അടിസ്ഥാനപരമായി സന്തോഷം തേടി കൊണ്ടിരിക്കുന്നവനാണ് മനുഷ്യന്. വേദനകളും ദു:ഖങ്ങളും അവന് ആഗ്രഹിക്കുന്നില്ല. സുഖവും സന്തോഷവും അന്വേഷിക്കുക എന്ന പ്രാഥമികാവശ്യം പൂര്‍ണ്ണമായും അവഗണിക്കാതെ അവനെ ആത്മീയ ലോകത്തേക്ക് ക്ഷണിക്കുകയാണ് പരിശുദ്ധ ഇസ്ലാം. പൊടുന്നനേ സമ്പൂര്‍ണ്ണ പരിത്യാഗം ചെയ്തു കൊണ്ടോ അമിതമായ ഭൗതികഭ്രമം കൊണ്ടോ അല്ല മുസ്ലിം ജീവിക്കേണ്ടത്. സമ്പത്ത് ചെലവഴിക്കാതെ പിടിച്ചു വെക്കുന്നതിനെയോ അമിതമായി ചെലവഴിക്കുന്നതിനെയോ ഇസ്ലാം പ്രോത്സാഹിപ്പിക്കുന്നില്ല. മധ്യമ നിലപാടിലൂടെയാണ് അല്ലാഹു പ്രദാനം ചെയ്യുന്ന സന്മാര്ഗത്തിലേക്ക് മനുഷ്യര്‍ ചെന്നെത്തേണ്ടത്. എന്നാല്‍ ജീവിതത്തിന്റെ അത്യാന്തികമായ ലക്ഷ്യം മറന്ന്കൊണ്ട് ഐഹിക ജീവിതത്തിന്റെ നശ്വരമായ ആസ്വാദനങ്ങളില്‍ പലപ്പോഴും അവര്‍ വീണു പോകുന്നു. അപ്പോഴാണ് ഭക്ഷണം, പാര്‍പ്പിടം, വസ്ത്രം, ജലം, വാഹനം, സമയം തുടങ്ങി നിത്യ ജീവിതത്തില്‍ അത്യന്താപേഷിതമായ വസ്തുതകളെ അനാവശ്യമായി ചെലവഴിക്കുന്നതിലേക്കും, ദാരിദ്ര്യം കൊടുമുടിയിലെത്തിയാലും ആഢ്യത്വത്തിന് ക്ഷതമേല്‍ക്കരുത് എന്ന കാഴ്ച്ചപ്പാടിലേക്കും ജനങ്ങള്‍ മാറുന്നത്. പലപ്പോഴും വലിയ പ്രശ്നങ്ങളുടെയും സംഘര്‍ഷങ്ങളുടെയും ഇടയില്‍ ജീവിക്കുന്നവര്‍ പോലും ധൂര്‍ത്തിന് പച്ചക്കൊടി വീശുന്നു. ഈയൊരു സാഹചര്യത്തില്‍ വിശുദ്ധ ഖുര്‍ആനിക വചനങ്ങളും പ്രവാചകധ്യാപനങ്ങളും നമ്മെ ചിലത് പഠിപ്പിക്കുന്നുണ്ട്.
ഒരു മധ്യമ സമൂഹമായിട്ടാണ് അല്ലാഹു തആല മുസ്ലിംകളെ വിലയിരുത്തുന്നത്. ഖുര്‍ആന്‍ പറയുന്നത് കാണുക. ‘ ചിലവഴിക്കുകയാണെങ്കില്‍ അമിതവ്യയം നടത്തുകയോ പിശുക്കു കാണിക്കുകയോ ചെയ്യാതെ മധ്യമ നിലപാട് സ്വീകരിക്കുന്നവരാകുന്നു അവര്‍’ (ഫുര്‍ഖാന്‍:67) ‘ അവര്‍ ധൂര്‍ത്തിനും പിശുക്കിനും മധ്യേയാണ് ചെലവഴിക്കുക’ ( ഇസ്റാഅ് : 29)
അല്ലാഹു ജനങ്ങളെ ബുദ്ധിമുട്ടാക്കാതെയാണ് നിയമങ്ങള്‍ കല്‍പ്പിക്കുന്നത്. ആരാധനയിലാവട്ടെ, ആഘോഷങ്ങളിലാവട്ടെ എല്ലാത്തിലും മിതവും സന്തുലിതവുമായ രീതിയും ശൈലിയുമായിരിക്കണം വിശ്വാസി അനുവര്‍ത്തിക്കേണ്ടത്. പ്രതിസന്ധികളും സംഘര്‍ഷങ്ങളും വര്‍ദ്ധിച്ചു കൊണ്ടിരിക്കുമ്പോള്‍ ഇസ്ലാമികദര്‍ശനങ്ങളില്‍ ഉറച്ച് നിന്ന് അവയെ മറികടക്കാനുള്ള മാര്‍ഗങ്ങള്‍ വിശ്വാസികള്‍ അവലംബിക്കേണ്ടതുണ്ട്.
ധനം
ധനം ചിലവഴിക്കുന്നതിനെ പറ്റിയും അത് സമ്പാദിക്കുന്നതിനെ പറ്റിയും ഇസ്ലാമില്‍ കൃത്യമായ നിര്‍ദ്ദേശങ്ങളുണ്ട്. അമിതമായി ചിലവഴിക്കുന്നതും പിശുക്ക് കാണിക്കുന്നതും വിശ്വാസിക്ക് യോജിച്ച സ്വഭാവമല്ല. മൂന്ന് വിഭാഗം വിശ്വാസികളെ കുറിച്ച് ഖുര്‍ആന്‍ വിശദീകരിക്കുന്നത് കാണാം.
ധാരാളം നന്മകളും വിശാലമായ സമ്പത്തും ലഭിച്ചവരാണ് ഒരു വിഭാഗം. അവര്‍ സമ്പത്തും അനുഗ്രഹങ്ങളും നേരായ രൂപത്തില്‍ ചിലവഴിക്കുകയും പരീക്ഷണത്തില്‍ വിജയിക്കുകയും ചെയ്യും. തിന്മ കൊണ്ടും ദാരിദ്ര്യം കൊണ്ടും പരീക്ഷിക്കപ്പെട്ടവരാണ് മറ്റൊരു വിഭാഗം. എന്നാലും ഈ പരീക്ഷണത്തില്‍ അവര്‍ വിജയിക്കും. മൂന്നാമത്തെ വിഭാഗം, വലിയ അനുഗ്രഹങ്ങളും അതുപോലെ പലവിധത്തിലുള്ള ബുദ്ധിമുട്ടുകളും നേരിടുന്നവരാണ്. അവരതിന് നന്ദി കാണിക്കുകയും ക്ഷമിക്കുകയും ചെയ്യുന്നു. “നിങ്ങളുടെ സ്വത്തുക്കളും സന്താനങ്ങളും ഒരു പരീക്ഷണമാണെന്നും അല്ലാഹുവിങ്കലാണ് മഹത്തായ പ്രതിഫലമുള്ളതെന്നും നിങ്ങള്‍ മനസ്സിലാക്കുകയും ചെയ്യുക”( അന്‍ഫാല്‍: 28) എന്ന് ഖുര്‍ആന്‍ വിശ്വാസികളെ ഓര്‍മപ്പെടുത്തുന്നത് കാണാം.
സമ്പത്ത് അധികരിക്കല്‍ അനുഗ്രഹമാണെന്നതു പോലെ പരീക്ഷണവുമാണ്. സാമ്പത്തിക വളര്‍ച്ച പല കുറ്റകൃത്യങ്ങളിലേക്കും പ്രേരിപ്പിക്കും. ഇതിനെ കുറിച്ച് നബി (സ) പറഞ്ഞു വെച്ചത് ഇങ്ങനെയാണ് ‘ എല്ലാ സമുദായത്തിലും നാശങ്ങളുണ്ട്, “എന്റെ സമുദായത്തിന്റെ നാശം സമ്പത്താകുന്നു”. (തുര്‍മുദി) സകാത്ത് മാത്രം നല്കി മറ്റു സല്കര്മങ്ങളില് സമ്പത്ത് വിനിയോഗിക്കാത്തവര്‍ ജീവിത പരീക്ഷണത്തില്‍ പരാജയപ്പെട്ടവരാണ്. അങ്ങനെയെങ്കില്‍ സകാത്ത്പോലും വീട്ടാന്‍ കഴിയാത്തവര്‍ അതിലും വലിയ ഹതഭാഗ്യരാണ്. സമ്പത്ത് കുറയുമോ എന്ന വ്യാകുലപ്പെട്ട് മതനിയമത്തോട് നീരസം പ്രകടിപ്പിക്കുന്നവര്‍ ധൂര്‍ത്തിന് തലവെച്ചു കൊടുക്കുന്നതിന്റെ യുക്തി പിടി കിട്ടുന്നില്ല. ഇവരെ കുറിച്ചാണ് നബി (സ) ഇങ്ങനെ പറഞ്ഞത് ” നിങ്ങളുടെ സ്വത്തുക്കളും സന്താനങ്ങളും ഒരു പരീക്ഷണം മാത്രമാകുന്നു, അല്ലാഹുവിങ്കലാണ് മഹത്തായ പ്രതിഫലമുള്ളത്, അതിനാല്‍ നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുക, നിങ്ങള്‍ കേള്‍ക്കുകയും അനുസരിക്കുകയും നിങ്ങള്‍ക്കു തന്നെ ഗുണകരമായ രൂപത്തില്‍ ചിലവഴിക്കുകയും ചെയ്യുക. ( ഖുര്‍ആന്‍ 64: 15,16)
സമ്പത്ത് എങ്ങനെ ഉപയോഗിക്കണമെന്ന് ഖുര്‍ആനില്‍ കൃത്യമായി നിര്‍ദ്ദേശം നല്‍കുന്നുണ്ട്. ” താങ്കളുടെ കരങ്ങള്‍ പിരടിയിലേക്ക് ബന്ധിപ്പിക്കപ്പെട്ടതാവരുത്. പാടെ നീട്ടിയതുമാവരുത്. അങ്ങനെ ചെയ്യുന്ന പക്ഷം താങ്കള്‍ നിന്ദിതനും ഖേദിക്കുന്നവനുമായി തീരും” ( ഇസ്റാഅ് 29,30). സമ്പത്ത് പിടിച്ചുവെക്കുകയോ അമിതമായി ചിലവഴിക്കുകയോ അരുതെന്നാണ് ഈ സൂക്തത്തിലൂടെ അല്ലാഹു പഠിപ്പിക്കുന്നത്.
ഭക്ഷണം
ജീവിക്കാന്‍ വേണ്ടി തിന്നുക, തിന്നാന്‍ വേണ്ടി ജീവിക്കരുത് എന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുന്നവരായിരിക്കണം വിശ്വാസികള്‍. ഭക്ഷണം അതിജീവനത്തിനു പകരം അലങ്കാരത്തിനായിരിക്കുന്നു എന്നത് ഏറെ സങ്കടകരമാണ്. വിവാഹ സല്‍ക്കാരങ്ങളും റസ്റ്റോറന്റുകളും ധൂര്‍ത്തിന്റെ പര്യായങ്ങളായി മാറിയിരിക്കുന്നു. ” അയല്‍വാസി പട്ടിണി കിടക്കുമ്പോള്‍ വയര്‍ നിറക്കുന്നവന് നമ്മില്‍ പെട്ടവനല്ല” എന്ന തിരു വചനം പാടെ തിരസ്ക്കരിക്കപ്പെട്ടിരിക്കുന്നുവെന്നതാണ് യാഥാര്‍ത്ഥ്യം. പ്രഭാതം മുതല്‍ പ്രദോഷം വരെ ലഭിക്കുന്ന നോമ്പിന്റെ ചൈതന്യത്തെ കരിച്ചു കളയുന്ന രൂപത്തില്‍ നോമ്പു തുറകളിലെ ധൂര്‍ത്ത് അനുദിനം വര്‍ധിച്ചു കൊണ്ടിരിക്കുകയാണ്. ലഭിക്കുന്ന ഭക്ഷണം അനുവദനീയ രൂപത്തില്‍ സമ്പാദിച്ചതാണോയെന്ന ചിന്തകള്‍ക്ക് ഒട്ടും പ്രസക്തിയേയില്ല. അല്ലാഹു പറയുന്നു “നിങ്ങള്‍ക്ക് നല്കിയിട്ടുള്ളതില് നിന്ന് അനുവദനീയമായതും ഉത്തമമായതും നിങ്ങള്‍ ഭക്ഷിച്ചു കൊള്ളുക, അല്ലാഹുവിനെ നിങ്ങള്‍ ഭയപ്പെടുകയും ചെയ്യുക “. (മാഇദ 88).
ദരിദ്രരുടെ എണ്ണം ദിനംപ്രതി വര്‍ദ്ധിച്ചു കൊണ്ടിരിക്കുന്നു. ദാരിദ്ര്യത്തിന്റെയും പട്ടിണിയുടെയും കാഠിന്യം റമളാന്‍ മാസത്തിലൂടെയെങ്കിലും അനുഭവിച്ചറിഞ്ഞവരാണ് വിശ്വാസികള്‍. എന്നിട്ടും ദരിദ്രരെ അകറ്റി നിര്‍ത്തിയുള്ള ജീവിതക്രമമാണ് ഇന്നുള്ളത്. ആധുനികതക്ക് സമരസപ്പെട്ട് കൊണ്ട് പാരത്രിക ജീവിതത്തെ തിരസ്ക്കരിക്കുന്ന സമൂഹമായി അവര്‍ പരിവര്‍ത്തനപ്പെട്ടിരിക്കുന്നു. അല്ലാഹുവിന്റെ അനുഗ്രഹങ്ങളില്‍ മതിമറന്നു പോയവര്‍ യഥാര്‍ത്ഥത്തില്‍ നാഥന്റെ പരീക്ഷണത്തില്‍ പരാജയപ്പെടുകയാണ് ചെയ്യുന്നത്.
മറ്റുള്ളവരെ ഭക്ഷിപ്പിക്കുന്നതിന് ഏറെ പ്രോത്സാഹനം നല്കുന്ന മതമാണ് പരിശുദ്ധ ഇസ്ലാം. ലോകത്ത് നൂറു കോടിയോളം വരുന്നവര്‍ ഒരു നേരത്തെ വിശപ്പടക്കാന്‍ പോലും പ്രയാസപ്പെടുന്നുവെന്ന നഗ്ന സത്യം ആരുടേയും ഉളളുലയ്ക്കാന്‍ പോന്നതാണ്. ഇത്തരമൊരു ചിത്രം ബാക്കി നില്ക്കെത്തന്നെ ദിനേനെ പാഴായിപ്പോകുന്ന ഭക്ഷണങ്ങളുടെ കണക്കുകള്‍ ആരെയും ഞെട്ടിപ്പിക്കും. വിശക്കുന്നവരുടെ വിശപ്പകറ്റല്‍ ഒരു വിശ്വാസിയുടെ പ്രധാനപ്പെട്ട കടമകളില്‍ പെട്ടതായി ഖുര്‍ആന്‍ എണ്ണുന്നുണ്ട്. ഈ സല്‍പ്രവൃത്തിയുടെ മഹിമ നഷ്ടപ്പെടുത്തുന്ന പ്രവണതയാണ് ഇന്ന് കാണാന്‍ സാധിക്കുക. ധൂര്‍ത്തില്‍ അകപ്പെട്ടവര്‍ ഐഹിക ജീവിതത്തെ അനശ്വര ജീവിതാവസരമായി കാണാനും പരമാവധി ആസ്വദിക്കാനും നിരന്തരം ശ്രമിച്ചു കൊണ്ടിരിക്കുന്നു. പാരത്രികമെന്ന യഥാര്‍ത്ഥ ആസ്വാദനം നുകരാനുള്ളതായി മാറണം വിശ്വാസിയുടെ ജീവിതം.
പാര്‍പ്പിടം
കൂട്ടുകുടുംബ വ്യവസ്ഥിതിയായിരുന്നു സാമൂഹിക ജീവിത ക്രമങ്ങളെ പോറലേല്‍ക്കാതെ മുന്നോട്ടു കൊണ്ടു പോയിരുന്നത്. ഇതിനു വിപരീതമായ ന്യൂക്ലിയര്‍ കുടുംബ വ്യവസ്ഥിതിയിലേക്ക് സമൂഹം മാറിയതു മുതല്‍ ശൈഥില്യങ്ങള് ഉടലെടുത്തുവെന്നതാണ് യാഥാര്‍ത്ഥ്യം. ജീവിതം തന്നിലേക്ക് ചുരുക്കികൂട്ടുന്നവര് അപരരുടെ വേദനകള്ക്കെങ്ങെനെ ചെവിയോര്ക്കാനാണ് ? തന്റെ വീട് ഏറ്റവും മികച്ചു നില്‍ക്കണം എന്നു വാശി പിടിക്കുന്നവര്‍ മറ്റുള്ളവരുമായി നിരന്തരം മാത്സര്യത്തിലേര്പ്പെട്ടു കൊണ്ടിരിക്കുകയാണ്. അന്തിയുറങ്ങാന്‍ ഒരിടം എന്നതിലുപരി ഗര്‍വ്വ് നടിക്കാന്‍ അംബരചുംബികളായ മണിമാളികകള്‍ പടുത്തുയര്‍ത്തുന്ന തിരക്കിലാണ് സമൂഹം. ഇത്തരത്തില്‍ അമിതവ്യയം നടത്തി ഇരുലോകവും കളഞ്ഞു കുളിക്കുന്നവരോട് ഖുര്‍ആന്‍ പറയുന്നത് ഇങ്ങനെയാണ് ” ഈ ഐഹിക ജീവിതം വിനോദവും കളിയുമല്ലാതെ മറ്റൊന്നുമല്ല, തീര്‍ച്ചയായും പരലോകം തന്നെയാണ് യഥാര്‍ഥ ജീവിതം, അവര്‍ മനസ്സിലാക്കിയിരുന്നെങ്കില്‍” ( അന്‍കബൂത്) ഐഹിക ലോകത്ത് അഭിരമിച്ച് ആത്മീയ ലോകത്തെ തിരസ്ക്കരിക്കുന്ന ബുദ്ധിശൂന്യമായ ദേഹങ്ങളിലേക്ക് ഖുര്‍ആന്‍ നിരന്തരം മുന്നറിയിപ്പുകള്‍ നല്‍കുന്നുണ്ട്. ഇത്തരം താക്കീതുകള്‍ ഉള്‍കൊണ്ട് അല്ലാഹുവിന്റെ പരീക്ഷണങ്ങളില്‍ വിജയത്തിന്റെ പാരമ്യത്തിലെത്തിയവരാണ് വിശ്വാസികള്‍. ഐഹിക ജീവിതാലങ്കാരങ്ങളില്‍ മതിമറന്നു പോയവര്‍ക്ക് വ്യക്തമായ ഉദാഹരണം ഖുര്‍ആനിലുണ്ട്. ” അവര്‍ പറഞ്ഞു : ജീവിതമെന്നാല്‍ നമ്മുടെ ഐഹിക ജീവിതം മാത്രമാകുന്നു”. നാം മരിക്കുന്നു. നാം ജീവിക്കുന്നു. നമ്മെ നശിപ്പിക്കുന്നത് കാലം മാത്രമാകുന്നു. (വാസ്തവത്തില്‍) അവര്‍ക്ക് അതിനെ പറ്റി യാതൊരു അറിവുമില്ല, അവര്‍ ഊഹിക്കുക മാത്രമാകുന്നു” (ജാസിയ : 24)
ഇസ്ലാമിന്റെ നിര്‍ദ്ധേശങ്ങള്‍ക്കും കല്പ്പനകള്ക്കും അധിഷ്ഠിതമായ സല്പ്രവര്ത്തികള് കൊണ്ട് നിഷ്പ്രയാസം വിശ്വാസികള്‍ക്ക് ധൂര്‍ത്തില്‍ നിന്ന് രക്ഷ നേടാവുന്നതാണ്. ആനക്ക് ആനയുടെ വഴി, ഉറുമ്പിന് ഉറുമ്പിന്റെ വഴി, ഇതൊരു പ്രകൃതി യാത്ഥാര്‍ഥ്യമാണ്. ഇതില്‍ ആന ഉറുമ്പിനെ പോലെയാകാനാഗ്രഹിക്കുന്നത് അബദ്ധമാണ്. മറിച്ചാണെങ്കിലും തഥൈവ. ഈ പ്രകൃതിയുടെ നിലപാട് കൂടി തിരിച്ചറിഞ്ഞാല്‍ മിതവ്യയത്തോടു കൂടെ സുന്ദരമായി ജീവിക്കാം. സമ്പന്നര്‍ നിര്‍മ്മിക്കുന്ന ആഡംബര ഭവനങ്ങള്‍ കണ്ട് തന്റെ വീടും അലങ്കാരമാക്കാന്‍ ചോര നീരാക്കുന്ന ദരിദ്രര്‍ ഈ പ്രകൃതി സത്യം തിരിച്ചറിയുന്നത് നന്നായിരിക്കും.
മറ്റു സമ്പത്തുകള്‍
മുകളില്‍ ഓര്‍മ്മപ്പെടുത്തിയ ധൂര്‍ത്ത് പ്രകടമായ വേദികള്‍ക്ക് പുറമെ വസ്ത്രം, സമയം, ആരോഗ്യം തുടങ്ങിയ അനുഗ്രഹങ്ങളില്‍ വന്നു ചേരുന്ന ധൂര്‍ത്തിനെ കണക്കിലെടുക്കാത്തവരാണധികവും. അല്ലാഹു പറയുന്നു: “ആദം സന്തതികളെ, ആരാധനാ വേളയിലൊക്കെയും നിങ്ങള്‍ക്കലങ്കാരമായിട്ടുള്ള വസ്ത്രങ്ങള്‍ അണിഞ്ഞു കൊള്ളുക നിങ്ങള്‍ ആഹരിക്കുകയും പാനം ചെയ്യുകയും ചെയ്യുക, നിങ്ങള്‍ ധൂര്‍ത്തടിക്കരുത്, ധൂര്ത്തന്മാരെ അല്ലാഹു ഇഷ്ടപ്പെടുന്നില്ല” (അഅ്റാഫ്: 31). ഉടുതുണിക്ക് മറുതുണിയില്ലാത്തവര്‍ ഒരുവശത്ത് വര്‍ദ്ധിച്ചു കൊണ്ടിരിക്കുമ്പോള്‍ ട്രെന്റുകളില്‍ അഭിരമിക്കുന്നത് ലജ്ജയോടെയല്ലാതെ കാണാന്‍ കഴിയില്ല. സമയവും ശരീരവും എത്ര വലിയ അനുഗ്രഹങ്ങളാണ്. അമിതമായി ആരാധന ചെയ്യാനോ മുഴുസമയം ദിക്റുകളില്‍ ഒതുങ്ങി നില്‍ക്കാനോ ഇസ്ലാം കല്‍പ്പിക്കുന്നില്ല. സ്വശരീരത്തോടും സമയത്തോടും നമുക്ക് ബാധ്യതകളുണ്ട്. അബ്ദുല്ലാഹി ബ്നു അംറ് (റ) വിനോട് നബി തങ്ങള്‍ ചോദിച്ചു: ” ഓ അബ്ദുല്ലാ.. എല്ലാ ദിവസവും വ്രതമനുഷ്ഠിക്കാനും എല്ലാ രാത്രികളിലും നിസ്ക്കരിക്കാനും ഞാന്‍ നിന്നോട് കല്പ്പിച്ചാലോ..?” തീര്‍ച്ചയായും അദ്ദേഹം മറുപടി പറഞ്ഞു. നബി തങ്ങള്‍ പറഞ്ഞു: “എല്ലാ ദിവസവും നോമ്പെടുക്കാനോ രാത്രി മുഴുവന്‍ നിസ്ക്കരിക്കാനോ തുനിയരുത്, നിന്റെ കണ്ണുകളോടും ശരീരത്തിനോടും ഭാര്യയോടും നിനക്ക് ബാധ്യതകളുണ്ട്”.
നമുക്ക് ഏറ്റവും വിലയേറിയത് നമ്മുടെ സമയമാണ്. നഷ്ടപ്പെട്ടാല്‍ തിരിച്ചു കിട്ടാത്ത മൂല്യമേറിയ സമ്പത്താണത്. അനാവശ്യമായി സമയം ചിലവഴിച്ചാല്‍ ഐഹികവും പാരത്രീകവുമായ നഷ്ടങ്ങള്‍ നാം സ്വയം പേറേണ്ടി വരും. ഓരോ നിമിഷവും നാം എങ്ങനെയാണ് ചിലവഴിക്കുന്നതെന്ന് അല്ലാഹു നിരീക്ഷിക്കുന്നുണ്ട്. തിരു നബി(സ്വ) പറയുന്നത് കാണാം: ജനങ്ങളില്‍ നല്ലൊരു പങ്കും വഞ്ചിതരാകുന്ന രണ്ട് അനുഗ്രഹങ്ങളാണ് ആരോഗ്യവും, ഒഴിവു സമയവും. വിശ്വാസികളൊരിക്കലും ഈ അനുഗ്രഹങ്ങളില്‍ വഞ്ചിതരാകരുത്. ചുരുക്കത്തില്‍ ഇസ്ലാം മുന്നോട്ടു വെക്കുന്ന മിതവ്യയത്തിന്റെ പാഠങ്ങള്‍ സര്‍വര്‍ക്കും സ്വീകാര്യമാണ്. എല്ലാ ധൂര്‍ത്തും എതിര്‍ക്കപ്പെടേണ്ടതാണെന്നാണ് ഇസ്ലാമിന്റെ നിലപാട്. ഭീതിജനകമായ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന വര്‍ത്തമാന സാഹചര്യത്തില്‍ മതത്തിന്റെ അദ്ധ്യാപനങ്ങള്‍ കൂടുതല്‍ പ്രോജ്ജ്വലിക്കുന്നുണ്ട്
സന്‍ഫീര്‍ മാമാങ്കര