പരിഷ്കര്‍ത്താക്കളായ മഹാപുരുഷന്മാരെ പോലെ ആഴമേറിയ ജ്ഞാനം കൊണ്ടും, തതനുസൃതമായ ജീവിത രീതികൊണ്ടും ഒരു കാലഘട്ടത്തിന്‍റെ ആത്മാവായി മാറിയ മഹാമനീഷി. പര്‍വ്വത സമാനമായ പ്രതിസന്ധികളോട് പടവെട്ടി സത്യപ്രസ്ഥാനത്തെ വിജയത്തീരത്തണച്ച കര്‍മ്മപോരാളി, ആത്മീയ ജീവിതം കൊണ്ട് ഔന്നിത്യത്തിന്‍റെ ഉത്തുംഗസോപാനങ്ങള്‍ കീഴടക്കുന്പോഴും ധാര്‍മ്മികപ്രസ്ഥാനത്തിന് ഉപദേശ നിര്‍ദേശങ്ങള്‍ നല്‍കി നിയന്ത്രിച്ച നേത്യപാഠമുള്ള പണ്ഡിത ശ്രേഷ്ഠന്‍. താജൂല്‍ ഉലമ ഉള്ളാള്‍ തങ്ങള്‍ സ്മൃതിപഥത്തില്‍ തെളിഞ്ഞുവരുന്പോള്‍ ഇങ്ങനെ അസംഖ്യം സവിശേഷതകള്‍ നമ്മേ വാരിപ്പുണരും. ജ്ഞാന ധീരതയുടെ കിരീടമണിഞ്ഞ ആ മഹാത്മാവിന്‍റെ ജീവിതത്തിന് അക്ഷരാവിഷ്കാരം നല്‍കാന്‍പോലും നമ്മുടെ കൈകള്‍ അബലകളാണ്.
കേരള മുസ്ലിം നവോത്ഥാന ചരിത്രത്തില്‍ ചിരപ്രതിഷ്ഠ നേടിയ ചാലിയത്തിന്‍റെ മുഴുവന്‍ ശോഭയും പ്രതാപവും ആവാഹിച്ചുനില്‍ക്കുന്ന മണ്ണാണ് കരുവന്‍തിരുത്തി. ഉള്ളതില്‍ നിന്ന് ഓഹരിയെടുത്ത് മതജ്ഞാനത്തേയും ഒരുപാട് പണ്ഡിത ശ്രേഷ്ഠരേയും വാര്‍ത്തെടുത്ത ഈ നാട് ചരിത്രത്തിലെന്നപോലെ വര്‍ത്തമാന കാലത്തും ജ്വലിച്ചുനില്‍ക്കുന്നത് താജുല്‍ ഉലമക്ക് ജന്മംനല്‍കി എന്ന ഖ്യാതിയിലാണ്. പിതാവിന്‍റെ നന്നേ ചെറുപ്പത്തിലുള്ള വിയോഗവും, പഠനത്തിനും അദ്ധ്യാപനത്തിനുമുള്ള പ്രയാസവും ദേശാടനത്തിന് നിര്‍ബന്ധിച്ചു. ആ ധന്യ സാന്നിധ്യം കരുവന്‍തിരുത്തിക്ക് ലഭ്യമാകുന്ന അവസരങ്ങള്‍ നന്നേ കുറവാണങ്കിലും ജന്മനാട് എന്ന വൈകാരിക ബന്ധം സ്വാഭാവികമായും താജുല്‍ ഉലമക്ക് കരുവന്‍തിരുത്തിയോട് ഉണ്ടായിരുന്നു.
ഏഴുപതിറ്റാണ്ടുമുന്പ് യമനിലെ ഹളര്‍മൗത്തില്‍ നിന്ന് മതപ്രബോധനത്തിനായി കണ്ണൂര്‍ വളപ്പട്ടണത്തെത്തിയ സയ്യിദ് അഹമ്മദ് ജമാലുദ്ധീന്‍ ബുഖാരി(റ)യാണ് പ്രവാചക സന്താന പരന്പരയിലെ ബുഖാരി സാദാത്തുക്കളില്‍ കേരളത്തിലെ തുടക്കക്കാരന്‍. കാലങ്ങള്‍ക്കുശേഷം ഇദ്ദേഹത്തിന്‍റെ പിന്മുറക്കാര്‍ കേരളത്തിലെ പലഭാഗങ്ങളിലും വിന്യസിച്ചു. അങ്ങനെ അഹമ്മദ് ജലാലുദ്ധീന്‍ ബുഖാരിയുടെ മൂന്നാമത്തെ പൗത്രന്‍ ഇസ്മാഈല്‍(റ)വാണ് വിവാഹംവഴി കരുവന്‍തിരുത്തിയില്‍ ആദ്യം താമസമാക്കുന്നത്. പിന്നീട് അദ്ധേഹത്തിന്‍റെ മകന്‍ അബ്ദുറഹ്മാന്‍ ബുഖാരി(റ)ന്‍റേയും, പുത്രനായ ഇസ്മാഈല്‍(റ)ന്‍റേയും ശിഷ്ടപരന്പരയാണ് കരുവന്‍ തിരുത്തിയിലെ ബുഖാരി സാദാത്തുക്കള്‍. ഈ പരന്പരയില്‍ മുത്ത് നബിയുടെ 39ാം പൗത്രനായി 1341(1929)റബീഊല്‍ അവ്വല്‍ 25നാണ് അബ്ദുറഹ്മാന്‍ ബുഖാരി എന്ന ആദര്‍ശ കേരളത്തിന്‍റെ ഇതിഹാസനായകന്‍ ഉള്ളാള്‍ തങ്ങളുടെ ജനനം.
അഗാധപാണ്ഡിത്യവം അതോടപ്പം വിനയവും നേത്യപാടവവും ആജ്ഞാശേഷിയും ഒത്തിണങ്ങിയ താജുല്‍ ഉലമയുടെ മഹോന്നതിക്ക് ചില കാരണങ്ങളുണ്ട്. അതില്‍ പ്രധാനം മാതാവിന്‍റെ ശിക്ഷണം തന്നെയായിരുന്നു. ഏറെ ഭക്തരായിരുന്ന തങ്ങളുടെ മാതാപിതാക്കള്‍ വീട്ടില്‍ വരുന്ന പണ്ഡിത സാദാത്തുകളോടെല്ലാം ഏല്‍പ്പിക്കാറുണ്ടായുരുന്നത്, രണ്ട് മക്കളും ഉഖ്റവിയ്യായ ആലിമീങ്ങളാവാന്‍ ദുആ ചെയ്യണമെന്നായിരുന്നു. ഇതേ സുക്ഷമതയിലും സത്യസന്ധതയിലുമായി ആ മാതാവ് മക്കളെ വളര്‍ത്തുകയും ചെയ്തു. തന്‍റെ മക്കളെ കൊണ്ട് സ്വര്‍ഗം കൊതിച്ച ആ ഉമ്മ ഇത്ര കൂടി ഉപദേശിച്ചിരുന്നു. “മോനേ നല്ലതുമാത്രം പറയുകയും നല്ലതിനുവേണ്ടി മാത്രം പ്രവര്‍ത്തിക്കുകയും ചെയ്യുക. സത്യം അതെത്ര കൈപ്പേറിയതാണങ്കിലും വിളിച്ചുപറയുക.’ പില്‍കാലത്തെ അത്ഭുതകരമായ വളര്‍ച്ചയിലേക്കും, ഞാന്‍ ഏകനാണെങ്കില്‍ പോലും സത്യപ്രസ്ഥാനത്തിന് വേണ്ടി പ്രവര്‍ത്തിക്കുമെന്ന ധീര പ്രഖാപനത്തിലേക്കും തങ്ങളെ നയിച്ച ചാലകശക്തി ഉമ്മയുടെ ഈ സാരോപദേശമായിരുന്നു.
കേരളത്തിലെ അറിയപ്പെട്ട സാഗര തുല്ല്യരായ ആലിമീങ്ങളാണ് താജുല്‍ ഉലമയുടെ ഗുരുനാഥന്മാര്‍. പറവണ്ണ മുഹ്യുദ്ധീന്‍കുട്ടി മുസ്ലിയാര്‍, കണ്ണിയത്ത് അഹമ്മദ് കുട്ടി മുസ്ലിയാര്‍ തുടങ്ങിയവര്‍ അവരില്‍ പ്രധാനികളാണ്. സാഹസികത നിറഞ്ഞ ഒരു വിജ്ഞാന ദാഹിയുടെ യാത്രയാണ് ഉള്ളാള്‍ തങ്ങളുടെ ജീവതത്തില്‍ നിന്നും നമുക്ക് അനുഭവിക്കാനാവുക. ഇ.കെ അബൂബക്കര്‍ മുസ്ലിയാര്‍ ബാഖിയാത്തില്‍ ഉള്ളതിനാല്‍ വെല്ലൂരില്‍ ഉപരി പഠനം നടത്താനുള്ള കണ്ണിയത്തിന്‍റെ ഉപദേശമനുസരിച്ച് യാത്ര തിരിച്ചെങ്കിലും ഇകെ ഉസ്താദ് ബാഖിയാത്ത് വിട്ട് പറന്പത്ത് ദര്‍സ്നടത്തുന്നുവെന്ന് വിവരം ലഭിച്ചപ്പോള്‍ അങ്ങോട്ടുചെല്ലുകയായിരുന്നു ഈ വിജ്ഞാന ദാഹി. ശേഷം തളിപ്പറന്പില്‍ വന്ദ്യഗുരു ഇകെ ഉസ്താദിനൊപ്പം രണ്ട് വര്‍ഷം കഴിഞ്ഞു. ഇതിനിടെ വെല്ലൂരില്‍ പോകാന്‍ ആഗ്രഹിച്ചെങ്കിലും ക്ഷാമം മൂലം മലയാളി വിദ്യാര്‍ത്ഥികള്‍ക്ക് അഡ്മിഷനില്ലെന്നറിഞ്ഞപ്പോള്‍ പണം കെട്ടിവെച്ചാണ് തങ്ങള്‍ കോളേജില്‍ പ്രവേശനം നേടിയത്. അറിവിന് മുന്പില്‍ പണം പ്രശ്നമാക്കാത്ത ഈ പണ്ഡിത ശ്രേഷ്ഠന്‍ അവിടെനിന്നും ശൈഖ് ആദം ഹസ്രത്ത്, ശൈഖ് ഹസന്‍ ഹസ്രത്ത് തുടങ്ങിയ പ്രഗത്ഭരുടെ ശിഷ്യത്വം നേടി.
പ്രശ്നങ്ങളേയും, പ്രതിസന്ധികളേയും വകവെക്കാതെ അറിവിനെ ജീവിപ്പിക്കാനായിരുന്നു താജുല്‍ ഉലമ പരിശ്രമിച്ചത്. ഫിഖ്ഹ്, ഹദീസ്, തര്‍ക്കശാസ്ത്രം, അലങ്കാരശാസ്ത്രം, വ്യാകരണം തുടങ്ങി വിജ്ഞാനത്തിന്‍റെ വിവിധ ശാഖകളിലെ ലളിതവും,സങ്കീര്‍ണ്ണവും, ഹൃസ്വവും ദീര്‍ഘവുമായ ഗ്രന്ഥങ്ങളൊക്കെയും നോക്കാതെ തന്‍റെ ഓര്‍മ്മയില്‍ നിന്നും വായിച്ച് ക്ലാസെടുക്കാന്‍ തങ്ങള്‍ക്ക് കഴിയുമായിരുന്നു. തങ്ങളുടെ അഗാധ ജ്ഞാനം ബോധ്യപ്പെടുത്തുന്ന നിരവധി സംഭവങ്ങള്‍ നമുക്ക് മുന്പിലുണ്ട്. 198283 കാലഘട്ടത്തില്‍ തിരെഞ്ഞെടുത്ത ഇരുപത്തഞ്ച് പേര്‍ക്കായി ഒരു പഠനക്ലാസ് നടക്കുകയുണ്ടായി. പന്ത്രണ്ടു ദിവസം നീണ്ടുനിന്നിരുന്ന പ്രസ്തുത പരിപാടിയില്‍ എപി ഉസ്താദിനെപ്പോലുള്ള പ്രമുഖരാണ് ക്ലാസെടുത്തിരുന്നത്. പഠിതാക്കള്‍ പണ്ഡിതരാകയാല്‍ തന്നെ ശക്തമായ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ഏറെ വൈകാതെ കോഴിക്കോട് ടൗണ്‍ഹാളില്‍ വെച്ച് പൊതുജനങ്ങള്‍ക്ക് കൂടി പ്രവേശനം നല്‍കി ഒരുദിവസത്തെ ആദര്‍ശക്ലാസ് നടത്തുകയുണ്ടായി. അവസാനം സംശയ നിവാരണ അവസരത്തില്‍ തര്‍ക്കത്തിലിരിക്കുന്ന ഒരു കാര്യത്തെക്കുറിച്ച് ചോദ്യമുയര്‍ന്നു. നാട്ടിലെ സൗഹൃദാന്തരീക്ഷവും സമാധാനവും നിലനിര്‍ത്താന്‍ ഈ വിഷയത്തില്‍ തന്നെയുള്ള രണ്ടാം അഭിപ്രായം സ്വീകരിച്ചുകൂടെ, അതുവഴി സമൂഹത്തില്‍ മസ്ലഹത്ത് ഉണ്ടാകുമെങ്കില്‍, മദ്ഹബിലെ അഭിപ്രായ ഭേതങ്ങള്‍ പ്രായോഗികവും അനുഗ്രഹവുമാണെന്നിരിക്കെ എന്തുകൊണ്ടത് സ്വീകരിച്ചുകൂടാ..ചോദ്യമുന്നയിച്ച പണ്ഡിതന്‍ രംഗം കൊഴുപ്പിച്ചു.
ചോദ്യശരമേറ്റ് സ്റ്റേജും സദസ്സും പരിഭ്രമിച്ച നിമിഷം. തങ്ങള്‍ എഴുന്നേറ്റ് സംസാരിച്ചു തുടങ്ങി. ഈ അഭിപ്രായങ്ങളെല്ലാം നിലനില്‍ക്കുന്നത് രണ്ടാം അഭിപ്രായം പരിഗണനീയമാകുന്പോഴാണ്. ചര്‍ച്ചയിലുള്ള പ്രശ്നത്തില്‍ രണ്ടാം ഖൗല്‍(ശിദ്ധത്തുള്ളുഅ്ഫ്) തീവ്രദുര്‍ബലമാണന്നതിനു പുറമെ അങ്ങനെ ഒരഭിപ്രായം ഉണ്ടെന്നുതന്നെ തര്‍ക്കവിധേയമാകുന്നു. ഈ മറുപടിയോടെ രംഗം ശാന്തമായി. സൂചി വീഴുന്നത് കേള്‍ക്കുംവിധം നിശ്ശബ്ദം. വിരുദ്ധമായ വിശ്വാസമില്ലാഞ്ഞിട്ടും ശരിയുത്തരത്തിന് വേണ്ടി മാത്രം ചോദ്യമുയര്‍ത്തിയവര്‍ക്കും, ആ ചോദ്യത്തിന്‍റെ അഗ്രമേറ്റ് പിടഞ്ഞവര്‍ക്കുമെല്ലാം ആശ്വാസമായിത്തീര്‍ന്നു തങ്ങളുടെ വിശദീകരണം. പരന്ന വിജ്ഞാനത്തിന്‍റെ സജീവ സാന്നിധ്യം കൊണ്ട് മാത്രം ലഭ്യമാകുന്നതാണ് ഇത്തരം ഇടപെടലുകള്‍.
താജുല്‍ ഉലമയുടെ ജീവിതമെഴുതുന്പോള്‍ അത് സമസ്തയുടെ കൂടി ചരിത്രമായി മാറും.കാരണം ആദര്‍ശ പ്രസ്ഥാനവുമായി തങ്ങള്‍ അത്രമാത്രം ബന്ധംസ്ഥാപിച്ചിരുന്നു.1956 സെപ്റ്റംബര്‍ 20ന് താനൂരില്‍വെച്ച് നടന്ന മീറ്റിംങ്ങിലെ തീരുമാനപ്രകാരമാണ് തങ്ങള്‍ ആദ്യമായി മുശാവറയിലേക്ക് കടന്നു വരുന്നത്. വൈകാതെ, സംഘടനയുടെ മുന്നണിപ്പോരാളിയായി വര്‍ത്തിച്ച തങ്ങള്‍ ഉന്നത സമിതികളിലും അവരോധിതനായി. പ്രായത്തെ വെല്ലുന്ന പാണ്ഡിത്യം, ധീരനിലപാടുകള്‍, ആദര്‍ശത്തിലെ കാര്‍ക്കശ്യം, അത്മാര്‍ത്ഥത തുടങ്ങിയ വിശേഷണങ്ങളാണ് തങ്ങളെ ഉപസമിതിയുടെ തലപ്പത്തേക്ക് നിയോഗിച്ചത്. പിന്നീടങ്ങോട്ട് സമസ്തയുടെ തിളങ്ങുന്ന ഭാവിക്ക് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളായിരുന്നു. കേവലം തബറുകിന്‍റെ നിയമനങ്ങളായിരുന്നില്ലെന്ന് ആ നേതാവിന്‍റെ ഊര്‍ജ്ജസ്സ്വല പ്രവര്‍ത്തനങ്ങള്‍ തെളിയിച്ചു.
പ്രലോഭനങ്ങള്‍ക്ക് കീഴ്പെടുത്താനോ പ്രതിസന്ധികള്‍ക്ക് പിന്‍മാറ്റാനോ കഴിയാത്ത താജുല്‍ ഉലമയുടെ ആത്മധ്യൈത്തിനുമുന്പില്‍ എല്ലാ ബിദഈ കക്ഷികളും തോറ്റ് പോവുകയായിരുന്നു. ആദര്‍ശം കയ്യൊഴിച്ച് എന്തെങ്കിലും നേടാമെന്ന വിചാരം പോലും അന്യം നിര്‍ത്തപ്പെട്ട ജീവിത നിലപാടുകളായിരുന്നു അന്ത്യംവരേയും അവിടുന്ന് മുസ്ലിം ലോകത്തിന് ദര്‍ശിക്കാനായത്. ഇടക്കാലത്ത് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയെ സ്ഥാപക ലക്ഷ്യത്തില്‍ നിന്നും വ്യതിചലിപ്പിക്കാന്‍ ചില കുതന്ത്രങ്ങള്‍ നടക്കുകയുണ്ടായി. ശത്രുക്കളുടെ കുതന്ത്രം ഒരു പരിധിവരെ ഫലം കാണുകയും ചെയ്തു. ബിദ്അത്തുകാരുമായുള്ള സമീപനത്തില്‍ വെള്ളം ചേര്‍ക്കുംവിധം ഉത്തരവാദിത്വപ്പെട്ടവര്‍ തന്നെയും മുന്‍കയ്യെടുക്കുന്ന ഘട്ടം വന്നെത്തി. ഇത് സംബന്ധമായി ചര്‍ച്ച നടക്കുന്ന യോഗത്തില്‍ ഉള്ളാള്‍ തങ്ങള്‍ ഗര്‍ജ്ജിച്ചു. “അഹ്ലുസ്സുന്ന വിശ്വസിച്ച് ആചരിച്ച് പോരുന്നതും നാം ഇതുവരെ പഠിപ്പിച്ചുപോരുന്നതുമായ ആദര്‍ശം രാഷ്ട്രീയക്കാര്‍ക്ക് വേണ്ടിയോ മറ്റു തല്‍പര കക്ഷികള്‍ക്ക് വേണ്ടിയോ ഉപേക്ഷിക്കാന്‍ കഴിയില്ല. അതിനു ഞങ്ങളെ കിട്ടുകയുമില്ല.’ ഒരു ഇടിത്തീയായി ഈ പ്രഖ്യാപനം ഉയര്‍ന്നു മുഴങ്ങി. ഹഖിനെതിരെ തീരുമാനമെടുക്കാന്‍ ഇവിടെ ആരെയും അധികാരപ്പെടുത്തിയിട്ടില്ലെന്നും ഭൂരിപക്ഷം നോക്കി സത്യംവിഴുങ്ങി ഈ കസേരയില്‍ ഇരിക്കാനാവില്ലെന്ന് പ്രഖ്യാപിച്ച് തങ്ങള്‍ സമസ്തയില്‍ നിന്നും ഇറങ്ങിപ്പോന്നു. അപ്പോഴും ഇനി എങ്ങനെ ആദര്‍ശം വിളംബരം ചെയ്യുമെന്ന ആശങ്ക പലര്‍ക്കുമുണ്ടായിരുന്നു. പക്ഷേ, അവിടെയും താജുല്‍ ഉലമയുടെ അചഞ്ചലമായ മനക്കരുത്തായിരുന്നു വിജയം വരിച്ചത്.
സത്യം പറയാന്‍ ചങ്കൂറ്റമുള്ള നിരവധി പണ്ഡിതരേയും ലക്ഷക്കണക്കിന് അനുയായികളേയും വാര്‍ത്തെടുത്ത ആത്മഹര്‍ശത്തെ ആവോളം ആസ്വദിച്ചാണ് തങ്ങള്‍ വിടപറഞ്ഞത്. ആദര്‍ശ പ്രസ്ഥാനത്തിന്‍റെ ജീവനാഡിയായ ആ മഹാമനീഷിയുടെ ഭൗതികസാന്നിധ്യം വേര്‍പിരിഞ്ഞിട്ട് ഒരു വര്‍ഷംകഴിയുന്പോഴും മുസ്ലിം കൈരളി ഇപ്പോഴും അകമില്‍ കരയുകയാണ്. പകരക്കാരനില്ലാത്ത അമരക്കാരനായി അവിടുന്ന് കൊളുത്തിവെച്ച വിജ്ഞാനത്തിന്‍റെ കൈത്തിരിയും പതിനായിരക്കണക്കിന് ശിഷ്യരും തങ്ങളുടെ സ്മാരകമായി നമുക്ക് മുന്പിലുണ്ട്. തങ്ങള്‍ വരച്ചുകാണിച്ച ആദര്‍ശ പ്രസ്ഥാനത്തില്‍ അടിയുറപ്പിക്കണേ എന്ന പ്രാര്‍ത്ഥനയിലാണിപ്പോഴും സുന്നികള്‍.