2011 May-June സാഹിത്യം

കാവ്യ മിഴികളില്‍ മഴപെയ്തു തോരാതെ..

Kaviya Shabdam copy

മഴ ഒരു വലിയ പുസ്തകമാണ്…
വിശേഷാവസരങ്ങളില്‍
അധികമായി വായിക്കപ്പെടുന്ന
വിശുദ്ധ ഗ്രന്ഥമാണ്.
അന്നേരങ്ങളില്‍ മേഘത്തട്ടുകള്‍ക്കിടയില്‍
ഒളിപ്പിച്ച മഴപ്പുസ്തകം
മെല്ലെപുറത്തേക്കെടുക്കപ്പെടും.
പിന്നെ അതിന്‍റെ പാരായാണമാണ്.
മെല്ലെ മെല്ലെ തുടങ്ങി,ഒടുവില്‍ ഉച്ചാസ്ഥിയിലെത്തി
വീണ്ടും മന്ദഗതിയിലാവുന്ന
ഹിന്ദുസ്ഥാനീ സംഗീതം പോലെ…
ഇടക്കാലങ്ങളില്‍ ഓര്‍മ്മപ്പെടുത്തല്‍ പോലെ
വീണ്ടും ഒരു പാരായണം…
ഈ പുസ്തകപാരായണത്തിലൂടെയാണ്
മലയാളി മലയാളത്തില്‍ അലിഞ്ഞു ചേരുന്നത്…
പ്രകൃതി ഉള്‍വരമാകുന്നത്
മനസ്സ് തളിര്‍ക്കുന്നത്…
മഴ, മലയാളിക്ക് അനുഗ്രഹമാകുകയാണ്.” (മഴപ്പുസ്തകം)
മഴ! ഈ രണ്ടക്ഷരം കേള്‍ക്കുന്പോഴേക്ക് കരളു കുളിര്‍ക്കും, രോമം എഴുന്നു നില്‍ക്കും, ശരീരം വിറക്കും, ദേഹം നനഞ്ഞലിയും. ചൂടുപിടിച്ച വേനലാനന്ദത്തെ തണുപ്പിക്കാനാണ് മഴ എത്തുന്നത്. അവധിക്കാലങ്ങളില്‍ കളിച്ചു രസിച്ചു നില്‍ക്കുന്നവേളയില്‍ മഴപ്പെയ്ത്ത് തുടങ്ങുന്നു. കൊലായിയുടെ മൂലയിലേക്ക് പണ്ടെന്നോ വലിച്ചെറിഞ്ഞ ബുക്കും സ്ലേറ്റും കണ്ടെത്താനുള്ള ഒരു മുന്നറിയാപ്പാണ് മഴ.ഇനി മഴയുടെ നനവിലേക്ക്… നനഞ്ഞ യൂണിഫോമും ബേഗുമായി പള്ളിക്കൂടത്തിലേക്കുള്ള പോക്കുവരവ് ഒന്നോര്‍ത്തുനോക്കൂ. മഴ നനഞ്ഞ് ആര്‍ത്തുല്ലസിച്ച് വിദ്യാലയപ്പടി കയറുന്പോള്‍ അധ്യാപകന്‍റെ ശകാരം. വെളുപ്പിനിട്ട തൂവെള്ളവസ്ത്രത്തില്‍ ചെളിയും പുരട്ടി മഴയില്‍കുളിച്ചുവരുന്നതും കാത്ത് സ്നേഹ ശകാരത്തിലൂട്ടിയ വടിയുമായി ഉമ്മറപ്പടിയില്‍ നില്‍ക്കുന്ന ഉമ്മ. മഴ നനഞ്ഞ് പുസ്തകത്താളുകളിലെ അക്ഷരങ്ങള്‍ക്ക് ജീവന്‍വെച്ച് പരക്കെ സഞ്ചരിക്കുന്ന ദൃശ്യം. അത് കാണുന്പോഴുള്ള ദ്യേം. എല്ലാത്തിന്‍റെയും പിന്നില്‍കളിക്കുന്നത് മഴ എന്ന രണ്ടക്ഷരം.
ഒരു മഴക്കാലമേ ഒള്ളൂ എങ്കിലും അതില്‍ ധാരാളം മഴക്കാലങ്ങള്‍ കുടികൊള്ളുന്നുണ്ട്. വിദ്യാര്‍ത്ഥികള്‍ക്കുള്ള മഴക്കാലയോര്‍മ്മയാവില്ല അധ്യാപകര്‍ക്ക്. കര്‍ഷകര്‍ക്കുള്ള മഴപ്പെയ്ത്തല്ല ഉദ്ധ്യോഗസ്ഥര്‍ക്ക്. നമുക്കുള്ള മഴക്കാലമാവില്ല വീട്ടുകാര്‍ക്ക്. ഓരോരുത്തര്‍ക്കും വിഭിന്നാനുഭവമാണ് മഴ സമ്മാനിക്കുന്നത്. മഴ ജീവിതത്തിന്‍റെ ഒരു ഭാഗമാണ്. അതില്ലെങ്കില്‍ അവന്‍റെ ജീവിതം തളിര്‍ക്കില്ല, പുശ്പിക്കില്ല,പുത്തന്‍ നാന്പെടുക്കില്ല. മറ്റെല്ലാവരെക്കാളും മഴയോട് കൂടുതല്‍ അടുപ്പം മലയാളികള്‍ക്കാണ്. മഴയും മലയാളിയും തമ്മിലുള്ള ബന്ധം, മലയാളിയുടെ കാര്‍ഷിക സംസ്കൃതിയുമായി മഴക്കുള്ള ബന്ധം. അത് പെയ്തു തീരാത്ത മഴ പോലത്തെന്നെ പറഞ്ഞറിയിക്കാന്‍ കഴിയാത്തതത്രെ.
മഴ ഒരു വലിയ ഗ്രന്ഥമാണ്. ചിലപ്പോഴത് അനുഗ്രഹവര്‍ഷമായിട്ടാകും,ചിലപ്പോള്‍ കൂലംകുത്തിയൊഴുകുന്ന ഉല്ലാസമായും മറ്റുചിലപ്പോള്‍ കര്‍ക്കിടകത്തിലെ കണ്ണുനീരായും രൂപമാറ്റം ചെയ്യപ്പെടും. കുംഭത്തിലെയും ഇടവത്തിലെയും മഴ വരുന്നത് കര്‍ഷകരുടെ കണ്ണീരൊപ്പാനാകും. അവരുടെ മനസ്സില്‍ സന്തോഷം നിറക്കാനാകും. ഇടവപ്പാതിയും തുലാവര്‍ഷവും കര്‍ക്കിടവും കര്‍ഷകന് കുളിരേകും. മഴയുടെ പതി വായുള്ള ഈ പെയ്ത്ത് മുടങ്ങിയാല്‍,മഴക്കലണ്ടര്‍ ഒരക്കം തെറ്റിയാല്‍ അത് കര്‍ഷകനെ കഥനത്തിലാഴ്ത്തും.മഴക്ക് വേണ്ടി ഇത്തിരിജീവന്‍ ഊരാക്കുടുക്കില്‍ കൊളുത്താന്‍ കര്‍ഷകന്‍ തുനിയും. മഴ അവരുടെ ജീവനാണ്.
കര്‍ഷകന്‍റെ ജീവിതം തുടങ്ങുന്നത് മഴക്കലണ്ടറിന്‍റെ ആരംഭത്തോടെയാണ്. ചിങ്ങത്തിലും കന്നിയിലുമൊക്കെ അപൂര്‍ വ്വമായി ലഭിക്കുന്ന ഇടമഴകളൊഴിച്ചാല്‍ തുലാമെത്തുന്പോള്‍ മലയാളി മണ്ണിന്‍റെ മണവും കുളിരുമറിയും. സന്ധ്യാനേരത്ത് ആര്‍ത്തലച്ചെത്തുന്ന മഴ അവന്‍റെ കൃഷിയിടങ്ങളിലും മനസ്സാന്തരത്തിലും അനുഗ്രഹമാകും. ധനു മകരമാസങ്ങളിലെ കോടമഞ്ഞും കഴിഞ്ഞ് കുംഭത്തില്‍ പെയ്യുന്ന മഴ മീനച്ചൂടിനുള്ള പ്രാരംഭമാകും. അവിടെ മഴക്ക് വിരാമം. പിന്നെ ചൂടിന്‍റെ വഴിയെ… ചിലപ്പോള്‍ ആര്‍ത്തലച്ച് കൂലംകുത്തിയൊഴുകന്ന മഴയെ മലയാളി തെല്ലു ഭയത്തോടെയാണ് നോക്കിക്കാണുന്നത്. 1999 ലെ ചരിത്രപ്രസിദ്ധമായ വെള്ളപ്പൊക്കം മുതലേ ഇടവകര്‍ക്കിടക മഴക്കാലം മലയാളിമനസ്സില്‍ അല്‍പമെങ്കിലും ഭയക്കാലമായി’ രൂപാന്തരപ്പെട്ടിട്ടു ണ്ട്.
എങ്കിലും ഈ മഴ ഇല്ലങ്കില്‍ കര്‍ഷകന്‍റെ കൂരയില്‍ പട്ടിണി നിറയും,കണ്ണീരു വീണ് അടുപ്പു തീ കെടും. പണക്കാരന്‍റെ മണിമാളികയില്‍ പച്ചക്കറി കുറയും. ഈ ഋതുപ്പകര്‍ച്ചയുടെ പ്രസക്തികൊണ്ട് തന്നെയാണ് മലയാളി മഴയ്ക്കും മഴക്കാലത്തിനും അമിതപ്രാധാ ന്യം നല്‍കുന്നത്. മലയാളിക്ക് മഴയുമായി അല്ലെങ്കില്‍ മലയാളത്തിന് മഴയുമായുള്ള ബന്ധം നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. ആ പ്രാരംഭത്തിന് മലയാള ഭാഷാ പിതാവ് എഴുത്തച്ചന്‍റെ കാലം വിഘ്നമാകുന്നില്ല.ഭഗവതം ദശമസ്കന്ധത്തിലെ’ ഋതുവര്‍ണ്ണനം’ എഴുത്തച്ചന്‍റെ ഏറ്റവും ആസ്വാദകരമായ മഴക്കവിതകളിലൊന്നാണ്. ചെറുശ്ശേരിയു ടെ കുചേല സദ്ഗതി’ യിലും കുമാരനാശാന്‍റെ പ്രരോദന’ത്തിന്‍റെ ആദ്യ ഭാഗങ്ങളിലുമെല്ലാം മഴയുടെ അതിവര്‍ണ്ണനകള്‍ തിങ്ങിക്കൂടിയിട്ടുണ്ട്. അതിനാല്‍ തന്നെ ക വികള്‍ക്ക് മഴ കാവ്യ പ്രചോദനത്തിന്‍റെ വ ലിയ ഉറവിടമാണ്. മഴയുടെ സര്‍ഗ്ഗാത്മക വും സംഹാരാത്മകവുമായ ഭാവത്തെ കവികള്‍ തങ്ങളുടെ രചനകളില്‍ ആവിഷ്കരികുന്നുണ്ട്. എഴുത്തച്ചന്‍ മുതലുള്ള മലയാള കവികളുടെ മഴയനുഭവങ്ങള്‍ അക്ഷരക്കൂ ട്ടങ്ങളായി പരിണമിച്ചത് നമുക്കൊന്നു പരിചയപ്പെടാം.
മഴപ്പെയ്ത്തു തുടങ്ങിയപ്പോഴേക്കും ഭൂമിയുടെ വിവിധ തലങ്ങളില്‍ സ്വര്‍ഗ്ഗീയമായ സമൃദ്ധികള്‍ ദൃശ്യമാവുന്നത് അതിശയത്തോടെ വിവരിക്കുകയാണ് കവി.
ഋതു വര്‍ണ്ണനം
എഴുത്തച്ഛന്‍
(ശ്രീ മഹാഭാരതം ദശമസ്കന്ധത്തില്‍ നിന്നും തിരഞ്ഞെടുത്ത വരികള്‍)
ഔഷധി സന്പല്‍ സമൃദ്ധീകരം ഭൂവി/വര്‍ഷക്കാലം വന്നു വിദ്യുത്തുകള്‍ പൊങ്ങി/അവ്യക്തമായിരിക്കും പരബ്രഫ്മണി/സുവ്യക്തമാം ത്രിഗുണങ്ങളതു പോലെ/നിര്‍ മ്മാലത്മാ സഗുണച്ഛായ പോലെയും/കര്‍മ്മജാലൈന്ദ്രജാലാദികള്‍ പോലെയും/കാര്‍മേഘങ്ങളുല്‍ഭവിച്ചങ്ങനെ/നിര്‍മ്മലാകാശേ പരന്നു ചമഞ്ഞിതു.
മഴ വന്നടുക്കുന്പോള്‍ ഉടലെടുക്കുന്ന ആശങ്കകളും പ്രയാസങ്ങളും വിവരിക്കുന്ന കവി മഴ തോരുന്നതോടെ വഴികാണാ വിധം വൃക്ഷലതാധികള്‍ കാനനമായിത്തീരുന്നുവെന്ന് പറയുന്നു.
കുചേലസദ്ഗതി
ചെറുശ്ശേരി
പാരാതെ ചെന്നതു പൂരിച്ചുകൊള്ളുവാ/നാരാഞ്ഞു നീളെ നടന്ന നേരം/പാരിച്ചു നിന്നൊരു പാഴിടിതന്നെയും/മാരിയും വന്നതു കാണായപ്പോള്‍/വേഗത്തില്‍ വന്നൊരു പേമഴയേല്‍ക്കയാല്‍/വേപത്തുപൂണ്ടു നാമോടിയോടി/തെറ്റൊന്നു ചോരുന്പോള്‍ നല്‍വഴി കാണാതെ/മറ്റൊരു കാനനംതന്നിലായി.
കേരളത്തിന്‍റെ നാലതിരുകളിലും മലമേടുകളിലും മഴ വൃഷ്ടിയാല്‍ ജല സമൃദ്ധിയുടെ കണ്ണീര്‍ കയങ്ങളാണ് ഉ ടലെടുക്കുന്നതെന്ന് കുമാരാനാശാന്‍.
പ്രരോദനം
കുമാരനാശാന്‍
മൂടും കാര്‍മുഖിലാല കാലതിമിരം/വ്യാപിച്ചു മയുന്നിതാ/കാടും കായലുമിക്കടല്‍ തിരകളും/സഹ്യാദ്രികൂടങ്ങളും/ചൂടേറുള്ള മെരിഞ്ഞൊഴുകുന്ന പുക ചൂഴ്/ന്നിമട്ടു വന്‍ വൃഷ്ടിയാല്‍/പാടെ കേരളഭൂമി കേണു ഭൂവനം/കണ്ണീരില്‍ മുക്കുന്നിതേ…
മഴത്തുള്ളിയുടെ സൗന്ദര്യത്തെ അത്ഭുതാശ്ചര്യങ്ങളോടെ നോക്കിക്കാണുന്ന കവി വെണ്‍മുത്തായ അന്പ് പോലുള്ള ഭൂമിയിലേക്കുള്ള കുതിപ്പ് ഹാ…ഹാ… എന്ന് പ റഞ്ഞ് ആസ്വദിക്കുന്നു.
ഒരു മഴത്തുള്ളി
ഉള്ളൂര്‍
അതാ! പതിക്കുന്നു വിയത്തില്‍ നിന്നും/അന്യായം ആലംബനമൊരുമന്യേ/കാലപ്പകര്‍ച്ചകടിപ്പെട്ടു,ഹാഹാ!/കല്യാണമെയ്യാളുമൊരന്പു ബിന്ദു/വാനത്തു തൂവെണ്‍ മുഴുമുത്തു പോലെ/ആചേദനാസേ ചനകത്വമേന്തി/ലസിച്ചൊരീയോമനയേചവിട്ടി/താഴത്തു വീഴ്ത്താന്‍ കഴലാര്‍ക്കുയര്‍ന്നു.
തന്‍റെ കവിതയില്‍ മഴക്ക് ഭവ്യതയോടെ കൂപ്പുകൈ നേരുകയാണ് പി.കുഞ്ഞിരാമന്‍ നായര്‍.
കാല വര്‍ഷമേ…
പി കുഞ്ഞിരാമന്‍ നായര്‍
ഇക്കൊടും വറുതിച്ചൂടി/ലിന്നീ മിഥുന രാത്രിയില്‍/നീ തന്ന മാലയ്ക്കൊരു/കൂപ്പുകൈ മഴക്കാലമേ…
മഴയെ തേന്‍തുള്ളി പോലെ വര്‍ണ്ണിച്ച് മനസ്സിന്‍റെ മധുരമായി കാണുകയാണ് മഹാകവി ഇടശ്ശേരി.
പേ, മഴ വീണ്ടും പേമഴ തന്നെ/പാടുക പാട്ടിന്‍ സാമ്രാട്ടെ/ഞാനുറങ്ങുകയില്ല, നീ നറു/തേനാണല്ലോ തൂകുന്നു.
മലയാള കവിതയുടെ പൂമുഖത്ത് കൂടിയുള്ള “”രാത്രിമഴ”യുടെ പോക്ക് സുഗതകുമാരി നോക്കിയിരിക്കുന്നു. രാത്രിമഴ ചുമ്മാതെ കേണും ചിരിച്ചും വിതുന്പിയും നിര്‍ത്താതെ ആശുപത്രിക്കുള്ളിലേക്ക് മന്ദം മന്ദം കടന്നു ചെല്ലുന്ന ഭ്രാന്തിയാണ്.
രാത്രി മഴ
സുഗതകുമാരി
ഇന്നും രാത്രിമഴ എന്‍റെ കൂട്ടുകാരിയാണ്/ക രഞ്ഞും, ചിരിച്ചും, പുലന്പിയും അവള്‍/ഇരുട്ടത്ത് ജനല്‍ക്കല്‍ വന്ന് നിന്ന് എന്‍റെ നേര്‍ക്ക്/തണുത്ത കൈനീട്ടുന്നു/അവളുടെ പാട്ടു കേട്ട് കേട്ട് ഞാനുറങ്ങുന്നു.
മഴ മനസ്സിലേക്ക് പടര്‍ത്തുന്ന ഗൃഹാതുരമായ ഓര്‍മകളെ താലോലിക്കുകയാണ് കവയത്രി.
മഴ
കമലാ സുരയ്യ
ഇപ്പോള്‍ ഞങ്ങള്‍ പുതിയ വീട്ടില്‍താമസിക്കുന്നു/ഇവിടെ/മേല്‍ക്കൂരകള്‍ ചോര്‍ന്നൊലിക്കുന്നില്ല/എന്നാല്‍/ഇവിടെ മഴ പെയ്യുന്പോള്‍/ആ ആളൊഴിഞ്ഞ വീടിനെ/മഴനനച്ചു കുതിര്‍ക്കുന്നത്/ഞാന്‍കാണുന്നു/ആ പഴയ വീട് തകര്‍ന്നു വീഴുന്ന ശബ്ദം/ഞാന്‍ കേള്‍ക്കുന്നു/അവിടെയെന്‍റെ നായക്കുട്ടി/ഇപ്പോള്‍ തനിച്ചു കിടക്കുന്നു
മനുഷ്യരുടെ അരുതായ്മകളെ ഹാസ്യാത്മകമായി മഴയിലേക്ക് തുറന്നിട്ട ജനല്‍പഴുതിലൂടെ നോക്കിക്കാണുകയാണ് കവി.
മഴ
എ അയ്യപ്പന്‍
പുറത്തു മഴ ചാറുന്നു/മണ്ണില്‍ വെടിയുപ്പു മണക്കുന്നു/മഴ ശക്തിയായ്/വെടിയുപ്പിന്‍റെ മണം രുക്ഷമായ്/ജനാലയിലൂടെ മുഖത്തു തെറിച്ച മഴത്തുള്ളികള്‍ക്ക് /ചുവ പ്പു നിറം/പരിചിതമായ മണം.
പുഴയില്‍ വീണൊഴുകുന്ന മഴ മാന്തോപ്പിലോടിക്കളിക്കുന്ന എന്‍റെ കൊച്ചുമകളാണെന്ന് മഴയുടെ നാനാര്‍ത്ഥത്തില്‍ സച്ചിദാനന്ദന്‍.
മഴയുടെ നാനാര്‍ത്ഥം
സച്ചിദാനന്ദന്‍
പുഴയില്‍ വീണൊഴുകുന്ന മഴ/മാന്തോപ്പിലോടി കളിക്കുന്ന എന്‍റെ കൊച്ചുമകളാണ്/പളുങ്കു കാലുകളുമായി അവള്‍ തുള്ളിച്ചാടുന്നു/കൂട്ടം പിരിഞ്ഞ ഒരൊറ്റ മുന്തിരി പോലെ ഉരുണ്ടു പോകുന്നു/ശൈശവം പോലെ തേങ്ങിമറയുന്നു/മേല്‍ക്കൂരയിലെ മഴ/മൂളിപ്പറന്നു വന്നു കൂടു തൂക്കുന്ന കടന്നല്‍ കൂട്ടമാണ്.
പെരുമഴയില്‍ നനഞ്ഞൊട്ടിയ പുസ് തകം കുപ്പായത്തിനുള്ളില്‍ തിരുകി വയ ല്‍വരന്പിലൂടെ വീട്ടിലേക്കോടുന്ന കുട്ടി യെ നോക്കി ഒ. എന്‍. വി കുറുപ്പ് പാടുന്നു.
മഴ
ഒ എന്‍ വി
കൊട്ടിപ്പാടുന്നു മഴ!/നടവരന്പത്തൊരു/കുട്ടിയുണ്ടതിന്‍, കയ്യില്‍/പുസ്തകം, പൊതിച്ചോറും/കുടയൊരു തൂശ/നിലയുംഅതു കൊത്തിക്കുടയുന്നുവോ/മഴക്കാറ്റിന്‍റെ കാക്കക്കൂട്ടം.
മഴ ഭീകരരൂപം പൂണ്ട് മനുഷ്യജീവന്‍ കവര്‍ന്നെടുക്കുന്നത് ബാലചന്ദ്രന്‍ ചുള്ളിക്കാട് വിവരിക്കുന്നതിങ്ങനെ.
പ്രളയമാണെങ്ങും/ഇടവരാത്രിയില്‍/മുറിഞ്ഞു പേമഴ/യിടിഞ്ഞു ചോടുന്നു/ഇടക്ക് കൊള്ളിയാന്‍/വെളിച്ചത്തില്‍ കാണാം/കടപുഴകിയ മരങ്ങളും/ചത്ത മൃഗങ്ങളും, മര്‍ത്യ/ജഡങ്ങളും, ജല/പ്രവാഹത്തിന്‍ ച്ചുഴ/ന്നൊലിച്ചു പോകുന്നു
മഴയുണര്‍ത്തുന്ന ദാര്‍ശനിക ലോകങ്ങളിലേക്ക് ചിന്തയെ ക്ഷണിക്കുകയാണ് കവി.
മഴയുടെ കനം
വീരാന്‍ കുട്ടി
ആകാശക്കലം ആരോ കമയ്ത്തുന്നുണ്ട്/അതു ഇഴകളായിച്ചീന്തി/തിരകളായ് വന്നേ തൊടുകയുള്ളൂ/ഏറ്റ വെയിലിനെയെല്ലാം/ഒപ്പിയെടുക്കുന്ന/നനവിന്‍റെനൂലുകള്‍/ആരോ, വലിയ വീഴ്ചകളെ എടുത്തു/തലനാരുവണ്ണം പകുത്ത്/തലയെടുപ്പില്‍ തൂവല്‍ കനമായി/വെച്ചു തരുന്നുണ്ട്/അകത്ത് മഴയുള്ള ആരോ…
പുതുകവിതയുടെ മഴയെഴുത്താണ് ധന്യരാജിന്‍റെ “”കരച്ചില്‍”
കരച്ചില്‍
ധന്യാരാജ്
നിര്‍ത്താതെ/കരഞ്ഞതിനാണത്രെ/മഴയെ/നഴ്സറിക്ലാസ്സില്‍ നിന്നും/പുറത്താക്കിയത്.
ഇതു പോലെ കടമ്മനിട്ടയുടെ “”മഴ പെയ്യുന്നു മദ്ദളം കൊട്ടുന്നു” എന്ന കവിതയും വൈലോപിള്ളിയുടെ “”കണ്ണീര്‍പാടവും” മഴയും മഴക്കാലവും നിറഞ്ഞു തുളുന്പുന്ന കവിതകളാണ്.

Leave a Reply

Your email address will not be published. Required fields are marked *