കണ്ണുവേണം ഇരുപുറമെപ്പോഴും
കണ്ണുവേണം മുകളിലും താഴെയും
കണ്ണിലെപ്പോഴും കത്തിജ്വലിക്കും
ഉള്‍കണ്ണുവേണം അണയാത്ത കണ്ണ്
(കോഴി -കടമ്മനിട്ട)
കണ്ണിലെ കൃഷ്ണമണിപോലെ കാത്തുവെച്ചാണ് നാം കുഞ്ഞുങ്ങളെ വളര്‍ത്തുന്നത്. അവരുടെ വളര്‍ച്ചയുടെ ഓരോ പടവിലും ജാഗ്രതയോടെ തുറന്നിരിപ്പുണ്ട് നാലു കണ്ണുകള്‍. മാതാപിതാക്കള്‍ ഉറക്കമിളച്ചും ഊണൊഴിച്ചും രാപ്പകലുകളില്‍ കൂട്ടിരുന്നതിന്‍റെ സുകൃതമാണ് തങ്ങളുടെ ജന്‍മമെന്ന് മക്കള്‍ തിരിച്ചറിയുന്നില്ല. രണ്ടു ജീവിതങ്ങള്‍ സ്വയമുരുകിയാണ് തങ്ങളുടെ ജീവിതത്തിന് നിറം പകര്‍ന്നതെന്ന് പുതുതലമുറ മനസ്സിലാക്കാതെ പോകുന്നതെന്തുകൊണ്ടാകാം. ഒരു പെണ്‍ജീവിതം അടുക്കളയുടെ ചൂടിലും പുകയിലും സ്വയമെരിഞ്ഞുണ്ടാക്കിയ അന്നമാണ് തങ്ങളുടെ ആരോഗ്യത്തിന്‍റെ ‘മേനി’യെന്ന് ആരെങ്കിലും ബോധ്യപെടുത്തിയിട്ടുവേണോ?. ~ഒന്നുമറിയാതിരിക്കാന്‍ ഒരു തലമുറയാകെ ബുദ്ധിമാന്ദ്യത്തിനിരയായിട്ടില്ല. ബോധ്യതപ്പെടാതിരിക്കാന്‍ മാത്രം പ്രായമെത്തിയിട്ടില്ലാത്ത പിഞ്ചുബാല്യങ്ങളെ കുറിച്ചല്ല നാം ചര്‍ച്ച ചെയ്യുന്നതും.
പ്രായക്കൂടുതല്‍ പരിചയസമ്പത്തിന്‍റെ മാനദണ്ഡമായി കരുതിയ കാലം പോയ്മറഞ്ഞു. വാര്‍ധക്യത്തിലേക്ക് കാലൂന്നിയ അമ്പതുവയസ്സുകാരനേക്കാള്‍ അനുഭവസമ്പന്നനാണ് ഇന്നത്തെ പതിനെട്ടുകാരന്‍. അവനനുഭവിച്ച ലോകങ്ങളെ കുറിച്ച് കാരണവന്‍മാര്‍ കേട്ടിട്ടു പോലുമുണ്ടാകില്ല. പുതു തലമുറ ചെറുപ്രായത്തിലേ വലിയ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നു. പുതിയ സാങ്കേതങ്ങള്‍ പരിചയിക്കുന്നു. പഴയ തലമുറയെ കാണുമ്പോള്‍ ചെറുപ്പക്കാരില്‍ ചിലരുടെ മുഖത്ത് തെളിയുന്ന ചിറി കോട്ടിയുള്ള ചിരിയില്‍ എല്ലാം ഉള്ളടങ്ങിയിട്ടുണ്ട്. കണ്‍ട്രി ഫെലോസ് എന്ന് അവര്‍ മുഖത്തു നോക്കി വിളിക്കില്ലായിരിക്കും. പക്ഷേ, അവരുടെ മനസ്സിലുണ്ട് ആ പുച്ഛഭാവം, പരിഹാസം. ഞങ്ങളെ ഉപദേശിക്കാനും വഴിനടത്താനും നിങ്ങളാര് എന്ന മട്ടില്‍ മുഖം തിരിച്ചു നടന്നു പോകുന്ന ചെറുപ്പക്കാരന്‍ ഒരടയളമാണ്. നമ്മുടെ നാട്ടിലെ ചെറുപ്പം/യുവത്വം ജീവിത ശീലമാക്കിയ ഒരധമ സംസ്കാരത്തിന്‍റെ പ്രതിനിധാനമാണവന്‍. എങ്കില്‍, അവര്‍ അവരുടെ പാട്ടിന് പോകട്ടേയെന്ന് നമ്മളും കരുതിയാലോ?. പാടില്ല. അതബദ്ധമാണ്. തിന്‍മയെ നന്‍മ കൊണ്ട് പ്രതിരോധിക്കണം. അതാണ് മുത്തുനബി (സ)യുടെ പാഠം.
വീടിനും നാടി നും ഗുണമില്ലാത്തവരെ ‘തലതെറിച്ചവന്‍’ എന്ന വിളിപ്പേരില്‍ അകറ്റി നിര്‍ത്തുന്നതാണ് നമ്മുടെ ശീലം. തള്ളിക്കളയുന്നത് ഒരു തലമുറയെയാണെന്ന് എന്തേ നമ്മളോര്‍ക്കാത്തത്? തിരസ്കരിക്കുന്നത് അവരിലെ കര്‍മ ശേഷിയെയും കഴിവുകളെയുമാണെന്ന് നാം മറന്നു പോകുന്നുവോ? രണ്ടു തലമുറകള്‍ക്കിടയിലെ കൊടുക്കല്‍ വാങ്ങലുകളില്‍ എവിടെയോ ചില പാകപ്പിഴവുകള്‍ സംഭവിച്ചിട്ടുണ്ട്. കമ്മ്യൂണിക്കേഷന്‍ ഗ്യാപ് എന്ന പ്രയോഗം കൊണ്ട് നമുക്കതിനെ ലാഘവപ്പെടുത്താനാകില്ല. കുഴപ്പം ആരുടേതെന്ന അന്വേഷണത്തിന് പ്രസക്തിയുമില്ല. ഒരു തലമുറ മുന്‍തലമുറയുടെ തുടര്‍ച്ചയാണ്. പക്ഷേ, പോയകാലക്കാരുടെ എല്ലാ ചിട്ടകളും പില്‍ക്കാലക്കാര്‍ അനന്തരമെടുക്കണമെന്ന് ആരും ശാഠ്യം പിടിക്കാതിരിക്കുക.
മുമ്പേ നടന്നവരുടെ ശീലങ്ങളും മൂല്യങ്ങളും പഴഞ്ചനാണെന്ന മനോഭാവത്തില്‍ നിന്ന് പുറത്തു കടക്കാന്‍ പുതുതലമുറക്കും സാധിക്കണം. സമൂഹം നിലനില്‍ക്കുന്നത് ചില മൂല്യങ്ങളുടെ സുരക്ഷിത ബോധത്തിലാണ്. ആ മൂല്യങ്ങളില്‍ ചിലത് മതപരമാണ്. മറ്റു ചിലത് ദേശപരമാണ്. വേറെയും ചിലത് പാരമ്പര്യമായി കൈമാറ്റം ചെയ്യപ്പെട്ടതാണ്. അപൂര്‍വ്വം ചിലത് ഓരോ സാഹചര്യത്തിനനുസൃതമായി രൂപപ്പെടുന്നതാണ്. ഇവയെല്ലാം ഉള്‍ചേര്‍ന്നതാണ് നമ്മുടെ സാമൂഹ്യ ഘടന. അനിയന്ത്രിതമായ വ്യക്തി സ്വാതന്ത്യത്തിന്‍റെയും അതിരുകളില്ലാത്ത ആഗ്രഹങ്ങളുടെയും പേരില്‍ അവ ~ഒന്നടങ്കം ചവിട്ടി മെതിക്കപ്പെടേണ്ടതാണെന്ന ചിന്ത വിവേകികളുടേതല്ല, വികാരങ്ങളുടെ വേലിയേറ്റത്തില്‍ തളിര്‍ത്ത ദുര്‍ബല ഹൃദയങ്ങളുടേതാണ്.
നമ്മുടെ തലമുറക്ക് ചില പിഴവുകള്‍ സംഭവിച്ചിട്ടുണ്ട്. ഇപ്പോഴും സംഭവിച്ചു കൊണ്ടിരിക്കുന്നു. എല്ലാ കാലത്തും അങ്ങനെ ഉണ്ടായിട്ടില്ലേ എന്ന് നമുക്ക് എതിര്‍വാദമുന്നയിക്കാം. പക്ഷേ, വാദിച്ചു ജയിക്കേണ്ട സംവാദ വേദിയല്ല ജീവിതം. നമുക്ക് നമ്മെ അടയാളപ്പെടുത്താനാകണം. പ്രവാചകരുടെ തിരുവചനങ്ങളിലൊന്നില്‍ ഇങ്ങനെ കാണുന്നു. ‘നിങ്ങളുടെ സുഹൃത്തിന്‍റെ മുഖത്തു നോക്കി പുഞ്ചിരിക്കുന്നത് പുണ്യ പ്രവൃത്തിയാണ്’ മനസ്സ് നിര്‍മലമാകുമ്പോഴാണ് മുഖത്ത് പുഞ്ചിരി വിരിയുന്നത്. അങ്ങനെയെങ്കില്‍ മുത്തു നബി മാര്‍ക്കിട്ടത് പുഞ്ചിരിക്കല്ല, തെളിഞ്ഞ മനസ്സിനാണ്. അല്ലാഹു നിങ്ങളുടെ ഹൃദയത്തിലേക്കാണ് നോക്കുന്നതെന്ന തിരുവചനം ചേര്‍ത്തു വായിച്ചാല്‍ ആദ്യ വചനത്തിന്‍റെ പൊരുള്‍ തെളിയും.
ഹലോ, ഹായ്, ഡാ…. നമ്മുടെ സംബോധന രീതികള്‍ പലതാണ്. നാം വിഷ് ചെയ്യാനെടുത്തു പ്രയോഗിക്കുന്ന വാക്കുകള്‍ ഇവിടെ കുറിക്കുന്നില്ല. ഊഷ്മള സൗഹൃദത്തിന്‍റെ പ്രകട ഭാവമെന്നൊക്കെ നമുക്ക് ന്യായീകരിക്കാന്‍ കഴിയുമായിരിക്കും. പക്ഷേ, ആലോചിച്ചു നോക്കൂ.. നിങ്ങളുടെ പിതാവിന്‍റെ/മാതാവിന്‍റെ, സഹോദരന്‍റെ /സഹോദരിയുടെ മുഖത്ത് നോക്കി പുഞ്ചിരിച്ചിട്ടെത്ര നാളായി? ഉള്ളു തുറന്നൊന്ന് ചിരിച്ച് ഉമ്മയുടെ ഉള്ളം കുളിര്‍പ്പിച്ചിട്ടെത്ര കാലമായിരിക്കുന്നു? അപകടത്തില്‍ ചോരവാര്‍ന്നു കിടക്കുന്ന മനുഷ്യന്‍റെയടുത്ത് നിന്ന് സെല്‍ഫിയെടുക്കാന്‍ മത്സരിക്കുന്ന മനോഭാവം രോഗാതുരമായ കാലത്തെയാണ് വിളംബരപ്പെടുത്തുന്നത്. നമുക്കെവിടെയാണ് പിഴച്ചത്? എവിടെ നിന്നാണ് നാം തിരുത്താരംഭിക്കേണ്ടത്?.
നമ്മുടെ തലമുറയെ കുറിച്ച് മറ്റുള്ളവര്‍ എന്തു പറയുന്നു എന്നത് തല്‍ക്കാലം കേട്ടില്ലെന്നു വെക്കാം. എങ്കിലും നമ്മളെ കുറിച്ച് നമുക്ക് ചില വിചാരങ്ങള്‍ ആവശ്യമില്ലേ? നമുക്ക് ചെയ്യാന്‍ പലതുണ്ട്. നമ്മുടെ പ്രായക്കാരാണ് ജെ എന്‍ യുവില്‍ ഇന്ത്യന്‍ ജനാധിപത്യത്തിന് കാവലിരിക്കുന്നത്. നമ്മുടെ തലമുറയാണ് ഹൈദരാബാദ് സര്‍വ്വകലാശാലയില്‍ ഭരണകൂട, പോലീസ് അതിക്രമങ്ങളില്‍ ശരീരം നൊന്തും രോഹിത് വെമുലമാര്‍ക്ക് നീതി കിട്ടാന്‍ പൊരുതുന്നത്. നാളെ നമ്മുടേതാണെന്ന സ്വപ്നമല്ല, ഇന്ന് നമ്മുടേതാകണമെന്ന നിശ്ചയ ദാര്‍ഢ്യമാണ് ഡല്‍ഹിയിലും ഹൈദരാബാദിലും വിദ്യാര്‍ത്ഥികളെ നയിക്കുന്നത്. ഇതാണ് തീരുമാനിക്കാനുള്ള സമയം. പടച്ച തമ്പുരാന്‍ അനുഗ്രഹമായി കനിഞ്ഞു നല്‍കിയ ആയുസ്സും ആരോഗ്യവും ഇങ്ങനെ തുലച്ചു കളയണോ, അതോ ചങ്കുറപ്പോടെ തിരുത്തല്‍ ശക്തിയായി മുന്നോട്ട് ഗമിക്കണോ. ജീവിതത്തിലെ ടേണിംഗ് പോയിന്‍റില്‍ നിന്ന് സ്വന്തത്തോട് ചോദ്യങ്ങളുന്നയിക്കുക.
ന്യൂ ജനറേഷനെ പ്രതിനിധീകരിക്കുന്ന ഒരു വിദ്യാര്‍ത്ഥി പ്രസ്ഥാനമെന്ന നിലക്ക് എസ് എസ് എഫ് ഉത്തരവാദിത്തം നിറവേറ്റുക തന്നെ ചെയ്യും. തിന്‍മക്കെതിരെ ഞങ്ങളുടെ കണ്ണുകള്‍ തുറന്നിരിപ്പുണ്ട്. നാടിന്‍റെ കൗമാരത്തെ ചൂഷണം ചെയ്യുന്ന ദു:ശക്തികള്‍ക്കെതിരെ കത്തി ജ്വലിക്കുന്ന ഉള്‍ക്കണ്ണുമായി ഗ്രാമങ്ങളിലും നഗരങ്ങളിലും എസ് എസ് എഫുണ്ട്. നാല്‍പ്പത്തി മൂന്നാണ്ടിന്‍റെ കര്‍മഗാഥ പരിശോധിക്കുന്നവര്‍ക്കറിയാം, ധാര്‍മികത ഞങ്ങള്‍ക്ക് വ്യാജ വിലാസമല്ല, ആത്മാവില്‍ അരക്കിട്ടുറപ്പിച്ച മൂല്യ സംഹിതയാണ്. ആ മൂല്യ ബോധംതന്നെയാണ് നടപ്പു കാലത്തിന്‍റെ അധര്‍മങ്ങള്‍ക്കും ആസുരതകള്‍ക്കും തിരുത്തെഴുതാനുള്ള ഉറച്ച നിലപാടുകളുമായി മുന്നോട്ടു പോകാന്‍ എസ് എസ് എഫിന് ശക്തി പകരുന്നതും.