സിനാൻ കുണ്ടുവഴി
കഅ്ബ പുതുക്കിപ്പണിയുന്ന കാലം. മക്കയിലെ ഖുറൈശികൾ കഅ്ബയുടെ നിർമ്മാണം പൂർത്തിയാക്കിക്കൊണ്ടിരിക്കുകയാണ്. മതിലുകൾ ഉയർന്നു. എന്നാൽ ഒരു പ്രശ്നം മാത്രം ബാക്കി. കഅ്ബയുടെ പ്രധാന ഭാഗമായ ഹജറുൽ അസ് വദ് അതിന്റെ സ്ഥാനത്ത് സ്ഥാപിക്കേണ്ട സമയമായിട്ടും ആരാണ് സ്ഥാപിക്കുക എന്നതിനെച്ചൊല്ലി ഖുറൈശി ഗോത്രങ്ങൾക്കിടയിൽ വലിയ തർക്കമുണ്ടായി. ഓരോ ഗോത്രവും ആ ബഹുമതി തങ്ങൾക്ക് വേണമെന്ന് ആശിച്ചു. തർക്കം മൂത്തു. ദിവസങ്ങൾ കഴിഞ്ഞിട്ടും പ്രശ്നത്തിന് പരിഹാരം ഉണ്ടായില്ല. സ്ഥിതി ഗതികൾ വല്ലാതെ വഷളായപ്പോൾ ഒരു തീരുമാനത്തിലെത്താൻ അവസാനം അവർ ഒരു നിർദ്ദേശം മുന്നോട്ടുവച്ചു. “നാളെ രാവിലെ ആദ്യം കഅ്ബയുടെ പരിസരത്തേക്ക് പ്രവേശിക്കുന്ന വ്യക്തി ആരാണോ, അദ്ധേഹത്തെ നമുക്ക് വിധികർത്താവാക്കാം. അടുത്ത ദിവസം അവരെല്ലാവരും കഅ്ബക്കരികിൽ ഒരുമിച്ചുകൂടി. ആരാണ് ആദ്യം വരുന്നത് എന്ന ആകാംക്ഷയിലായിരുന്നു സകലരും. അൽപസമയം കഴിഞ്ഞപ്പോൾ അതാ ഒരാൾ അവിടേക്ക് വരുന്നു. എല്ലാവരും ആരാണത് എന്ന് ഉറ്റുനോക്കി. “മുഹമ്മദാണല്ലോ അത്” അവർ പരസ്പരം പറഞ്ഞു. മുത്ത് നബിയെ കണ്ടപ്പോൾ അവിടെയുണ്ടായിരുന്ന എല്ലാവരുടെയും മുഖത്ത് സന്തോഷം തെളിഞ്ഞു. “ഇത് അൽ-അമീൻ ആണ്. ഞങ്ങൾ അദ്ദേഹത്തിന്റെ വിധി അംഗീകരിക്കുന്നു”. വിധി കർത്താവിന്റെ വിഷയത്തിൽ ആർക്കും എതിരഭിപ്രായങ്ങളൊന്നുമുണ്ടായിരുന്നില്ല. പ്രവാചകത്വം ലഭിക്കുന്നതിന് മുമ്പുള്ള കാലമായിരുന്നു അത്. എന്നിട്ടും മക്കക്കാർ മുത്തുനബിയെ “അൽ-അമീൻ” (വിശ്വസ്തൻ) എന്നായിരുന്നു വിളിച്ചിരുന്നത്. തിരുനബിയെ പ്രശ്നം ബോധിപ്പിച്ചു. ഒരു ഗോത്രത്തിന് മാത്രം ഹജറുൽ അസ് വദ് സ്ഥാപിക്കാനുള്ള ബഹുമതി നൽകിയാൽ മറ്റുള്ളവർക്ക് അത് അംഗീകരിക്കാൻ ബുദ്ധിമുട്ടുണ്ടാകുമെന്ന് അവിടുന്ന് മനസ്സിലാക്കി. അതിനാൽ അവിടുന്ന് ഒരു തുണി കൊണ്ടുവരാൻ ആവശ്യപ്പെട്ടു. ഹജറുൽ അസ് വദ് ആ തുണിയിൽ വെച്ചു. ഓരോ ഗോത്രത്തിൽ ഓരോ നേതാവെന്ന വീതം ഓരോരുത്തരോടും തുണിയുടെ ഭാഗം പിടിച്ച് കല്ല് ഉയർത്താൻ പറഞ്ഞു. കല്ല് സ്ഥാപിക്കേണ്ട സ്ഥാനത്ത് എത്തിയപ്പോൾ അവിടുന്ന് സ്വന്തം കൈകൊണ്ട് അത് എടുത്ത് അതിന്റെ സ്ഥാനത്ത് വെച്ചു. ആർക്കും പരാതികളില്ല, സന്തോഷം മാത്രം. അങ്ങനെ വലിയൊരു തർക്കം ഒരു ഗുരുതര പ്രശ്നമായി മാറാതെ രമ്യമായി മുത്ത് നബി പരിഹരിച്ചു. ഈ സംഭവത്തിൽ നമുക്ക് കാണാൻ കഴിയുന്നത് ഒരു സാധാരണ ബുദ്ധിയല്ല. വർഷങ്ങളായി ഒരാൾ സമൂഹത്തിനിടയിൽ വളർത്തിയെടുത്ത വിശ്വാസമാണ്. “ഇയാൾ പറയുന്ന തീരുമാനമെന്തുമാവട്ടെ, ഞങ്ങൾ അത് അംഗീകരിക്കും” എന്ന് പറയാൻ പോലും അവിടുത്തെ ശത്രുക്കൾ തയ്യാറായത് അവിടുത്തെ വിശ്വാസ്യത കൊണ്ടായിരുന്നു. മുത്തുനബിക്ക് അന്ന് പ്രവാചകത്വം ലഭിച്ചിരുന്നില്ല. എന്നിട്ടും ജനങ്ങൾ അദ്ദേഹത്തെ “അൽ-അമീൻ” എന്ന് വിളിച്ചു. അഥവാ, ഒരു മനുഷ്യന്റെ യഥാർത്ഥ മഹത്വം അവൻ ഒരു സ്ഥാനത്ത് എത്തിയതിന് ശേഷമല്ല ഉണ്ടാകുന്നത്, അതിന് മുമ്പേ അവന്റെ സ്വഭാവം വഴി ജനങ്ങൾക്കിടയിൽ അവൻ അംഗീകാരമുള്ളവനാവുകയും അത് മുഖേന പിന്നീട് വന്നുചേർന്ന ആ മഹത്വം തെളിയിക്കുകയും വേണം. നമുക്ക് വലിയ സ്ഥാനമോ സമ്പത്തോ ഉണ്ടാകണമെന്നില്ല. ധാരാളം ആളുകൾ നമ്മെ അറിയണമെന്നുമില്ല. എങ്കിലും നമ്മുടെ കുടുംബത്തിനും സുഹൃത്തുക്കൾക്കും സഹപ്രവർത്തകർക്കും നമ്മെക്കുറിച്ച് ഒരു കാര്യം ഉറപ്പോടെ പറയാൻ കഴിയണം: “ഇയാളെ വിശ്വസിക്കാം.”
വിശ്വാസ്യത ഒരു ദിവസം കൊണ്ട് ഉണ്ടാകുന്നതല്ല. ചെറിയ ചെറിയ കാര്യങ്ങളിലൂടെയാണ് അത് രൂപപ്പെടുന്നത്. ഒരാൾ നമ്മോട് ഒരു രഹസ്യം പറഞ്ഞാൽ അത് സൂക്ഷിക്കുന്നതിലൂടെ വിശ്വാസ്യത വളരുന്നു. ഒരു വാക്ക് കൊടുത്താൽ അത് പാലിക്കുന്നതിലൂടെ വിശ്വാസ്യത വളരുന്നു. മറ്റൊരാളുടെ പണം നമ്മെ ഏൽപ്പിച്ചാൽ അത് സുരക്ഷിതമായി തിരികെ നൽകുന്നതിലൂടെയും ആരും കാണാത്ത സമയത്തും നമ്മുടെ ഉത്തരവാദിത്തം ശരിയായി നിർവഹിക്കുന്നതിലൂടെയും വിശ്വാസ്യത ഊട്ടിയുറപ്പിക്കപ്പെടുന്നു. ഖുർആൻ പറയുന്നതായി കാണാം:
ان الله يامركم ان تؤدوا الامانات الى اهلها واذا حكمتم بين الناس ان تحكموا بالعدل ان الله نعما يعظكم به ان الله كان سميعا بصيرا “തീർച്ചയായും അല്ലാഹു നിങ്ങളോട് അമാനത്തുകൾ അവയുടെ അവകാശികൾക്ക് ഏൽപ്പിക്കണമെന്നും ജനങ്ങൾക്കിടയിൽ വിധിക്കുമ്പോൾ നീതിയോടെ വിധിക്കണമെന്നും കൽപ്പിക്കുന്നു.” (ഖുർആൻ 4:58). ഇവിടെ അമാനത്ത് എന്നത് പണം മാത്രമല്ല. നമ്മെ ഏൽപ്പിക്കപ്പെട്ട എല്ലാ ഉത്തരവാദിത്തങ്ങളും അതിൽപെടും. മാതാപിതാക്കളെന്ന നിലയിലുള്ള ഉത്തരവാദിത്തം ഒരു അമാനത്താണ്. ജോലി മറ്റൊരു അമാനത്താണ്. മറ്റൊരാൾ നമ്മോട് പറഞ്ഞ രഹസ്യവും ഒരു അമാനത്ത് തന്നെ. എന്തിനേറെ, ഒരാൾ നമ്മിൽ അർപ്പിച്ച വിശ്വാസം പോലും ഒരു അമാനത്താണ്. മുഹമ്മദ് ﷺയുടെ ജീവിതത്തിൽ ഈ വിശ്വാസ്യത എത്രത്തോളം ശക്തമായിരുന്നുവെന്ന് ഹിജ്റയുടെ ചരിത്രങ്ങളിൽ നിന്ന് നമുക്ക് വായിക്കാം. മക്കയിലെ ഖുറൈശികൾ മുത്തുനബിയോട് കടുത്ത ശത്രുത പുലർത്തിയിരുന്ന ആ ഘട്ടത്തിലും അവരുടെ അമാനത്തുകൾ അവിടുത്തെ കൈവശമുണ്ടായിരുന്നു. അവർ മുത്തുനബിയെ മക്കയിൽ നിന്ന് പുറത്താക്കാൻ ശ്രമിച്ചു. അദ്ദേഹത്തിനെതിരെ ഗൂഢാലോചന നടത്തി. എന്നിട്ടും അവരുടെ വസ്തുക്കളിൽ നബി അവരെ വഞ്ചിച്ചില്ല. ഹിജ്റയുടെ അവസരത്തിൽ ആ അമാനത്തുകൾ ഉടമകൾക്ക് തിരികെ നൽകാനുള്ള ചുമതല അലി (റ)യെ ഏൽപ്പിച്ചു. ഇവിടെ നമുക്ക് വളരെ വലിയൊരു പാഠമുണ്ട്. ഒരാൾ നമ്മോട് എത്രതന്നെ മോശമായി പെരുമാറിയാലും അയാളുടെ അവകാശം നമുക്ക് നിഷേധിക്കാനാവില്ല. ഒരാൾ നമ്മുടെ സുഹൃത്താണെങ്കിൽ മാത്രം സത്യസന്ധരാകുകയും ശത്രുവാണെങ്കിൽ വഞ്ചിക്കുകയും ചെയ്യുന്നത് ഇസ്ലാമിന്റെ അദ്ധ്യാപനമല്ല. നമ്മുടെ സത്യസന്ധത മറ്റുള്ളവരുടെ സ്വഭാവത്തെ ആശ്രയിച്ചാകരുത്. ഇന്നത്തെ കാലത്ത് വിശ്വാസ്യതയ്ക്ക് മറ്റൊരു പരീക്ഷണ ഇടവുമുണ്ട് — സോഷ്യൽ മീഡിയ. ഒരാൾ സ്വകാര്യമായി അയച്ച സന്ദേശം മറ്റുള്ളവർക്ക് ഫോർവേഡ് ചെയ്യുന്നതെത്ര എളുപ്പമാണ്. ഒരാൾ വിശ്വസിച്ച് പറഞ്ഞ കാര്യം ഒരു ഗ്രൂപ്പിൽ പങ്കുവെക്കാനും വളരെ എളുപ്പമാണ്. മറ്റൊരാളുടെ സ്വകാര്യ ജീവിതത്തെക്കുറിച്ചുള്ള കാര്യങ്ങൾ തമാശയായി പ്രചരിപ്പിക്കാനും സുഖമാണ്. പക്ഷേ ഇവിടെ നാം സ്വന്തത്തോട് ചോദിക്കണം: “ഇത് എന്നെ വിശ്വസിച്ച് ഒരാൾ പറഞ്ഞ കാര്യമല്ലേ?” എന്ന്. പ്രവാചകൻ ﷺ പറഞ്ഞു: “അമാനത്ത് ഏൽപ്പിക്കപ്പെട്ടാൽ വഞ്ചിക്കുന്നതും, സംസാരിക്കുമ്പോൾ കള്ളം പറയുന്നതും, വാഗ്ദാനം ചെയ്താൽ ലംഘിക്കുന്നതും കപടവിശ്വാസിയുടെ അടയാളങ്ങളാണ്.” (സ്വഹീഹുൽ ബുഖാരി, 33;)
ഇന്ന് നമ്മുടെ പേര് കേൾക്കുമ്പോൾ ആളുകൾക്ക് എന്താണ് തോന്നുന്നത്? “ഇയാളെ വിശ്വസിക്കാം” എന്നാണോ? അല്ലെങ്കിൽ “ഇയാളെ വിശ്വസിക്കാനൊന്നും കൊള്ളില്ല” എന്നാണോ? മുത്ത് നബിയെ സ്നേഹിക്കുന്ന ഒരാൾക്ക് ഈ ചോദ്യം ഒഴിവാക്കാനാവില്ല. നബിയുടെ ﷺ പേര് പറയുന്നതോടൊപ്പം നബിയുടെ ﷺ സ്വഭാവവും നമ്മുടെ ജീവിതത്തിൽ നാം പകർത്തണം. നമ്മുടെ വാക്കുകൾ സത്യസന്ധമായിരിക്കണം. നമ്മുടെ വാഗ്ദാനങ്ങൾക്ക് വിലയുണ്ടാകണം. നമ്മുടെ കരങ്ങളിൽ മറ്റുള്ളവരുടെ അവകാശങ്ങൾ സുരക്ഷിതമായിരിക്കണം. നമ്മെ വിശ്വസിച്ച് ഒരാൾ ഒരു കാര്യം ഏൽപ്പിച്ചാൽ, ആരും അറിയാതെ അത് സംരക്ഷിക്കാൻ നമുക്ക് കഴിയണം. അപ്പോൾ മാത്രമേ നാം യഥാർത്ഥ വിശ്വാസിയാകൂ.




