2021 SEP - OCT Hihgligts Shabdam Magazine ലേഖനം സ്മരണ

റമളാന്‍ ബൂത്വി; ആധുനിക ലോകത്തെ ഗസാലി

മുല്ലപ്പൂ വിപ്ലവം വിടര്‍ന്നു നില്‍ക്കുന്ന കാലം. ടുണീഷ്യയില്‍ നിന്ന് ആഞ്ഞു വീശിയ പ്രക്ഷോഭക്കൊടുങ്കാറ്റ് സിറിയയിലേക്കും കടന്നു. വ്യാജ കുറ്റാരോപണത്തിന്‍റെ പേരില്‍ അറസ്റ്റ് ചെയ്യപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി തെരുവിലിറങ്ങിയവര്‍ക്ക് നേരെ പോലീസ് തോക്കുയര്‍ത്തിയതോടെ സിറിയ കലങ്ങി മറിഞ്ഞു. ശീഈ വിശ്വാസക്കാരനായ ബശാര്‍ അല്‍ അസദിന്‍റെ ഭരണകൂടത്തെ അട്ടിമറിക്കാന്‍ കിട്ടിയ അവസരം മുതലാക്കാനൊരുങ്ങി ഭൂരിപക്ഷ സുന്നി വിഭാഗം കലാപക്കൊടിയുയര്‍ത്തി. കര്യങ്ങള്‍ ഇങ്ങനെ മുന്നോട്ട് പോവുമ്പോഴാണ് സിറിയയിലെ ഒരു പ്രമുഖ സുന്നി പണ്ഡിതന്‍ പലരെയും അമ്പരപ്പിച്ചു കൊണ്ട് തന്‍റെ നിലപാട് വ്യക്തമാക്കിയത്. ഭരണകൂടത്തിനെതിരായ സായുധ കലാപം വിദേശ ശക്തികള്‍ക്ക് കടന്നു വരാനുള്ള അവസരമാകുമെന്നും ജനാധിപത്യത്തെ അട്ടിമറിക്കുന്ന വിപ്ലവങ്ങള്‍ ഇസ്ലാമികമാവില്ലെന്നുമായിരുന്നു ആ പണ്ഡിതന്‍ പ്രസ്താവിച്ചത്. ഡോ സഈദ് റമളാന്‍ ബൂത്വിയായിരുന്നു അത്. ശീഈയായ ബശാറിന്‍റെ ഭരണകൂടത്തെ താഴെയിറക്കാന്‍ സുന്നി പണ്ഡിതനായ ബൂത്വിയുടെ സര്‍വ്വ പിന്തുണയുമുണ്ടാകുമെന്നായിരുന്നു സുന്നി പ്രക്ഷോഭകാരികള്‍ പ്രതീക്ഷിച്ചിരുന്നത്. അപ്രതീക്ഷിതമായ ഈ നിലപാടിനെതിരെ ധാരാളം എതിര്‍പ്പുകള്‍ വന്നു. അടുത്ത ആളുകള്‍ പോലും ബൂത്വിയെ തള്ളിപ്പറയുന്ന അവസ്ഥയുണ്ടായി. പക്ഷേ അദ്ദേഹം തന്‍റെ നിലപാടില്‍ തന്നെ ഉറച്ചു നിന്നു. ഇസ്ലാമിന്‍റെ ആദര്‍ശ വിരുദ്ധമായ വാദങ്ങള്‍ക്കെതിരെ നിലകൊണ്ടതിന്‍റെ പേരില്‍ ഭരണാധികാരികളില്‍ നിന്ന് ക്രൂരമായ മര്‍ദനങ്ങള്‍ ഏറ്റുവാങ്ങേണ്ടി വന്നപ്പോഴും സായുധ വിപ്ലവങ്ങള്‍ക്ക് ആഹ്വാനം ചെയ്യാതിരുന്ന പണ്ഡിത പാരമ്പര്യം മുറുകെ പിടിക്കുകയായിരുന്നു ആ സൂഫി സാത്വികന്‍. ബൂത്വിയോട് വിരുദ്ധമായ നിലപാടായിരുന്നു ഇഖ്വാനി പണ്ഡിതന്‍ യൂസുഫ് അല്‍ ഖദ്റാവി സ്വീകരിച്ചത്. പ്രക്ഷോഭകാരികള്‍ക്ക് പിന്തുണ പ്രഖ്യാപിക്കുകയും ബൂത്വിയുടെ നിലപാടിനെ നിശിതമായി ആക്ഷേപിക്കുകയും ചെയ്ത ഖദ്റാവി ഫിത്നയുടെ വാതില്‍ തുറക്കുകയാണെന്ന് ബൂത്വി മുന്നറിയിപ്പ് നല്‍കി. തന്‍റെ നിലപാടിന് ആ പണ്ഡിതന് ജീവന്‍ പകരം നല്‍കേണ്ടി വന്നു. 2013-ല്‍ ഡമസ്കസിലെ പള്ളിയില്‍ നടക്കുന്ന ഒരു പ്രഭാഷണത്തിനിടെ കലാപകാരികളുടെ ചാവേറാക്രമണത്തില്‍ അവിടുത്തെ ജീവന്‍ പൊലിഞ്ഞു. ബൂത്വിയായിരുന്നു ശരി എന്ന് പിന്നീട് കാലം തെളിയിച്ചു. ഇക്കാലത്തുണ്ടായ രാഷ്ട്രീയ അരക്ഷിതാവസ്ഥ മുതലെടുത്ത് സിറിയയില്‍ നുഴഞ്ഞുകയറിയ കട നീണ്ടകാലം സിറിയ കലാപ കലുഷിതമാക്കി. ലക്ഷക്കണക്കിന് ആളുകള്‍ മരിച്ചു. ഒരു കോടിയിലധികം ആളുകള്‍ക്ക് നാടു വിടേണ്ടി വന്നു.
ആധുനിക ഗസാലി എന്ന് ലോകം വിളിച്ചു അഹ്ലുസ്സുന്നയുടെ ശക്തനായ വക്താവായിരുന്ന ബൂത്വി തുര്‍ക്കിയിലെ ജലൈക്കയിലാണ് ജനിച്ചത്. 1929ല്‍. പിതാവ് മുല്ലാ റമളാന്‍ ബൂത്വി പണ്ഡിതനും സൂഫിവര്യനുമായിരുന്നു. നാലാം വയസ്സില്‍ കുടുംബ സമേതം ഡമസ്കസിലേക്ക് പലായനം ചെയ്തു. മുസ്ലികള്‍ക്കെതിരെ അത്താതുര്‍ക്ക് ക്രൂരമായ അക്രമണങ്ങളഴിച്ചു വിട്ട കാലത്തായിരുന്നു അത്. പിതാവിന്‍റെ സാന്നിധ്യവും വിജ്ഞാന കേന്ദ്രമായ ഡമസ്കസിലെ ജീവിതവും ബൂത്വിയെ ഏറെ സ്വാധീനിച്ചു. ചെറുപ്പം മുതലേ അറിവു സമ്പാദനത്തില്‍ മുഴുകി. പിതാവ് തന്നെയായിരുന്നു പ്രഥമ ഗുരു. ആറാം വയസ്സില്‍ ഖുര്‍ആന്‍ മന:പാഠമാക്കി. പതിനഞ്ചു വയസ്സിനു മുമ്പേ അല്‍ഫിയ്യ ഇബ്നു മാലിക് പൂര്‍ണമായും മന:പാഠമാക്കിയിരുന്നത്രെ. മകന്‍റെ കാര്യത്തില്‍ തന്‍റെ അവസാന കാലം വരെ മുല്ലാ റമളാന്‍ ശ്രദ്ധ ചെലുത്തി. ആദ്യമായി പള്ളിക്കൂടത്തിലേക്ക് കൈ പിടിച്ചു കൊണ്ടു പോകുമ്പോള്‍ പിതാവ് പറഞ്ഞുവത്രെ; അള്ളാഹുവിന്‍റെ പൂര്‍ണ തൃപ്തി ലഭിക്കുന്നത് മാലിന്യം വൃത്തിയാക്കുന്നതിലായിരുന്നെങ്കില്‍ ഞാന്‍ നിന്നെ തൂപ്പുകാരനാക്കുമായിരുന്നു. പക്ഷേ അത് വിജ്ഞാനത്തിലൂടെയല്ലാതെ ലിഭക്കുകയില്ലെന്നാണ് എന്‍റെ വിശ്വാസം.
രാജ്യത്ത് പട്ടാള സേവനം നിര്‍ബന്ധമാക്കിയ കാലത്ത് അത് ജ്ഞാന സമ്പാദനത്തിന് തടസമാവുമെന്ന് മനസ്സിലാക്കി ബൂത്വി അല്‍ അസ്ഹര്‍ സര്‍വകലാശാലയില്‍ പഠിക്കാനെത്തി. 1953 ലാണ് അല്‍ അസ്ഹറിലെ ശരീഅത്ത് ഫാക്കല്‍റ്റിയില്‍ ചേരുന്നത്. രണ്ട് വര്‍ഷം അവിടെ പഠിച്ചു. 1965 ല്‍ അല്‍ അസ്ഹറില്‍ നിന്ന് ഉസ്വൂലുശ്ശരീഅയില്‍ ഡോക്ടറേറ്റ് നേടി.
1955 ല്‍ ഗവണ്‍മെന്‍റ് സ്കൂള്‍ അധ്യാപകനായി ഔദ്യോഗിക അധ്യാപന ജീവിതം ആരംഭിച്ചു. പിന്നീട് ഡമസ്കസ് സര്‍വ്വകലാശാലയിലെ ശരീഅത്ത് ഫാക്കല്‍റ്റിയില്‍ വിസിറ്റിംഗ് പ്രൊഫസറായും സേവനമനുഷ്ഠിച്ചു. 1977ല്‍ സര്‍വ്വകലാശാലയിലെ അഖീദ ഡിപ്പാര്‍ട്ട്മെന്‍റ് തലവനായി നിയമിക്കപ്പെടുകയും മരണം വരെ തല്‍സ്ഥാനത്ത് തുടരുകയും ചെയ്തു.
അന്താരാഷ്ട്ര തലത്തില്‍ സെമിനാറുകള്‍ കൊണ്ടും പ്രഭാഷണങ്ങള്‍ കൊണ്ടും ശ്രദ്ധേയനായിരുന്നു ബൂത്വി. ഇസ്ലാമും തീവ്രവാദവും, സലഫിസത്തിന്‍റെ ഭീകരത, മദ്ഹബ് നിഷേധത്തിലെ അപകടം തുടങ്ങിയ വിഷയങ്ങളില്‍ ശ്രദ്ധേയമായ സംവാദങ്ങള്‍ അദ്ദേഹം നടത്തി. 1991ല്‍ ന്യൂനപക്ഷാവകാശങ്ങള്‍ എന്ന വിഷയത്തില്‍ യൂറോപ്പ് പാര്‍ലമെന്‍റ് സ്ട്രാസ് ബെര്‍ഗില്‍ വെച്ച് നടത്തിയ പ്രഭാഷണം പ്രശസ്തമാണ്.
തഫ്സീര്‍, ഹദീസ്, തസവ്വുഫ്, കര്‍മശാസ്ത്രം, വിശ്വാസ ശാസ്ത്രം, തത്വചിന്ത, സാഹിത്യം തുടങ്ങിയ വിവിധ വിജ്ഞാന മേഖലയില്‍ അദ്ദേഹം വ്യക്തി മുദ്ര പതിപ്പിച്ചു. മഅല്‍ ബൂത്വി ഫീ ഖളായസ്സാഅ:, അല്‍ ജദീദ് മിന്‍ ഇഅ്ജാസില്‍ ഖുര്‍ആന്‍ പോലോത്ത അദ്ദേഹത്തിന്‍റെ ചാനല്‍ പരിപാടികള്‍ മാത്രം കണ്ടാല്‍ തന്നെ അവിടുത്തെ അറിവിന്‍റെ ആഴം ബോധ്യപ്പെടും. സമകാലിക ഗസാലിയെന്ന വിശേഷണത്തിന് എന്തുകൊണ്ടും അര്‍ഹനായിരുന്നു ബൂത്വി. അദ്ദേഹത്തിന്‍റെ നിലപാടുക്കു നേരെ പലരും വിമര്‍ശനങ്ങളുയര്‍ത്തിയെങ്കിലും ബൂത്വിയായിരുന്നു ശരി എന്ന് പിന്നീട് സമ്മതിക്കേണ്ടി വന്നു. അദ്ദേഹം കൊളുത്തി വെച്ച ജ്ഞാനത്തിന്‍റെ കിരണങ്ങള്‍ ലോകത്തെ കാലങ്ങളേറെ അതിജയിച്ചു മുന്നേറ്റം തീര്‍ത്തു.

മുസ്ലിഹ് വടക്കുംമുറി

Leave a Reply

Your email address will not be published. Required fields are marked *