മുത്ത് നബിയുടെ സ്നേഹം വിശാലമാണ്. അറബിയും അനറബിയും കറുത്തവനും വെളുത്തവനും ഉന്നത കുലജാതനും താഴ്ന്നവനുമെല്ലാം ആ സ്നേഹവ്യത്തത്തിലുണ്ട്. മനഷ്യന് പുറമെ പക്ഷി മ്യഗാദിികളും സസ്യലതാദികളുമെല്ലാം അവിടുത്തെ സ്നേഹത്തിന്‍റെയും കരുണയുടേയും ആഴവും പരപ്പും ഉള്‍കൊണ്ടവരാണ്. ആ സ്നേഹത്തെ ഉള്ളറിഞ്ഞ് മനസ്സിലാക്കുമ്പോഴാണ് ഓരോ വിശ്വാസിയുടേയും ഹ്യത്തടം തുടിക്കുന്നത്. ആ കാരുണ്യത്തെ തുറന്ന ഹ്യദയത്തോടെ സ്വീകരിക്കുമ്പോഴാണ് ഇതര മതസ്ഥര്‍ക്ക് പോലും മുത്ത് നബി സ്നഹക്കടലാകുന്നത്. സത്യത്തോടു കണ്ണടച്ചിരിക്കുന്നവരും ആ മഹത് ചരിത്രത്തെ തിരസ്കരിക്കുന്നവരുമാണ് തിരുഹബീബിനെ ഇകഴ്ത്തിക്കാണിക്കാന്‍ കിണഞ്ഞ് പരിശ്രമിക്കുന്നത്. പാരാവാരം കണക്കെ വിശാലമായ ആ സ്നേഹപ്രപഞ്ചത്തിന് മുമ്പില്‍ പത്തിമടക്കാത്തവര്‍ ആരാണുള്ളത്. സൈദുനില്‍ ഖൈറിന്‍റെയും, തമാമബ്നു അദാലിന്‍റെയും ഇസ്ലാം ആശ്ശേഷണ കഥകള്‍ വായിച്ചു ഊറ്റം കൊള്ളാനുള്ളതല്ല. മറിച്ച് മുത്ത്നബിയുടെ സ്നേഹ പരിസരത്തെ തിരിച്ചറിയാനുള്ളതാണ്.
സ്നേഹം നശിച്ച ലോകത്താണ് നാം ജീവിച്ചു കൊണ്ടിരിക്കുന്നത്. എന്തും വിലകൊടുത്ത് വാങ്ങാവുന്ന ഇന്ന് സ്നേഹം ഒരിക്കലും വാണിജ്യവല്‍ക്കരിക്കപ്പെട്ടിട്ടില്ലെന്നതാണ് സത്യം. കാരണം വേലി കെട്ടി തടഞ്ഞ് നിര്‍ത്താനോ പാതയൊരുക്കി വഴി തിരിക്കാനോ കഴിയുന്നതല്ല സ്നേഹം. മറിച്ച് ഹ്യദയാന്തരങ്ങളില്‍ നിന്ന് ബാഹ്യനിയന്ത്രണങ്ങള്‍ക്കതീതമായി നിര്‍ഗളിക്കേണ്ടുന്ന ഒന്നാണത്. ആറ്റല്‍ നബിയാണ് നമുക്ക് സ്നേഹമെന്തെന്ന് നിര്‍വ്വചിച്ചു തന്നിട്ടുള്ളത്. സഹജീവികളെ സ്നേഹിച്ചും അവര്‍ക്ക് കാരുണ്യം ചെയ്തും അവിടുന്ന് സ്നേഹ വ്യക്ഷമായി പടര്‍ന്ന് പന്തലിക്കുകയായിരുന്നു. പുതുകാല ജീവിതം സന്തോഷകരമാക്കാന്‍ മുത്ത്നബിയില്‍ നിന്നും നമുക്ക് സ്നേഹം പകര്‍ത്താം.
പുണ്യ ഹബീബിന്‍റെ സ്നേഹവലയത്തില്‍ ഉള്‍കൊള്ളാത്തവര്‍ ആരാണുള്ളത്. അടിമകള്‍ക്കഭയമായിരുന്നു മുത്ത്നബി. പ്രമാണികള്‍ക്കുമുമ്പില്‍ ബിലാലിനെ നേതാവാക്കി വാഴിച്ച തിരുഹബീബ്. ഇബാദത്തുകളില്‍ അവര്‍ തോളോടു തോള്‍ ചേര്‍ന്നു നിന്നു. യുദ്ധവേളയില്‍ ഒരേ നിരയില്‍ മുത്ത് നബിക്ക് പിന്നില്‍ അവര്‍ അണികെട്ടി. വര്‍ണ്ണ വൈജാത്യങ്ങളോ കുല പെരുമയോ അവിടുത്തെ സ്നേഹത്തെ തരം തിരിച്ചിരുന്നില്ല. പ്രിയ ഹബീബിന്‍റെ അനുചരരില്‍ മക്കയിലെ പേരുകേട്ട സമ്പന്നര്‍ മുതല്‍ ഒരു നേരത്തെ അന്നത്തിന് പോലും വകയില്ലാത്ത നിരാലംബര്‍ വരെ ഉണ്ടായിരുന്നു. സമ്പത്തൊരിക്കലും മുത്തുനബിയെ മോഹിപ്പിച്ചില്ല. ദരിദ്രരെ അവിടുന്ന് ആട്ടിയോടിച്ചതുമില്ല. എല്ലാവര്‍ക്കും തുല്യ പരിഗണന നല്‍കി. സമ്പന്നര്‍പ്പോലും നിരാലംബര്‍ക്കൊപ്പമിരിക്കാന്‍ ദരിദ്രരായി മാറുകയായിരുന്നു. ഈ അപരിഷ്കൃതരെ മാറ്റി നിര്‍ത്തിയാല്‍ ഞങ്ങള്‍ ഉപദേശം കേള്‍ക്കാനെത്താമെന്ന ഖുറൈഷി പ്രമാണിമാരുടെ വാക്കുകള്‍ തിരുറസൂലിനെ തെല്ലും പരിഭവപ്പെടുത്തിയില്ല. പകരം പ്രിയ അനുചരരെ മുത്തു നബി മാറോടാണക്കുകയായിരുന്നു. മക്കാ വിജയ വേളയില്‍ അവിടുന്ന് നടത്തിയ മനുഷ്യവകാശ പ്രഖ്യാപനം ലോക പ്രസിദ്ധമാണ്. അറബികള്‍ അനറബികളെക്കാള്‍ ശ്രേഷ്ഠരല്ല. മനുഷ്യരെല്ലാം ആദമിന്‍റെ മക്കളാണ്. ആദമോ മണ്ണില്‍ നിന്ന് സൃഷ്ടിക്കപ്പെട്ടവനും അവിടുത്തെ ഉറ്റവരായിരുന്ന മദീനയിലെ തിണ്ണവാസികളെ കുറിച്ച് അബൂ ഹുറൈറ (റ) പറഞ്ഞു തുടങ്ങുമ്പോള്‍ നമ്മുടെ കണ്ണുകള്‍ ഈറനണിയാതിരിക്കില്ല. “ഞാന്‍ അഹ്ലുസ്വുഫ്ഫത്തിലെ എഴുപത് പേരെ കണ്ടു. ഒരു ഉടുതുണിയല്ലാതെ മറ്റൊരു വസ്ത്രം ധരിച്ചവരാരും അക്കൂട്ടത്തിലുണ്ടായിരുന്നില്ല. ആ തുണി അവര്‍ കഴുത്തിലേക്ക് കയറ്റി കെട്ടും. ചിലരുടെ തുണി കണങ്കലിന്‍റെ മധ്യത്തില്‍ വരെ എത്തും മറ്റു ചിലരുടേത് ഞെരിയാണികളോളവും, നാണം വെളിപ്പെടാതിരിക്കാന്‍ നടക്കുമ്പോള്‍ അവരോരുത്തരും ഈ ഒറ്റ വസത്രം കൈകൊണ്ട് കൂട്ടി പിടിക്കുമായിരുന്നു”(സ്വഹീഹുല്‍ ബുഖാരി). എല്ലാവര്‍ക്കും തുല്ല്യ പരിഗണന നല്‍കി നാഥന്‍റെ പ്രഖ്യാപനം അവര്‍ക്ക് ബോധ്യപ്പെടുത്തുകയായിരുന്നു മുത്തു നബി. നിങ്ങളെ വര്‍ഗങ്ങളും ഗോത്രങ്ങളുമാക്കിയത് കേവലം തിരിച്ചറിയാന്‍ വേണ്ടി മാത്രമാണന്നും ഭയഭക്തിയുള്ളവര്‍ക്കാണ് അല്ലാഹുവിങ്കല്‍ സ്ഥാനമെന്നും റസൂല്‍ അവരെ പഠിപ്പിച്ചു.
ജീവജാലങ്ങളോടുള്ള സമീപനം
റഹ്മത്തുല്‍ലില്‍ ആലമീന്‍ ആണ് പ്രവാചക ശ്രേഷ്ഠര്‍. ജീവജാലങ്ങളോട് കരുണ കാണിച്ചും സ്വഹാബത്തിനെ അതിനു പ്രേരിപ്പിച്ചും തിരുനബി മികച്ച മാതൃക സൃഷ്ടിച്ചു. ‘ഭൂമിയിലുള്ള മൃഗങ്ങളും ചിറകുവിടര്‍ത്തിപ്പറക്കുന്ന പക്ഷികളും നിങ്ങളെപ്പോലെയുള്ള സൃഷ്ടികളാണ്. അവ നാഥനിലേക്ക് മടങ്ങിപ്പോകുന്നവയാണ്’ എന്ന ഖുര്‍ആനിക അധ്യാപനം ലോകജനതയെ ഉണര്‍ത്താന്‍ പ്രവാചകപുംഗവര്‍ മറന്നില്ല. പക്ഷി മൃഗങ്ങളുടെ കാര്യത്തില്‍ നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കണമെന്നും അവയെ വേദനിപ്പിക്കരുതെന്നും മുത്തുനബി അനുചരരെ ഓര്‍മ്മിപ്പിച്ചു. ഒരിക്കല്‍ ഒരു അന്‍സ്വാരിയുടെ തോട്ടത്തില്‍ പ്രവേശിച്ചപ്പോള്‍ തന്നോട് പരിഭവം പറഞ്ഞ ഒട്ടകത്തെ സാന്ത്വനിപ്പിച്ച്, ഉടമയായ അന്‍സ്വാരിയെ വിളിച്ച് നബിതങ്ങള്‍ നല്‍കിയ ഉപദേശം ആരെയും ചിന്തിപ്പിക്കുന്നതാണ്. ‘അല്ലാഹുവാണ് നിനക്കീ ജീവിയെ ഉടമപ്പെടുത്തിത്തന്നത്. നിനക്കല്ലാഹുവിനെ പേടിയില്ലേ ? അന്നം കൊടുക്കാതെ പട്ടിണിക്കിട്ടതും, അധികഭാരം കയറ്റി പണിയെടുപ്പിച്ചതും, കഠിനാധ്വാനം ചെയ്യിച്ച് ക്ഷീണിപ്പച്ചതുമെല്ലാം അതെന്നോട് പറഞ്ഞല്ലോ… ഇനിയെങ്കിലും ഓര്‍മ്മയുണ്ടായിരിക്കണം. ആരോഗ്യമുള്ള സമയത്ത് മാത്രമേ അതിനെ സവാരിക്കുപയോഗിക്കാവൂ’. മൃഗങ്ങളുടെ പുറത്ത് വെറും വിനോദത്തിനായി കയറിയിരുന്ന് കുസൃതി പറഞ്ഞിരുന്ന സംഘത്തോട് തിരുനബി പരിഭവപ്പെട്ടത് കാണാം. ‘വളര്‍ത്തുജീവികളുടെ പുറങ്ങള്‍ നിങ്ങള്‍ മിമ്പറുകളാക്കരുത്. അല്ലാഹു അവയെ നിങ്ങള്‍ക്ക് കീഴ്പ്പെടുത്തിത്തന്നത് വളരെ കഷ്ടപ്പെട്ടു മാത്രം നിങ്ങള്‍ക്കെത്താന്‍ പറ്റാവുന്ന ദൂരങ്ങള്‍ എളുപ്പത്തില്‍ താണ്ടാന്‍ വേണ്ടിയാണ്.
ജീവിത ക്ലേശം ബോധിപ്പിക്കാന്‍ തിരു നബിക്ക് മുന്നിലെത്തിയ സവാദുബ്നു റബീഅ് (റ) വിന് മുത്തു നബി ഒരു പറ്റം ഒട്ടകങ്ങളെ നല്‍കി നടത്തിയ ഉപദേശം, ഒട്ടകത്തെ പോറ്റി പാല്‍ കറന്നെടുത്തു വിറ്റ് കുടുബം പോറ്റണമെന്നല്ല. മറിച്ച്, അവയോട് കാരുണ്യം കാണിക്കണമെന്നായിരുന്നു. വീട്ടിലെത്തിയാല്‍ ഒട്ടക കുട്ടികളെ നല്ല ആഹാരം നല്‍കി നന്നായി നോക്കാന്‍ വീട്ടുകാരോട് പറയുക. ഒട്ടകത്തിന്‍റെ പാല്‍ അതിന്‍റെ കുട്ടികള്‍ക്കു കൂടി ആവകാശപ്പെട്ടതാണ്. ഒട്ടകങ്ങളെ കറക്കുന്നതിനു മുമ്പ് അവരോട് നഖം മുറിക്കാന്‍ പ്രത്യേകം ഓര്‍മിപ്പിക്കണം, നഖമുള്ളവര്‍ കറന്നാല്‍ അകിട് വേദനിക്കാന്‍ സാധ്യതയുണ്ട്. ചിലപ്പോള്‍ മുറിഞ്ഞെന്നു വരും. ഇത്ര കണ്ട് ജീവജാലങ്ങളോട് കാരുണ്യം ചെയ്ത ആരാണ് ലോക ചരിത്രത്തിലുള്ളത്? പക്ഷിക്കുഞ്ഞുങ്ങളെ കൂട്ടിലടച്ച വ്യക്തിയോട് അതിനെ തുറന്ന് വിടണമെന്നും തള്ള പക്ഷിയുടെ മനോവേദന മനസ്സിലാക്കണമെന്നും ഓര്‍മിപ്പിച്ച മുത്ത് നബി പകരുന്ന മാതൃക ഉദാത്തമാണ്. ചെറു പ്രാണികളെ തീയിലിട്ടു കരിക്കുന്നതില്‍ ദേഷ്യപ്പെട്ട ആരംബ റസൂല്‍ ചെറു പക്ഷികളെ ജനങ്ങള്‍ കൊല്ലുന്നത് കാണുമ്പോള്‍ എന്‍റെ മനസ്സ് വ്രണപ്പെടുന്നുവെന്ന് ഉറ്റ തോഴന്‍ സിദ്ദീഖുല്‍ അഖ്ബറിനോട് പരാതിപ്പെടുക പോലും ചെയ്തു.
പ്രിയ റസൂല്‍ അനുചരര്‍ക്ക് പറഞ്ഞു കൊടുത്ത കഥകളില്‍ ഒത്തിരി കാരുണ്യ പാഠങ്ങളുണ്ട്. പൂച്ചയെ കെട്ടിയിട്ട് അതിന് ഭക്ഷണം നിഷേധിച്ച കാരണത്താല്‍ നരകത്തില്‍ കടന്ന സ്ത്രീയിലൂടെയും ദാഹിച്ചവശനായ നായക്ക് വെള്ളം നല്‍കി സ്വര്‍ഗം നേടിയ വ്യക്തിയിലൂടെയുമെല്ലാം മുത്തു നബി ഓര്‍മപ്പെടുത്തിയത് ജീവജാലങ്ങളോട് കാരുണ്യം ചെയ്യുന്നതിന്‍റെ പ്രാധാന്യമാണ്.
ഇസ്ലാം ഏറെ തെറ്റിദ്ധരിക്കപ്പെടുന്ന പുതിയ സാഹചര്യത്തില്‍ ഗോമാതാക്കളുടെ പേര് പറഞ്ഞ് മുസ്ലിംകളെ ക്രൂശിക്കുന്നവര്‍ ഇസ്ലാമിന്‍റെ ജീവജാലങ്ങളോടുള്ള മൃദു സമീപനം മനസ്സിലാക്കേണ്ടതുണ്ട്. ദാദ്രിയിലും കാശ്മീരിലും മുസ്ലിംകളെ നിഷ്ടൂരം കൊല ചെയ്ത് ഇന്ത്യയില്‍ മുസ്ലിം ജീവിതം ദുസ്സഹമാക്കിതീര്‍ത്തവര്‍ മൃഗങ്ങളെ അറുക്കുന്നിടത്ത് വരെ മതം നിഷ്കര്‍ഷിക്കുന്ന കാര്യങ്ങള്‍ ഒന്ന് അന്വേഷിക്കണമായിരുന്നു. മൃഗങ്ങളെ വേദനിപ്പിച്ച് ഇഞ്ചിഞ്ചായി കൊല ചെയ്യരുതെന്നും അറുക്കുമ്പോള്‍ തന്നെ നല്ല മൂര്‍ച്ചയുള്ള ആയുധമാണ് ഉപയോഗിക്കേണ്ടതെന്നും മതം കല്‍പ്പിക്കുന്നുണ്ട്. പടിഞ്ഞാറന്‍ രാഷ്ട്രങ്ങളില്‍ ഇസ്ലാമിന്‍റെ മുഖം കെടുത്താന്‍ ‘ഡോഗ് പാറ്റിംഗ്’ നടത്തിയവര്‍ സ്വയം അപമാനിതരാവുകയാണ് ചെയ്തത്. ഇസ്ലാം നായ പന്നി തുടങ്ങിയ മൃഗങ്ങളില്‍ നിന്ന് തെല്ല് അകലം പാലിക്കാന്‍ നിര്‍ദ്ദേശിച്ചതിനു പിന്നിലെ രഹസ്യം കണ്ടെത്തി കഴിഞ്ഞു. മനുഷ്യ ശരീരത്തിന് ദോഷകരമായി ബാധിക്കുന്നവ ഈ ജീവികളുടെ ശരീരത്തിലുണ്ടെന്നതാണ് മത കല്‍പ്പനക്ക് പിന്നിലെ വസ്തുത. ഇവിടെയും നിരാശ്രിതനായ നായക്ക് പരിചരണം നല്‍കി മുത്തുനബിയുടെ ദര്‍ശനങ്ങളെ പ്രോജ്ജ്വലിപ്പിച്ച ഇമാം അബൂ ഹനീഫ (റ) വിനെ നമുക്ക് വിസ്മരിക്കാനാവില്ല.
തിരുനബി അവിടുത്തെ നിസ്തുല്യ ജീവിതം കൊണ്ട് നമുക്ക് പകര്‍ന്ന സന്ദേശം മഹത്തരമാണ്. ആ സ്നേഹ പ്രപഞ്ചത്തെ മാതൃകയാക്കി നമുക്കും സ്നേഹിച്ച് തുടങ്ങാം. ഭൂമിയിലുള്ളവരോട് കരുണ ചെയ്താല്‍ ആകാശത്തുള്ളവന്‍ നിങ്ങളോട് കരുണ ചെയ്യുമെന്ന നാഥന്‍റെ വാക്കുകള്‍ നമുക്ക് ഊരജ്ജം പകരട്ടെ.