അനുസ്മരണം ഇസ്ലാം നബി

തിരുനബിജീവിതം; മൂല്യങ്ങളുടെ വിളംബരം

സിനാൻ കുണ്ടുവഴി

 

നമ്മുടെ ജീവിതത്തിൽ നമുക്ക് എണ്ണമറ്റ റോൾ മോഡലുകളുണ്ട്. മാതാപിതാക്കൾ, അധ്യാപകർ, നേതാക്കൾ, നല്ല സുഹൃത്തുക്കൾ തുടങ്ങി പലരെയും നാം മാതൃകയാക്കാറുണ്ട്. കാരണം ഒരു കാര്യം കേട്ട് മനസ്സിലാക്കുന്നതിനെക്കാൾ അത് ജീവിതത്തിൽ പ്രാവർത്തികമാക്കി കാണിച്ച ഒരാളെ കണ്ടുപഠിച്ച് പകർത്തുന്നതാണ് എളുപ്പം. നല്ല മനുഷ്യനായി ജീവിക്കണം എന്ന് പറയാൻ എളുപ്പമാണ്. എന്നാൽ എങ്ങനെയാണ് നല്ല മനുഷ്യനായി ജീവിക്കേണ്ടത് എന്ന് കാണിച്ചുതരുന്ന ഒരു മാതൃക നമുക്ക് ആവശ്യമുണ്ട്. ഒരു മുഅ്മിനിനെ സംബന്ധിച്ച് ആ മാതൃക ആരാണ് എന്ന ചോദ്യത്തിന് ഖുർആൻ തന്നെ വ്യക്തമായ ഉത്തരം നൽകുന്നുണ്ട്. “തീർച്ചയായും അല്ലാഹുവിന്റെ ദൂതനിൽ നിങ്ങൾക്ക് ഉത്തമമായ മാതൃകയുണ്ട്” (ഖുർആൻ 33:21) എന്ന ഖുർആനികാദ്ധ്യാപനം “പ്രവാചകൻ ﷺ ഒരു ചരിത്രപുരുഷൻ മാത്രമല്ല. അവിടുത്തെ ജീവിതം ഒരു വിശ്വാസിക്ക് മാതൃകയാണ്” എന്ന് പറഞ്ഞുവെക്കുന്നുണ്ട്. അവിടുത്തെ ജീവിതം മുഴുക്കെ വിശ്വാസം എങ്ങനെയായിരിക്കണം, കുടുംബത്തോട് എങ്ങനെ പെരുമാറണം, മറ്റുള്ളവരോട് എങ്ങനെ സംസാരിക്കണം, ബുദ്ധിമുട്ടുകളെ ഏതുവിധം നേരിടണം, അധികാരം ലഭിക്കുമ്പോൾ ഏത് നിലയിൽ പെരുമാറണം തുടങ്ങിയ കാര്യങ്ങൾ നമുക്ക് കാണാൻ കഴിയും. പ്രവാചകൻ ﷺയുടെ ഏറ്റവും വലിയ ആകർഷണീയതകളിൽ ഒന്നായിരുന്നു അവിടുത്തെ സ്വഭാവം. അല്ലാഹു പറയുന്നത് നോക്കൂ: وَإِنَّكَ لَعَلَىٰ خُلُقٍ عَظِيمٖ “തീർച്ചയായും നബിയേ അവിടുന്ന് മഹത്തായ സ്വഭാവത്തിന്മേലാണ്.” (ഖുർആൻ 68:4) പ്രവാചകന്റെ ﷺ സ്വഭാവത്തെക്കുറിച്ച് ആഇശ (റ)യോട് ചോദിച്ചപ്പോൾ പറഞ്ഞത്, “മുത്തുനബിയുടെ സ്വഭാവം ഖുർആൻ ആയിരുന്നു” എന്നാണ് (സ്വഹീഹ് മുസ്‌ലിം, 746). ഖുർആൻ പഠിപ്പിച്ച കാര്യങ്ങൾ അപ്പടി മുത്തുനബിയുടെ ജീവിതത്തിൽ കാണാമായിരുന്നു എന്നതാണ് ഇതിന്റെ ഉദ്ദേശം. ഖുർആൻ സത്യസന്ധത പഠിപ്പിച്ചപ്പോൾ അവിടുന്ന് സത്യസന്ധനായി ജീവിച്ചു. ഖുർആൻ കരുണയെ പ്രോൽസാഹിപ്പിച്ചപ്പോൾ അവിടുന്ന് കരുണയുള്ളവനായി ജീവിച്ചു. ഖുർആൻ ക്ഷമയെ ഉയർത്തിപ്പിടിച്ചപ്പോൾ അവിടുന്ന് ക്ഷമയുടെ മാതൃകയായി. നമ്മൾ പലപ്പോഴും നല്ല സ്വഭാവത്തെക്കുറിച്ച് സംസാരിക്കാറുണ്ട്. സത്യം പറയണം, ക്ഷമിക്കണം, മറ്റുള്ളവരോട് നല്ല രീതിയിൽ പെരുമാറണം എന്നൊക്കെ വായ്താളമിടാറുണ്ട്. എന്നാൽ, യഥാർത്ഥ സ്വഭാവം പുറത്തു വരുന്നത് നമുക്ക് ഇഷ്ടമില്ലാത്ത ഒരാളോട് ഇടപെടുമ്പോഴാണ്. നമ്മെ വേദനിപ്പിച്ച ഒരാളോട് എങ്ങനെ പെരുമാറുന്നു എന്നതാണ് നമ്മുടെ സ്വഭാവത്തിന്റെ യഥാർത്ഥ അളവുകോൽ. ഈ കാര്യത്തിൽ പ്രവാചകൻ ﷺ നമുക്ക് സമ്പൂർണ മാതൃകയാണ്. അനസ് (റ) പ്രവാചകൻ ﷺയുടെ കൂടെ പത്ത് വർഷം സേവനം ചെയ്ത വ്യക്തിയാണ്. അദ്ദേഹം പറയുന്നതായി കാണാം: “പത്ത് വർഷം ഞാൻ തിരുദൂതരെ സേവിച്ചു. അവിടുന്ന് എന്നോട് ഒരിക്കലും ‘നോ’ എന്ന് പറഞ്ഞിട്ടില്ല. ഞാൻ ചെയ്ത ഒരു കാര്യത്തെക്കുറിച്ച് ‘നീ എന്തുകൊണ്ട് ചെയ്തു?’ എന്നോ ചെയ്യാത്ത ഒരു കാര്യത്തെക്കുറിച്ച് ‘നീ എന്തുകൊണ്ട് ചെയ്തില്ല?’ എന്നോ അവിടുന്ന് പറഞ്ഞിട്ടില്ല” (സ്വഹീഹുൽ ബുഖാരി, 6038; സ്വഹീഹ് മുസ്‌ലിം, 2310). ഒന്ന് ചിന്തിച്ചുനോക്കൂ,  പത്ത് വർഷം ഒരാളോടൊപ്പം കഴിയുമ്പോൾ സ്വാഭാവികമായും ചെറിയ തെറ്റുകൾ ഉണ്ടാകാതിരിക്കില്ല. എന്നാൽ മുത്ത്നബി തിരുത്തുമ്പോഴും അപമാനിക്കുന്ന രീതിയിൽ പെരുമാറിയിരുന്നില്ല.  കുട്ടികളോട് അവിടുന്ന് സ്നേഹത്തോടെ പെരുമാറി. ദരിദ്രരെ പരിഗണിച്ചു. അനാഥരെയും ദുർബലരെയും സംരക്ഷിക്കാൻ പഠിപ്പിച്ചു. തെറ്റ് ചെയ്യുന്നവരെ തിരുത്തുമ്പോഴും അവരെ തകർക്കുന്ന രീതിയിലായിരുന്നില്ല അവിടുത്തെ സമീപനം. നവ ലോകത്ത് ഏറ്റവും ആവശ്യമുള്ള ഗുണങ്ങളിൽ ഒന്നാണ് കരുണ. അപരന്റെ വേദന മനസ്സിലാക്കാൻ സാധിക്കുക എന്നത് വലിയൊരു സ്വഭാവ ഗുണമാണ്. ഒരാൾക്ക് സാമ്പത്തികമായി സഹായിക്കാൻ കഴിയാത്തപ്പോഴും അവരോട് ഒരു നല്ല വാക്ക് പറയാൻ നമുക്ക് കഴിയും. ഒരാളുടെ വിഷമം കേൾക്കാൻ നമുക്ക് സാധിക്കും. ഇവകൾ പ്രവാചകൻ ﷺ പഠിപ്പിച്ച കരുണയുടെ പാഠങ്ങളാണ്.  മക്കയിൽ മുത്ത് നബിയും സ്വഹാബത്തും വലിയ പരീക്ഷണങ്ങൾ നേരിട്ടു, പരിഹസിക്കപ്പെട്ടു, നിരന്തരം അപമാനിതരായി, പീഡിപ്പിക്കപ്പെട്ടു. ഒടുവിൽ ഊരും വീടും വിട്ട് മക്കയിൽ നിന്ന് മദീനയിലേക്ക് ഹിജ്റ ചെയ്യേണ്ടിവന്നു. വർഷങ്ങൾക്കുശേഷം പ്രവാചകൻ ﷺ മക്കയിലേക്ക് വിജയിയായി തിരിച്ചെത്തിയ വേള. ഒരിക്കൽ നബിയെ ഉപദ്രവിച്ച പലരും അന്ന് അവിടുത്തെ മുന്നിലുണ്ടായിരുന്നു. പ്രതികാരം ചെയ്യാനുള്ള അവസരം നബിക്കുണ്ടായിരുന്നു. എന്നാൽ അവിടുത്തെ സമീപനം പ്രതികാരത്തിന്റേതായിരുന്നില്ല. ക്ഷമയും കരുണയും നിറഞ്ഞ മൃതുസമീപനമായിരുന്നു അത്.

അതുകൊണ്ടാണ് മുഹമ്മദ് നബി നമുക്ക് മാതൃകയാകുന്നത്. നബി (സ്വ) ഇബാദത്ത് മാത്രമല്ല പഠിപ്പിച്ചത്. ജീവിതം മുഴുവൻ പഠിപ്പിച്ചു. എങ്ങനെ അല്ലാഹുവിനെ ആരാധിക്കണം എന്ന് പഠിപ്പിച്ചു. അതോടൊപ്പം മനുഷ്യരോട് എങ്ങനെ പെരുമാറണം എന്നും കാണിച്ചു തന്നു. എങ്ങനെ സത്യം പറയണം എന്നും എങ്ങനെ ക്ഷമിക്കണം എന്നും പരിശീലിപ്പിച്ചു. കുടുംബത്തെ എങ്ങനെ സ്നേഹിക്കണം എന്നും അയൽക്കാരോട് എങ്ങനെ നല്ല രീതിയിൽ പെരുമാറണം എന്നതിന്റെയും മഹത്തായ മാതൃക മുന്നോട്ട് വെച്ചു. റബീഉൽ അവ്വൽ വരുമ്പോൾ നാം പ്രവാചകൻ ﷺയെ കൂടുതൽ ഓർക്കുന്നു. നബിയെക്കുറിച്ച് നിരന്തരം സംസാരിക്കുന്നു. ആ ജീവിതം വായിക്കുന്നു. എന്നാൽ ഈ ഓർമ്മ നമ്മുടെ ജീവിതത്തിൽ ഒരു മാറ്റം സൃഷ്ടിക്കുന്നുണ്ടോ എന്നതാണ് പ്രധാനപ്പെട്ട ചോദ്യം. മുത്ത് നബിയെ സ്നേഹിക്കുന്നു എന്ന് പറയുന്നത് വളരെ നല്ല കാര്യമാണ്. പക്ഷേ ആ സ്നേഹം നമ്മുടെ സ്വഭാവത്തിലും പെരുമാറ്റത്തിലും പ്രതിഫലിപ്പിക്കണം. ഈ റബീഉൽ അവ്വലിൽ നമുക്ക് ഒരു ചെറിയ തീരുമാനം എടുക്കാം. പ്രവാചകൻ ﷺയുടെ ജീവിതത്തിൽ നിന്ന് ഒരു ഗുണമെങ്കിലും നമ്മുടെ ജീവിതത്തിൽ കൊണ്ടുവരാൻ ശ്രമിക്കാം. സത്യസന്ധതയാകാം. ക്ഷമയാകാം. മാതാപിതാക്കളോടുള്ള നല്ല പെരുമാറ്റമാകാം. കുടുംബത്തോടുള്ള സ്നേഹമാകാം. കുട്ടികളോടുള്ള കരുണയാകാം. അയൽക്കാരോടുള്ള നല്ല പെരുമാറ്റമാകാം. കോപനിയന്ത്രണമാകാം. എന്തുമാകട്ടെ- ഒന്ന് ശ്രമിച്ച് നോക്കൂ.

മുഹമ്മദ് ﷺയെക്കുറിച്ച് അറിയുന്നത് മാത്രം പോരാ, അവിടുത്തെ ജീവിതം നമ്മിൽ മാറ്റമുണ്ടാക്കുന്നതാക്കാൻ നാം പരിശ്രമിക്കണം. അവിടുത്തെ സുന്നത്ത് നമ്മുടെ സ്വഭാവത്തിൽ പ്രകടമാകണം. നമ്മുടെ കുടുംബത്തിലും നമ്മുടെ ഇടപാടുകളിലും കാണണം. നമ്മുടെ സമൂഹത്തോടുള്ള പെരുമാറ്റം അതാകണം.  നമുക്ക് ഒരു ചോദ്യം സ്വന്തത്തോട് ചോദിക്കാം: “ഞാൻ മുത്ത് നബിയെ എത്രമാത്രം സ്നേഹിക്കുന്നു?” അതിനോടൊപ്പം മറ്റൊന്നു കൂടി ചോദിക്കാം: “ആ സ്നേഹം എന്റെ ജീവിതത്തിൽ എത്രമാത്രം കാണാം?” കാരണം മുത്ത് നബി ഒരു ചരിത്രപുരുഷൻ മാത്രമല്ല. ഒരു മുസ്‌ലിമിന് എങ്ങനെ ജീവിക്കണം എന്ന് സ്വന്തം ജീവിതംകൊണ്ട് കാണിച്ചുതന്ന അല്ലാഹുവിന്റെ ദൂതനാണ്. ആ ജീവിതം വായിക്കുമ്പോൾ നമ്മുടെ ജീവിതവും നന്നാക്കാൻ കഴിയണം. തിരുനബിയെ സ്നേഹിക്കുമ്പോൾ അവിടുത്തെ സ്വഭാവവും സുന്നത്തും നമ്മുടെ ജീവിതത്തിൽ പ്രതിഫലിക്കണം. അതാണ് നബിജീവിതം പഠിക്കുന്നതിന്റെ യഥാർത്ഥ ലക്ഷ്യം.

Leave a Reply

Your email address will not be published. Required fields are marked *