2022 JULY-AUGUST Shabdam Magazine അനുസ്മരണം പരിചയം ലേഖനം

ഇമാം മഹല്ലി(റ); വൈജ്ഞാനിക ജീവിതത്തിന്‍റെ പര്യായം

ഫവാസ് കെ പി മൂര്‍ക്കനാട്

 

വൈജ്ഞാനിക ലോകത്തെ അതുല്യ വ്യക്തിത്വമാണ് ഇമാം മഹല്ലി(റ). കരഗതമായ ജ്ഞാനം കൊണ്ട് മാലോകര്‍ക്ക് നേര്‍ദിശ കാണിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചവര്‍. ഹിജ്റ 791ല്‍ ഈജിപ്തിന്‍റെ തലസ്ഥാനമായ കൈറോവിലാണ് അദ്ദേഹം ജനിക്കുന്നത്. ജലാലുദ്ദീന്‍ അബു അബ്ദില്ല മുഹമ്മദ്ബ്നു ശിഹാബുദ്ദീന്‍ അഹ്മദ് ബ്നു കമാലുദ്ദീന്‍ മുഹമ്മദ് ഇബ്റാഹിം അല്‍ മഹല്ലി(റ) എന്നാണ് പൂര്‍ണനാമം. ശാഫിഈ മദ്ഹബില്‍ അഗാധജ്ഞാനിയായ ഇമാം അശ്ശാരിഹുല്‍ മുഹഖിഖ് എന്ന സ്ഥാനപ്പേരിലും അറിയപ്പെടുന്നു. ഈജിപ്തിന്‍റെ പടിഞ്ഞാറു ഭാഗത്തുള്ള മഹല്ലത്തുല്‍ കുബ്റ എന്ന പ്രദേശത്തേക്ക് ചേര്‍ത്തിയാണ് മഹല്ലി ഇമാം എന്ന് അറിയപ്പെടുന്നത്. ഏഴ് പതിറ്റാണ്ട് നീണ്ട അര്‍ത്ഥ പൂര്‍ണമായ ജീവിതമായിരുന്നു മഹാന്‍റേത്. ആ കാലത്തിനിടയില്‍ സമകാലീനരായിരുന്ന നിരവധി പണ്ഡിത പ്രമുഖരുമായി ബന്ധം സ്ഥാപിക്കാന്‍ അദ്ദേഹത്തിന് സാധിച്ചു. ഫിഖ്ഹ്, ആദര്‍ശം, തര്‍ക്കശാസ്ത്രം തുടങ്ങി വ്യത്യസ്ത വിജ്ഞാനശാഖകളിലെല്ലാം അവഗാഹം നേടിയ വലിയ പണ്ഡിതനാണ് ഇമാം മഹല്ലി(റ)വെന്ന് പറയാം. അക്കാലത്ത് പ്രഗത്ഭരായ പണ്ഡിതരില്‍ നിന്നാണ് അദ്ദേഹം വിജ്ഞാനം നേടിയത്. ഓരോ വിജ്ഞാന മേഖലയിലും കഴിവ് തെളിയിച്ചവരില്‍ നിന്ന് വിവരങ്ങള്‍ ശേഖരിക്കാനും പഠിക്കുന്നതിനും അതീവ തത്പരനായിരുന്നു മഹാന്‍. ഫിഖ്ഹും ഉസൂലുല്‍ ഫിഖ്ഹും ശംസുല്‍ ബിര്‍മാവി(റ) എന്നറിയപ്പെടുന്ന ഇമാം ഷംസുദ്ദീന്‍ അബൂ അബ്ദില്ലാഹ് മുഹമ്മദ് അല്‍ അസ്ഖലാനിയില്‍ നിന്നാണ് പഠിച്ചത്. ഈജിപ്തിലെ പ്രശസ്ത സ്ഥാപനമായ മദ്റസത്തുല്‍ ബൈബറസിയ്യയില്‍ വെച്ച് ശൈഖ് ബിര്‍മാവിയുമായുള്ള സഹവാസം ഇമാം മഹല്ലിയില്‍ വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ട്. പഠനജീവിതത്തിന്‍റെ ആദ്യത്തില്‍ ഗ്രാഹ്യശേഷി കുറവായിരുന്നെങ്കിലും കഠിനശ്രമത്തിലൂടെ അതുല്യമായ കഴിവ് ആര്‍ജ്ജിക്കാന്‍ അദ്ദേഹത്തിന് സാധിച്ചു. അഗാധമായ ബുദ്ധിശക്തിയും ഓര്‍മ്മശേഷിയും കൊണ്ട് അല്ലാഹു അനുഗ്രഹിച്ചതിനെക്കുറിച്ച് ഇമാം പറയുന്നതിങ്ങനെയാണ്: ڇഞാന്‍ മനസ്സിലാക്കിയത് തെറ്റാറില്ല.ڈ ഇതുകൊണ്ടാണ് ഇബ്നുല്‍ ഇമാദ്(റ) മഹല്ലി ഇമാമിനെ കുറിച്ച് څഅറബികളിലെ തഫ്താസാനിچ എന്ന് വിശേഷിപ്പിച്ചത്.
ശൈഖ് ബിര്‍മാവിക്ക് പുറമെ ഇമാം ബുര്‍ഹാന്‍ ബൈജൂരി(റ)യില്‍ നിന്ന് ഫിഖ്ഹും ഇമാം ജലാലുല്‍ ബുല്‍ഖീനി(റ)യില്‍ നിന്ന് ഫിഖ്ഹും ഹദീസും ഇമാം വലിയുദ്ധീനില്‍ ഇറാഖ്(റ)യില്‍ നിന്ന് ഹദീസും ഉസ്വൂലുല്‍ ഫിഖ്ഹും ഇബ്നു ഹജരില്‍ അസ്ഖലാനിയില്‍ നിന്ന് ഇല്‍മുല്‍ ഹദീസും ശിഹാബുദ്ദീനില്‍ അജീമിയ, ശംസുദ്ദീനിശ്ശത്നൂഫി(റ) തുടങ്ങിയവരില്‍ നിന്ന് നഹവും ഭാഷാ ശാസ്ത്രവും ഇമാം നാസിറുദ്ദീനിത്തന്‍ബദാവി(റ)യില്‍ നിന്ന് ഇല്‍മുല്‍ ഹിസാബും ഇല്‍മുല്‍ ഫലകും ഇമാം ബദ്റുദ്ദീനില്‍ അഖ്സറാഈ(റ)യില്‍ നിന്ന് മന്‍ത്വിഖും ഇല്‍മുല്‍ മആനിയും ഇല്‍മുല്‍ ബയാനും ഇല്‍മുല്‍ അദബും ഉസ്വൂലുല്‍ ഫിഖ്ഹും ഇമാം ശംസുദ്ധീനില്‍ ബിസാത്വി അല്‍ മാലികി(റ)ല്‍ നിന്ന് തഫ്സീറും ഉസ്വൂലുദ്ദീനും ശംസുദ്ധീനില്‍ ജസ്രി(റ)ല്‍ നിന്ന് ഖുര്‍ആന്‍ പാരയണ ശാസ്ത്രവുമെല്ലാം സ്വായത്തമാക്കി. ഓരോ വിഷയങ്ങളിലും സമകാലത്ത് പ്രശസ്തരായ പ്രമുഖ ഗുരുനാഥന്മാരില്‍ നിന്നുമാണ് അദ്ദേഹം വിജ്ഞാനം നേടിയത്. ഹനഫി കര്‍മ്മ ശാസ്ത്ര പണ്ഡിതനായിരുന്ന ഇമാം അലാഉദ്ദീന്‍ മുഹമ്മദ് അല്‍ ബുഖാരി(റ) ഇമാം മഹല്ലിയുടെ ഗുരുവര്യരായിരുന്നു. ഹനഫി ഫിഖ്ഹ് അദ്ദേഹത്തില്‍ നിന്നാണ് പഠിച്ചത്. തന്‍റെ ശിഷ്യനായ മഹല്ലി ഇമാമിനെ വളരെ ബഹുമാനിക്കുമായിരുന്നു അദ്ദേഹം. ഒരിക്കല്‍ ഉസ്താദിന് ഇന്ത്യയില്‍ നിന്ന് ആരോ നല്‍കിയ പാരിതോഷികത്തിന്‍റെ വലിയൊരു വിഹിതം തന്‍റെ പഠിതാക്കളില്‍ ഇബ്നുല്‍ ബാരിസി (റ)നെ പോലുള്ള പ്രശസ്തരുണ്ടായിരിക്കെ മഹല്ലി ഇമാമിന് കൊടുത്തയച്ചു. ഗുരു തനിക്ക് കിട്ടിയതെല്ലാം ദാനം ചെയ്തത് പോലെ ഇമാം മഹല്ലിയും തനിക്ക് ലഭിച്ചതില്‍ നിന്ന് ഒന്നും ഉപയോഗിക്കാതെ മുഴുവന്‍ ദാനം ചെയ്യുമായിരുന്നു.
എല്ലാവരാലും ആദരിക്കപ്പെടുന്നവരും സ്വീകാര്യനുമായിരുന്നു ഇമാം മഹല്ലി(റ). സത്യത്തിന് എതിരായി ഒരു ആനുകൂല്യവും അഭിപ്രായവും അദ്ദേഹത്തില്‍ നിന്നും നേടാനാകുമായിരുന്നില്ല. അക്രമവും അനീതിയും കാണിക്കുന്നവര്‍ ആരായാലും അവര്‍ക്കെതിരെ ധീരമായ നിലപാടെടുക്കുമായിരുന്നു. ഭരണാധികാരികളും പ്രാദേശിക പ്രതിനിധികളും സാധാരണക്കാരും അതില്‍ തുല്യമായിരിക്കും. ഇതു മൂലം എല്ലാവരും ഇമാമിനെ ആദരിക്കുകയും ഭയക്കുകയും ചെയ്തു. ന്യായാധിപന്‍റെ കസേര വെച്ചുനീട്ടിയപ്പോള്‍ അത് നിരസിച്ചു. ڇനരക തീ സഹിക്കാന്‍ സാധക്കില്ലڈ എന്നാണ് അതിന് കാരണമായി ബോധിപ്പിച്ചത്. സംശുദ്ധവും ആത്മീയ സാന്ദ്രവുമായി ജീവിതം നയിച്ച ഇമാം ഉയര്‍ന്ന വ്യക്തി പ്രഭാവത്തിലും വിനയാന്വിതനുമായിക്കഴിഞ്ഞു. ഈജിപ്തിലെ പ്രസിദ്ധ കലാലയമായ അല്‍ മദ്റസതുല്‍ ബല്‍ഖൂഖിയ്യ, അല്‍ മദ്സതുല്‍ മുഅയ്യിദിയ്യ തുടങ്ങിയവരില്‍ അധ്യാപകനായി സേവനം ചെയ്തു. ശിഹാബുദ്ദീന്‍ കൂറാനി(റ) എന്ന വിശ്വമഹാ പ്രതിഭക്ക് പകരമാണ് ഇമാം മഹല്ലിയെ ബര്‍ഖൂഖിയ്യിയില്‍ നിയമിച്ചത്. ഈ ബന്ധം കാരണമാണ് മഹല്ലി(റ)യുടെ ശറഹ് ജംഉല്‍ ജവാമിഇന് അനുബന്ധമെഴുതിയത്. അധ്യാപനത്തോടൊപ്പം ജനസേവനത്തിനും അദ്ദേഹം അവസരം കണ്ടിരുന്നു. തന്‍റെ പ്രദേശത്തെ വൃദ്ധന്മാര്‍ക്ക് ആവശ്യമായ വസ്തുക്കള്‍ അങ്ങാടിയില്‍ നിന്നും വാങ്ങിക്കൊണ്ട് വരും. ഉപജീവന മാര്‍ഗമായി കച്ചവടം നടത്തുകയും ലളിത ജീവിതം നയിക്കുകയും ചെയ്തു.
തന്‍റെ ചുരുങ്ങിയ കാല ജീവിതത്തിനിടയില്‍ ഉപകാരപ്രദമായ ധാരാളം ഗ്രന്ഥങ്ങള്‍ രചിക്കാന്‍ മഹാന് സാധിച്ചിട്ടുണ്ട്. അതില്‍ പ്രസിദ്ധമായ ചില ഗ്രന്ഥങ്ങളെ നമുക്ക് പരിചയപ്പെടാം.

തഫ്സീറുല്‍ ജലാലൈനി
സൂറതുല്‍ കഹ്ഫ് മുതല്‍ അന്നാസ് വരെയും ഫാതിഹ സൂറത്തും അല്‍ബഖറയില്‍ നിന്ന് അല്‍പവുമാണ് തഫ്സീറുല്‍ ജലാലൈനിയില്‍ മഹാന്‍ രചിച്ചിട്ടുള്ളത്. അവസാന ഭാഗത്തിന് ശേഷം ആദ്യഭാഗം തുടങ്ങിയെങ്കിലും പൂര്‍ത്തീകരിക്കാനായില്ല. ഇമാം സുയൂഥിയാണ് ബാക്കിഭാഗം പൂര്‍ത്തീകരിച്ചത്. ജലാലുദ്ദീന്‍ മഹല്ലിയും ജലാലുദ്ദീന്‍ സൂയൂഥിയും ചേര്‍ന്ന് പൂര്‍ത്തീകരിച്ചതിനാലാണ് ഈ ഖുര്‍ആന്‍ വ്യാഖ്യാനത്തിന് څതഫ്സീറുല്‍ ജലാലൈനിچ എന്ന പേര് വന്നത്.

ശര്‍ഹു ജംഉല്‍ ജവാമിഅ്
ഇമാം താജുദ്ദീന്‍ സുബ്കി ഉസൂലുല്‍ ഫിഖ്ഹില്‍ രചിച്ച ജംഉല്‍ ജവാമിഇന് കൂടുതല്‍ അവലംബിക്കപ്പെടുന്ന വ്യഖ്യാനം ഇമാം മഹല്ലി(റ)യുടേതാണ്. څഅല്‍ ബദ്റുത്വാലിഅ്چ എന്നാണ് ഇത് അറിയപ്പെടുന്നത്.

ശര്‍ഹുല്‍ വറഖാത്
ഇമാമുല്‍ ഹറമൈനിയുടെ ഉസൂലുല്‍ ഫിഖ്ഹ് ഗ്രന്ഥമായ څകിതാബുല്‍ വറഖാതിچന് മഹല്ലി ഇമാം എഴുതിയ വിശദീകരണ ഗ്രന്ഥമാണ് ശര്‍ഹുല്‍ വറഖാത്. പ്രാഥമിക പഠനത്തിന് വ്യാപകമായി ഉപയോഗിക്കുന്ന ഒരു ഗ്രന്ഥമാണിത്.

കന്‍സുറാഗിബീന്‍
ഇമാം നവവി(റ)യുടെ മിന്‍ഹാജിന് ഇമാം മഹല്ലി(റ) തയ്യാറാക്കിയ വിശദീകരണ ഗ്രന്ഥമാണ് കിതാബുല്‍ മഹല്ലി എന്ന് വിളിക്കപ്പെടുന്ന څകന്‍സുറാഗിബീന്‍چ. പ്രസിദ്ധീകരിക്കപ്പെട്ടതും അല്ലാത്തതും പൂര്‍ണമായതും അല്ലാത്തതുമായ ഒരുപാട് ഗ്രന്ഥങ്ങള്‍ മഹാന്‍ എഴുതിയിട്ടുണ്ട്. ഇമാം ബൂസ്വീരിയുടെ ബുര്‍ദയുടെ സംക്ഷിപ്ത വ്യഖ്യാനം, ത്വിബ്ബുന്നബവി, കിതാബുന്‍ ഫില്‍ മനാസിക്, കിതാബുന്‍ ഫില്‍ ജിഹാദ് തുടങ്ങിയവ പൂര്‍ണമായതാണ്.
ഹിജ്റ 864ല്‍ മുഹറം ഒന്നിന് വയറ് സംബന്ധമായ അസുഖത്തെ തുടര്‍ന്നാണ് മഹാനവറുകള്‍ വഫാത്താകുന്നത്. അന്നേരം 73വയസ്സായിരുന്നു മഹാന്‍റെ പ്രായം. നാഥന്‍ നമ്മെയും മഹാനവറുകളോടുകൂടെ സ്വര്‍ഗ്ഗീയാരാമത്തില്‍ ഒരിമിച്ച് കൂട്ടട്ടെ..ആമീന്‍.

Leave a Reply

Your email address will not be published. Required fields are marked *