എന്നെ പുതപ്പിക്കൂ എന്നെ പുതപ്പിക്കൂ എന്നുരുവിട്ട് കൊണ്ട് ഭയന്ന് വിറച്ചാണ് പ്രവാചകൻ (സ്വ) ആദ്യമായി വഹ് യ് ലഭിച്ച സന്ദർഭത്തിൽ ഹിറ ഗുഹയിൽ നിന്ന് വീട്ടിലേക്ക് മടങ്ങിയത്. ഒട്ടും സങ്കോചിക്കാതെ “അല്ലാഹുവാണെ, അല്ലാഹു ഒരിക്കലും അങ്ങയെ അപമാനിക്കുകയില്ല. അങ്ങ് കുടുംബബന്ധം ചേർക്കുന്നു, സത്യം പറയുന്നു, ദുർബലരെ സഹായിക്കുന്നു, അതിഥികളെ ആദരിക്കുന്നു, ദുരിതമനുഭവിക്കുന്നവരെ സഹായിക്കുന്നു” എന്ന് പറഞ്ഞാണ് ഖദീജ ബീവി നബിയെ ആശ്വസിപ്പിക്കുന്നത്. ഒന്ന് ചിന്തിച്ചുനോക്കൂ. മനുഷ്യ ജീവിതത്തിലെ വത്യസ്തമായ അനുഭവ തലങ്ങളിൽ നിന്നും വരുന്ന ഒരു വ്യക്തിക്ക് ആദ്യം വേണ്ടത് വലിയ ഉപദേശങ്ങളല്ല. മനസ്സിലാക്കുന്ന ഒരു ഹൃദയമാണ്. “ഞാൻ കൂടെയുണ്ട്” എന്നാശ്വസിപ്പിക്കുന്ന ഒരു കൂടാണ്. ഖദീജ (റ) നബിക്ക് ﷺ അത്തരമൊരു വ്യക്തിയായിരുന്നു. അവർ നബിയുടെ ﷺ ഭയത്തെ പരിഹസിച്ചില്ല. “എന്തിനാണ് നിങ്ങൾ ഇങ്ങനെ ഭയപ്പെടുന്നത്?” എന്ന് കുറ്റപ്പെടുത്തിയില്ല. പകരം, നബിയുടെ ﷺ ജീവിതത്തിലെ നല്ല ഗുണങ്ങൾ ഓർമ്മിപ്പിച്ചു. നിങ്ങൾ സത്യസന്ധനാണ്, കുടുംബബന്ധം കാത്തുസൂക്ഷിക്കുന്നവനാണ്, പാവങ്ങളെ സഹായിക്കുന്നവനാണ്, അതിഥികളെ ആദരിക്കുന്നവനാണ് എന്നൊക്കെ പറഞ്ഞുകൊണ്ട് അവർ നബിക്ക് ﷺ ആത്മവിശ്വാസം നൽകി. അല്ലാഹു കൂടെയുണ്ടാകുമെന്ന ഉറപ്പ് നൽകി. ബന്ധം ഊട്ടിയുറപ്പിക്കുന്നതിന് ഇവിടെ വലിയൊരു പാഠമുണ്ട്. ഒരാൾക്ക് പുറത്തുള്ള ലോകത്ത് എത്ര വലിയ ബുദ്ധിമുട്ടുകൾ നേരിടേണ്ടിവന്നാലും വീട്ടിൽ സമാധാനം ലഭിക്കുന്നുണ്ടെങ്കിൽ എല്ലാ വിധ പ്രശ്നങ്ങളും തരണം ചെയ്യാൻ കഴിയും. എന്നാൽ വീട്ടിൽ നിന്നുതന്നെ കുറ്റപ്പെടുത്തലും പരിഹാസവും അവഗണനയും ലഭിച്ചാൽ ചെറിയ പ്രശ്നങ്ങൾ പോലും വലിയ ഭാരമായി മാറും. ഇന്ന് കുടുംബ ബന്ധങ്ങൾക്ക് ഒട്ടും മൂല്യം കൽപിക്കാത്ത സ്ഥിതിയാണുള്ളത്. പല കുടുംബങ്ങളിലും പരസ്പരം സംസാരിക്കാൻ സമയമില്ല. ഒരാൾക്ക് എന്ത് വിഷമമുണ്ടെങ്കിലും മറ്റൊരാൾ അത് മനസ്സിലാക്കാറില്ല. ഭർത്താവിന് ജോലിസ്ഥലത്തെ പ്രശ്നങ്ങൾ ഉണ്ടാകാം. ഭാര്യക്ക് വാട്ടിലെയും കുടുംബത്തിലെയും പല ഉത്തരവാദിത്തങ്ങളും സമ്മർദ്ദങ്ങളും ഉണ്ടാകാം. കുട്ടികൾക്ക് പഠനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളുണ്ടാകാം. ഓരോരുത്തർക്കും ഓരോ തരത്തിലുള്ള ബുദ്ധിമുട്ടുകളുണ്ട്. അത്തരം സമയങ്ങളിൽ കുടുംബം പരസ്പരം ആശ്വാസം നൽകുന്ന തിരുനബിയുള്ള ഇടമാവുകയാണ് വേണ്ടത്. ഖദീജ (റ)യുടെ പിന്തുണ വാക്കുകളിൽ മാത്രം ഒതുങ്ങിയിരുന്നില്ല. നബിയുടെ ﷺ പ്രബോധന ദൗത്യത്തിന്റെ പ്രയാസകരമായ കാലഘട്ടത്തിൽ ഒക്കെയും അവർ തന്റെ സമ്പത്തും സമയവും മനസ്സും എല്ലാം ഇസ്ലാമിന്റെ വഴിയിൽ സമർപ്പിച്ചു. മക്കയിലെ ജീവിതം വിശ്വാസികൾക്ക് പ്രയാസകരമായ കാലത്ത് മുസ്ലിംകൾ അനുഭവിച്ച ഉപരോധത്തിലും ബുദ്ധിമുട്ടുകളിലുമെല്ലാം ഖദീജ (റ)യും പങ്കാളിയായി. സുഖസൗകര്യങ്ങൾ മാത്രം പങ്കിടുന്ന ബന്ധമല്ല യഥാർത്ഥ കുടുംബബന്ധം. പ്രശ്നങ്ങളിലും പ്രയാസങ്ങളിലും ഒരുമിച്ച് നിൽക്കുന്നതാണ് യഥാർത്ഥ സ്നേഹം. അത്തരത്തിലുള്ളതായിരുന്നു നബി (സ്വ)യുടെയും ഖദീജ ബീവിയുടെയും ദാമ്പത്യ ജീവിതം. പ്രവാചകൻ ﷺ വഫാത്തിന്റെ ശേഷവും ഖദീജ (റ)യെക്കുറിച്ച് വളരെ സ്നേഹത്തോടെ ഓർക്കാറുണ്ടായിരുന്നു. ആഇശ (റ) പറയുന്നു: ഖദീജ (റ)യെക്കുറിച്ച് പ്രവാചകൻ ﷺ പലപ്പോഴും സംസാരിക്കാറുണ്ടായിരുന്നു. അവിടുന്ന് അവരെക്കുറിച്ച് നല്ല കാര്യങ്ങൾ മാത്രം പറയുകയും അവരോട് ഉണ്ടായിരുന്ന സ്നേഹം ഇടക്കിടക്ക് പ്രകടിപ്പിക്കുകയും ചെയ്യുമായിരുന്നു. (സ്വഹീഹുൽ ബുഖാരി) ഖദീജ (റ)യുടെ മരണത്തിന് ശേഷവും അവരോടുള്ള സ്നേഹം പ്രവാചകൻ ﷺ മറന്നില്ല. ഒരിക്കൽ ഖദീജ (റ)യുടെ സുഹൃത്തായിരുന്ന ഒരു സ്ത്രീ വീട്ടിൽ വന്നപ്പോൾ, അവരുടെ വരവ് കണ്ട നബി ﷺ സന്തോഷിക്കുകയും ഖദീജ (റ)യെ ഓർക്കുകയും ചെയ്തു. ഇതിൽ നിന്ന് വലിയ പാഠങ്ങൾ വിശ്വാസികൾക്കുണ്ട്. യഥാർത്ഥ സ്നേഹം ഒരാളുടെ ജീവിതം അവസാനിക്കുന്നതോടെ തീരുന്നതല്ല. നല്ല ഓർമ്മകൾ ഹൃദയത്തിൽ നിലനിൽക്കും.
നമ്മുടെ കുടുംബജീവിതങ്ങളിലും ഈ മാതൃക വളരെ പ്രസക്തമാണ്. ഭാര്യ ഭർത്താവിന്റെ വിജയത്തിൽ മാത്രം സന്തോഷിക്കുന്നവളല്ല; അവന്റെ പ്രയാസഘട്ടങ്ങളിലെല്ലാം തുണയായി അവൾ കൂടെയുണ്ടാകണം. ഭർത്താവും ഭാര്യയുടെ സന്തോഷത്തിൽ മാത്രം പങ്കാളിയാകുന്നവനല്ല; അവളുടെ വിഷമഘട്ടങ്ങളിലെല്ലാം അവന് അവളെ ചേർത്ത് പിടിക്കാനാവണം. മാതാപിതാക്കൾ കുട്ടികളുടെ വിജയത്തെ മാത്രം ആഘോഷിക്കുന്നവരാകരുത്; അവരുടെ പരാജയങ്ങളിലും അവരെ ചേർത്തുപിടിക്കണം. കുടുംബം എന്നത് പ്രശ്നങ്ങളില്ലാത്ത ആളുകൾ താമസിക്കുന്ന സ്ഥലമല്ല. പ്രശ്നങ്ങളുള്ള മനുഷ്യർ പരസ്പരം താങ്ങാകുന്ന ഇടമാണ്. ചിലപ്പോൾ വലിയ സഹായങ്ങൾ നൽകാൻ നമുക്കെപ്പോഴും കഴിഞ്ഞെന്ന് വരില്ല. സാമ്പത്തികമായി പിന്തുണക്കാൻ എല്ലായ്പ്പോഴും പറ്റണമെന്നില്ല. പ്രശ്നങ്ങളെല്ലാം പരിഹരിക്കാൻ സാധിച്ചെന്ന് വരില്ല. എന്നാൽ ഒരു നല്ല വാക്ക് പറയാൻ കഴിയും. ഒരാളുടെ വാക്കുകൾ ക്ഷമയോടെ കേൾക്കാൻ കഴിയും. “വിഷമിക്കേണ്ട, ഞാൻ കൂടെയുണ്ട്” എന്ന് ചേർത്ത് പിടിക്കാൻ കഴിയും. ചിലപ്പോൾ അതുതന്നെയായിരിക്കും മറ്റൊരാൾക്ക് കൊടുക്കാവുന്ന ഏറ്റവും വലിയ ആശ്വാസം. ഖദീജ (റ)യെപ്പോലെ എല്ലാവർക്കും ആകാൻ കഴിയണമെന്നില്ല. പക്ഷേ അവരുടെ ജീവിതത്തിൽ നിന്ന് ഒരുപാട് കാര്യങ്ങൾ പഠിക്കാം: നമ്മുടെ കുടുംബത്തിലുള്ളവർക്ക് നാം ഒരു സുരക്ഷിത ഇടമാകുക. ലോകം മുഴുവൻ എതിർത്താലും “നീ ഒറ്റയ്ക്കല്ല, ഞാൻ കൂടെയുണ്ട്” എന്ന് പറയാൻ കഴിയുന്ന ഒരാളാകുക. അതാണ് പ്രവാചകന്റെ ﷺ കുടുംബ ജീവിതത്തിൽ നിന്ന് വിശ്വാസികൾക്ക് ലഭിക്കുന്ന ഏറ്റവും മനോഹരമായ പാഠങ്ങളിൽ ഒന്ന്.




