അഭിമുഖം:
ഡോ. എം.എ.എച്ച് അസ്ഹരി/ ഡോ. ഉമറുല്‍ ഫാറൂഖ് സിദ്ദീഖി
ഉലമാഇന് ലോകത്തിന്‍റെ തുടക്കം മുതല്‍ ഇന്ന് വരെ പ്രസക്തി ലഭിച്ചിട്ടുണ്ട്. പണ്ഡിതനായിരിക്കുക എന്നത് ലോകത്ത് എക്കാലത്തും അംഗീകാരം നേടിയെടുക്കുന്നതിനുള്ള ഒരു വിശേഷണവും കൂടിയാണ്. പക്ഷെ എല്ലാ പണ്ഡിതന്മാരും സമൂഹത്തില്‍ ആക്ടിവിസ്റ്റുകളായി പ്രവര്‍ത്തിച്ചിരുന്നില്ല.യഥാര്‍ത്ഥത്തില്‍ ഉലമ ആക്ടിവിസം കൊണ്ട് എന്തെല്ലാമാണ് നാം ഉദ്ദേശിക്കുന്നത്. നോളേജ് സിറ്റി പോലെയുള്ള പുതിയ സംരംഭങ്ങള്‍ ഉയര്‍ന്ന വരുന്ന കാലത്ത് ഉലമ ആക്ടിവിസത്തെക്കുറിച്ച് കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടേണ്ടതുണ്ടെന്ന് തോന്നുന്നു.
പണ്ഡിതന്മാര്‍ അമ്പിയാക്കളുടെ പിന്മുറക്കാരാണ്. അറിവ് ലോകത്ത് പ്രചരിപ്പിക്കുക എന്നതാണ് അവരുടെ ഉത്തരവാദിത്തം. ഇല്‍മ് പറയുന്നതിനും പ്രചരിപ്പിക്കുന്നതിനും വ്യത്യസ്ത രീതികള്‍ ആവിഷ്കരിക്കാവുന്നതാണ്. മസ്ജിദുകള്‍, വിദ്യാലയങ്ങള്‍ തുടങ്ങിയവ പണിയല്‍ റോഡ് നിര്‍മ്മാണം, കിണര്‍ കുഴിക്കല്‍ മുതലായ പൊതുസേവന പ്രവര്‍ത്തനങ്ങള്‍, കാര്‍ഷിക വാണിജ്യ പരിശീലനങ്ങള്‍ തുടങ്ങിയവയെല്ലാം തന്നെ അറിവ് പ്രചരിപ്പിക്കുന്ന
തിലുള്ള വ്യത്യസ്ത മാര്‍ഗങ്ങളാണ്. അത് തന്നെയാണ് പണ്ഡിതന്മാര്‍ പിന്തുടരേണ്ടത്. സമൂഹത്തെ വിശ്വാസപരമായും കര്‍മ്മപരമായും സംരക്ഷിക്കുകയും നേര്‍വഴിക്ക് നടത്തുകയും ചെയ്യല്‍ അവരുടെ ഉത്തരവാദിത്തമാണ്.
അറിവ് പ്രചരിപ്പിക്കുക എന്നത് തന്നെയാണ് ഉലമ ആക്ടിവിസത്തിന്‍റെ മര്‍മ്മ പ്രധാനമായ പ്രവൃത്തി. അത് എങ്ങനെ പ്രചരിപ്പിക്കണം എന്നതില്‍ വ്യത്യസ്തമായ ശൈലികള്‍ നമുക്ക് കാണാന്‍ കഴിയും. എങ്കിലും ഇസ്ലാമിക ആചാരാനുഷ്ടാങ്ങള്‍ പിന്തുടരുന്നതിനും പ്രചരിപ്പിക്കുന്നതിനും നിറയെ വെല്ലുവിളികള്‍ നേരിട്ട് കൊണ്ടിരിക്കുന്ന പുതിയ കാലത്ത് ഉലമാക്കള്‍ ചില പ്രത്യേക മേഖലകള്‍ക്ക് മുന്‍ഗണന നല്‍കേണ്ടതുണ്ടെന്ന് തോന്നുന്നു.
രാഷ്ട്രീയ, വിനോദ കാര്യങ്ങളിലും മറ്റുമായി ജനങ്ങളുടെ സമയം പാഴായിപ്പോകാതെ അവര്‍ക്ക് ദിശാബോധം നല്‍കുക എന്നതാണ് പുതിയ കാലത്ത് ഉലമാഇന്‍റെ ദൗത്യം. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും വനിതകള്‍ക്കുമെല്ലാം അറിവ് പകരുന്നതിനുള്ള നിരന്തര വിദ്യാഭ്യാസ കേന്ദ്രങ്ങള്‍, ഇടക്കാല പഠന കേന്ദ്രങ്ങള്‍ തുടങ്ങിയവ സ്ഥാപിക്കുകയും പുതിയ പഠന രീതികള്‍ ആവിഷ്കരിച്ച് അവ നടപ്പില്‍ വരുത്തുകയും വേണം. കൂടുതല്‍ പഠന സാധ്യതകളും അവസരങ്ങളും നല്‍കിക്കൊണ്ട് സ്ത്രീകളെ വിദ്യാഭ്യാസപരമായി ശക്തിപ്പെടുത്തേണ്ടതും അനിവാര്യതയാണ്.
വൈജ്ഞാനിക വിഷയങ്ങളില്‍ ലോകത്തെ മുന്നോട്ട് നയിക്കേണ്ടത് പണ്ഡിതന്മാരാണ്. എങ്കില്‍ മാത്രമേ ഭൗതികവും ധാര്‍മികവുമായ മേഖലകളില്‍ വിപ്ലവങ്ങള്‍ സാധ്യമാവുകയുള്ളൂ. അഭ്യസ്തവിദ്യരല്ലാത്തവര്‍ സാമൂഹിക പരിവര്‍ത്തനത്തിനു മുന്നിട്ടിറങ്ങിയാല്‍ വിപരീതമായിരിക്കും ഫലം. ധാര്‍മികമായി സമൂഹത്തെ നയിക്കാന്‍ അവര്‍ക്ക് സാധിക്കണമെന്നില്ല. ധാര്‍മിക അവബോധവും വിജ്ഞാനവുമുള്ളവര്‍ ജനങ്ങള്‍ക്ക് ഉപകാരപ്രദമായ വിഷയങ്ങളില്‍ മാറ്റങ്ങള്‍ കൊണ്ട് വന്നാല്‍ ഇരു തലങ്ങളിലും സാമൂഹിക വികാസം സാധ്യമാവും. കഴിഞ്ഞ ഒരു സഹസ്രാബ്ദക്കാലത്തെ പണ്ഡിത പ്രവര്‍ത്തനങ്ങള്‍ ഇതിന് ഉദാഹരണമാണ്. പുതിയ കാലഘട്ടത്തിലും അവ തുടര്‍ന്നേ മതിയാവൂ.
കേവലം അറിവ് കരസ്ഥമാക്കുക എന്നതിനേക്കാളുപരി ഓരോ വിഷയങ്ങളിലും ആധികാരികമായി ഇടപെടാന്‍ സാധിക്കുക എന്നതാണ് പ്രധാനം. ഗണിത ശാസ്ത്രത്തിലും, വൈദ്യ ശാസ്ത്രത്തിലും, ഫിലോസഫിയിലുമെല്ലാം അഗ്രഗണ്യരായിരുന്ന പൂര്‍വ്വ സൂരികളുടെ മാതൃകകള്‍ നമുക്ക് മുമ്പിലുണ്ട്. എങ്കിലും ധാരാളം പരിമിതികള്‍ ഈ വിഷയത്തില്‍ നമുക്കുണ്ട് എന്ന് പറയാതിരിക്കാന്‍ സാധിക്കില്ല. സാമ്പത്തികമായും അല്ലാതെയും നാം നേരിടുന്ന പ്രതിസന്ധികള്‍ക്ക് സംഘടിതമായി പരിഹാരം കണ്ടെത്തണം. ഗവണ്‍മെന്‍റുകള്‍ക്ക് മാത്രം ചെയ്യാന്‍ കഴിയുന്ന കാര്യങ്ങളില്‍ ഇടപെടുന്നതിന് പരിമിതികള്‍ ഉണ്ടെങ്കിലും വലിയ രീതിയിലുള്ള ഒരു മുന്നേറ്റം എല്ലാ മേഖലകളിലും സാധ്യമാക്കേണ്ടതുണ്ട്.
എല്ലാ മേഖലകളിലും മുന്നേറണം എന്ന് നാം ആഗ്രഹിക്കുന്നുണ്ടെങ്കിലും ഒട്ടേറെ പരിമിതികള്‍ നമുക്കുണ്ടെന്ന് ഉസ്താദ് സൂചിപ്പിച്ചു. ഇത്രയും കാലത്തെ നമ്മുടെ പ്രവര്‍ത്തനങ്ങളില്‍ ഉണ്ടായിരുന്ന പരിമിതികളില്‍ മിക്കതും മറികടക്കാന്‍ സാധിച്ചു എന്നത് പ്രതീക്ഷ നല്‍കുന്നുണ്ട്. എങ്കിലും ശാസ്ത്ര സാങ്കേതിക മേഖലയില്‍ വേണ്ട രൂപത്തില്‍ ഒരു മാറ്റം സൃഷ്ട്ടിക്കാന്‍ സാധിച്ചിട്ടില്ല എന്നത് ഒരു വസ്തുതയാണ്. എന്താണ് ഇതിന് കാരണം, എങ്ങനെ ഈ പ്രതിസന്ധി നമുക്ക് മറികടക്കാം?
ഓരോ കാലഘട്ടത്തിലെയും ഏറ്റവും മികച്ച വൈജ്ഞാനിക ശാഖകളില്‍ മുന്‍പന്തിയില്‍ നിന്നവരായിരുന്നു അതാത് കാലങ്ങളിലെ അമ്പിയാക്കള്‍. ഗോള ശാസ്ത്രവും ഭൂമി ശാസ്ത്രവും ഉന്നതി പ്രാപിച്ച ഇബ്റാഹീം നബിയുടെ കാലത്ത് നഗ്ന നേത്രം കൊണ്ട് വാന നിരീക്ഷണവും ഭൂഗര്‍ഭ നിരീക്ഷണവും നടത്താനുള്ള കഴിവ് അള്ളാഹു അവര്‍ക്ക് മുഅജിസത്തായി നല്‍കിയിരുന്നു. മൂസാ നബിയുടെ കാലത്ത് ജാലവിദ്യയെ മറികടക്കുന്ന വടിയായിരുന്നു നല്‍കപ്പെട്ടത്. വൈദ്യശാസ്ത്രം പുരോഗമിച്ചിരുന്ന കാലത്ത് ഈസാ നബി വെള്ളപ്പാണ്ട് സുഖപ്പെടുത്തുകയും മരിച്ചവരെ ജീവിപ്പിക്കുകയും ചെയ്തു. ഓരോ കാലത്തിലെയും നിപുണികളും ജ്ഞാനികളും ആ തലമുറ മുന്നോട്ട് വെക്കുന്ന മേഖലകളില്‍ മുന്‍പന്തിയില്‍ എത്താന്‍ ശ്രമിക്കണമെന്നതാണ് ഇവ നല്‍കുന്ന പാഠം. പുതിയ കാലത്തെ നിയന്ത്രിക്കുന്ന ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് പോലെയുള്ള കാര്യങ്ങള്‍ പണ്ഡിതന്മാര്‍ പഠിക്കുകയും സമൂഹത്തിനു മികച്ച സംഭാവനകള്‍ നല്‍കാന്‍ പ്രാപ്തരായിത്തീരുകയും വേണം. അന്താരാഷ്ട്ര തലത്തിലുള്ള പണ്ഡിതന്മാരുമായി വിദ്യാര്‍ത്ഥികള്‍ക്ക് സംവദിക്കാനുള്ള സാഹചര്യവും ഉയര്‍ത്തിക്കൊണ്ടു വരണം.
സമൂഹത്തില്‍ ഇന്നും ഒരു വലിയ വിഭാഗത്തെ സ്വാധീനിച്ചിരിക്കുന്നത് രാഷ്ട്രീയചിന്തകളാണ് എന്നത് ഒരു വസ്തുതയാണ്. മതങ്ങളിലും മതനേതാക്കളുടെ പ്രവര്‍ത്തനങ്ങളിലും രാഷ്ട്രീയ പാര്‍ട്ടികളുടെ കടന്ന് കയറ്റം വലിയ തരത്തിലുള്ള വിഘാതങ്ങള്‍ സൃഷ്ടിക്കുന്നുമുണ്ട്. ഉലമാ ആക്ടിവിസത്തിന് ഇത്തരം ഇടപെടലുകള്‍ എത്രത്തോളം വെല്ലുവിളിയാകുന്നുണ്ട് എന്നത് ഒരു പക്ഷെ അനുഭവത്തിന്‍റെ വെളിച്ചത്തില്‍ നിന്ന് തന്നെ ഉസ്താദിന് പറയാന്‍ സാധിച്ചേക്കും.
പലരും മുന്‍ഗണന നല്‍കുന്നത് അവരുടെ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കാണ്. അതിന് വിഘ്നം സൃഷ്ടിക്കുന്നതിനെയെല്ലാം തടയിടാന്‍ അവര്‍ എക്കാലത്തും ശ്രമിച്ചിട്ടുണ്ട്. ഉലമാഇന്‍റെ നേതൃത്വത്തില്‍ സമൂഹം പരസ്പരം യോജിക്കുന്നത് ആത്മബന്ധത്തിന്‍റെ അടിസ്ഥാനത്തിലാണ്. ഇത്തരം യോജിക്കലുകളെല്ലാം തങ്ങളുടെ കീഴിലാക്കാനുള്ള ചില രാഷ്ട്രീയക്കാരുടെ ശ്രമങ്ങള്‍ ഉലമാഇന്‍റെ സ്വതന്ത്രമായ പ്രവര്‍ത്തങ്ങള്‍ക്ക് തടസ്സം സൃഷ്ടിച്ചിട്ടുണ്ട്. ഇന്ന് വലിയൊരു പ്രശ്നമായി നാം അഭിമുഖീകരിക്കുന്നതും ഇത് തന്നെയാണ്. അത്തരം പ്രതിസന്ധികളെല്ലാം മറികടന്ന് സ്വതന്ത്രമായി പ്രവര്‍ത്തിക്കാനുള്ള ത്രാണിയും തന്‍റേടവുമാണ് പണ്ഡിതന്മാര്‍ക്കുണ്ടാവേണ്ടത്.