2020 Nov-Dec Hihgligts Latest കാലികം രാഷ്ടീയം ലേഖനം

ബൈഡന്‍; അമേരിക്ക തെറ്റ് തിരുത്തുന്നു

അമേരിക്കയിലെ തീവ്ര വലതു പക്ഷ രാഷ്ട്രീയത്തിന് ശക്തമായ പ്രഹരമേല്‍പ്പിച്ചുകൊണ്ടാണ് ഡെമോക്രാറ്റ് നേതാവായ ജോസഫ് റോബിനൈറ്റ് ബൈഡന്‍ ജൂനിയര്‍ എന്ന ജോ ബൈഡന്‍ അമേരിക്കയുടെ 46ാമത് പ്രസിഡന്‍റ് പദവിയിലെത്തിയത്. അമേരിക്കന്‍ ചരിത്രത്തില്‍ ഇന്നേവരെ കണ്ടിട്ടില്ലാത്ത അതി നാടകീയമായ തിരഞ്ഞെടുപ്പ് പോരാട്ടത്തിനാണ് രാജ്യം ഈ വര്‍ഷം സാക്ഷ്യം വഹിച്ചത്. 2017 ജനുവരി 20ന് ഡൊണാള്‍ഡ് ട്രംപ് സ്ഥാനമേറ്റത് മുതല്‍ അമേരിക്കയില്‍ വര്‍ഗീയ വിത്തുകള്‍ മുളച്ച് പൊന്തിയിരുന്നു.
ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ പൂര്‍ത്തിയാകുന്നതിന് മുമ്പ് തന്നെ താന്‍ വിജയിച്ചുവെന്ന് പ്രഖ്യാപിച്ച് കൊണ്ടായിരുന്നു തനിയെ അധികാരമോഹിയെ ട്രംപ് സമൂഹ മധ്യേ തുറന്നുകാണിച്ചത്. എതിര്‍ സ്ഥാനാര്‍ത്ഥി ജോ ബൈഡന്‍റെ ലീഡ് ഉയരുന്നതിനനുസരിച്ച് തിരഞ്ഞെടുപ്പില്‍ കൃത്രിമം നടന്നുവെന്ന ആരോപണം ഉന്നയിച്ചും, തിരഞ്ഞെടുപ്പ് ഫലത്തെ കോടതിയില്‍ ചോദ്യം ചെയ്യുമെന്ന് ആക്രോശിച്ചും ട്രംപ് പരിഭ്രാന്തി പ്രകടിപ്പിച്ചുകൊണ്ടേയിരുന്നു.
വംശീയതയും കുടിയേറ്റ വിരുദ്ധതയും തീവ്ര ദേശീയതയുമെല്ലാം വാരി വിതറി ആഗോള തലത്തില്‍ തന്നെ ഏറ്റവും മലിനമായ ഒരു പ്രചാരണ കാലം നയിച്ച ട്രംപിനേറ്റ കനത്ത തിരിച്ചടി തന്നെയായിരുന്നു ഈ വിധിയെഴുത്ത്. കടുത്ത മുസ്ലിം വിരുദ്ധതയുടെ വര്‍ഷങ്ങള്‍ കൂടെയായിരുന്നു ട്രംപിന്‍റെ ഭരണകാലം. മുസ്ലിംകള്‍ അമേരിക്കന്‍ സുരക്ഷിതത്വത്തിന് ഭീഷണിയാണ്, മുസ്ലിംകളെ രാജ്യത്തേക്ക് പ്രവേശിപ്പിക്കരുത്, സന്ദര്‍ശനത്തിനെത്തുന്നവരെ പോലും വിലക്കണം, രാജ്യത്ത് മുസ്ലിംകളുടെ എണ്ണം കൂട്ടുന്നത് അപകടകരമാണ്, ആളുകളെ മനസ്സിലാക്കാനുള്ള വിവേകമില്ലാത്തവരാണ് മുസ്ലിംകള്‍ തുടങ്ങിയ അപക്വമായ വംശീയ വിഷമുള്ള സംസാരങ്ങള്‍ മുസ്ലിംകള്‍ക്കിടയില്‍ മാത്രമല്ല അന്താരാഷ്ട തലത്തില്‍ തന്നെ ട്രംപ് വിരോധികള്‍ വര്‍ദ്ധിച്ചു വരാന്‍ കാരണമായി. തിരഞ്ഞെടുപ്പ് വേദികളില്‍ പോലും ഇത്തരം തരംതാണ വംശീയത ആവര്‍ത്തിച്ചത് ബൈഡന് വോട്ടുകള്‍ വര്‍ദ്ധിക്കുന്നതിന് പ്രധാന കാരണമായിട്ടുണ്ട്. ബൈഡന്‍റെ വിജയം അമേരിക്കന്‍ മുസ്ലിംകള്‍ക്ക് വലിയൊരു ആശ്വാസമാണ്. വര്‍ഗീയതയും വിഭാഗീയതയും കൈമുതലാക്കിയ ട്രംപിന് രണ്ടാമൂഴം നല്‍കാതെ അമേരിക്കന്‍ ജനത തങ്ങള്‍ക്കു സംഭവിച്ച വലിയ ഒരു തെറ്റു തന്നെയാണ് തിരുത്തിയിരിക്കുന്നത്.
അത്യന്തം വീറോടെയും വാശിയോടെയും നടന്ന തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ അമേരിക്ക ഉയര്‍ത്തിപ്പിടിക്കുന്ന മനുശ്യാവകാശം, സാമൂഹ്യ നീതി, ജനാധിപത്യം, സ്വാതന്ത്ര്യം എല്ലാവരെയും ഉള്‍ക്കൊള്ളുന്ന ജനാധിപത്യ ബഹുസ്വര സംവിധാനം എന്നീ കാര്യങ്ങളാണ് ബൈഡന്‍ പ്രധാനമായും പ്രചരണായുധമാക്കിയത്. ഡൊണാള്‍ഡ് ട്രംപിന്‍റെ വര്‍ഗീയ വംശീയ നയങ്ങളെയും തുറന്ന് കാണിക്കാനും അദ്ദേഹം ശ്രമിച്ചു. ഇതിന് ജനങ്ങളുടെ അംഗീകാരവും ലഭിച്ചു എന്നതിന്‍റെ തെളിവാണ് അമേരിക്കന്‍ പ്രസിഡന്‍റ് പദവിയിലേക്കുള്ള അദ്ദേഹത്തിന്‍റെ പ്രയാണം. ആഫ്രോ അമേരിക്കക്കാരുടെയും ഏഷ്യക്കാരുടെയും കുടിയേറ്റക്കാരുടെയും പിന്തുണ ബൈഡന് അനുകൂലമായി വന്നിട്ടുണ്ട് എന്നതും ഇതിനോട് ചേര്‍ത്ത് വായിക്കേണ്ടതുണ്ട്. ‘വേല ീൗഹെ ീള വേല ിമശേീിچ څഅമേരിക്കയുടെ ആത്മാവ്തിരിച്ചു പിടിക്കുകچ എന്ന പേരിലുള്ള ബൈഡന്‍റെ പ്രചാരണംതന്നെ ഏറെ ശ്രദ്ധനേടിയിരുന്നു..
വംശവര്‍ണ്ണ വിവേചനമില്ലാത്ത രാജ്യം എന്നതാണ് അമേരിക്ക ഉയര്‍ത്തിപ്പിടിക്കുന്ന സമൂഹ്യ നീതി കൊണ്ട് അര്‍ത്ഥമാക്കുന്നതെന്ന അദ്ദേഹത്തിന്‍റെ നയവും സ്വാഗതാര്‍ഹമാണ്. ഈയൊരു പ്രചാരണത്തിന് കറുത്തവര്‍ഗക്കാരുടേയും ഏഷ്യക്കാരുടേയും ലാറ്റിനമേരിക്കന്‍ കുടിയേറ്റക്കാരുടെയുമെല്ലാം പിന്തുണ ലഭിച്ചു എന്നതു തന്നെയാണ് ഫലം വ്യക്തമാക്കുന്ന സൂചനകള്‍.
റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിയായിരുന്ന ട്രംപ് തിരഞ്ഞെടുപ്പിനെ ലാഘവത്തോടെ തന്നെയാണ് സമീപിച്ചത്. സാമ്പത്തിക സുസ്ഥിരതയും ദേശീയ സുരക്ഷയും ചൈനാ വിരുദ്ധതയും എല്ലാ തിരഞ്ഞെടുപ്പ് വേദികളിലും ട്രംപ് പറഞ്ഞു കൊണ്ടിരുന്നു. എന്നാല്‍ ഇതിന് വേണ്ടത്ര അംഗീകാരം ലഭിച്ചില്ലെന്ന് മാത്രമല്ല. കറുത്ത വംശജര്‍ക്കെതിരെ തുടരുന്ന അതിക്രമങ്ങളും കോവിഡ് അതിജീവന പ്രവര്‍ത്തനങ്ങളിലെ പരാജയവുമെല്ലാം ഡൊണാള്‍ഡ് ട്രംപിനെതിരെ ജനവികാരമുയരാന്‍ കാരണങ്ങളായി മാറുകയും ചെയ്തു. വംശീയ അതിക്രമങ്ങളില്‍ ഏറെ ചര്‍ച്ചയായ ജോര്‍ജ് ഫ്ളോയിഡ് സംഭവവും ഇല്‍ഹാന്‍ ഉമര്‍, റാഷിദ് ത്വലൈബ് അടക്കമുള്ള സെനറ്റ് അംഗങ്ങള്‍ക്കെതിരെ ട്രംപ് തുടര്‍ച്ചയായി നടത്തിയ വര്‍ഗീയ പരാമര്‍ശങ്ങളും അമേരിക്കന്‍ ജനതയില്‍ ട്രംപ് വിരുദ്ധത വളര്‍ത്തിയെന്ന് തിരഞ്ഞെടുപ്പ് ഫലം മനസ്സിലാക്കിത്തരുന്നുണ്ട്. അതേസമയം ബൈഡന്‍റെ നേതൃത്വം അമേരിക്കയുടെ സാമ്പത്തിക വാണിജ്യ വിദേശ നയങ്ങളിലും പ്രതിരോധ സുരക്ഷാ നയങ്ങളിലും എന്ത് മാറ്റമാണ് ഉണ്ടാക്കാന്‍ പോകുന്നതെന്നാണ് ലോകം ഇന്ന് ഉറ്റു നോക്കുന്ന മറ്റൊന്നാണ്.
അമേരിക്കയെ സംബന്ധിച്ചിടത്തോളം രാജ്യത്ത് നിലനില്‍ക്കുന്ന സാമ്പത്തിക വാണിജ്യ പ്രതിരോധ നയങ്ങളില്‍ കാതലായ മാറ്റം ആര് വന്നാലും സംഭവിക്കാന്‍ പോകുന്നില്ലായെന്ന യാഥാര്‍ത്ഥ്യം മറച്ച് വെച്ചുകൂടാ.
ട്രംപിന് മുമ്പ് രണ്ട് തവണ അമേരിക്കന്‍ പ്രസിഡന്‍റായിരുന്ന ലിബറല്‍ ചിന്താഗതിക്കാരനും വംശീയ വിരുദ്ധ ആശയക്കാരനുമായിരൂന്ന ബരാക് ഒബാമയുടെ കാലത്തും ഇതില്‍ കാര്യമായ മാറ്റമൊന്നും ഉണ്ടായിരുന്നില്ല.
ജോര്‍ജ് ബുഷ് പ്രസിഡന്‍റായിരുന്ന സമയത്ത് തുടങ്ങി വെച്ച യുദ്ധങ്ങള്‍ അവസാനിപ്പിക്കാനോ യുദ്ധോന്മുഖമായിട്ടുള്ള അമേരിക്കയുടെ വിദേശ നയത്തില്‍ നിന്ന് പിന്മാറാനോ സമാധാനത്തിനുള്ള നോബേല്‍ പ്രൈസ് ലഭിച്ച ഒബാമക്ക് പോലും സാധിച്ചിട്ടില്ല എന്നത് അമേരിക്കയുടെ പൊതുസ്വഭാവത്തെ വരച്ചു കാട്ടുന്നുണ്ട്.
ജോ ബൈഡന്‍ വരുന്നത് കൊണ്ട് അമേരിക്ക ഒരു ലിബറല്‍ ഭാവിയിലേക്ക് മാറുമെന്ന് കരുതാന്‍ ഒരുതരത്തിലും ന്യായമില്ലല്ലെന്ന് ചുരുക്കം. എങ്കിലും ട്രംപിന്‍റെ ഭരണകാലത്തേതു പോലെ വംശീയ വിരുദ്ധതയും, യുദ്ധ മുറവിളികളും താരതമ്യനെ കുറയുമെന്ന് വിശ്വസിക്കാം. ട്രംപ് ഭരണകാലത്ത് നിലനിന്നിരുന്ന അക്രമോത്സുകമായിട്ടുള്ള ഒരുവിദേശ നയം തീര്‍ച്ചയായിട്ടും ബൈഡനില്‍ നിന്ന് സംഭവിക്കില്ല എന്നാണ് ലോകം പ്രതീക്ഷിക്കുന്നത്. അമേരിക്ക – ഇന്ത്യ ബന്ധവും ഊഷ്മളമാകുമെന്ന് തന്നെയാണ് വിലയിരുത്തലുകള്‍. അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി ഇന്ത്യയില്‍ വരികയും ഇന്ത്യയുമായുള്ള പ്രധാന കരാറുകളില്‍ ഒപ്പ് വെക്കുകയും ചെയ്തത് സ്വഗതാര്‍ഹമാണ്. നിയുക്ത വൈസ് പ്രസിഡന്‍റ് കമലാ ഹാരിസിന്‍റെ ഇന്ത്യാ ബന്ധവും ഇന്ത്യക്ക് അനുകൂലമാകാനാണ് സാധ്യത കല്‍പിക്കപ്പെടുന്നത്. എന്നാല്‍ കമലാ ഹാരിസിന്‍റെ സാന്നിധ്യം ഇന്ത്യന്‍ വംശജരുടെ വോട്ടുകള്‍ നേടാനുള്ള ബൈഡന്‍റെ രാഷ്ട്രീയ തന്ത്രമായിരുന്നുവെന്നും ചില സര്‍വേ ഫലങ്ങള്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.
പ്രക്ഷുബ്ധമായ അമേരിക്കയുടെ രാഷ്ട്രീയ ഭൂതകാലത്തില്‍ 1972 മുതല്‍ രാജ്യം കൈകൊണ്ട സുപ്രധാന തീരുമാനങ്ങളിലെല്ലാം പങ്കാളിയായിരുന്ന ബൈഡന് നാല്‍പത് വര്‍ഷത്തോളം രാഷ്ട്രീയ പ്രവര്‍ത്തന പരിചയമുണ്ട്. മുന്‍ പ്രസിഡന്‍റ് ട്രംപ് പല പാര്‍ട്ടികളില്‍ പോയെങ്കിലും ഒരു പാര്‍ട്ടിയില്‍ മാത്രം നിലയുറപ്പിച്ചാണ് നാല് പതിറ്റാണ്ട് കാലം ബൈഡന്‍ പ്രവര്‍ത്തിച്ചിട്ടുള്ളത്. രണ്ടായിരത്തി എട്ടില്‍ ബരാക് ഒബാമയുടെ വൈസ് പ്രസിഡന്‍റായിരുന്ന സമയത്ത് ആഗോള സാമ്പത്തിക മാന്ദ്യത്തിനെതിരെ ബൈഡന്‍ സ്വീകരിച്ച നിലപാടുകള്‍ ഏറെ ചര്‍ച്ച ചെയ്തതും വന്‍ വിജയകരവുമായിരുന്നു.
ലോകത്തെ മറ്റേത് രാജ്യത്തേക്കാളും വേഗം സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് അമേരിക്ക കരകയറിയത് ബൈഡന്‍റെ നയ തീരുമാനങ്ങള്‍ മൂലമായിരുന്നുവെന്ന് നിരീക്ഷിക്കുന്നവര്‍ ഏറെയാണ്.
കഴിഞ്ഞ കാലങ്ങളില്‍ അമേരിക്കയില്‍ ഉയര്‍ന്ന് കൊണ്ടിരിക്കുന്ന വര്‍ഗീയ പ്രശ്നങ്ങളില്‍ നിന്നും, സാമൂഹിക ധ്രുവീകരണങ്ങളില്‍ നിന്നും, മെക്സിക്കന്‍ അഭയാര്‍ത്ഥികള്‍ക്കെതിരെയുള്ള സങ്കുചിത തീരുമാനങ്ങളില്‍ നിന്നുമെല്ലാം കാതലായ മാറ്റങ്ങള്‍ അമേരിക്കയില്‍ ബൈഡന്‍റെ നേതൃത്വത്തില്‍ പുലര്‍ന്നു കാണുമെന്ന് തന്നെയാണ് ആഗോള ജനതയുടെ പ്രത്യാശ.

റാഷിദ് വടക്കുംമുറി

Leave a Reply

Your email address will not be published. Required fields are marked *