2015 Nov-Dec ആത്മിയം ചരിത്രം നബി

നബിയെ പുണര്‍ന്ന മദീന

അന്ത്യപ്രവാചകര്‍ മുഹമ്മദ് മുസ്ഥഫാ(സ്വ) യെ സര്‍വലോകര്‍ക്കും അനുഗ്രഹമായിട്ടാണ് അല്ലാഹു നിയോഗിച്ചിട്ടുള്ളത്. ഇത് അംഗീകരിക്കുന്നവരാണ് സത്യവിശ്വാസികള്‍. തങ്ങളോടുള്ള നിഷ്കളങ്കമായ സ്നേഹം ഒരു വിശ്വാസിയുടെ പ്രധാന ഘടകമാണ്. അത് കൊണ്ടു തന്നെ നബി തങ്ങളെ കുറിച്ച് പഠിക്കലും അറിയലും അനിവാര്യമാണ്. എന്നാലെ ഒരു വിശ്വാസി പൂര്‍ണ വിശ്വാസി ആവുകയുള്ളൂ. ഓരോ വിശ്വാസിയുടെയും അഭയകേന്ദ്രമാണ് മദീന. അവിടെയെത്താന്‍ ആഗ്രഹിക്കാത്ത ഒരു വിശ്വാസിയുമുണ്ടാവില്ല. കാരണം, അന്ത്യപ്രവാചകന്‍ മുഹമ്മദ് നബി(സ) തങ്ങളുടെ പാദം പതിഞ്ഞ മണ്ണിനേക്കാള്‍ പരിശുദ്ധമായ മണ്ണ് വേറെയില്ലല്ലോ… മദീനയേക്കാള്‍ ശ്രേഷ്ഠമായ വേറെ ഭൂമിയും. റസൂലുല്ലാഹി(സ) തങ്ങളെക്കൊണ്ട് മാത്രമാണ് മദീന ഇത്രമാത്രം പവിത്രതയുള്ള ഭൂമിയായി മാറിയത്.
മുഹമ്മദ് നബി(സ) തങ്ങള്‍ ജനിക്കുന്നത് മക്കാപട്ടണത്തിലാണ്. അവിടെയാണ് മതപ്രബോധനം തുടങ്ങിയതും. മൂന്ന് കൊല്ലം രഹസ്യമായും പത്തുവര്‍ഷം പരസ്യമായും പ്രബോധനം തുടര്‍ന്നു. നബി തങ്ങളുടെ പ്രബോധന കാരണമായി ആ നാട്ടില്‍ നിന്നും മറുനാട്ടില്‍ നിന്നും പലരും ഇസ്ലാം സ്വീകരിച്ചു. അന്ധവിശ്വാസത്തെയും അനാചാരങ്ങളെയും പ്രചരിപ്പിക്കുന്നവര്‍ക്ക് ഇത് വലിയ ഭീഷണിയായി മാറി. അവര്‍ നബിയെ പരിഹസിച്ചു, നിന്ദിച്ചു, മര്‍ദ്ദനങ്ങള്‍ ഏല്‍പ്പിച്ചു, ബഹിഷ്കരണങ്ങള്‍ ഏര്‍പ്പെടുത്തി.
മക്കാജീവിതം നബി(സ) തങ്ങള്‍ക്കും അനുയായികള്‍ക്കും പ്രയാസകരമായി മാറി. സ്വതന്ത്രമായ പ്രബോധനവും പരസ്യമായ ആരാധനയും നടത്താന്‍ സാധിക്കാതെ വന്നു. മക്കയില്‍ നിന്ന് പ്രബോധന കേന്ദ്രം മാറ്റാന്‍ അല്ലാഹു ഉത്തരവ് നല്‍കി. അതിന് അല്ലാഹു തെരെഞ്ഞെടുത്തത് മദീനയായിരുന്നു. മദീനയെ അവന്‍ സജ്ജീകരിച്ചു. മക്കാനിവാസികള്‍ കൈവെടിഞ്ഞ ഇസ്ലാമിനെയും പ്രവാചകനെയും മാറോടണച്ചു സ്വീകരിക്കാന്‍ മദീനക്കാര്‍ സജ്ജരായി. എല്ലാ സംരക്ഷണവും നല്‍കാമെന്ന് റസൂലിന് അവര്‍ ഉറപ്പ് നല്‍കി. ആ ഉടമ്പടിയാണ് അഖബ ഉടമ്പടിയായിട്ട് ചരിത്രത്തില്‍ എന്നെന്നും സ്മരിക്കപ്പെടുന്നത്. മദീന പലായനത്തിന് അനുയായികള്‍ക്ക് തിരുമേനി സമ്മതം നല്‍കി. നബി(സ) തങ്ങളും അവിടുത്തെ അനുയായികളും മദീന നഗരിയിലേക്ക് നടന്നു നീങ്ങി. സ്വഫര്‍ 27 രാത്രിയാണ് അവര്‍ മക്ക വിട്ടിറങ്ങുന്നത്. അവര്‍ ആദ്യം ചെന്നെത്തിയത് സൗര്‍ പര്‍വത ഗുഹയിലാണ്. മൂന്ന് ദിവസം അവിടെ താമസിച്ചു. ശത്രുക്കളുടെ തെരച്ചിലടങ്ങിയപ്പോള്‍ തിരുമേനിയും അവിടുത്തെ അനുയായികളും റബീഉല്‍ അവ്വല്‍ ഒന്നിന് അവിടെ നിന്ന് യാത്ര തുടങ്ങി. അതീവ ജാഗ്രത പാലിച്ചു കൊണ്ട് റബീഉല്‍ അവ്വല്‍ 8ന് തിങ്കളാഴ്ച ദിവസം മദീനയിലെ ഖുബാഇലെത്തി. നാലുദിവസത്തെ താമസത്തിന് ശേഷം അവിടെ നിന്ന് മദീനയുടെ ഹൃദയഭാഗത്തെത്തി. അവരുടെ ഊഷ്മളമായ വരവേല്‍പ്പ് നബി(സ) തങ്ങളെ വീര്‍പ്പുമുട്ടിച്ചു. റസൂലുല്ലാഹിയുടെ ആഗമനത്താല്‍ മദീനയില്‍ ആവേശം ആര്‍ത്തിരമ്പി. ഓരോരുത്തരും തിരുമേനി തന്‍റെ വീട്ടില്‍ താമസിക്കണമെന്ന വാശിപിടിച്ചു. ഓരോരുത്തരും വാഹനത്തിന്‍റെ കടിഞ്ഞാണ്‍ പിടിച്ചുതൂങ്ങാന്‍ തുടങ്ങി. നബി(സ) തങ്ങള്‍ തീരുമാനം അല്ലാഹുവിനു വിട്ടുകൊടുത്തു. അല്ലാഹു അതു തിരുമേനിയുടെ വാഹനത്തിന് വിട്ടുകൊടുത്തു. എന്നിട്ട് തിരുമേനി പറഞ്ഞു, നിങ്ങള്‍ അതിനെ അതിന്‍റെ പാട്ടിനു വിടുക. അതിന് കല്‍പന ലഭിച്ചിട്ടുണ്ട്. ഇന്ന് മസ്ജിദുന്നബവി നിലകൊള്ളുന്നിടത്ത് അത് മുട്ടുകുത്തി. അതെ, ഇവിടെ തന്നെയാണിറങ്ങേണ്ട സ്ഥലം എന്നു പറഞ്ഞ് നബി(സ) തങ്ങള്‍ അവിടെയിറങ്ങി. തൊട്ടടുത്ത വീട്ടുകാരന്‍ അബൂഅയ്യൂബുല്‍ അന്‍സ്വാരിയായിരുന്നു. അതുകൊണ്ട് തിരുനബി(സ) തങ്ങളെ തന്‍റെ വീട്ടില്‍ താമസിപ്പിക്കാനുള്ള സൗഭാഗ്യം അദ്ദേഹത്തിനു ലഭിച്ചു. ജനങ്ങളെ സത്യമാര്‍ഗത്തില്‍ പ്രബോധനം ചെയ്യാനും ആരാധനക്കും ആവശ്യമായ ഒരു കേന്ദ്രം വേണമെന്നായിരുന്നു നബി(സ) തങ്ങളുടെ ആദ്യത്തെ ആഗ്രഹം. അതിനു വേണ്ടി നബിതിരുമേനി(സ) തെരെഞ്ഞെടുത്ത സ്ഥലം ഒട്ടകം മുട്ടുകുത്തിയ ഇടം തന്നെയായിരുന്നു.
നബി(സ) തങ്ങള്‍ മദീനയിലെത്തും മുമ്പ് തന്നെ അവിടെ മദീനാമുസ്ലിംകളില്‍ ചിലര്‍ നിസ്കാരം നടത്തിവരുന്നുണ്ടായിരുന്നു. സഹ്ല്‍, സുഹൈല്‍ എന്നീ അനാഥ ബാലന്‍മാരുടെ സ്ഥലമായിരുന്നു അത്. സൗജന്യമായി നല്‍കാന്‍ അവര്‍ തയ്യാറായെങ്കിലും തിരുമേനി(സ) തങ്ങള്‍ അത് അനാഥ സ്വത്തായതുകൊണ്ട് പത്ത്ദീനാര്‍ വിലകൊടുത്തു മാത്രമാണ് വാങ്ങിയത്. എന്നാല്‍ ആ പള്ളിയുടെ നിര്‍മാണം നാലുകല്ലുകള്‍ കൊണ്ടായിരുന്നു. പ്രാഥമിക നിര്‍മാണത്തിന്‍റെ തുടക്കം റസൂലുല്ലാഹി(സ) തങ്ങളുടെ തൃക്കരങ്ങള്‍ കൊണ്ടായിരുന്നു. എന്നാല്‍, മൂന്ന് കല്ലുകള്‍ വെച്ചുകൊണ്ട് അബൂബകര്‍ സിദ്ദീഖ്(റ), ഉസ്മാന്‍(റ), അലി(റ) എന്നിവരും ആ ശിലാസ്ഥാപനത്തില്‍ പങ്കുചേര്‍ന്നു. ഈ പള്ളിയുടെ പ്രാഥമികനിര്‍മാണം തന്നെ കല്ലുകളെ കൊണ്ടും ഈന്തപ്പന മടലുകളെകൊണ്ടുമായിരുന്നു. അങ്ങനെ മദീന നഗരം പ്രസിദ്ധിയാര്‍ജിച്ചു തുടങ്ങി. പള്ളിയുടെ നിര്‍മാണം പൂര്‍ത്തിയായപ്പോള്‍ അതിന്‍റെ അടുത്തു നിര്‍മിച്ച ഭാര്യവീട്ടിലേക്ക് നബി(സ) തങ്ങള്‍ താമസം മാറ്റി. ആദ്യം നിലവില്‍ വന്ന വീട് ആയിശ(റ)യുടേതായിരുന്നു. പിന്നീട് സൗദ(റ)യുടേയും മറ്റുഭാര്യമാരുടെയും വീടുകള്‍ നിര്‍മിച്ചു. ഹിജ്റ ഒന്നാം വര്‍ഷം നിര്‍മിച്ച ഈ ചെറിയപള്ളി അനുയായികളുടെ ആധിക്യം കാരണം നബി(സ) തങ്ങള്‍ വിശാലമാക്കി. അത് ഹിജ്റ ഏഴാം വര്‍ഷമായിരുന്നു.
നബി(സ) തങ്ങള്‍ മദീനയില്‍ വന്ന ശേഷം 16 മാസക്കാലം ബൈത്തുല്‍ മുഖദ്ദസിലേക്കായിരുന്നു തിരിഞ്ഞു നിസ്കരിച്ചിരുന്നത്. അത് മദീനയുടെ വടക്കുഭാഗത്താണ് സ്ഥിതി ചെയ്യുന്നത്. അതുകൊണ്ടു തന്നെ ആദ്യത്തെ മിഹ്റാബ് മസ്ജിദ്ദുന്നബവിയുടെ വടക്കുഭാഗത്തായിരുന്നു. പിന്നീട് മക്കയിലെ കഅ്ബയിലേക്ക് തിരിഞ്ഞു നിസ്കരിക്കാന്‍ മുത്ത്നബി(സ)ക്ക് അല്ലാഹുവിന്‍റെ വഹ്യ് ലഭിച്ചു. കഅ്ബ മദീനയുടെ തെക്കുവശത്താണ് സ്ഥിതിചെയ്യുന്നത്. ആ തെക്കു വശത്ത് ആയിശ(റ)യുടെ പേരില്‍ അറിയപ്പെടുന്നതൂണിന് നേരെ, കഅ്ബക്ക് അഭിമുഖമായി നബി(സ) തങ്ങള്‍ കുറെ ദിവസങ്ങള്‍ നിസ്കരിച്ചു. ആ പള്ളിയുടെ തെക്കുഭാഗത്ത് അല്‍മിഹ്റാബുന്നബവി എന്ന പേരില്‍ അറിയപ്പെടുന്ന സ്ഥലത്തായിരുന്നു റസൂലുല്ലാഹി(സ) തങ്ങളുടെ ഇമാമത്ത്. ഖിബ്ലയുടെ മാറ്റത്തെ തുടര്‍ന്ന് പള്ളിയുടെ വടക്കുവശത്തുണ്ടായിരുന്ന മിഹ്റാബ് തെക്കുവശത്തേക്കു മാറ്റിയതിന് ശേഷം വടക്കുവശത്ത് പള്ളിയുടെ പിന്‍ഭാഗത്ത് ഒരു കൊച്ചു മേല്‍ക്കൂര നിര്‍മിച്ചു. ആ സ്ഥലം സുഫ്ഫത്ത് എന്ന പേരില്‍ അറിയപ്പെട്ടു. സ്വന്തമായി വീടും കുടുംബവുമില്ലാത്ത പാവപ്പെട്ട ദരിദ്രരായ മുഹാജിറുകള്‍ക്കുള്ളതായിരുന്നു ആ സ്ഥലം. ഇന്ന് ദിക്കത്തുല്‍ അഅ്വാസ് എന്നറിയപ്പെടുന്നു. നാടും വീടുമൊഴിവാക്കി പാലായനം ചെയ്ത് മദീനയിലെത്തിയ പലര്‍ക്കും അവിടത്തെ അന്‍സ്വാറുകള്‍ നല്ല സ്വീകരണം നല്‍കി. അവര്‍ക്കു വേണ്ടതൊക്കെ അവര്‍ ഒരുക്കിക്കൊടുത്തു. അവശേഷിക്കുന്ന മുഹാജിറുകള്‍കും മറ്റുള്ളവര്‍ക്കും അഭയകേന്ദ്രം നബിയുടെ പള്ളിയിലായിരുന്നു. പള്ളിയില്‍ സുഫ്ഫ എന്നറിയപ്പെടുന്ന സ്ഥലത്തായിരുന്നു അവരുടെ താമസവും മറ്റുമെല്ലാം. നബി(സ) തങ്ങളുടെ അടുക്കലില്‍ നിന്ന് വിട്ടുപോകാന്‍ അവര്‍ താല്‍പര്യപ്പെട്ടില്ല. തിരുനബി(സ) തങ്ങളുടെ തിരുനാവില്‍ നിന്നും വരുന്ന തിരുവചനങ്ങള്‍ കേട്ടുപഠിക്കുക മതനിയമങ്ങള്‍ ചോദിച്ചു മനസിലാക്കുക തുടങ്ങിയ കാര്യങ്ങളായിരുന്നു അവരുടെ ലക്ഷ്യം. റസൂലുല്ലാഹി (സ) തങ്ങളെ വിട്ടുപോകാന്‍ അവര്‍ താല്‍പര്യപ്പെട്ടിരുന്നില്ല. തിരുനബി(സ) തങ്ങള്‍ അവരെ പ്രത്യേകം പരിഗണിക്കുകയും ശ്രദ്ധിക്കുകയും ചെയ്യുമായിരുന്നു.
ആരാധനയും പ്രാര്‍ത്ഥനയും പഠനവും മാത്രമായിരുന്നു അവരുടെ ജീവിതം. മറ്റുതൊഴിലുകളൊന്നും അവര്‍ക്കുണ്ടായിരുന്നില്ല. കുടുംബബാധ്യതകളുമുണ്ടായിരുന്നില്ല. വിശപ്പും ദാരിദ്രവും അവര്‍ക്ക് സംതൃപ്തിയും സന്തോഷവുമായിരുന്നു. ഈ സ്വഹാബിമാര്‍ അഹ്ലുസുഫ്ഫ എന്ന പേരില്‍ അറിയപ്പെട്ടു. സ്വഹാബിമാരില്‍ എഴുന്നൂറോളം പേര്‍ അഹ്ലുസുഫ്ഫ ഗണത്തില്‍ പെടുന്നവരാണ്. അവരോട് കൂടെയായിരുന്നു മുത്ത് നബി(സ) തങ്ങളുടെ മദീനയിലെ ജീവിതം. മദീന ഒരു ചരിത്ര പാരമ്പര്യമുള്ള പട്ടണമായി മാറി. നൂറ്റാണ്ടുകളുടെ ചരിത്രപാരമ്പര്യമുള്ള ആ പട്ടണം എന്നെന്നേക്കുമായി റസൂല്‍(സ)യുടെ പേരില്‍ മുദ്രചെയ്യപ്പെട്ടു. ആദ്യത്തെ നഗരരാഷ്ട്രമാണ് മദീന. മുസ്ലിംകള്‍, യഹൂദികള്‍, ഏതാനും ക്രിസ്ത്യാനികള്‍, അമുസ്ലിം അറബികള്‍ ഇങ്ങനെ മതസംസ്കാര വാഹകരായി നാല് വിഭാഗം ജനങ്ങളെ വ്യവസ്ഥാപിതമായ ഒരുഭരണഘടനയില്‍ ഒരു സമൂഹത്തെ റസൂലുല്ലാഹി(സ) തങ്ങള്‍ മദീനയില്‍ സൃഷ്ടിച്ചെടുത്തു. പതിനാലു നൂറ്റാണ്ടുകള്‍ക്കു ശേഷം ആ പഴയ കാലത്തെപോലെ തന്നെ നബി(സ)തങ്ങളുടെ സാന്നിധ്യം ഇവിടെ സജീവമായി നിലകൊള്ളുന്നു. ഒരുകാലത്ത് യസ്രിബ് എന്ന് വിളിക്കപ്പെട്ടിരുന്ന ഒരു പറ്റം ഗ്രാമങ്ങള്‍ ഈ നഗരവുമായി രൂപാന്തരപ്പെട്ടതിനു പിന്നിലെ വന്‍ ശക്തി റസൂലുല്ലാഹി(സ) തങ്ങളാണ്. ലോകത്തുള്ള എല്ലാ മുസ്ലിംകളും ഈ മദീന നഗരത്തെ സ്നേഹിക്കുന്നു. ലോകത്തുള്ള മറ്റുനഗരങ്ങള്‍ക്ക് ലഭിക്കാത്ത സ്നേഹം മദീനക്ക് ലഭിച്ചുകൊണ്ടിരിക്കുന്നു. 14 നൂറ്റാണ്ടിലധികമായി അതിന്‍റെ നാമധേയം ‘മദീനത്തുന്നബി’ പ്രവാചകന്‍റെ നഗരം എന്നാണ്. ഇസ്ലാമിന്‍റെ ആദ്യ ആസ്ഥാനം, സാംസ്കാരിക കേന്ദ്രം, വിശ്വാസി സമൂഹത്തിന്‍റെ ഉമ്മമാരുടെ തറവാട്. മദീന ഒരു ചരിത്രനഗരമായി മാറി. ആ നാഗരിക സൗന്ദര്യത്തിന് ലോകജനങ്ങള്‍ ഇന്നും സാക്ഷിയായിക്കൊണ്ടിരിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *