2014 JUL-AUG ആത്മിയം ആരോഗ്യം നബി ഹദീസ്

കരുണയുടെ നാളുകള്‍

ഒരു നിര്‍വചനമോ വിശദീകരണമോ ആവശ്യമില്ല എന്നു തോന്നും വിധം പരിചിതമായ പദമാണ് കാരുണ്യം. അതിനെ മഹാന്മാര്‍ നിര്‍വചിക്കുന്നതിങ്ങനെ’പ്രയാസങ്ങളില്‍ നിന്ന് കര കയറ്റുക, ആവശ്യക്കാര്‍ക്ക് ആവശ്യമുള്ളത് എത്തിച്ച് കൊടുക്കുക എന്നീ പ്രവര്‍ത്തനങ്ങളാണ് കരുണ’
കരുണചെയ്യുന്നവരില്‍ ഏറെ മുന്നില്‍ നില്‍ക്കുന്നവന്‍ അല്ലാഹു ആണ്. യഥാര്‍ത്ഥത്തില്‍ അവനില്‍ നിന്ന് മാത്രമേ കരുണ നിര്‍ഗളിക്കുന്നുള്ളൂ. മനുഷ്യര്‍ മറ്റുള്ളവര്‍ക്ക് ഉപകാരം ചെയ്യാറുണ്ട്. പ്രയാസങ്ങളില്‍ നിന്ന് രക്ഷപ്പെടുത്താറുണ്ട്. ഇവ ഒരു പക്ഷെ സന്പത്ത് പ്രതീക്ഷിച്ചായേക്കാം അല്ലെങ്കില്‍ ആളുകളുടെ പ്രശംസ പിടിച്ച് പറ്റാനായിരിക്കും. അതുമല്ലെങ്കില്‍ സൃഷ്ടാവായ റബ്ബില്‍ നിന്നുള്ള പ്രതിഫലം കാംക്ഷിച്ചായിരിക്കും. ഒന്നും പ്രതീക്ഷിക്കാതെ കരുണ ചെയ്യുന്നവനായി ലോകത്ത് ഒരു ശക്തിയെ ഉള്ളൂ. അവനാണ് അല്ലാഹു.
വിശുദ്ധ ഖുര്‍ആന്‍ ആരംഭിക്കുന്നത് തന്നെ കരുണാമയന്‍റെ കരുണയെ ഓര്‍മ്മിപ്പിച്ചു കൊണ്ടാണ്. ‘റഹ്്മാനും റഹീമുമായ അല്ലാഹുവിന്‍റെ പേര് കൊണ്ട് ഞാന്‍ തുടങ്ങുന്നു’. അല്ലാഹു കാരുണ്യവാനാണെന്നും അവന്‍റെ കരുണക്ക് രണ്ട് മാനങ്ങളുണ്ടെന്നും നൂറ്റിപ്പതിനാല് തവണ ഖുര്‍ആന്‍ പ്രഖ്യാപിക്കുന്നു
ഭൂമുഖത്ത് അധിവസിക്കുന്ന സകല ജീവികള്‍ക്കും ഒരു നിലക്കുള്ള വിവേചനവും ഇല്ലാതെയുള്ള അല്ലാഹുവിന്‍റെ കരുണയിലേക്കാണ് റഹ്്മാന്‍ എന്ന പദം വിരല്‍ ചൂണ്ടുന്നത്. അല്ലാഹു റഹീമാണെന്നതിന്‍റെ വിവക്ഷ അവന്‍റെ കല്‍പനകള്‍ ശിരസാവഹിക്കുകയും വിരോധനകളെ അകറ്റി നിര്‍ത്തുകയും ചെയ്തവര്‍ക്ക് മത്രം പാരത്രിക ലോകത്ത് കരുണ ചെയ്യും എന്നതാണ്.
ഇബ്റാഹീം അദ്ഹം(റ)വിരുന്നുകാരോടൊന്നിച്ച് വിഭവ സമൃതമായ ഭക്ഷണം വിളന്പിയ തളികയുടെ അടുത്തേക്ക് നീങ്ങുന്നു. എവിടെ നിന്നോ ഒരു കാക്ക അവിടെ പ്രത്യക്ഷപ്പെടുന്നു. ഭക്ഷണ പാത്രത്തില്‍ നിന്ന് ഒരു റൊട്ടി ചുണ്ടിലാക്കി തല്‍ക്ഷണം വെളിയിലേക്ക് പറന്നു. ഇബ്റാഹീം അദ്ഹം(റ)ന്‍റെ അന്വേഷണ ത്വര കാക്കയെ പിന്തുടരാന്‍ നിര്‍ബന്ധിതനാക്കി. പറന്നുയര്‍ന്ന കാക്ക ഒരു കുന്നിന്‍ ചെരുവിലേക്കാഴ്ന്നിറങ്ങി. പിന്നാലെ ഇബ്റാഹീം അദ്ഹം(റ) അവിടെയെത്തി. ഇരു കൈകളും പിന്നിലേക്ക് ബന്ധിച്ച് ചങ്ങല കുരിക്കിലകപ്പെട്ട് അനങ്ങുവാന്‍ പോലും കഴിയാതെ മലര്‍ന്ന് കിടക്കുന്ന ഒരാള്‍ ഇബ്റാഹീം അദ്ഹം(റ)ന്‍റെ ദൃഷ്ടിയില്‍ പതിഞ്ഞു. കാക്ക ചുണ്ടിലൊതുക്കി കൊണ്ട് വന്ന റൊട്ടിക്കഷ്ണം അയാളുടെ വായിലേക്കിട്ടു കൊടുക്കുന്നു. അയാളത് ആര്‍ത്തിയോടെ ഭക്ഷിച്ച് വിശപ്പകറ്റുന്നു. അത്ഭുതത്തോടെ ഇബ്റാഹീം അദ്ഹം(റ) മടങ്ങി.
സുന്നൂന്‍(റ) പറയുന്നു. “പതിവിന് വിപരീതമായി ഒരു രാത്രിയില്‍ എന്തന്നില്ലാത്ത മാനസിക അസ്വസ്ഥത എന്നെ പിടികൂടി. ശരീരത്തെ നിയന്ത്രിക്കാന്‍ പോലും അശക്തനായിരിക്കുന്നു. പ്രത്യേകിച്ച് കാരണങ്ങളൊന്നും കാണുന്നില്ല. ആശ്വാസത്തിനെന്നോണം വീട്ടില്‍ നിന്നും പുറത്തിറങ്ങി. നൈല്‍ നദിയെ ലക്ഷ്യംവെച്ച് നീങ്ങി. ഏതോ ഒരു ജീവി ഇഴയുന്ന ശബ്ദം ഞാന്‍ കേട്ടു. നോക്കുന്പോഴത് വലിയൊരു തേളാണ്. നൈലിനെ ലക്ഷ്യം വെച്ച് അത് അതിവേഗം സഞ്ചരിച്ച് കൊണ്ടിരിക്കുന്നു. ഞാന്‍ തേളിനെ പിന്തുടര്‍ന്നു. നൈല്‍ നദിതടത്തില്‍ ഒരു തവള ഇരിക്കുന്നു. എന്തിനേയോ പ്രതീക്ഷിക്കുന്ന മട്ടില്‍. ഓടിയെത്തിയ തേള്‍ തവളക്ക് മുകളില്‍ ഇരിപ്പിടം ഭദ്രമാക്കി. തേളിനെ ചുമന്ന തവള പതുക്കെ നൈലിലേക്കിറങ്ങി. നദിയുടെ ഉപരിഭാഗത്തിലൂടെ അതിവേഗം നീന്തിയകന്നു. ജിജ്ഞാസ മുത്ത ഞാന്‍ കപ്പലില്‍ അതിനെ പിന്തുടര്‍ന്നു. മറുകരയില്‍ തവള എത്തിയ പാടെ തേള്‍ ചാടിയിറങ്ങി എന്തിനേയോ ലക്ഷ്യം വെച്ച് അത് ചലിച്ചു തുടങ്ങി. അങ്ങകലെ മരച്ചുവട്ടില്‍ ഒരു മനുഷ്യന്‍ സുഖനിന്ദ്രയിലാണ്. അവനെ ഉന്നം വെച്ച് ഒരു സര്‍പ്പം പത്തി വിടര്‍ത്തി ഇഴഞ്ഞടക്കുന്നു. ഓടിയെത്തിയ തേള്‍ പാന്പിന് ശക്തിയായൊരു കുത്തു കൊടുത്തു. പാന്പ് തിരിച്ച് തേളിനൊരു കൊത്തും. അല്‍പ സമയത്തിനുള്ളില്‍ പാന്പും തേളും ചത്തു. ഒന്നുമറിയാതെ ആ മനുഷ്യന്‍ സുഖ നിന്ദ്ര തുടര്‍ന്നു.”
ഇമാം റാസി(റ) പറയുന്നു. “മുട്ടയില്‍ നിന്നും പുറത്ത് വന്ന മാംസ നിറത്തിലുള്ള ചിറക് മുളക്കാത്ത ഒരു കാക്ക കുഞ്ഞ് വനത്തില്‍ ഒറ്റപ്പെട്ട് കിടക്കുന്നു. അതിനെ സംരക്ഷിക്കാതെ തീറ്റ കൊടുക്കാതെ കൂടെ നില്‍ക്കാതെ മറ്റു കാക്കകള്‍ പറന്നകന്നു. മാംസമാണെന്ന് കരുതി വിശന്ന് വലയുന്ന കാക്കകുഞ്ഞിന്‍റെ അടുത്തേക്ക് ഒരു പറ്റം കൊതുകുകള്‍ പാറി വരുന്നു. കാക്കകുഞ്ഞ് അവകളെ ഭക്ഷിച്ച് വിശപ്പകറ്റുന്നു. തൂവല്‍ മുളച്ച് ഇറച്ചി ചിറകിനടയില്‍ മൂടുന്നത് വരെ ഇത് തുടര്‍ന്ന് കൊണ്ടിരുന്നു. ചിറക് മുളച്ച് അറപ്പു നീങ്ങിയപ്പോള്‍ കാക്കത്തള്ള മടങ്ങി വന്നു.”
കാരുണ്യവാന്‍റെ കരുണയില്‍ നിന്ന് ഇമാം റാസി(റ) എടുത്തു കാണിച്ച ഉദാഹരണമാണ് മുകളില്‍ ഉദ്ധരിച്ചത്. കുഞ്ഞിനോട് മാതാവിനുള്ള കാരുണ്യത്തേക്കാള്‍ വലുതാണ് അല്ലാഹുവിന് അവന്‍റെ പടപ്പുകളോടുള്ളത് എന്നാണ് ഇവയെല്ലാം സാക്ഷ്യപ്പെടുത്തുന്നത്. എല്ലാവര്‍ക്കും ഗുണമുണ്ടാവലിനെ അവന്‍ ആഗ്രഹിക്കുന്നു. ഭൂമുഖത്ത് അനുഭവപ്പെടുന്ന ബുദ്ധിമുട്ടുകളും പ്രയാസങ്ങളും പട്ടിണിയും പരിവട്ടവും രോഗവും പ്രത്യക്ഷത്തില്‍ വിപത്താണെങ്കിലും യതാര്‍ത്ഥ്യത്തില്‍ അനുഗ്രഹമായിരിക്കാം. ഇമാം റാസി(റ) ഇതിനെ ഉദാഹരിക്കുന്നതിങ്ങനെ. മക്കളുടെ കാര്യത്തില്‍ ശ്രദ്ധയുള്ള മാതാപിതാക്കള്‍ മക്കളെ പഠനത്തിന് പ്രേരിപ്പിക്കുന്നു. അമിതമായ വിനോദങ്ങളില്‍ നിന്നകറ്റുന്നു. നേരും നെറിയും പഠിപ്പിക്കുന്നു. പ്രത്യക്ഷത്തില്‍ ഇവയെല്ലാം കുട്ടിക്ക് പ്രയാസത്തെ സമ്മാനിക്കുന്നെങ്കിലും യാതാര്‍ത്ഥ്യം മറ്റൊന്നാണ്. വിഡ്ഢി പ്രത്യക്ഷം മാത്രം പരിഗണിക്കും. ബുദ്ധിമാന്‍ രഹസ്യങ്ങളിലേക്കെത്തി നോക്കും. ഭൂമിയെ കുറിച്ച് ആലോചിക്കുന്പോഴും പാരത്രിക ലോകത്തെക്കുറിച്ച് ആലോചിക്കുന്പോഴും മനുഷ്യന് സന്തോഷം പകരുന്ന ആയത്താണിത്. നശ്വരമായ ഭൂമിയിലെ ഹൃസ്വകാല ജീവിതത്തേക്കാള്‍ ശാശ്വതമായ പാരത്രീക ലോകത്തെ അനന്തമായ ജീവിതത്തിനാണ് പ്രാധാന്യം കൂടുതല്‍ അവിടെയാണ് കൂടുതല്‍ കരുണ ആവശ്യമായി വരുന്നത്്.
തെമ്മാടിത്തരങ്ങളില്‍ അഭിരമിച്ച് കഴിഞ്ഞ കാലം അല്ലാഹുവിന് എതിര് പ്രവര്‍ത്തിക്കുന്നതില്‍ തുലച്ച അടിയാറുകളോട് അവന്‍ പറയുന്നു. “പാപം ചെയ്ത എന്‍റെ അടിമകളെ, അല്ലാഹുവിന്‍റെ റഹ്്മത്തില്‍ നിന്ന് ആശ മുറിയരുത്.” അല്ലാഹുവിന്‍റെ കാരുണ്യത്തില്‍ പ്രതീക്ഷ വെച്ച് പുലര്‍ത്താത്തവര്‍ അവിശ്വാസികള്‍ മാത്രമാണ് (യൂസുഫ് 87). അല്ലാഹുവിന്‍റെ കാരുണ്യത്തെ വിളിച്ച് പറയുന്ന ധാരാളം ഹദീസുകളുമുണ്ട്. അബൂഹുറൈറ(റ) പറയുന്നു സൃഷ്ടി ജാലങ്ങളെ പടക്കാന്‍ തീരുമാനമെടുത്ത ദിനം അല്ലാഹു ഒരു കുറിപ്പെഴുതി അര്‍ശിന്‍റെ മുകളില്‍ വെച്ചു എന്‍റെ കാരുണ്യം എന്‍റെ ദേഷ്യത്തെ മറികടക്കും എന്നതാണത്.
ബുഖാരിയും മുസ്ലിമും ഒന്നിച്ചുദ്ധരിച്ച ഹദീസില്‍ നബി(സ്വ) പറയുന്നു. “നല്ലകാര്യങ്ങളൊന്നും ചെയ്യാതെ നെറികേടുകളില്‍ അഭിരമിച്ച് ജീവിതം കഴിച്ച് കൂട്ടിയ മനുഷ്യന് മരണം ആസന്നമാകുന്നേരം അയാള്‍ മക്കളെ വിളിച്ച് വസ്വിയത്ത് ചെയ്തു’ പൊന്നു മക്കളെ ജീവിത കാലത്ത് നന്മ ചെയ്യാന്‍ ഭാഗ്യം ലഭിക്കാത്ത ഹതഭാഗ്യനാണ് ഞാന്‍. എന്നെ അല്ലാഹുവിന് ലഭിച്ചാല്‍ ഒരാളെയും ശിക്ഷിക്കാത്ത വിധം അവന്‍ എന്നെ ശിക്ഷിക്കും. അത്കൊണ്ട് ഞാന്‍ മരിച്ചാല്‍ നിങ്ങള്‍ എന്നെ കത്തിക്കണം ശേഷം എന്‍റെ ഭസ്മത്തിന്‍റെ പകുതി കരയിലും പകുത് സമുദ്രത്തിലും വിതറണം എന്നെ അല്ലാഹുവിന് കിട്ടരുത്” അല്ലാഹുവിനെ കുറിച്ചുള്ള ഭയത്താല്‍ പറഞ്ഞതാണിപ്രകാരം. ഭയാധിക്യത്താല്‍ അല്ലാഹുവിന്‍റെ കഴിവിനെ കുറിച്ചു വരെ മറന്ന് പോയി. എല്ലാവരെയും ഒരുമിച്ച് കൂട്ടാന്‍ കഴിവുള്ളവനാണ് അല്ലാഹു എന്നത് അവന് ഓര്‍മിക്കാന്‍ കഴിഞ്ഞില്ല. അല്‍പ സമയത്തിനുള്ളില്‍ അദ്ദേഹം മരിച്ചു. ഉപ്പയുടെ നിര്‍ദേശം അരുമ സന്താനങ്ങള്‍ നടപ്പിലാക്കി. കത്തിച്ച ഭസ്മം കരയിലും കടലിലും വിതറി.”
മുത്ത് നബി തുര്‍ന്നു. “അന്ത്യദിനത്തില്‍ അല്ലാഹു കരയോട് കടലിനോടും അവന്‍റെ ശരീരത്തെ ഒരുമിച്ച് കൂട്ടാന്‍ ഉത്തരവിടും. ശേഷം അവനോട് ചോദിക്കും ‘നീ എന്തിനാണ് ഈ ചൈയ്തികളെല്ലാം കാട്ടിക്കൂട്ടിയത്. “നിന്നെ ഭയന്നതിനാലാണ് ഞാന്‍ എന്നെ കത്തിക്കാന്‍ നിര്‍ദേശം കൊടുത്തത് അയാള്‍ പ്രതികരിക്കും. ‘എന്നെ ഭയന്ന കാരണത്താല്‍ നിന്‍റെ സര്‍വ്വ പാപങ്ങളും ഞാന്‍ പൊറുത്തുതന്നു. എന്ന് അല്ലാഹു പറയും”
ഒരു സല്‍കര്‍മ്മവും ചെയ്യാത്തവന് പൊറുത്ത് കൊടുത്ത അല്ലാഹുവിന്‍റെ കാരുണ്യം അതിവിശാലമാണ്. നൂറ് പേരെ വാളിന്ന്് ഇരയാക്കിയ ബനൂ ഇസ്റാഈലില്‍ പെട്ട വ്യക്തിക്ക് അല്ലാഹു പൊറുത്ത് കൊടുത്ത ചരിത്രം ചിരപരിചിതമാണല്ലോ. അല്ലാഹുവിന്‍റെ കാരുണ്യം ലഭിച്ചാല്‍ ഏത് പാപിക്കും രക്ഷപ്പെടാം. കാരുണ്യം ലഭിച്ചില്ലെങ്കില്‍ ഒരാള്‍ക്കും രക്ഷപ്പെടാന്‍ കഴിയില്ല. മുത്ത് നബി(സ്വ) പറയുന്നു ‘നിങ്ങളിലൊരാളും നിങ്ങള്‍ ചെയ്ത പ്രവര്‍ത്തനങ്ങള്‍ കൊണ്ടു മാത്രം രക്ഷപ്പെടില്ല’ സ്വഹാബത്ത് തിരിച്ച് ചോദിച്ചു’ അങ്ങയുടെ കാര്യവും ഇങ്ങനെ തന്നെയാണോ നബിയെ’ ‘അതെ, എന്‍റെ അവസ്ഥയും ഇത് തന്നെയാണ്. അല്ലാഹു അവന്‍റെ കാരുണ്യം കൊണ്ട് എന്നെ വസ്ത്രമണിയിപ്പിക്കുകയും സ്വര്‍ഗത്തില്‍ പ്രവേശിപ്പിക്കുകയും ചെയ്താലൊഴികെ’ മുത്ത് നബി പ്രത്യുത്തരം നല്‍കി
അല്ലാഹുവിന്‍റെ കാരുണ്യമാണ് രക്ഷയുടെ നിദാനം. ഇബാദത്തുകള്‍ കാരുണ്യത്തിലേക്കടുപ്പിക്കുന്നു. ഇബാദത്തുകള്‍ അധികരിപ്പിച്ചും കാരുണ്യത്തിന് വേണ്ടിയുള്ള പ്രാര്‍ത്ഥനകള്‍ വര്‍ദ്ധിപ്പിച്ചും അല്ലാഹുവിന്‍റെ റഹ്്മത്ത് നേടാന്‍ നാം സദാ ജാഗരൂഗരാവണം. റമാളാനിന്‍റെ ആദ്യത്തെ പത്ത് അതിന് ഏറ്റവും ഉചിതമായ സമയമാണ്. പരിമിതമായ ഓഫര്‍ കാലയാളവ് ചൂഷണം ചെയ്യുന്നതില്‍ ഉദാസീനത കാണിക്കാതിരിക്കുക.

Leave a Reply

Your email address will not be published. Required fields are marked *