വീണ്ടും ഒരു പരിസ്ഥിതി ദിനം കൂടി സമാഗതമായിരിക്കുന്നു. പ്രകൃതി സംരക്ഷണത്തിന്റെ ഘോഷങ്ങള്‍ക്ക് വീണ്ടും മണിയടിച്ചിരിക്കുകയാണ്. നാനാ ഭാഗങ്ങളില്‍ മരം നടല്‍ ചടങ്ങുകള്‍ പൂര്‍വ്വാധികം ശക്തിയോടെ അരങ്ങേറുന്നു. എന്നാല്‍ ഇന്നലെകളില്‍ നട്ടുതീര്‍ത്ത മരങ്ങളുടെ സ്ഥിതിയെന്താണെന്നതില്‍ ആരും ബോധവാന്മാരല്ല. പരിസ്ഥിതി ദിനം കടന്നു പോകുന്നതോടെ ഭൂമി നേരിട്ടുകൊണ്ടിരിക്കുന്ന പരിസ്ഥിതി പ്രശ്‌നങ്ങളെ കുറിച്ചുള്ള ചിന്തകള്‍ പലരിലും അസ്തമിക്കുന്നുവെന്നതാണ് യാഥാര്‍ത്ഥ്യം. ലോകം നേരിട്ടുകൊണ്ടിരിക്കുന്ന പരിസ്ഥിതി പ്രശ്‌നങ്ങളിലേക്കുളള ഓര്‍മ്മപ്പെടുത്തലാണ് ഓരോ വര്‍ഷത്തെയും പരിസ്ഥിതി ദിനം. അതിന് ഒരു പ്രമേയവും അതുമായി ബന്ധപ്പെട്ട മുദ്രാവാക്യവും ഉണ്ടാകാറുണ്ട്. ഈ വര്‍ഷത്തെ പരിസ്ഥിതി ദിനത്തിന്റെ പ്രമേയം ”ഭൂപുന:സ്ഥാപനവും മരുഭൂവല്‍ക്കരണം, വരള്‍ച്ച എന്നിവക്കെതിരെയുളള പ്രതിരോധവും” എന്നതാണ്. നമ്മുടെ ഭൂമി, നമ്മുടെ ഭാവി, നമ്മള്‍ പുനസ്ഥാപനത്തിന്റെ തലമുറ (our land our future we are #generation restoration) എന്നതാണ് മുദ്രാവാക്യം. മനുഷ്യര്‍ക്കും ഇതര ജീവികള്‍ക്കും പ്രകൃതിദത്തവും സുരക്ഷിതവുമായ ഭൂപ്രകൃതി പുനഃസ്ഥാപിക്കുന്നതിനുളള പാരിസ്ഥിതിക പ്രക്രിയയാണ് ഭൂമി പുനരുദ്ധാരണം. ഇത് നമ്മുടെ ആവാസ വ്യവസ്ഥയെ സംരക്ഷിക്കുന്നതിനും സാമ്പത്തിക വികസനം സൃഷ്ടിക്കുന്നതിനും പ്രകൃതി ദുരന്തങ്ങളെ തടയുന്നതിനും വഴിയൊരുക്കുന്നു. വരള്‍ച്ചയെ പ്രതിരോധിച്ച് വര്‍ധിച്ചു കൊണ്ടിരിക്കുന്ന ആഗോള പ്രശ്‌നങ്ങളെ നേരിടാനും ഇത് അത്യന്താപേക്ഷിതമാണ്. ലോകമെമ്പാടുമുളള 100 കോടി ഹെക്ടര്‍ ഭൂമി പുനസ്ഥാപനത്തിനായി മാറ്റിവെച്ചിരിക്കുകയാണ്. സസ്യങ്ങള്‍, മൃഗങ്ങള്‍ മറ്റ് ജീവജാലങ്ങളും സമൂഹവും അവയ്ക്ക് ചുറ്റുമുളള പ്രകൃതിയും ഒരു സംവിധാനമായി ഇടപഴകുന്ന സ്ഥലമാണ് ആവാസ വ്യവസ്ഥ. മനുഷ്യരാശിക്ക് അതിജീവിക്കാന്‍ ആവശ്യമായ ഭക്ഷണവും വെള്ളവും അസംസ്‌കൃത വസ്തുക്കളും വനങ്ങള്‍, കൃഷിയിടങ്ങള്‍, തണ്ണീര്‍ തടങ്ങള്‍ അടങ്ങുന്ന ആവാസ വ്യവസ്ഥ നല്‍കുന്നുണ്ട്. പക്ഷെ, ഭൂമിയുടെ ഭൂവിസ്തൃതിയുടെ അഞ്ചിലൊന്നില്‍ കൂടുതല്‍ ഏകദേശം 200 കോടി ഹെക്ടര്‍ ജീര്‍ണാവസ്ഥയിലാണ്. ലോകജനസംഖ്യയുടെ 40% ആളുകളെ ഭൂമിയുടെ തകര്‍ച്ച ബാധിക്കുന്നുണ്ട്. ഇതിനുപുറമേ കോടിക്കണക്കിന് മനുഷ്യര്‍ വരള്‍ച്ചയുടെ പ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കുന്നു. ലോകത്തിന്റെ വിവിധയിടങ്ങളില്‍ കന്നുകാലികളടക്കമുള്ള ജീവജാലങ്ങള്‍ ഭീഷണിയിലാണ്. കൃഷിയിടങ്ങളും തടാകങ്ങള്‍ പോലോത്ത ജലസ്രോതസ്സുകളും നശീകരണത്തിന് വിധേയമാകുന്നു. അതുകൊണ്ടാണ് ഈ വര്‍ഷത്തെ പരിസ്ഥിതി ദിനം ഭൂമി പുനഃസ്ഥാപിക്കല്‍ മരുവല്‍കരണം വരള്‍ച്ചാ പ്രതിരോധം എന്നിവയില്‍ ഊന്നല്‍ നല്‍കുന്നത്.ഭൂമി പുനഃസ്ഥാപിക്കുന്നതിന് പലമാര്‍ഗങ്ങളും നമുക്ക് സ്വീകരിക്കാവുന്നതാണ്. ഫലഭൂഷ്ടമായമണ്ണില്‍ വൃക്ഷങ്ങള്‍ നടുക, ധാരാളം ഇടങ്ങളില്‍ വനങ്ങള്‍ സൃഷ്ടിക്കുന്നതിന് പ്രോത്സാഹനം നല്‍കുക, ഉപയോഗപ്രദമായ സസ്യ ഇനങ്ങളുടെ വിശാലമായ ശ്രേണി ഉപയോഗിക്കപ്പെടുകയോ ലഭ്യമാക്കുകയോ ചെയ്യുന്നുവെന്ന് ഉറപ്പാക്കുക, ഗ്രാമപരിപാലന സമിതികള്‍ മുഖേന ജീവജാലങ്ങളുടെയും പുനഃസ്ഥാപിച്ച പ്രദേശങ്ങളുടെയും സ്വാഭാവികമായ പുനരുജ്ജീവനം കൈകാര്യം ചെയ്യുക തുടങ്ങിയവ ഇതില്‍ ചിലത് മാത്രമാണ്.
മനുഷ്യരാശിയുടെ മറ്റൊരു പ്രധാനപ്പെട്ട ആഗോള പ്രശ്‌നമാണ് മരുഭൂവല്‍കരണം. ഫലഭൂഷ്ടമായ ഒരു ഭൂമി അതിന്റെ സസ്യ ജന്തുജാലങ്ങളെ നഷ്ടപ്പെട്ട് സ്വയം മരുഭൂമിയായി മാറുന്ന നശീകരണ പ്രക്രിയയാണ് മരുഭൂവല്‍കരണം. ഇത് വരള്‍ച്ച, വനനശീകരണം, കാലാവസ്ഥാ വ്യതിയാനം, മനുഷ്യപ്രവര്‍ത്തനങ്ങള്‍ എന്നിവ കാരണമായി സംഭവിക്കാം. മരുഭൂവല്‍കരണം എന്നത് ഭൂമിയെ തന്നെ ഇല്ലാതാക്കുന്ന പ്രക്രിയയാണ്. ഇതിനെ തടയിടാന്‍ വത്യസ്ത അന്താരാഷ്ട്ര സ്ഥാപനങ്ങള്‍ പല മാര്‍ഗങ്ങളും സ്വീകരിക്കുന്നുണ്ട്. 1994 ല്‍ പരിസ്ഥിതിയെയും വികസനത്തെയും സുസ്ഥിരമായ ഭൂമി മാനേജ്‌മെന്റുമായി ബന്ധിപ്പിക്കുന്ന ഏക നിയമപരമായ അന്തര്‍ദേശീയ ഉടമ്പടി എന്ന നിലയില്‍ UNO മരുഭൂവല്‍കരണം നേരിടുന്നതിനുള്ള ഐക്യരാഷ്ട്ര കണ്‍വെന്‍ഷന്‍ (UNCCD) സ്ഥാപിച്ചു. 1992 ല്‍ റിയോ ഡി ജനീറോയില്‍ നടന്ന UNO ഭൗമ ഉച്ചകോടിയില്‍ മരുഭൂവല്‍കരണം സംബന്ധിച്ച അന്താരാഷ്ട്ര നിയമ ഉടമ്പടിക്ക് വേണ്ടിയുള്ള ചര്‍ച്ചകള്‍ നടത്താനുള്ള ആഹ്വാനത്തിന്റെ പ്രതികരണമായിട്ടായിരുന്നു ഈ കണ്‍വെന്‍ഷന്‍ നടന്നത്. പ്രകൃതിദത്ത മരുഭൂമികളും അര്‍ദ്ധ മരുഭൂമികളും ഭൂമിയുടെ ഉപരിതലത്തിന്റെ മൂന്നില്‍ ഒന്നില്‍ കൂടുതല്‍ ഉള്‍കൊള്ളുന്നു. ലോകജനസംഖ്യയുടെ ഏകദേശം 15% പേര്‍ ഈ ഭൂപ്രദേശങ്ങളില്‍ താമസിക്കുന്നവരാണ്. പൊതുവേ മരുഭൂമികള്‍ വരണ്ട ഭൂഖണ്ഡാന്തര കാലാവസ്ഥയുള്ള പ്രദേശമാണ്. ഇവിടെ പ്രതിവര്‍ഷം ശരാശരി 150-175 മില്ലിമീറ്റര്‍ മഴ മാത്രമേ ലഭിക്കുകയുള്ളൂ. ലോകത്തിലെ എല്ലാ വരണ്ട പ്രദേശങ്ങളുടെയും ഏതാണ്ട് മൂന്നിലൊന്ന് ആഫ്രിക്കയിലാണ്. ഏഷ്യാ, ലാറ്റിന്‍, അമേരിക്ക, ഓസ്‌ട്രേലിയ പോലെയുള്ള സ്ഥലങ്ങളിലും വരണ്ട പ്രദേശങ്ങള്‍ വ്യാപകമാണ്. പ്രതിവര്‍ഷം ശരാശരി 6 ദശലക്ഷം ഹെക്ടര്‍ കൃഷിഭൂമി മരുഭൂവല്‍കരണത്തിന് വിധേയമാകുന്നുണ്ട്. മനുഷ്യപ്രവര്‍ത്തനങ്ങള്‍ കൊണ്ടുള്ള കൂട്ടു നശീകരണമാണ് ഇതിന് പിന്നില്‍. അതിനാല്‍, മരുഭൂവല്‍കരണം എന്നത് പ്രകൃതിദത്തമായ എല്ലാ ജീവസഹായ സംവിധാനങ്ങളുടെയും അപചയ പ്രക്രിയയാണ്. ഈ പ്രതിസന്ധി അതിജീവിക്കുന്നതിന് പ്രാദേശിക ജനത ഒന്നുകില്‍ പുറത്തു നിന്നുള്ള സഹായം സ്വീകരിക്കണം. അല്ലെങ്കില്‍ ജീവിതത്തിന് അനുയോജ്യമായ ഭൂമി തേടി പോകണം. ഇന്ന് പല ജനതയും പരിസ്ഥിതി അഭയാര്‍ത്ഥികളായി മാറിയിരുക്കുകയാണ്. ഭൂപ്രകൃതിയുടെ പാരിസ്ഥിതിക സന്തുലിതാവസ്ഥയില്‍ ഒരു പ്രത്യേക പങ്ക് വഹിക്കുന്ന പ്രധാന പ്രകൃതിദത്ത രൂപങ്ങളാണ് മരുഭൂമികള്‍.
ഇത് പോലെ ലോകം നേരിടുന്ന മറ്റൊരു ആഗോള പ്രശ്‌നമാണ് വരള്‍ച്ച എന്നുള്ളത്. ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ വനങ്ങള്‍ ഇല്ലാതാക്കിയും തടയണകളും പുഴകളും മറ്റുള്ള ജലസ്രോതസ്സുകളും നശിപ്പിച്ച് കൂറ്റന്‍ കോണ്‍ക്രീറ്റ് നിര്‍മിതികള്‍ ഉണ്ടാക്കി. വരള്‍ച്ച വര്‍ഷങ്ങള്‍ കൂടും തോറും കൂടിവരികയും കാലാവസ്ഥാ വ്യതിയാനം സംഭവിച്ചു വരികയുമാണ്. മലകള്‍ ഇടിച്ച് നിരത്തി വയലുകള്‍ നിപ്പാക്കി ജലസ്രോതസ്സുകളെ നശിപ്പിക്കുമ്പോള്‍ ഇല്ലാതാകുന്നത് ആവാസ വ്യവസ്ഥ തന്നെയാണ് എന്ന ബോധം വേണം.
കൃഷി, ഭൂപ്രകൃതി, വിനോദം, അടിസ്ഥാന സൗകര്യങ്ങള്‍ തുടങ്ങിയ മനുഷ്യന്റെ ആവാസവ്യവസ്ഥയില്‍ വരള്‍ച്ച വലിയ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും. വീടുകളില്‍ ജലം സംരക്ഷിച്ചും പുതിയ ജലസ്രോതസ്സുകള്‍ കണ്ടെത്തിയും വനങ്ങള്‍ നിര്‍മിച്ചും വരള്‍ച്ചയെ അതിജീവിക്കാന്‍ നമുക്ക് സാധിക്കണം. വരള്‍ച്ചയുടെ ആഘാതം പ്രദേശങ്ങളിലും സമൂഹങ്ങളിലും സമ്പദ്‌വ്യവസ്ഥകളിലും കടന്നുകയറും.
ഓരോ പരിസ്ഥിതി ദിനം നമ്മളിലേക്ക് കടന്നുവരുമ്പോഴും ഇന്ന് ലോകം നേരിട്ട് കൊണ്ടിരിക്കുന്ന പരിസ്ഥിതി പ്രശ്‌നങ്ങളെ കുറിച്ച് ചിന്തിക്കുകയും അതിന് വേണ്ടിയുള്ള പരിഹാരങ്ങള്‍ കണ്ടെത്തി പരിസ്ഥിതി സംരക്ഷിക്കുക എന്ന സാമൂഹ്യ ബാധ്യത മനുഷ്യകുലത്തിനുണ്ട്. ഓരോ പരിസ്ഥിതി ദിനങ്ങള്‍ കടന്ന് വരുമ്പോഴും കഴിഞ്ഞ വര്‍ഷങ്ങളില്‍ നട്ട തൈകളെ കുറിച്ച് അന്വേഷിക്കുകയും പുതിയ തൈകള്‍ നട്ട് പരിസ്ഥിതി സംരക്ഷിക്കേണ്ട ഉത്തരവാദിത്തം നമുക്കുണ്ട്.
??
Great