷിക്കണം എന്ന് ഗുര്‍മീത് അറസ്റ്റിലായപ്പോള്‍ ബി.ജെ.പി നേതാവ് സാക്ഷി മഹാരാജ് ചോദിച്ചതിലെ ആള്‍ദൈവ വ്യവസായക്കൂറും തെളിയിച്ചത് മറ്റൊന്നുമല്ല. അധികാരത്തിലേറാന്‍ സഹായിച്ച അധോലോക നായകനെ പിണക്കാനാവില്ലെന്ന രാഷ്ട്രീയ പ്രതിബന്ധത തന്നെയാണ്.
ചോദ്യം ചെയ്യപ്പെടരുതാത്ത ആള്‍ദൈവവ്യവസായങ്ങള്‍
മനുഷ്യ മനസ്സ് ദുര്‍ബലമാണ്. ചെറിയൊരു സാമ്പത്തിക പരാധീനതയോ ഉറ്റവരുടെ തിരോധാനമോ വരുമ്പോഴുണ്ടാകുന്ന അസ്വസ്ഥത ഈ ദൗര്‍ബല്യത്തെ വിളിച്ചോതുന്നുണ്ട്. മനുഷ്യ മനസ്സിന്‍റെ ഈ ദൗര്‍ബല്യത്തെ ചൂഷണം ചെയ്താണ് കപട ആള്‍ദൈവങ്ങളും ആത്മീയാചാര്യന്മാരും രംഗപ്രവേശനം ചെയ്യുന്നത്. എന്തിനെയും കച്ചവടവല്‍ക്കരിക്കുക എന്ന ആഗോളവല്‍ക്കരണ യുക്തിയില്‍ നിര്‍മ്മിച്ചെടുത്ത തലച്ചോറുമായി ആത്മീയ വിപണിയിലിറങ്ങുന്ന ഇവരില്‍ നിന്ന് മന:ശാന്തി പ്രതീക്ഷിക്കാന്‍ മാത്രം വിഡ്ഢിയാവുകയാണ് മനുഷ്യന്‍. മനുഷ്യ മനസ്സിനെ ചൂഷണം ചെയ്ത് ആത്മീയവിപണി സജീവമാക്കിയ ഒരുപാട് ആള്‍ദൈവങ്ങളുടെ അരമന രഹസ്യം ഗുര്‍മീതിനു മുമ്പും പുറത്തുവന്നിട്ടുണ്ട്. ഭാരതീയ ഹിന്ദുത്വ ആള്‍ദൈവങ്ങളുടെ ഗണത്തില്‍ ജനപ്രീതി കൊണ്ട് പ്രസിദ്ധി നേടിയ ആളായിരുന്നു സായിബാബ. താന്‍ നേടിയെടുത്ത ജാലവിദ്യ പ്രകടനങ്ങള്‍ കൊണ്ട് അമാനുഷികനാവുകയായിരുന്നു അദ്ദേഹം. ശൂന്യതയില്‍ നിന്ന് ഭസ്മമെടുത്തും വായുവില്‍ നിന്ന് മാലയെടുത്ത് കാട്ടിയുമായിരുന്നു തന്‍റെ ‘ദൈവികത’ അദ്ദേഹം തെളിയിച്ചത്. ഈ അമാനുഷിക ദൈവികഖ്യാതി ഫീച്ചറുകളിലും വാര്‍ത്തകളിലുമായി കൊട്ടിഘോഷിക്കപ്പെട്ടു. പൊടിപ്പും തൊങ്ങലും ചേര്‍ത്ത് മെനഞ്ഞ കഥകള്‍ യൂറോപ്യന്‍ രാജ്യങ്ങളില്‍ പോലും വന്‍ ഭക്ത സഞ്ചയത്തെ സൃഷ്ടിച്ചിരുന്നു.
വിവരദോശികളായ ജനങ്ങള്‍ ബാബയുടെ കഴിവുകേടിനെ കുറിച്ച് അജ്ഞരായിരുന്നെങ്കിലും ബാബയുടേത് കേവലം കണ്‍വെട്ട് വിദ്യയാണെന്ന് പലപ്പോഴായും തെളിയിക്കപ്പെട്ടിരുന്നു. അബ്രഹാം കോവൂരിന്‍റെ ഇരുപത്തി മൂന്നോളം പരസ്യ വെല്ലുവിളികള്‍ ആള്‍ദൈവങ്ങളോടായി പുറത്തുവന്നെങ്കിലും ഈ വെല്ലുവിളികളില്‍ നിന്നെല്ലാം അതിവിദഗ്ധമായി തലയൂരുകയായിരുന്നു ബാബ ഉള്‍പ്പെടെയുള്ള ആള്‍ദൈവ ചെപ്പടി വിദ്യക്കാര്‍. ജീവിതത്തില്‍ അനുഭവിക്കുന്ന മനക്ലേശങ്ങള്‍ക്ക് ആത്മശാന്തി വിളംബരം ചെയ്തും സകല വേദനകളിലും ആശ്വാസം പകരാന്‍ കഴിവുള്ള അതിമാനുഷികനാണ് താനെന്നും വാദിച്ചാണ് ബാബ തന്‍റെ ദൈവിക വ്യവസായത്തിന് ആഗോള പ്രസിദ്ധി നേടിയെടുത്തത്. എന്നാല്‍ 96ാം വയസ്സിലായിരിക്കും തന്‍റെ മരണമെന്ന് സ്വയം പ്രഖ്യാപിച്ച ബാബ 80ാമത്തെ വയസ്സില്‍ തന്നെ മരണത്തിന് കീഴടങ്ങി തന്‍റെ ‘ദൈവികത’ തെളിയിച്ചു. പക്ഷേ, പ്രഖ്യാപിത വയസ്സിനു മുമ്പ് മരണത്തിന് രാജിയായ ഈ ബാബ ദൈവമായിരുന്നില്ലെന്ന അതിലളിത സത്യം പോലും തിരിച്ചറിയാത്ത ബാബാ അനുയായികള്‍ ഇപ്പോഴും ജീവിക്കുന്നു എന്നതാണ് അതിശയം.
മായാജാല വിദ്യയാണ് ബാബയെന്ന ആള്‍ദൈവവ്യവസായിയെ ഭക്തിയുടെ ലോകത്ത് പ്രതിഷ്ടിച്ചതെങ്കില്‍ തന്‍റെ ആലിംഗന രീതിയാണ് സുധാമണിയെ അമൃതാനന്ദ അമ്മയാക്കി വളര്‍ത്തിയത്. അനേകം കെട്ടുകഥകളിലൂടെ ദിവ്യതേജസ്സായി ഉയര്‍ന്ന് ആത്മീയ വിപണി സജീവമാക്കിയ അമ്മ ഇപ്പോള്‍ ആഗോള സമാധാനത്തിന്‍റെ അംബാസഡറായാണ് അറിയപ്പെടുന്നത്. ആലിംഗനത്തിന്‍റെയും മാതൃസ്നേഹത്തിന്‍റെയും പ്രതീകാത്മകതയെ പ്രതിഷ്ടിച്ച് നടത്തുന്ന ഇത്തരം ആത്മീയ വിപണനത്തിനെതിരെ ശബ്ദിക്കാന്‍ പോലും സാമൂഹിക ബുദ്ധിജീവികളും, സാംസ്കാരിക നേതാക്കളും തയ്യാറാവുന്നില്ലെന്നതാണ് സത്യം. അത്കൊണ്ട് തന്നെ സുധാമണിയുടെ ആശ്രമകേന്ദ്രമായ അമൃതപുരി ഇന്ന് കേവലം ഭജന കേന്ദ്രമല്ല. കോടികളുടെ പണക്കോപ്പു കൊണ്ട് തഴച്ചു വളരുന്ന വന്‍ ബിസിനസ് സാമ്രാജ്യമായി മാറിക്കൊണ്ടിരിക്കുകയാണ്.
സൂപ്പര്‍ സ്പെഷ്യാലിറ്റി ഹോസ്പിറ്റലുകളുടെയും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും വികസന പ്രതിച്ഛായ കൊണ്ട് പൊതുമണ്ഡലങ്ങളില്‍ കയറിപ്പറ്റിയും അധികാര ഭ്രമം മൂത്ത രാഷ്ട്രീയ ദല്ലാളന്മാര്‍ക്ക് വോട്ടുബാങ്കായി വര്‍ത്തിച്ചും തങ്ങളുടെ ദര്‍ശനങ്ങളെയും കീര്‍ത്തനങ്ങളെയും സുഗമമായി മാര്‍ക്കറ്റ് ചെയ്യുകയാണീ അമ്മയെ പോലുള്ള ആത്മീയാചാരികള്‍. അതിനായി നേരിന്‍റെ പക്ഷത്ത് നില്‍ക്കേണ്ട മാധ്യമങ്ങളെ കൂട്ടുപിടിച്ച് ബിസിനസ്സ് പ്രചാരണത്തിന് ആക്കം കൂട്ടുകയും ചെയ്യുന്നു. മാധ്യമങ്ങള്‍ നിര്‍മ്മിക്കുന്ന പ്രചാരണ തന്ത്രങ്ങളുടെ സ്വാധീന വ്യാപ്തി അറിയാന്‍ ഈ സുധാമണിയെ അമ്മയാക്കി മാറ്റിയ മാതൃഭൂമിയുടെ പങ്ക് തന്നെ ധാരാളമാണ്. ആശ്രമകേന്ദ്രങ്ങളിലെ ജല്‍പനങ്ങള്‍ മുതല്‍ ശ്വാസോച്ഛാസങ്ങള്‍ക്ക് വരെ കോളങ്ങള്‍ നിരത്തി, അച്ചടിച്ചു വരുന്നതെന്തും അതേ പടി വിഴുങ്ങുന്ന അക്ഷരാരാധകരുടെ വന്‍ സമൂഹത്തെ തന്നെ സൃഷ്ടിച്ചെടുക്കാന്‍ അമ്മക്കും മാതൃഭൂമിക്കും സാധിച്ചുവെന്നതാണ് യാഥാര്‍ത്ഥ്യം.
ജീവനകലയുടെ ആചാര്യനായ ശ്രീ രവിശങ്കറും മന:ശാന്തി പാക്കറ്റുകള്‍ മൊത്തമായും ചില്ലറയായും വില്‍പന നടത്തി ആഗോള ആത്മീയ വിപണിയിലെ പ്രചാരമുള്ള ആള്‍ദൈവമായി മാറിയിരിക്കുകയാണിന്ന്. ഇന്ത്യയിലെ ബഹുരാഷ്ട്ര കമ്പനികളിലെ എക്സിക്യൂട്ടിവുകള്‍ക്ക് മുഴുവന്‍ മന:ക്ലേശ നിര്‍മാര്‍ജനത്തിന് പാക്കേജുകള്‍ ഓഫര്‍ ചെയ്ത് കോടികള്‍ വാരിക്കൂട്ടുകയാണിന്നിയാള്‍. എസ്കോട്ടല്‍, വിപ്രോ, ഡാബര്‍, വേം, ഓര്‍ഗാനിക്സ് തുടങ്ങിയ പേരുകളില്‍ ജീവന കലാ പരിശീലനം കൊഴുപ്പിക്കുകയാണ് രവിശങ്കര്‍. മഹര്‍ഷി മഹേഷ് യോഗിയുടെ ‘അതിന്ദ്രീയ ധ്യാനം’ വ്യക്തിത്വ വികാസത്തിന്‍റെ പേരിലും ആഗോള പ്രചാരം നേടിക്കൊണ്ടിരിക്കുന്ന മറ്റൊരു ആത്മീയ ബിസിനസ്സ് വിപണിയാണ്. ഇന്ത്യന്‍ പെട്രോ കെമിക്കല്‍ കോര്‍പ്പറേഷന്‍, ദി ഓറിയന്‍റല്‍ ബാങ്ക്, ടാറ്റാ ടീ, തുടങ്ങിയവര്‍ മഹേഷ് യോഗിയില്‍ നിന്ന് മന:സമാധാനം സ്വീകരിച്ച് വികസിക്കുന്ന ചില കമ്പനികളാണ്.

ആള്‍ദൈവങ്ങളും രാഷ്ട്രീയ ഭാവിയും
ഇന്ദപ്രസ്ഥത്തിലെ അധികാര കസേരകളിലിരുന്ന് രാജ്യം ഭരിക്കുന്ന പ്രധാനമന്ത്രി ആള്‍ദൈവങ്ങളുടെ അപദാനങ്ങളെ വാഴ്ത്തുന്നതും അവര്‍ക്ക് അഭിവാദ്യങ്ങളര്‍പ്പിക്കുന്നതും നാം പലവുരു കണ്ടതാണ്. ഇപ്പോള്‍ ബലാത്സംഗക്കേസില്‍ ജയില്‍ ശിക്ഷ അനുഭവിക്കുന്ന ഗുര്‍മീത് റാം റഹീം സിംഗും മോഡിയുടെ അധികാര വാഴ്ചയില്‍ മുഖ്യ പങ്ക് വഹിച്ച വ്യക്തിയാണ്. 2014 ലെ തിരഞ്ഞെടുപ്പില്‍ ഗുര്‍മീതിന്‍റെ ആശ്രമങ്ങളില്‍ അടയിരുന്നതാണ് ഹരിയാനയില്‍ ഒറ്റക്ക് അധികാരത്തിലേറാന്‍ ബി.ജെ.പി ക്ക് തുണയായത്. സിംഗ് കുറ്റക്കാരനാണെന്ന് കോടതി വിധിച്ചപ്പോഴും, ഹരിയാനയിലെ ബി.ജെ.പി സര്‍ക്കാര്‍ അനുയായികള്‍ക്ക് പ്രകോപനങ്ങള്‍ക്ക് വഴി തുറന്ന് കൊടുത്തതിലെ രാഷ്ട്രീയ ഭാവിയും മറ്റൊന്നുമല്ല. വരാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ ഗുര്‍മീത് അനുയായികളുടെ വോട്ട്ബാങ്ക് വഴുതിപ്പോവുമോയെന്ന ഭയം തന്നെയാണ്.
സംഘപരിവാര്‍ ആലയങ്ങളില്‍ അസന്നിഗ്ധമായ് നിലയുറപ്പിച്ചവരില്‍ ഗുര്‍മീത് മാത്രമല്ല ഉള്‍പെടുന്നത്. ബലാംത്സംഗക്കേസില്‍ വിചാരണ നേരിടുന്ന ആശാറാം ബാപ്പുവും ബി.ജെ.പി, ഫാഷിസ്റ്റ് രാഷ്ട്രീയത്തിനു വേണ്ടി പാല്‍ കൊടുത്ത് വളര്‍ത്തിയ ആള്‍ദൈവവ്യവസായികളില്‍ പ്രധാനിയായിരുന്നു. കള്ളച്ചാരായം കടത്തിയിരുന്ന ആശാറാം ബാപ്പുവിനെ ആത്മീയ നേതാവാക്കി മാറ്റി. അദ്ദേഹത്തോടൊപ്പം വേദി പങ്കിട്ട് അധികാര കസേര ഉറപ്പിച്ചിരുന്ന നരേന്ദ്രമോഡിയുടെ ഗുജറാത്ത് ചരിത്രത്തിലും ഈ കപട ആത്മീയചാര്യന്മാരുടെ പിന്തുണ കാണാനാവും. എന്നല്ല, വ്യവസായ സാമ്രാജ്യത്തിന്‍റെ അധിപനായ വാഴുന്ന രാംദേവും മാതാ അമൃതാനന്ദമ്മയും ശ്രീ രവിശങ്കറുമടങ്ങുന്ന ആത്മീയാചാര്യന്മാരെല്ലാം കേന്ദ്ര ഭരണത്തിന്‍റെ സ്വാധീനവലയത്തിലാണിന്നു തഴച്ചു വളരുന്നത്. ഈ അധികാര പിന്‍ബലത്തില്‍ ബലാത്സംഗം മുതല്‍ കൊലപാതകം വരെ അരമനകളില്‍ വിഘ്നമൊട്ടുമില്ലാതെ നടക്കുന്നുണ്ട്. ഗുര്‍മീതിനെതിരെ വാര്‍ത്ത പ്രസിദ്ധീകരിച്ച മാധ്യമപ്രവര്‍ത്തകനെ വര്‍ഷങ്ങള്‍ക്കു മുമ്പ് തന്നെ കൊന്ന് കളഞ്ഞത് ഇതിനുദാഹരണമാണ്. ആശാറാം ബാപ്പുവിനെതിരെ സാക്ഷി മൊഴി നല്‍കിയവരെല്ലാം അക്രമിക്കപ്പെട്ടതും മൂന്നു പേര്‍ വെടിയേറ്റ് മരിച്ചതും എല്ലാം ആള്‍ദൈവ വ്യവസായത്തിനു പിന്നിലെ രാഷ്ട്രീയ ശക്തിയെ ബോധ്യപ്പെടുത്തി തരുന്നു.
സവര്‍ണ്ണ ഫാസിസത്തിന് കാലങ്ങളായി അകല്‍ച്ചയിലുള്ള കീഴാളവര്‍ഗത്തിലേക്കുള്ള പാലമായി ആള്‍ദൈവങ്ങളെ ഉപയോഗപ്പെടുത്തി. ഇവരിലൂടെ വിശാല ഹിന്ദുത്വ ഐക്യവും, ഏകീകൃത ഹിന്ദു വോട്ടുബാങ്കിങ്ങും അനായാസം സാധ്യമാക്കാമെന്ന തിരിച്ചറിവാണ് ആള്‍ദൈവ വ്യവസായത്തിന് പ്രചാരം നല്‍കി വളര്‍ത്തുന്നതിലെ ബി.ജെ.പി യുക്തി. എന്നാല്‍ ഈ ഫാസിസ്റ്റ് യുക്തിയെ തിരിച്ചറിഞ്ഞ് കപട ആത്മീയാചാര്യന്മാരുടെ പിന്നാമ്പുറങ്ങളിലെ യാഥാര്‍ത്ഥ്യങ്ങളെ പുറത്തു കൊണ്ടു വന്നാല്‍ മാത്രമേ ഇന്ത്യയിലെ ജനാധിപത്യത്തിന് തന്നെ നിലനില്‍പ്പുണ്ടാവൂ…
ആത്മീയത എന്നാല്‍ അരമിനുട്ട് നേരത്തെ നിശ്വാസ ‘യോഗ’ കൊണ്ട് നേടിയെടുക്കാവുന്ന നിര്‍വൃതിയോ, ഒരു മിനുട്ട് നേരത്തെ ആള്‍ദൈവാ ആലയത്തിലെ സാന്നിദ്ധ്യം കൊണ്ട് ആവാഹിക്കാവുന്ന ഒറ്റമൂലിയോ, ആള്‍വ്യത്യാസമില്ലാത്ത ആലിംഗന സപര്യ കൊണ്ട് പകുത്ത് നല്‍കാവുന്ന ട്രീറ്റുമെന്‍റോ അല്ല, മറിച്ച് ധര്‍മനിരതമായ ജീവിതമാണതിന്‍റെ അന്തസത്ത. സൃഷ്ടിച്ചു പരിപാലിച്ച നാഥനെ മനസ്സിലിരുത്തുന്നത് വഴി ലഭ്യമാകുന്ന അമൂല്യമായ ഔന്നിത്യമാണത്. ആ ആത്മീയതയില്‍ കെട്ടുകാഴ്ചക്കാര്‍ക്കോ കപട ആള്‍ദൈവങ്ങള്‍ക്കോ സ്ഥാനമില്ല. എന്നല്ല, അപകടകരമായ ആള്‍ദൈവവ്യവസായത്തിലൂടെ മനുഷ്യന്‍റെ ആത്മീയ ദാഹത്തെ ചൂഷണം ചെയ്യുന്ന വ്യാജ ആത്മമീയാചാര്യന്മാരെ ഒറ്റപ്പെടുത്തുന്നത് വഴി യഥാര്‍ത്ഥ ആത്മീയത സംരക്ഷിക്കപ്പെടുകയാണ് ചെയ്യുന്നത്. അങ്ങനെ ഖുര്‍ആന്‍ അടിവരയിട്ടു പ്രഖ്യാപിച്ച അല്ലാഹുവിന്‍റെ സ്മരണ ഹൃദയാന്തരങ്ങളില്‍ നിറച്ചുള്ള ആത്മശാന്തിയുടെ വാഹകരായി മാറാന്‍ നമുക്കാവണം.

ശഹീദ് കാവനൂര്‍

Leave a Reply

Your email address will not be published. Required fields are marked *