പ്രവാചകര്‍(സ്വ) യുടെ ജീവിതം എല്ലാത്തിലും മാതൃകയെന്ന പോലെ ജനസമ്പര്‍ക്കത്തിലും സാമൂഹിക ഇടപെടലുകളിലും നമുക്ക് വ്യക്തമായ മാതൃക നല്കുന്നു. മനഃശാസ്ത്രപരമായി ഓരോ വ്യക്തികളെയും സമീപിക്കാനുള്ള കഴിവ് മുത്ത്നബി(സ്വ)യെ മറ്റുള്ളവരില്‍ നിന്ന് വ്യതിരിക്തമാക്കുന്നു. സമൂഹത്തെ എങ്ങനെ അഭിമുഖീകരിക്കണമെന്നതിന് കൃത്യമായ മാര്‍ഗ്ഗ നിര്‍ദേശം നല്കി സ്വജീവിതത്തിലൂടെ പ്രവാചകര്‍ മാതൃക കാണിച്ചുതന്നിട്ടുണ്ട്. സഹോദരനെന്തിഷ്ടപ്പെടുന്നുവോ അത് നമ്മളും ഇഷ്ടപ്പെടുന്നതുവരെ പൂര്‍ണ്ണ വിശ്വാസിയാവുകയില്ല എന്ന പ്രവാചകാധ്യാപനം അടിവരയിടുന്നത് സാഹോദര്യ സംസ്ഥാപനത്തിന്റെ ആവശ്യകതയിലേക്കാണ്.
വഴിയിലൂടെ ഒരു വ്യക്തി നടന്നു വരുമ്പോള്‍ അദ്ദേഹത്തിന്റെ നിറപുഞ്ചിരിയാണ് സമൂഹം പ്രതീക്ഷിക്കുന്നത്. ലക്ഷങ്ങള്‍ വിലമതിക്കാവുന്ന പുഞ്ചിരിക്ക് അദ്ദേഹം പിശുക്ക് കാണിച്ചാല്‍ സമൂഹത്തോട് ചെയ്യുന്ന അക്രമമാണ്. പ്രസ്തുത ആശയത്തെ പ്രവാചകര്‍ ചൂണ്ടിക്കാട്ടുന്നത് നോക്കുക: ഒരു സത്യവിശ്വാസിയുടെ ഹൃദയത്തില്‍ സന്തോഷം വിതറുകയെന്നത് മഹത്തായ ധര്‍മ്മമാണ്.
തത്വത്തില്‍ ഒതുങ്ങുന്നതായിരുന്നില്ല പ്രവാചകരുടെ സാമൂഹിക ഇടപെടലുകള്‍. പ്രായോഗിക തലത്തിലും മുത്ത് നബി വിജയിച്ചു. ആകര്‍ഷകമായ പെരുമാറ്റമായിരുന്നു നബിയുടേത്. കണ്ടുമുട്ടുന്നവരോടെല്ലാം പ്രസന്ന വദനനായി സൗഹൃദത്തോടും അനുകമ്പയോടും കൂടി മാത്രമേ പെരുമാറുകയൊള്ളൂ. ആളുകള്‍ക്ക് അവര്‍ അര്‍ഹിക്കുന്ന സ്ഥാനം കല്പിച്ചു നല്‍കുമായിരുന്നു. ചിലപ്പോള്‍ അവര്‍ക്കു വേണ്ടി തന്റെ ജോലികള്‍ മാറ്റിവെച്ച് അവരെ പരിഗണിക്കുമായിരുന്നു. ഇന്നത്തെ സമൂഹത്തിന് നഷ്ടപ്പെട്ട പ്രതാപവും മറ്റൊന്നല്ല. രണ്ടാള് നടന്നു പോവുമ്പോള്‍ ഒരാള്‍ അകലെയുള്ള സുഹൃത്തിനോട് സംസാരിക്കുകയാണ്. ആധുനിക സമൂഹം അകലെയുള്ളവരോട് സംസാരിക്കുകയും അടുത്തുള്ളവരെ അവഗണിക്കുകയും ചെയ്യുകയാണ്. മറ്റുള്ളവരെ പരിഗണിക്കുന്നതിലൂടെ മാത്രമേ സാര്‍ത്ഥകമായ മുന്നേറ്റം സാധ്യമാകൂ. കാരണം സമൂഹത്തിന്റെ അസ്വസ്ഥത പരസ്പര പരിഗണനയിലൂടെ മാത്രമേ പരിഹരിക്കാനാവൂ. മറ്റുള്ളവര്‍ക്ക് എത്ര കൂടുതലായി പരിഗണന നല്കുന്നുവോ അത്രയും കൂടുതലായി അവര്‍ നിങ്ങളെ ഇഷ്ടപ്പെടും. അംറുബ്നു ആസ്(റ) നബി(സ്വ) യോട് വഴിയില്‍ വെച്ച് സംസാരിക്കുമ്പോള്‍ അവിടുത്തെ മുഖത്ത് പുഞ്ചിരിയും സന്തോഷവും സൗഹൃദഭാവവും നിഞ്ഞിരുന്നു. ഒരു സദസ്സില്‍ അംറുബ്നു ആസ്(റ) പ്രവേശിക്കുമ്പോള്‍ നബിയുടെ മുഖത്ത് ആനന്ദം വിരിയുമായിരുന്നു. ഏറ്റവും പ്രിയങ്കരമായ പേരു കൊണ്ടായിരുന്നു അദ്ദേഹത്തെ നബി തങ്ങള്‍ വിളിച്ചിരുന്നത്.
സമ്പത്തോ രൂപമോ ഉദ്യോഗമോ അല്ല മറ്റുള്ളവരെ പരിഗണിക്കുന്നതിന്റെ മാനദണ്ഡം.മനുഷ്യന് എന്ന തലത്തിലാണ് പെരുമാറേണ്ടത്. അനസ്(റ) പറയുന്നു: സാഹിറുബ്നു ഹറാം എന്ന ഒരു ഗ്രാമീണന് മദീനയില്‍ നബി(സ്വ) യുടെ ഭവനത്തിലെത്തിയപ്പോള്‍ നബി(സ്വ)യെ കാണാനായില്ല. ദുഃഖ ഭാരത്താല്‍ അദ്ദേഹം തന്റെ പക്കലുള്ള വിഭവങ്ങളുമായി അങ്ങാടിയിലേക്ക് പുറപ്പെട്ടു. നബി(സ്വ) അദ്ദേഹത്തിന്റെ ഗമനം അറിഞ്ഞപ്പോള്‍ അദ്ദേഹത്തെ അന്വേഷിച്ച് അങ്ങാടിയില്‍ ചെന്നു. അയാള്‍ തന്റെ വിഭവങ്ങള്‍ വില്പന നടത്തുമ്പോഴാണ് റസൂല്‍(സ്വ) അവിടെ എത്തിയത്. ശരീരത്തില്‍ നിന്നും വിയര്‍പ്പു തുള്ളികള്‍ ഇറ്റി വീഴുന്നുണ്ടായിരുന്നു. ഗ്രാമീണന്റെ ഗന്ധവും വേഷവുമുണ്ടായിരുന്നു അദ്ദേഹത്തിന്. പ്രവാചകര്‍(സ്വ) അദ്ദേഹത്തെ പിറകുവശത്തിലൂടെ അണഞ്ഞു പിടിച്ചു.
നബി(സ്വ) ജനങ്ങളില്‍ ഏറ്റവും മാന്യനും ധീരനും സത്യസന്ധനും വിശ്വസ്ഥനുമായിരുന്നു. വശ്യമായ പെരുമാറ്റം കൊണ്ടും പിഴവുകള്‍ വരുത്തുമ്പോള്‍ ആളുകള്‍ക്ക് മാപ്പ് നല്കിക്കൊണ്ടുമായിരുന്നു മുത്ത് നബി(സ്വ) മനസ്സുകള്‍ പിടിച്ചെടുത്തിരുന്നത്.സമൂഹത്തെ സ്വാധീനിക്കാന്‍ പ്രയാസങ്ങള്‍ സഹിക്കുകയും അതവരെ നന്മയിലേക്ക് നയിക്കുകയും ചെയ്യുമായിരുന്നു. ഓരോരുത്തരുടെയും പ്രശ്നം തന്റെ സ്വന്തം പ്രശ്നമാണെന്ന് അവര്‍ക്ക് ബോധ്യപ്പെടുത്തും വിധം നബി(സ്വ) സംസാരിക്കുകയും പൂര്‍ണ്ണമായും അയാളിലേക്ക് തിരിഞ്ഞു കൊണ്ട് സംവദിക്കുകയും ചെയ്യും. നബി(സ്വ) യുടെ മുഖം മാത്രമല്ല, ശരീരവും കാതും മനസ്സുമെല്ലാം അയാളെ ശ്രദ്ധിക്കും.
പൊതുവെ ജനങ്ങളുടെ ഹൃദയങ്ങള്‍ കീഴടക്കിയുമായിരുന്നു പ്രവാചകര്‍ പ്രബോധന ദൗത്യം നിര്‍വ്വഹിച്ചത്. നബി(സ്വ) അവരുടെ മനസ്സിന് എപ്പോഴും സന്തോഷം പകരുമായിരുന്നു. മനസ്സുകളെ രസിപ്പിക്കുന്നതിനാല്‍ മുത്തിന്റെ സാമീപ്യം ഏവരും ആഗ്രഹിച്ചു. അങ്ങനെ 23 സംവത്സരങ്ങള്‍ കൊണ്ട് പ്രവാചകര്‍ അറേബ്യന്‍ ജനതയെ സംസ്കരിച്ചെടുക്കുകയായിരുന്നു.
നിസാമുദ്ധീന്‍ പുഴക്കാട്ടിരി