2014 May-June ആത്മിയം ആദര്‍ശം ഖുര്‍ആന്‍ ചരിത്രാഖ്യായിക നബി പഠനം മതം ഹദീസ്

പശ്ചാതാപം ജീവിത വിജയത്തിന്

അല്ലാഹു ജീവിതവും മരണവും സൃഷ്ടിച്ചത് മനുഷ്യരില്‍ ആരാണ് ഉന്നതര്‍ എന്ന് പരീക്ഷിക്കാന്‍ വേണ്ടിയാണ്. നാഥന്‍റെ നിയമ സംഹിതകള്‍ക്ക് വഴിപ്പെട്ട് ജീവിച്ചാല്‍ പുണ്യം ലഭിക്കും. നിയമ വിരുദ്ധമായ ജീവിതം നയിച്ചാല്‍ അത് പാതകമായി ഗണിക്കപ്പെടും. പാപം ചെയ്തവര്‍ക്ക് മടങ്ങാന്‍ അവസരമുണ്ട്. നിഷ്കളങ്കമായ പശ്ചാതാപം നടത്തിയാല്‍ അവന്‍ പാപം ചെയ്യാത്തവനെപ്പോലെ പരിശുദ്ധനായി. പാപി എന്നും പാപിയായി കഴിയണമെന്ന ധാര്‍ഷ്ട്ഠ്യം മതത്തിനില്ല. എത്ര കരുണാമയനാണ് അല്ലാഹു. പാരാവാര സമാനമായ അനുഗ്രഹങ്ങള്‍ ലഭിച്ചിട്ടും നന്ദിചെയ്യാതെ അധമജീവിതം നയിക്കുന്ന മനുഷ്യന്‍ വന്‍പാപങ്ങള്‍ ചെയ്താല്‍ പോലും സൃഷ്ടാവ് പൊറുത്തുകൊടുക്കാന്‍ തയ്യാറാകുന്നു.
അടിമയുടെ പശ്ചാതാപം ഉടമക്ക് വലിയ തൃപ്തിയുള്ള കാര്യമാണ്. ‘ഓ വിശ്വാസികളേ, നിങ്ങള്‍ സന്പൂര്‍ണമായി ഖേദിച്ചു മടങ്ങുക, നിങ്ങള്‍ വിജയിക്കാന്‍ വേണ്ടി.’ (24:31) എന്ന് ഖുര്‍ആന്‍ പറയുന്നു. പാപസുരക്ഷിതത്വം ലഭിച്ച മുത്തുനബി പോലും ദിനംപ്രതി നൂറു പ്രാവശ്യം പശ്ചാതാപം നടത്തുന്നവരായിരുന്നു. കേവലം പ്രകടനപരമായ പശ്ചാതാപം ഗണനീയമല്ല. നിഷ്കളങ്കമായ തൗബ മാത്രമാണ് പരിഗണിക്കപ്പെടുക. അല്ലാഹു പറയുന്നു. ‘ഓ സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവിലേക്ക് നിഷ്കളങ്കമായ തൗബ ചെയ്യുക. ‘ (സൂറ:ഹൂദ്: 3)
ഒരുകാലത്ത് അധമ ജീവിതം നയിക്കുകയും ജീവിതയാത്രകളുടെ ഇടവഴികളില്‍ വെച്ച് മനംമാറ്റം സംഭവിക്കുകയും ചെയ്ത ധാരാളം മഹാന്മാര്‍ ചരിത്രത്തിലുണ്ട്. അവരുടെ ശിഷ്ട ജീവിതം അനുപമ മാതൃകകളായി തീര്‍ന്നു. ഇബാറാഹീമുബ്നു അദ്ഹം (റ) വിന്‍റെയും ബിശ്റുബ്നുല്‍ ഹാഫീ (റ)ന്‍റെയും ചരിത്രങ്ങള്‍ സുവിദിതമാണല്ലോ. ഇത്തരം ചരിത്രങ്ങളില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ട് ജീവിതം ചിട്ടപ്പെടുത്താനാണ് വിശ്വാസി പരിശ്രമിക്കേണ്ടത്.
രാജപുത്രന്‍റെ പശ്ചാതാപം.
ബനൂ ഇസ്റാഈലില്‍ ദീര്‍ഘായുസ്സുകൊണ്ട് അനുഗ്രഹീതനായ ഒരു രാജാവുണ്ടായിരുന്നു. അദ്ദേഹത്തിന് ധാരാളം മക്കളെയും അല്ലാഹു നല്‍കി. പക്ഷെ ഈ മക്കളെല്ലാം വലുതായാല്‍ രോമത്തിന്‍റെ വസ്ത്രം ധരിക്കുകയും മലമുകളിലേക്ക് പോയി ഇലകളും മറ്റും ഭക്ഷിച്ച് ജീവിക്കുകയും ചെയ്യുന്ന പരിത്യാഗികളായി മാറുകയായിരുന്നു. .
അങ്ങനെ വാര്‍ധക്യ കാലത്ത് അയാള്‍ക്ക് ഒരു കുട്ടിയുണ്ടായി. രാജാവ് ജനങ്ങളെ വിളിച്ച് പറഞ്ഞു: “ഈ കുട്ടിയും തന്‍റെ ജ്യേഷ്ഠന്മാരുടെ വഴി പിന്തുടരുമോ എന്ന് ഞാന്‍ ഭയപ്പെടുന്നു. എന്‍റെ കാല ശേഷം എന്‍റെ മക്കളില്‍ നിന്നും ആരും നിങ്ങളെ ഭരിക്കാനില്ലെങ്കില്‍ നിങ്ങള്‍ നശിച്ച് പോവുമല്ലോ എന്നാണ് എന്‍റെ ആധി. അതുകൊണ്ട് ഈ കുട്ടിയെ നിങ്ങള്‍ എടുക്കുക, അവന് ദുന്‍യാവിനെ ഇഷ്ടപ്പെടുത്തുക”, മുന്ന് മൈല്‍ നീളവും വീതിയുമുള്ള ഒരു മതില്‍ പണിത് അവനെ അതിനുള്ളിലാക്കുക. അങ്ങനെ ആ കുട്ടി മതിലിന്‍റെ ഉള്ളില്‍ ഒരുപാട് കാലം താമസിച്ചു.
ഒരു ദിവസം ആ കുട്ടി പറഞ്ഞു: “ഈ മതിലിന്‍റെ അപ്പുറത്ത് ഒരുപാട് ജനങ്ങളും വേറെ ഒരു ലോകവും ഉണ്ടെന്ന് ഞാന്‍ കരുതുന്നു. അതുകൊണ്ട് എന്നെ നിങ്ങള്‍ പുറത്ത് കൊണ്ടുപോവണം. എന്നാല്‍ എനിക്ക് കൂടുതല്‍ അറിവു ലഭിക്കുമല്ലോ.”
ഈ വാര്‍ത്ത പിതാവ് അറിഞ്ഞപ്പോള്‍ മറ്റു സഹോദരന്മാരെ ഇവന്‍ പിന്തുടരുമെന്ന് പേടിച്ചു. എല്ലാവിധ കളി ആയുധങ്ങളും അവന്‍റെ മുന്നില്‍ എത്തിക്കാന്‍ പറഞ്ഞു. അങ്ങനെ അവര്‍ അത് ചെയ്തു. മറ്റൊരു ദിവസം കുട്ടി പുറത്ത് പോവാന്‍ ആഗ്രഹിച്ചപ്പോള്‍: “എനിക്ക് പോയേ തീരൂ…” ഈ സംഭവം പിതാവിനോട് പറയപ്പെട്ടപ്പോള്‍ പിതാവ് അവനെ പുറത്തേക്ക് കൊണ്ടുപോവാന്‍ സമ്മതം കൊടുത്തു. അങ്ങനെ ഒരു പശുക്കുട്ടിയെ കൊണ്ടുവരികയും അതിനെ ഗോമേതകവും സ്വര്‍ണ്ണവും കൊണ്ട് അണിയിക്കുകയും ചെയ്തു. അവന്‍റെ ചുറ്റും രണ്ട് വരിയായി ജനങ്ങളും അനുഗമിച്ചു. കുറച്ചു ദൂരം പിന്നിട്ടപ്പോള്‍ ഒരു രോഗിയെ കണ്ടു. അപ്പോള്‍ രാജകുമാരന്‍ ചോദിച്ചു:” ഇതെന്താണ്?”
“ഇതൊരു രോഗിയാണ് “
“ഇത് ചിലര്‍ക്ക് മാത്രമേ ബാധിക്കുകയുള്ളൂ.. അതോ എല്ലാവരും ഇതിനെ ഭയപ്പെടുന്നുണ്ടോ?”
“എല്ലാവരും ഭയപ്പെടുന്നു.”
“ഞാനിപ്പോള്‍ വലിയൊരു രാജാധികാരത്തിലല്ലേ ഉള്ളത്..?”
“അതെ”
“നിങ്ങളുടെ ജീവിതത്തിന് നാശം, ഈ ജീവിതം വളരെ കളങ്കമാണ്.”
ഇതും പറഞ്ഞ് രാജകുമാരന്‍ വളരെ ദുഖിഃതനായി തിരിച്ചുപോയി. ഈ സംഭവം പിതാവിനോട് പറയപ്പെട്ടു. “ഇവന് എല്ലാ വിനോദങ്ങളും കാണിച്ചു കൊടുക്കുക, അങ്ങനെ അവന്‍റെ ദുഖഃമൊക്കെ നീങ്ങട്ടെ…” രാജാവ് നിര്‍ദേശിച്ചു.
അങ്ങനെ വീണ്ടും ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍ മുന്പത്തെ വര്‍ഷത്തെ പൊലെത്തന്നെ അവന്‍ പുറത്ത് പോവാന്‍ ആവശ്യപ്പെടുകയും, പുറത്ത് പോവുകയും ചെയ്തു. അപ്പോള്‍ വൃദ്ധനായ ഒരാളെ വഴിയരികില്‍ കിടക്കുന്നത് കണ്ടു, അയാളുടെ വായയില്‍ നിന്ന് കേലം ഒലിക്കുന്നുണ്ടായിരുന്നു.
രാജകുമാരന്‍ ചോദിച്ചു: “എന്താണിത്?”
കൂടെയുള്ളവര്‍ പറഞ്ഞു: “വൃദ്ധനായ ഒരു മനുഷ്യന്‍”
രാജകുമാരന്‍: “ഇത് ചിലര്‍ക്ക് മാത്രമേ ബാധിക്കുകയുള്ളൂ.. അതോ എല്ലാവരും ഇതിനെ ഭയപ്പെടുന്നുണ്ടോ?”
അവര്‍ പറഞ്ഞു: “അതെ”
രാജകുമാരന്‍: “ നിങ്ങളുടെ ജീവിതത്തിന് നാശം, ഈ ജീവിതം വളരെ കളങ്കമാണ്.”
ഈ സംഭവവും പിതാവിനോട് പറയപ്പെട്ടു. “ഇവന് എല്ലാ വിനോദങ്ങളും കാണിച്ചു കൊടുക്കുക, എങ്ങെനെയെങ്കിലും അവനെ ആ ചിന്തയില്‍ നിന്ന് പിന്മാറ്റണം.”രാജാവ് നിര്‍ദേശിച്ചു.
അങ്ങനെ വീണ്ടും ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍ മുന്പത്തെ വര്‍ഷത്തെ പൊലെത്തന്നെ അവന്‍ പുറത്ത് പോവാന്‍ ആവശ്യപ്പെടുകയും, പുറത്ത് പോവുകയും ചെയ്തു. അപ്പോള്‍ അവര്‍ കണ്ടത് കുറച്ചാളുകള്‍ ഒരു കട്ടില്‍ ചുമന്നുപോകുന്നതാണ്. രാജകുമാരന്‍ ചോദിച്ചു “എന്താണിത്?”
“ഇത് മരണപ്പെട്ട ഒരാളാണ്”
“എന്താണ് മരണം, ആ മയ്യിത്തിനെ ഇങ്ങോട്ടു കൊണ്ടുവരൂ”
മയ്യിത്തിനെ കൊണ്ടുവരപ്പെട്ടു.
“അയാളെ നേരെ ഇരുത്തൂ…”
“അയാള്‍ ഇരിക്കില്ല.”
“അയാളോട് സംസാരിക്കൂ”
“അയാള്‍ സംസാരിക്കില്ല” കൂടെയുള്ളവര്‍ മറുപടി പറഞ്ഞു.
“പിന്നെ നിങ്ങള്‍ അയാളെയും കൊണ്ട് എങ്ങോട്ടാണ് പോവുന്നത്?”
“ഞങ്ങള്‍ ഇയാളെ മണ്ണിനടിയില്‍ മറമാടും.”
“അതിനു ശേഷം?”
“പരലോകം”
“എന്താണ് പരലോകം?”
“അതൊരു ദിവസമാണ്, ആ ദിവസത്തില്‍ അല്ലാഹു ജനങ്ങള്‍ക്ക് അവരുടെ നന്മ തിന്മകള്‍ക്കനുസരിച്ച് പ്രതിഫലം നല്‍കും.”
“അപ്പോള്‍ നിങ്ങള്‍ക്ക് ദുന്‍യാവല്ലാത്ത പ്രതിഫലം നല്‍കുന്ന സ്ഥലമുണ്ടോ?” രാജകുമാരന്‍ അത്ഭുതം കൂറി.
അവര്‍ പറഞ്ഞു: “അതെ, ഉണ്ട്.”
അപ്പോള്‍ രാജകുമാരന്‍ കുതിരയില്‍ നിന്ന് ഇറങ്ങുകയും മുഖം മണ്ണില്‍ ഉരക്കുകയും ചെയ്തു. എന്നിട്ട് പറഞ്ഞു: “ഇതാണ് ഞാന്‍ പേടിക്കുന്നത്. ഈ അവസ്ഥ എനിക്കും വരാന്‍ അടുത്തിരിക്കുന്നു. അല്ലാഹുവാണ് സത്യം, ഇനി ഞാനും നിങ്ങളും ഒരു ബന്ധവുമില്ല.”
അവര്‍ പറഞ്ഞു: “നിന്നെ നിന്‍റെ പിതാവിന്‍റെ അടുത്തേക്ക് കൊണ്ടുപോവാതെ നിന്നെ ഞങ്ങള്‍ ഒഴിവാക്കുകയില്ല”അങ്ങനെ അവര്‍ രാജകുമാരനെയും കൊണ്ട് രാജാവിന്‍റെ അടുത്തേക്ക് പോയി. രാജകുമാരന്‍റെ ശരീരം വിളറിയിരുന്നു, അപ്പോള്‍ പിതാവ് ചോദിച്ചു: “എന്താണ് മോനേ ഇത്ര ഭയം?” “ചെറിയവര്‍ക്കും വലിയവര്‍ക്കും അവരുടെ കര്‍മ്മങ്ങള്‍ക്കനുസരിച്ച് പ്രതിഫലം കൊടുക്കുന്ന ദിവസമാണ് എന്‍റെ പേടി.”അങ്ങനെ രാജകുമാരന്‍ ഒരു വസ്ത്രം കൊണ്ടുവരാന്‍ കല്‍പിക്കുകയും അന്ന് രാത്രി തന്നെ ആ വസ്ത്രവും ധരിച്ച് കൊട്ടരം വിടുകയും, അല്ലാഹുവിലേക്ക് ഖേദിച്ചു മടങ്ങുകയും ചെയ്തു.
ഖാലിദ് ബ്നു സ്വഫ്വാന്‍ പറയുന്നു: “ഒരു രാജാവ് തന്‍റെ നാട്ടില്‍ ക്ഷാമം പിടിപെട്ടപ്പോള്‍ ഖവര്‍നഖ് എന്ന സ്ഥലത്തേക്ക് പുറപ്പെട്ടു. സന്പത്തിലും അധികാരത്തിലും വലിയ ഭാഗ്യം ലഭിച്ചവനായിരുന്നു. ഈ രാജാവ് ഒരു ദിവസം ഗാഢമായി ചിന്തിച്ചു. എന്നിട്ട് കൂടെയിരിക്കുന്നവരോട് ചോദിച്ചു: “ഇതൊക്കെ ആര്‍ക്കുള്ളതാണ്?”
അവര്‍ പറഞ്ഞു: “രാജാവിനുള്ളത്.”
“എനിക്ക് കിട്ടിയത് പോലെ വേറെ ആര്‍ക്കെങ്കിലും കിട്ടിയിട്ടുണ്ടോ?”
അവിടെ വാക്ക് സാമര്‍ത്ഥ്യം ഉള്ളവനും ചിന്തകനുമായ ഒരാളുണ്ടായിരുന്നു. അയാള്‍ ചോദിച്ചു: “ രാജാവേ… നിങ്ങളുടെ ചോദ്യത്തിന് മറുപടി നല്‍കാന്‍ എനിക്ക് അവസരം തരണം.”
“പറഞ്ഞോളൂ…”
“നിങ്ങളുടെ കൈവശം ഇപ്പോഴുള്ളത് നിങ്ങള്‍ക്ക് ശാശ്വതമായതോണോ?… അതോ നിങ്ങള്‍ക്ക് അനന്തരമായി ലഭിച്ചതാണോ, എങ്കില്‍ വേറൊരാളില്‍ നിന്ന് നിങ്ങള്‍ക്ക് അനന്തരമായി ലഭിച്ചതുപോലെ നിങ്ങളില്‍ നിന്ന് വേറൊരാളും അനന്തരമായി എടുക്കും. വളരെ കുറച്ചു കാലം മാത്രം ഉണ്ടാവുന്ന ഈ വസ്തുക്കളിലാണ് താങ്കള്‍ അഭിമാനം കൊള്ളുന്നത്. നാളെ ഇതിനെ കുറിച്ച് വിചാരണ ചെയ്യപ്പെടും.”
ഇതു കേട്ട രാജാവ് വിറച്ചു.
അയാള്‍ തുടര്‍ന്നു; “ഒന്നുകില്‍ താങ്കള്‍ അല്ലാഹുവിനെ ഭയപ്പെട്ട് രാജാവായി തന്നെ തുടരുക, അല്ലെങ്കില്‍ ഈ കിരീടവും രാജാധികരവുമെല്ലാം വലിച്ചെറിഞ്ഞ് മരണം വരെ മലമുകളില്‍ പോയി ആരാധിക്കുക.”
രാജാവ് പറഞ്ഞു: “ഞാന്‍ ഏതാണ് തെരെഞ്ഞെടുക്കേണ്ടതെന്ന് ഇന്നു രാത്രി ഞാന്‍ ആലോചിച്ച് അത്താഴ സമയത്ത് നിങ്ങളോട് പറയാം.”
അത്താഴ സമയമായപ്പോള്‍ രാജാവ് പറഞ്ഞു: “ഞാന്‍ ഈ കാണുന്ന മല കയറാന്‍ ഉദ്ദേശിക്കുന്നു. ഞാനിതാ ഈ കന്പിളി ധരിക്കുന്നു, രാജകരീടം ഉപേക്ഷിക്കുന്നു, നിങ്ങള്‍ എന്‍റെ കൂടെ വരികയാണെങ്കില്‍ എനിക്ക് നിങ്ങള്‍ എതിരു പ്രവര്‍ത്തിക്കരുത്. അങ്ങനെ അവര്‍ രണ്ടുപേരും മരിക്കുവോളം ആ മലയില്‍ ആരാധനകള്‍ ചെയ്ത് ശിഷ്ടകാലം കഴിച്ചുകൂടി.

Leave a Reply

Your email address will not be published. Required fields are marked *