അപരിചിതരായ രണ്ടു വ്യക്തികള്‍ നീണ്ട യാത്രക്കൊരുങ്ങി. കച്ചവടവും ഉല്ലാസയാത്രയുമായിരുന്നു അവരുടെ ലക്ഷ്യം. വൈവിധ്യങ്ങളായ നാടുകളിലൂടെ സഞ്ചരിച്ചു തങ്ങളുടെ ഉപജീവന മാര്‍ഗ്ഗം മെച്ചപ്പെടുത്തണമെന്നും നാടുകള്‍ അനുഭവിക്കണമെന്നുമുളള അതിയായ ആഗ്രഹമാണ് അവരെ യാത്രക്ക് പ്രേരിപ്പിച്ചത്. അവരില്‍ ഒന്നാമന് ജീവിതത്തെ ഭൗതികതയുടെ നൈമിഷിക സുഖത്തില്‍ തളച്ചിട്ട ദുര്‍മാര്‍ഗ്ഗിയും അപലക്ഷണങ്ങള്‍ നോക്കുന്നവനും സ്വയേച്ഛകളില് നിറം പൂശുന്നവനുമായിരുന്നു. രണ്ടാമനാകട്ടെ, ദൈവ വിശ്വാസിയും സത്യന്വേഷിയുമായിരുന്നു. യാഥാര്‍ത്ഥ്യത്തെ യഥാവിധി മനസ്സിലാക്കി ഏതൊരു ചലനത്തിലും സര്‍വ്വ സ്രഷ്ടാവിന്റെ ഉണ്മയെ തിരിച്ചറിഞ്ഞ്് വിജയത്തിന്റെ പാത സ്വീകരിക്കുന്നവനായിരുന്നു. അങ്ങനെ അവര്‍ രണ്ട് പേരും യാത്രക്കുള്ള മുന്നൊരുക്കം പൂര്‍ത്തിയാക്കി. ആവശ്യമായ ഭക്ഷണങ്ങളും അനുബന്ധ സാമഗ്രിഹികളും ഒരുക്കി യാത്ര പുറപ്പെട്ടു. ഒന്നാമന് ഒരു നാട്ടിലെത്തിച്ചേര്‍ന്നു. അവിടെ വേദനയുളവാക്കുന്ന കാഴ്ച്ചകളായിരുന്നു അയാള്‍ക്ക് കാണാനായത്. കയ്യൂക്കുള്ളവരുടെ മര്ദ്ദനങ്ങള്ക്കിര യാകുന്ന അബലകള്‍. അവരുടെ ദീനരോദനങ്ങള്‍. കണ്ണീരില്‍ കുതിര്‍ന്ന് ദൈന്യത വിളിച്ചോതുന്ന നയനങ്ങള്‍, എങ്ങും വേദനയോതുന്ന നിലവിളികള്‍, പാവങ്ങളുടെ തേങ്ങലുകള്‍, ക്രൂര മനസ്സുകളുടെ അട്ടഹാസങ്ങള്‍. അപഹരിക്കലിന്റെയും ഉന്മൂലനത്തിന്റെയും ക്രൂര കഥകള്‍. നാടിന്റെ എല്ലാ ഭാഗത്തും അയാള്ക്കിത്തരം സങ്കടപ്പെടുത്തുന്ന കാഴ്ച്ചകളാണ് കാണാനാകുന്നത്. ആ രാജ്യം പൂര്‍ണ്ണമായും ഒരു പൊതു ശ്മശാനം പോലെ അയാള്‍ക്കനുഭവപ്പെട്ടു. അവിടത്തെ ജനവിഭാഗങ്ങളുടെ തുറിച്ചുനോട്ടങ്ങളും മറ്റും അയാള്‍ക്ക് അസഹ്യമായി തോന്നി. അവര്‍ തന്നെ ശത്രുവായാണ് കണക്കാക്കുന്നതെന്ന് അയാള്‍ ധരിച്ചു. അവരുടെ കൊത്തിവലിക്കുന്ന നോട്ടങ്ങള്‍ അയാള്‍ക്ക് താങ്ങാനായില്ല. അവസാനം മദ്യത്തില്‍ അയാള്‍ അഭയം പ്രാപിച്ചു. മദ്യം മൊത്തിക്കുടിച്ച് സങ്കടങ്ങളില്‍ നിന്നും ഒളിച്ചോടാന്‍ അയാള്‍ ശ്രമിച്ചു.
ഇതേസമയം രണ്ടാമനും ആ നാട്ടിലെത്തി. അവിടെ അയാള്‍ക്ക് കാണാനായത് ഹൃദയത്തിന് കുളിര്‍മ പകരുന്ന ഒട്ടനവധി കാഴ്ച്ചകളായിരുന്നു. അദ്ദേഹം എത്തിച്ചേരുന്നിടത്തു നിന്നെല്ലാം ഗംഭീര സ്വീകരണം ലഭിച്ചു. സദാ പുഞ്ചിരി തൂകുന്ന ജനങ്ങള്‍. ശാന്തത നിറഞ്ഞു നില്ക്കുന്ന അന്തരീക്ഷം. അക്രമങ്ങളും അരാജകത്വവും തൊട്ടുതീണ്ടാത്ത സമൂഹം. നിരവധി ദിക്റിന്റെ മജ്ലിസുകള്. തഹ്ലീലിന്റെയും തസ്ബീഹിന്റെയും ഇമ്പമുള്ള ഈരടികള്‍ നിര്‍ഗളിക്കുന്ന ഇടങ്ങള്‍. അങ്ങനെ ആത്മീയാനന്ദത്തിന്റെയും അനുഭൂതിയുടെയും ഇളം കുളിര് അദ്ദേഹത്തിന് അനുഭവപ്പെട്ടു. ആ രാജ്യത്തെ നിവാസികള്‍ അദ്ദേഹത്തിന്റെ ഉറ്റ സുഹൃത്തുക്കളായി മാറി. കുടുംബാംഗമെന്നോണം പെരുമാറാന്‍ തുടങ്ങി. അതിനിടയില്‍ അദ്ദേഹം ഒരു ഗംഭീര പരിപാടി കാണാനിടയായി. തങ്ങളുടെ സേവന ദൗത്യത്തില്‍ നിന്നും വിരമിക്കുന്ന സൈനികര്‍ക്കുള്ള യാത്രയയപ്പും പുതുമുഖങ്ങള്‍ക്കുള്ള വരവേല്പ്പുമായിരുന്നുവത്. എങ്ങും സന്തോഷം ജ്വലിച്ചു നില്ക്കുന്നുണ്ടായിരുന്നു. വിരമിക്കുന്നവര്‍ക്കുള്ള അനുമോദനങ്ങളും മദ്ഹുകളും ഉയരുന്നുണ്ടായിരുന്നു. ഗാനാലാപകരുടെ മധുരമുള്ള ശബ്ദങ്ങളും തക്ബീറും തഹ്ലീലും അലയടിക്കുന്നുണ്ടായിരുന്നു. അദ്ദേഹം ആ നാടുകളിലൂടെ മന:സംതൃപ്തിയോടെ സഞ്ചരിച്ചു. കച്ചവടം ചെയ്ത് വന്‍ ലാഭമുണ്ടാക്കി.
ഇതിനിടയില്‍ ഇരു വ്യക്തികളും ഒരിടത്ത് വെച്ച് കണ്ടുമുട്ടി. രണ്ടുപേരും പരസ്പരം കുശലന്വേഷണം നടത്തി. സംസാരങ്ങള്‍ യാത്രാനുഭവങ്ങളിലേക്കും കച്ചവടത്തിലേക്കും നീണ്ടു. കച്ചവടത്തില്‍ വന്‍ ലാഭമുണ്ടാക്കിയ സത്യന്വേഷി അതിലുള്ള ആഹ്ലാദം പങ്കുവെച്ചു. പ്രസന്നമായ ഒരുപാട് കാര്യങ്ങള്‍ പറഞ്ഞു. രണ്ടാമന്റെ ഊഴമായപ്പോള്‍ അയാള്‍ സങ്കടത്തിന്റെ ഭാണ്ഡമഴിച്ചു. തനിക്കനുഭവപ്പെട്ട ദു:ഖകരമായ നിമിഷങ്ങളെ വിസ്തരം വിശദീകരിച്ചു. തീരാ വേദനകളുടെ ലോകത്താണ് താനിപ്പോഴെന്ന കാര്യം സുഹൃത്തിനെ ബോധ്യപ്പെടുത്തി. ഇതെല്ലാം രണ്ടാമന് ശ്രദ്ധാപൂര്‍വ്വം ശ്രവിച്ചു. ആവലാതികള്‍ കെട്ടഴിച്ചപ്പോള്‍ രണ്ടാമന് പറഞ്ഞു തുടങ്ങി. സത്യത്തില്‍ നിനക്ക് ഭ്രാന്ത് ഗ്രസച്ചിരിക്കുന്നു. നീ കാണുന്ന കാഴ്ച്ചകള്ക്കല്ല പ്രശ്നം. നിന്റെ മനോഭാവത്തിനാണ്. എല്ലാ വസ്തുക്കളുടെയും അപലക്ഷണങ്ങള്‍ മാത്രം നോക്കി എന്തിനെയും വക്രീകരണ കണ്ണോടെ വീക്ഷിക്കുന്നതായി നിന്റെ സ്വഭാവം മാറിയിട്ടുണ്ട്. അതുകൊണ്ടാണ് ജനങ്ങളുടെ സന്തോഷം കണ്ണുനീരായും യാത്രയയപ്പ് അപഹരിക്കലായും ഉന്മൂലനമായും നിനക്കനുഭവപ്പെടുന്നത്. അതിനാല്‍ നിന്റെ ഹൃദയത്തെ നീ ശുദ്ധമാക്കുക. തന്റേടമുളളവനായി മാറുക. എന്നാല്‍ നിന്റെ ഈ മൂടുപടം ഇല്ലാതാകും. ഹഖിനെ നീ യഥാവിധി മനസ്സിലാക്കുക. ഈ രാജ്യത്തിന്റെ ഉടമസ്ഥന് നീതിമാനാണ്. കാരുണ്യത്തിന്റെ അത്യുന്നതിയിലുള്ളവനാണ്. ഈ പ്രപഞ്ചത്തിലെ നീക്കുപോക്കുകള്‍ നിന്റെ ഊഹങ്ങള്ക്കനുസരിച്ചുള്ളതല്ല. അതിന്റെ യാഥാര്‍ത്ഥ്യം മറ്റൊന്നാണ്. അത് യഥാവിധി ഉള്‍ക്കൊളളാന്‍ നീ ശ്രമിക്കുക. രണ്ടാമന്റെ ഈ വചനങ്ങള്‍ അശ്രദ്ധയുടെ ഓളങ്ങളില്‍ ഉലഞ്ഞിരുന്നവനില് പുതിയ ചിന്തകള്‍ക്ക് തിരിക്കൊളുത്തി. കുറ്റബോധത്താല്‍ കുനിഞ്ഞ മുഖവുമായി അവന് ഒരു ആത്മവിചാരണ നടത്തി. ഓരോന്നും സൂക്ഷമമായ ചിന്തകള്‍ക്ക് വിധേയമാക്കി സത്യത്തിന്റെ പൊരുള്‍ മനസ്സിലാക്കി. അവസാനം ആദ്യത്തെയാള്‍ ഖേദത്തോടെ പ്രസ്താവിച്ചു. ശരിയാണ്, ഞാന്‍ മദ്യത്തില്‍ മുങ്ങിയിരിക്കുന്നു. എന്റെ കണ്ണുകള്‍ക്ക് അന്ധത ബാധിച്ചിരുന്നു. യാഥാര്‍ത്ഥ്യത്തെ യഥാവിധി മനസ്സിലാക്കാന്‍ സാധിച്ചിരുന്നില്ല. എന്റെ കണ്ണുകള്‍ നീ തുറപ്പിച്ചു. അല്ലാഹുവിന്റെ തൃപ്തി നിന്നിലുണ്ടാകട്ടെ. പ്രാര്‍ത്ഥനയോടെ അവര്‍ മടങ്ങി.
യഥാര്‍ത്ഥത്തില്‍ ഈ രണ്ടു വ്യക്തികളും സമൂഹത്തിലെ രണ്ടു സ്വഭാവക്കാരെ പ്രതിനിധാനം ചെയ്യുന്നവരാണ്. അല്ലാഹുവിനെ വിസ്മരിച്ച് ഭൗതികതയുടെ സുഖാസ്വാദനങ്ങളില്‍ മുഖം പൂഴ്ത്തുന്നവരാണ് ഒരു വിഭാഗം ആന്തരികമായ മന:സംഘര്‍ഷം കൂടെപ്പിറപ്പായി കൊണ്ടു നടക്കുന്നവര്‍. അവര്‍ക്ക് ഭൂമി ഒരു പൊതു ശ്മശാനമാണ്. അതിലെ സമുദ്രങ്ങളും മലനിരകളും ജീവച്ഛവങ്ങളായ മൃതദേഹങ്ങളും. ദുന്യാവില് ജീവിക്കുന്നവരെല്ലാം വേര്‍പാടിന്റെ വേദനയില്‍ കണ്ണീരണിയുന്ന അനാഥകള്‍ക്കു തുല്യമാണ്. എത്ര സന്തോഷകരമായ കാര്യങ്ങളുണ്ടെങ്കിലും അതിനോടെല്ലാം വേര്പിരിയണമല്ലോയെന്ന വേദന അവരെ നിരന്തരം വേട്ടയാടുന്നുവെന്നതാണിതിനുകാരണം. ഭൂമിയിലെ എല്ലാ മനുഷ്യരും ജീവികളും ഉടമസ്ഥനില്ലാതെ കാലത്തിന്റെ ഗതിപോക്കില് സൈ്വര്യ വിഹാരം നടത്തി കാലാന്തരങ്ങളില്‍ നശിക്കുന്നവരാണെന്ന ചിന്താധാരയാണ് അവര്‍ക്കുള്ളത്. അതിനാല്‍ തന്നെ പ്രത്യാശയുടെ നാമ്പുപോലുമില്ലാതെ കുഫ്റ് (സത്യ നിഷേധം), വഴികേട് എന്നിവയില്‍ നിന്നുമനുഭവിക്കുന്ന ആന്തരിക സംഘര്‍ഷത്തിന് അവര്‍ അടിമപ്പെടുന്നു. പരിഹാരം കാണാനാകാതെ മനസ്സ് മരവിക്കുന്നു.
ദൈവ വിശ്വാസവും സത്യന്വേഷണവുമായി വിജയ പാതയില്‍ കാലെടുത്ത് വെച്ചവരാണ് രണ്ടാമത്തെ വിഭാഗം. സ്രഷ്ടാവിനെ വേണ്ട വിധത്തില്‍ അവന് മനസ്സിലാക്കിയിട്ടുണ്ട്. അവന് ഈ ഭൂമി അറിവിന്റെ മുറ്റമാണ്. മനുഷ്യരെയും മൃഗങ്ങളെയും പരിശീലിപ്പിക്കാനായുള്ള ഇടം മനുഷ്യ ജീനുകളെ പരീക്ഷിക്കാനുള്ള മേഖല. മരണത്തെ അവന് ഭയപ്പാടോടെ കാണുന്നില്ല. ഗംഭീര യാത്രയായ ലഭിച്ച് പടിയിറങ്ങുന്ന സൈനികരെ പോലെ തന്നെയാണ് മരണത്തെയും അവര്‍ വീക്ഷിക്കുന്നത്. വേദനകളും യാതനകളുമുള്ള ലോകമാണ് ഇഹലോകം. കാലങ്ങളുടെയും ഫലങ്ങളുടെയും നീക്കുപോക്കിനനുസരിച്ച് പ്രശ്നങ്ങളുടെ തുടര്കഥകളുണ്ടാകുന്ന ലോകം. മ്ലേഛകരമായ പ്രവര്‍ത്തനങ്ങള്‍ നിറയുന്നിടം. തങ്ങളുടെ പ്രവര്ത്തനകാലവധി കഴിഞ്ഞ് ഈ ദുന്യാവില് നിന്ന് പോകുമ്പോള്‍ സന്തോഷമാണ് അവര്‍ക്കനുഭവപ്പെടുന്നത്. സേവന മേഖലയില്‍ നിന്നും പടിയിറങ്ങുന്ന സൈനികര്‍ക്കു തുല്യമായ ചാരിതാര്‍ത്ഥ്യമാണ് അവരില്‍ നിറയുന്നത്. കാരണം അവര്‍ പോകുന്നത് വേദനകളില്ലാത്ത ലോകത്താണ്. പുതു സൈനികരെ വരവേല്ക്കുന്നതു പോലെയാണ് ജനനത്തെ അവര്‍ അനുഭവപ്പെടുന്നത്. ലോകത്ത് നടക്കുന്ന ജനനവും മരണവും സൈനികരുടെ പടിയിറക്കവും വരവേല്‍പ്പും പോലെ തന്നെയാണ്. ലോകത്ത് ജീവിച്ചു തീര്‍ന്ന മനുഷ്യന് പുതു പിറവികള്‍ക്ക് അവരുടെ ശേഷിപ്പ് നല്കി കാലയവനികള്‍ക്കുള്ളില്‍ മറയുന്നു.
അവരുടെ പ്രവര്‍ത്തന മേഖല വിശാലമാക്കുകയാണ് ഇതിലൂടെ ചെയ്യുന്നത്. ലോകത്തിന്റെ ഏതൊരു ഭാഗത്തുനിന്നുമുണ്ടാകുന്ന പ്രതിധ്വനികളും ഒന്നൊരിക്കല്‍ ഈ പുതുപിറവികളെ നിയോഗിക്കുന്ന തസ്ബീഹുകളും ദിക്റുകളുമായോ അല്ലെങ്കില്‍ തങ്ങളുടെ ദുന്‍യാവായ ജീവിത മണ്ഡലം അവസാനിപ്പിച്ച് പടിയിറങ്ങുന്നവര്ക്കു വേണ്ടിയുള്ള തഹ്്ലീലും നന്ദിയോതലുമാണ് അനുഭവപ്പെടുന്നത്.
ചുരുക്കത്തില്‍ ഈമനികമായ പൊന്‍വെളിച്ചം കരഗതമായവര്ക്ക് ഈ വസ്തുതകളുടെയെല്ലാം യാഥാര്‍ത്ഥ്യം ശരിയായ വിധത്തില്‍ ഗ്രഹിക്കാനാകും.
സഈദ് നൂര്‍സി
വിവര്‍ത്തനം/സലീല്‍ തെഞ്ചേരി